മണിയറ
Part 1
മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മുഖം ഒരല്പം കറുപ്പിച്ചു.കിഴക്ക് ദിക്ക് വിട്ട സൂര്യൻ ചക്രവാളത്തിനോടടുക്കുമ്പോളെന്നും ഈ പരിഭവം പതിവാണ്.അതുകൊണ്ടായിരിക്കാം വെയിലിനു ചൂട് കുറവായിരുന്നു.ഇരുവശവും പച്ചപരവതാനി വിരിച്ച നെല്പാടത്തിന് നടുവിലായി കരിവരച്ചപോലെ നീണ്ടു നിവർന്നു പോകുന്ന അതാണിക്കര റോഡ്. നെൽച്ചെടികൾക്ക് മുകളിലൂടെ വെള്ള കൊറ്റികൾ പറന്നുയരുന്ന മനോഹരമായ കാഴ്ച. ആ കാഴ്ചകൾ മൊബൈലിൽ പകർത്തുകയാണ് ഹാദിയുടെ കുഞ്ഞനുജത്തി.അവളിടയ്‌കിടെ ഇക്കായെ വിളിച്ച് ഓരോന്ന് കാണിക്കുന്നുണ്ടെങ്കിലും ഹാദി വെറുതെ മൂളിക്കൊണ്ടിരുന്നതല്ലാതെ ഒന്നും പറയുന്നില്ല.അവൻ്റെ ചിന്തകൾ മുഴുവൻ തൻ്റെ ജീവിതത്തിൽ ആദ്യമായി നടക്കാൻ പോകുന്ന പെണ്ണുകാണലിൽ ആയിരുന്നു.ഉമ്മയും ഉപ്പയും ബാക്കിയുള്ളവരും പുറകിലെ സീറ്റിൽ കല്ല്യാണ ചർച്ചകൾ കൊഴുപ്പിക്കുന്നു.കുറച്ചു ദൂരെയായി കരിക്കുകൾ കൂട്ടിയിട്ടിരിക്കുന്നുത് കണ്ടിട്ടാവണം വണ്ടി ഓടിക്കുന്ന ഹാദിയുടെ ചങ്ങാതിയോട് ഉപ്പ പറഞ്ഞത്.
ഇക്കുവേ നി ഒന്നവിടെ നിർത്തിയെ…
വയലിനോട് ചേർന്ന് റോഡരികിലായി നാലഞ്ചു മരകമ്പുകളിൽ ഉയർത്തി പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ട് മറച്ച് അതിൽ നിറയെ പച്ചയും ഇളം ചുവപ്പ് നിറത്തിലുള്ള കരിക്കുകൾ.വണ്ടി നിർത്തി എല്ലാവരും ഇറങ്ങി.വിൽപ്പനക്കാരൻ്റെ മുഖത്ത് ചിരി വിരിഞ്ഞു.തലയിൽ കെട്ടിയ തുണിയിൽ തൊണ്ടിൻ്റെ കറകൾ പിടിച്ച് കറുതിരുന്നു.ദാഹമല്ല,മറിച്ച് കാര്യങ്ങൾ തിരക്കലാണ് ലക്ഷ്യമെന്ന് ഉപ്പയുടെ ചോദ്യങ്ങളിൽ നിന്ന് ഹാദിയ്ക്ക് മനസ്സിലായി.
എല്ലാവർക്കും ഓരോന്ന് ചെത്തിക്കോ…നല്ല മധുരമുള്ളത് നോക്കി.
മധുരമുള്ളതിനിച്ചിരി മൂപ്പ് കൂടും സാറേ.കഴികാൻ നല്ലത് ഇളപ്പ.
എന്നാലത്ടുത്തോ…ഉപ്പ അയാളെ നോക്കി ചിരിച്ചു അടുത്തുചെന്നിട്ട്
അതേ…ചിറയ്ക്കലെ ഹാജിയാരുടെ വീട് അറിയുവോ?
കരിക്കിൻ്റെ തൊണ്ട് വെട്ടുന്നതിൻ്റെ ശ്രദ്ധ മാറാതെ തന്നെ
അതാണിക്കര ചിറയ്കലാണോ?
ങ്ഹ..അതേ…
ചിറയ്ക്കലെ ആരെ അന്വേഷിച്ച?
കയിലിരുന്ന കരിക്ക് നീട്ടി.
അവിടുത്തെ കുട്ടിയെ കാണാൻ വേണ്ടിട്ട.
പെണ്ണുകാണലാ?
ഹാദിയെ നോക്കി ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു.
മറുപടി വരുന്നതിനു മുൻപേ തന്നെ അയാള് തുടർന്നു
ഒന്നും പേടിക്കണ്ട…ധൈര്യമായിട്ട് ആലോചിക്കാം.നല്ല കുട്ടിയ. മൊഞ്ച് മാത്രല്ല സ്വഭാവവും.
കേട്ടതും ഹാദിയുടെ മനസ്സ് താളം തുള്ളി.
Part 2
അതാണിക്കര ജംഗ്ഷൻ.തരക്കേടില്ലാത്ത തിരക്കുണ്ട്.ചായക്കടകളും ബേക്കറികളും പച്ചക്കറിയും മെഡിക്കൽ ഷോപ്പും ഒക്കെയുണ്ട്.റോഡ് സൈഡിലേക്ക് ഇറക്കിവെച്ച തട്ടില്ലെ ചീനച്ചട്ടിയിൽ തിളച്ച എണ്ണയിൽ നിന്നും വഴയ്‌കാപ്പം പൊരിച്ചുകോരുന്ന മണം കവലയിൽ മുഴുവനും പരന്നു.അതാണിക്കര പള്ളി മിനാരത്തിൽ നിന്നും അസ്സർ വാങ്കുയർന്നു.അതുകേട്ട് ചായകുടിച്ചുകൊണ്ട് നിന്ന ബ്രോക്കർ അദ്ദാലി പെട്ടെന്ന് റോഡിലേക്ക് വന്ന്.
ഇവരിനിയെപ്പോ എത്താനാണെന്തോ?
അദ്ദാലി ചായ ചുണ്ടിൽ ചേർത്ത് കുടിച്ചുകൊണ്ട് ദൂരേക്ക് നോക്കി.ദൂരെ നിന്നും ഒരു ഇന്നോവ വരുന്നുണ്ട്.
പടച്ചോനെ അവര് തന്നെയാവണേ.ഇതും കൂടി തെറ്റിപോയാൽ ഹാജിയാരെന്നെ ഈ വഴിക്കടുപ്പിക്കൂല.
അദ്ദാലിയെ കണ്ട മാത്രയിൽ ഹാദിയുടെ ഉപ്പ കൈ പുറത്തേക്കിട്ട്.വണ്ടി അദ്ദാലിയുടെ മുന്നിൽ നിന്നു.
അസ്സലാമുഅലൈകും…ഉപ്പ സലാം പറഞ്ഞു.
വ അലൈകുംസലാം…അല്ലാഹ്…നിങ്ങളെ കാത്ത് നിന്ന് കുഴഞ്ഞേക്കണ് എന്ന് പറഞ്ഞ് അദ്ദാലി വണ്ടിയിലേക്ക് കയറി.
അപ്പോഴാണ് ചായപൈസ കൊടുത്തില്ലാലോ എന്നോർത്തതു്.അദ്ദാലി തല വെളിയിലേക്കിട്ട് വിളിച്ച് പറഞ്ഞു.
നാരായണേട്ടാ..ചായപൈസ വന്നിട്ട്‌തര
അപ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങി. ഹാദിയേ നോക്കി അദ്ദാലി കുശലം ചോദിച്ചു.
ഹാദിയെ നി ഉഷാറല്ലേ? ഇത് നിനക്ക് പറ്റിയ കുട്ടി തന്നെ.നിങ്ങള് ഒന്നിച്ചിരുന്നാൽ ലൈലാമജ്നു പോലെ തന്നെ.
കെട്ടിരുന്നവർ എല്ലാവരും ചിരിച്ചു.ഹാദി ചമ്മൽ മറച്ചുപിടിച്ചു.
അല്ല അദ്ദാലിയേ…ഇനി ഒരുപാടുണ്ടോ? ഉപ്പ ചോദിച്ചു.
ഹേയ് …നമ്മളെത്തി…ഇവിടുന്ന് മൂന്നാമത്തെ വളവ് തിരിഞ്ഞാൽ പിന്നങ്ങോട്ട് ഹാജിയാരുടേ സ്ഥല.വലിയ പഴയ തറവാട.
പറഞ്ഞത് പോലെ തന്നെ വണ്ടി ഗേറ്റ് കടന്ന് കുറച്ചു ദൂരം മുന്നോട്ട് പോണം വീടിൻ്റെ മുന്നിലെത്താൻ.ഒരു രണ്ടു മൂന്ന് ഏക്കറിന് നടുവിലായി രണ്ടുനിലയിലായി ഒരു തറവാട്.
ചിറയ്ക്കൽ കുടുംബം ആ നാട്ടിലെ പേരുകേട്ട തറവാട് ആണ്.എല്ലാവർക്കും സഹായി ആണ് അഹ്മദ് കുട്ടി ഹാജിയാർ.ആറ് പെൺകുട്ടികളിലെ ഇളയവളായ നുസ്രത്തിനെ കാണാൻ ആണ് ഹാദി എത്തിയത്.വലിയ കുടുംബം ആയതിനാൽ ഒരുപാട് പേർ സ്വീകരിക്കാൻ ഉണ്ടായിരുന്നു.കുട്ടികൾ ഓടികളിക്കുന്നു.കുറച്ചു വലിയ കുട്ടികൾ ഇടയ്ക്കിടക്ക് വന്ന് ഹാദിയെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടി.അകത്തു നിന്നും ഒതുക്കത്തിൽ സംസാരിക്കുന്നത് കേൾക്കാമെങ്കിലും വ്യക്തമല്ല. ഹാദിയുടേ മനസ്സ് വല്ലാതെ തുടിച്ചു.കണ്ണുകൾ പായ്ച്ച് നോക്കിയെങ്കിലും പുരുഷമുഖങ്ങൾ മാത്രം.
ഹാദി ഇക്കുവിൻ്റെ ചെവിയിൽ ചോദിച്ചു.
ഡാ…ഒന്ന് നോക്കിയേ ok അല്ലേ.മുടി അളിഞ്ഞിട്ടുണ്ടോ?
നി ഒന്ന് പോയെ…ഒരു മമ്മൂട്ടി വന്നെക്ക്ണ്.
അതെ സെറ്റപ്പൊക്കെ കണ്ടിട്ട് മോശമാവാൻ സാദ്ധ്യതയില്ല.വിളിക്കാൻ പറയട്ടെ.
അതിനുമറുപടിയായി ഹാദി അവൻ്റെ വിരല് പിടിച്ച് തിരിച്ച്.
ഉമ്മാ..എന്ന വിളികേട്ട് എല്ലാവരും നിശബ്ദമായി.
എന്തുപറ്റി മോനെ…ഹാജിയാരുടെ പതിഞ്ഞ ശബ്ദം.
ഇക്കൂ ചമ്മിയ മുഖത്തോടെ
ഹേയ് ഒന്നൂല.
എന്ന കുട്ടിയെ വിളിച്ചാ ചടങ്ങ് തീർത്ത് മഗ്‌രിബിന് മുമ്പ് തിരിക്കാമായിരുന്നു. അദ്ദാലി പറഞ്ഞത് കേട്ട് ബാക്കിയുളളവരും സമ്മതിച്ചു.
ഹാജിയാർ അടുത്തുനിന്ന അനിയനോട്…
ന്നാ..അവളെകൂട്ടിക്കോ .
ഉമ്മയും കൂടെ വന്ന പെണ്ണുങ്ങളും കൂടി അകത്തേക്ക് കയറി .
ഹാദിയുടെ മനസ് മന്ത്രിക്കാൻ തുടങ്ങി.കാണാൻ സുന്ദരനായിരുനെങ്കിലും ഉള്ളിൽ ചെറിയ ടെൻഷൻ ഇനി എന്നെ ഇഷ്ടപെട്ടില്ലെങ്കിലോ?
അകത്തേക്ക് പോയ പെണ്ണുങ്ങൾ നുസ്രത്തിനെ കൂട്ടി വന്നു.
ഹാദി…ഇതാണ് കുട്ടി.
ആലോചനയിൽ നിന്നും പെട്ടെന്നുണർന്നു നേരെ നോക്കി.
മാഷാ അല്ലാഹ്…അറിയാതെ അവൻ്റെ നാവിലുയർന്നു.
രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി.ഹാദിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.നുസ്രത്തും നാണത്തോടെ ചിരിഒതുക്കി പിടിച്ചു.ചിരിക്കുമ്പോൾ കവിളിൽ വിരിഞ്ഞ നുണക്കുഴി അവൾക്ക് കൂടുതൽ മിഴിവേകി.അറബിക്കഥകളിലെ റാണിയെ പോലെ സുന്ദരിയായ ഒരു യുവതി.
Part 3
മാസങ്ങൾ ആറ് കഴിഞ്ഞു.കുന്നപ്പള്ളി വീട്ടുമുറ്റത്തു വലിയ പന്തൽ കാണാം.ഹാദിയുടെ ഉപ്പായ്ക് നിർബന്ധമായിരുന്നു കല്ല്യാണം വീട്ടുമുറ്റത്ത് നടത്തണം എന്നത്.ആഗ്രഹം പോലെ വീട്ടിലേക്കു കയറുന്ന വഴിയിൽ തന്നെ ഒരു കമാനം ഉയർന്നു. ഹാദി വെഡ്സ് നുസ്രത്ത്.കല്ല്യാണ വീട്ടിലേക്കു ബന്ധുക്കളും പരിചയക്കാരും വന്നുകൊണ്ടേയിരുന്നു.എല്ലാവരെയും ക്ഷേണിച്ചു സത്കരിക്കുന്ന തിരക്കിലാണുപ്പ.തീ പന്തലിൽ പാചകക്കാർ ചെമ്പുകൾ കഴുകി വൃത്തിയാക്കുന്നു.പാചകക്കാരൻ സുലൈമാനിക്ക കുത്തിയിളക്കുന്ന ബീഫിൽ നിന്നുയർന്നു പൊങ്ങുന്ന ആവിയിൽ കൊതിയൂറ്റുന്ന ഗന്ധം.കുറച്ചു അകലെയായി ഫോണിൽ സംസാരിച്ചുകൊണ്ടു നില്കുന്നു ഹാദി. അങ്ങേ തലയ്ക്കൽ നുസ്രത് ആണ്.
സ്നേഹസമരസങ്ങൾ ചേർന്ന സംസാരം.
അവിടെ എന്തായെടോ? ഹാദി തിരക്കി
എല്ലാവരും തിരക്കിലാണ്.വീഡിയോയുടെ ആൾക്കാർ വന്നിട്ട് റസ്റ്റ് തന്നിട്ടില്ല.ക്ഷീണിച്ചു.
ങ്ഹാ…കല്യാണ തലേന്ന് ഇങ്ങനെ, അപ്പൊ നാളെത്തെ ഷൂട്ട്കൂടി കഴിഞ്ഞാൽ പിന്നെ എനിക്ക് മിച്ചമുണ്ടാവുമോ?
ഹാദീ…നുസ്രത് ശാസനയോടെ വിളിച്ചു.
തനിക്ക് ഷൂട്ടോന്നും ഇല്ലേ.?
എത്തീട്ടുണ്ട് ഇപ്പൊ വിളിക്കും.
ദഫ് മുട്ടും പാട്ടൊക്കെയുണ്ട്.അവര് സെറ്റായാൽ പിന്നെ ബിസി ആണ്.
പിന്നിൽ നിന്നും ഇളമ്മാടെ ശബ്ദം
ഡാ ഹാദിയെ… നിന്നെ തിരക്കുന്നെല്ലാവരും.ഇവിടെ ഇങ്ങനെ കൊഞ്ചിച്ചു നിക്കാണ്ട് അങ്ങോട്ട് ചെന്നെ ചെക്കാ.
ഡോ.. പിന്നെ വിളിക്കാം.…ഹാദി ഫോൺ കട്ട് ചെയ്ത്.
രാത്രിയുടെ വരവ് അറിയിച്ചു വീഥിയിലെ സീരിയൽ ബൾബുകൾ തെളിഞ്ഞു.ട്യൂബ് ലൈറ്റുകൾ മിന്നി തുടങ്ങി.ജനറേറ്ററിൻ്റെ ശബ്ദം അലോസരപ്പെടുത്തി.ദഫ്ഫുമുട്ടുകാർ വന്ന പാടെ ഹാദി അവരെ ക്ഷേണിച്ചുകൊണ്ട് സ്റ്റേജിലേക്കെത്തിച്ചു.പാട്ടും മേളവും ഒക്കെയായി സമയം ഒരുപാട് നീങ്ങി.സൽക്കാരവും തിരക്കുമൊക്കെ കഴിഞ്ഞപ്പോൾ ഓരോരുത്തർ കിട്ടിയ സ്ഥലങ്ങളിൽ ഇരുന്നു മയങ്ങുന്നു.
മൊബൈലിൽ നുസ്രത് അയച്ച ഫോട്ടോകൾ കണ്ടു റിപ്ലൈ ചെയ്തിരിക്കുന്ന ഹാദി.
ഹാദീ…മോനുറങ്ങുന്നില്ലേ? സമയം 2 മണി കഴിഞ്ഞു. കുറച്ചു നേരം കിടന്നോ ഇല്ലേൽ നാളെ നല്ല ക്ഷീണം ഉണ്ടാവും.
ഉമ്മവന്നു തലോടികൊണ്ട് അടുത്തുനിന്നു.നുസ്രത് ആണെന്നറിഞ്ഞപ്പോൾ ഉമ്മ വോയിസ് അയച്ചു.
രണ്ടുപേരും ഇങ്ങനെ സംസാരിച്ചിരുന്നാൽ നാളെ മണിയറയിൽ പറയാൻ ഒന്നും കാണില്ല.
ഹാദിയും ഉമ്മയും നോക്കി പരസ്പരം ചിരിച്ചു.
കിടക്കാം പോവുവാ ഉമ്മ.
പെട്ടെന്ന് തന്നെ റിപ്ലയും വന്നു ഒപ്പം ഓടുന്ന ഇമോജിയും
ഹാദി അകത്തേക്ക് കയറി തൻ്റെ മണിയറ ഒന്ന് വീക്ഷിച്ചു. കൂട്ടുകാർ അവനു വേണ്ടി അതിമനോഹരമാക്കിയ മണിയറ.മനസ്സിലെ സന്തോഷം മുഖത്തറിയാം.
ക്ഷീണം കൊണ്ടാവാം ഹാദി ഉറങ്ങിയത് അറിഞ്ഞില്ല.
സുബ്ഹി വാങ്ക് ഹാദി കേട്ട് കാണില്ല.അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നു.വിളിക്കാൻ ഉപ്പ തുനിഞ്ഞത.ഉമ്മയാണ് തടഞ്ഞത്
കിടന്നോട്ടെ…ഇന്നലെ അവൻ ഒരുപാട് വൈകി ഉറങ്ങിയപ്പോൾ.
ഉപ്പ പള്ളിയിലേക്കിറങ്ങി.ഉമ്മയും ബാക്കിയുള്ളവരും നിസ്കാര തിരക്കിൽ ആയി. നേരത്തെ ഉറങ്ങിയ കുട്ടികൾ വെളുപ്പിന് തന്നെ എഴുന്നേറ്റ് ബഹളം വെച്ച് തുടങ്ങി.അപ്പോഴും തീപ്പന്തലിൽ ബിരിയാണി വെന്തുകൊണ്ടിരുന്നു.ബന്ധുക്കൾ എത്തിത്തുടങ്ങി.നേരം ഒരുപാട് വെളുത്തോ.
റബ്ബേ..ഹാദി ഉറക്കത്തിൽ നിന്നും ഉണരാൻ ശ്രെമിച്ചു.
കണ്ണുകൾ വിടർന്നില്ല…ക്ഷീണം അത്രയ്ക്കുണ്ടായിരുന്നു.ശബ്ദങ്ങൾ കൂടി കൂടി വന്നു.പുറത്തു കരച്ചിലുകൾ ആണോ കേൾക്കുന്നത്?ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു ഓടിപ്പായുന്ന പോലെ.ഹാദി വേഗം എഴുനേറ്റു.പക്ഷെ കഴിയുന്നില്ല.
ഉമ്മാ…ഉമ്മാ എന്ന് ഹാദി വിളിച്ചു ആരും കേൾക്കുന്നില്ല.പെട്ടെന്ന് കുറച്ചു ബന്ധുക്കൾ വന്നു ശരീരം ഉയർത്തികൊണ്ട് പോയി.പ്രേത്യേകം തയാറാക്കിയ മുറിയിൽ കൊണ്ടുപോയി കിടത്തി വെള്ളം വാർന്നു.അവയവങ്ങൾ ഓരോന്നും വൃത്തിയാക്കിതുടച്ചു.പുതിയ വെള്ളത്തുണി ധരിപ്പിച്ചു സുഗന്ധം പൂശി ഒരു മണവാളനെ പോലെ മുറ്റത്തെ കല്ല്യാണപന്തലിൽ ഒരുക്കിയ മയ്യിത്ത് കട്ടിലിൽ കിടത്തി.തനിക്ക് പ്രിയമേറിയവർ ചുറ്റിലും നിന്നേങ്ങലിടിക്കുന്നതു ചെവിയിൽ കേൾക്കാം. ളുഹർ നമസ്‌കാരത്തിന് മുൻപ് അടക്കം ചെയ്യാം എന്ന് ആരോ ഉപ്പയുടെ കാതിൽ പറഞ്ഞു.
“ൻ്റെ പൊന്നുമോനെ”... ഉള്ളുപിടഞ്ഞ ശബ്ദം മാത്രം മറുപടിയായി വന്നു.
സന്ദക്ക് കട്ടിലിൻ്റെ നാലുകാലിൽ നാല് പേര് ചേർന്ന് ഉയർത്തി കുന്നപ്പള്ളി ജമാഅത്തിലൊരുക്കിയ ഖബർ എന്ന മണിയറയിലേക്ക് ഹാദിയെ കൊണ്ടുപോകുമ്പോൾ കൂടി നടന്നവരുടെ കരച്ചിലിന് ഒരു താളമേ ഉണ്ടായിരുന്നുള്ളു.
ലാ… ഇലാഹ…ഇല്ലള്ളാഹ്
ലാ… ഇലാഹ…ഇല്ലള്ളാഹ്
ശുഭം.