കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക
ബ്രാം സ്റ്റോക്കറുടെ ഭീകരനോവലിന്റെ കഥ മലയാളത്തിൽ ഡ്രാക്കുള എന്ന ചിത്രത്തിൽ
പ്രധാന കഥാപാത്രങ്ങൾ
കൗണ്ട് ഡ്രാക്കുള കഥയിലെ വില്ലൻ കഥാപാത്രമായ രക്തരക്ഷസ്സ്
ജോനാഥൻ ഹർക്കർ: യുവാവായ അഡ്വക്കറ്റ്, റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി
മിനാ മുറെ: ജോനാഥൻ ഹാർക്കറുടെ കാമുകി
ലൂസി വെസ്റ്റർനാ: മിനാ മുറെയുടെ കൂട്ടുകാരി
മിസ്സിസ് വെസ്റ്റർനാ: ലൂസിയുടെ അമ്മ
ആർതർ ഹോംവുഡ്: ലൂസിയുടെ കാമുകൻ
ക്വീൻസി മോറിസ് : ലൂസിയുടെ സുഹൃത്ത്
ഡോക്‌ടർ ജോൺ സിവാർഡ് : ലൂസിയുടെ സുഹൃത്തും ഭ്രാന്താശുപത്രിയുടെ ഡയറക്ടർ.
പ്രൊഫസർ വാൻ ഹെൽസിംഗ്: ഡോക്‌ടർ സിവാർഡിന്റെ അദ്ധ്യാപകനും ഡോക്‌ടറും.
റെൻഫീൽഡ്: സിവാർഡിന്റെ ആശുപത്രിയിലെ ഭ്രാന്തനായ രോഗി.
താൻ ജോലി ചെയ്യുന്ന കമ്പനി വഴി നടത്തിയ ഒരു റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് അവസാന കടലാസുപണികൾ തീർക്കുവാൻ ആയി ജോനാഥൻ ഹാർക്കർ എന്ന പേരായ ഒരു യുവ അഡ്വക്കേറ്റ് ഉപഭോക്താവായ കൗണ്ട് ഡ്രാക്കുളയെ കാണുവാൻ പുറപ്പെടുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. ഇംഗ്ലണ്ടിലെങ്ങും പരിചിതമല്ലാത്ത പടിഞ്ഞാറൻ യൂറോപ്പിലെ ട്രാന്സിൽ-വാനിയ പർവ്വതനിരകളിൽ എവിടെയോ ആണ് ഡ്രാക്കുള പ്രഭുവിന്റെ കോട്ട.
ഹാർക്കർ തൻറെ പ്രണയിനി മീനാ മുറെയെ പറഞ്ഞു കേൾപ്പിക്കുവാനായി എഴുതുന്ന ഡയറിക്കുറിപ്പുകളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്. ഞാൻ ഇവിടെ കഥയുടെ ആദ്യ അദ്ധ്യായം അല്പം വിശാലമായി തന്നെ വിവരിക്കാം. രണ്ടാമത്തെ അദ്ധ്യായം മുതൽ കഥയുടെ രത്നച്ചുരുക്കം മാത്രമേ ഞാനെൻറെ കഥാകഥനത്തിൽ ഉൾപ്പെടുത്തുന്നുള്ളൂ. താല്പര്യമുള്ളവർക്ക് ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നിന്നും ഇംഗ്ലീഷ് വായനയുടെ ലിങ്ക് കണ്ടെത്താനാവും.
അദ്ധ്യായം-1 ജോനാഥന്റെ ഡയറി
മെയ് ഒന്നാം തീയതി വൈകുന്നേരം 08. 35 ന് മ്യൂണിക്കിൽനിന്നും യാത്ര തിരിച്ച ട്രെയിൻ പിറ്റേന്നു രാവിലെ 06.45 ന് വിയന്നയിലെത്തേണ്ടതായിരുന്നു. പക്ഷേ അതൊരു മണിക്കൂർ ലേറ്റായിരുന്നു. അടുത്ത സ്റ്റോപ്പ് ബുഡാപെസ്റ്റായിരുന്നു.
ട്രെയിനിൽ നിന്നും കണ്ടപ്പോൾ ബുഡാപെസ്റ്റ് ഭംഗിയുള്ള ഒരു നഗരമായി തോന്നി. ചുറ്റിനടന്നു കാണണമെന്നുണ്ടായിരുന്നു. എന്നിരുന്നാലും ഒരു മണിക്കൂർ വൈകിയെത്തിയതു കൊണ്ടും അടുത്ത ട്രെയിൻ സമയത്തുതന്നെ പുറപ്പെടുവാൻ സാധ്യതയുള്ളതുകൊണ്ടും റെയിൽവേ സ്റ്റേഷനു ചുറ്റും ചെറിയ ഒരു ഓട്ടപ്രദിക്ഷണം നടത്തുവാൻ മാത്രമേ എനിക്കായുള്ളൂ. നഗരത്തിൽ നിന്നപ്പോഴും അതുകഴിഞ്ഞ് യാത്ര തുടർന്നപ്പോഴും എനിക്കുണ്ടായ ചിന്ത ഞാൻ പാശ്ചാത്യ ലോകത്തെ ഉപേക്ഷിച്ചു പൗരസ്ത്യ ലോകത്തിൻറെ വർണ്ണശബളിമയാർന്ന പൗരാണികതയിലേക്കു കടക്കുകയാണെന്നാണ്. നഗരത്തിന്റെ മധ്യത്തിലൂടെയൊഴുകുന്ന വിശാലവും ആഴമേറിയതുമായ ഡാന്യൂബ് നദിക്കു കുറുകെ പണികഴിപ്പിച്ചിരിക്കുന്ന പാലങ്ങളിലൂടെ അക്കരെക്കു കടന്നാൽ പഴയ തുർക്കി സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളായ പൗരസ്ത്യ സാംസ്കാരികതയിലേക്ക് നാം കടന്നു ചെല്ലുകയാണ്.
ഞങ്ങൾ കൃത്യസമയത്തിനു തന്നെ ബുഡാപെസ്റ്റിൽ നിന്നും യാത്ര തിരിച്ച് സന്ധ്യയായപ്പോഴേക്കും ക്ലൗഡൻബർഗ് എന്ന സ്ഥലത്തെത്തി. രാത്രി ഞാൻ അവിടത്തെ ഹോട്ടൽ റോയലിലാണ് കഴിച്ചുകൂട്ടിയത്. അത്താഴത്തിന് ചുവന്ന മുളകു ചേർത്ത് വേവിച്ച കോഴിക്കറിയായിരുന്നു. ഇത്തിരി എരിവുണ്ടെങ്കിലും രുചികരമായിരുന്നു. അതിൻറെ പാചകവിധി ആരോടെങ്കിലും വാങ്ങണം, മിനക്കു കൊടുക്കുവാനാണ്. ഞാൻ വെയിറ്ററോട് അതിനെപ്പറ്റി അന്വേഷിച്ചു. പാപ്രിക്ക ഹെൻഡേൽ അല്ലെങ്കിൽ മുളക് കോഴി എന്നറിയപ്പെടുന്ന അത് അവിടുത്തെ ദേശീയ വിഭവമാണെന്നും കാർപ്പാത്യൻ മേഖലയിൽ എവിടെച്ചെന്നാലും അത് ലഭ്യമാണെന്നും അവൻ പറഞ്ഞു. പണ്ട് ഞാൻ പഠിച്ച ഇത്തിരി ജർമ്മൻ ഭാഷ ഇവിടെ എനിക്ക് ഒത്തിരി ഉപകാരമായി. ശരിക്കും അതില്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്യുമായിരുന്നു.
യാത്രതിരിക്കുന്നതിനു മുൻപ് ലണ്ടനിലായിരിക്കുമ്പോൾ ലഭിച്ച ഇത്തിരി സമയം കൊണ്ട് ഞാൻ ബ്രിട്ടീഷ് മ്യൂസിയത്തിൽ പോയി ട്രാന്സിൽവാനിയ മേഖലയെക്കുറിച്ചുള്ള പുസ്തകങ്ങളും മാപ്പുകളും റഫർ ചെയ്തു വിവരങ്ങൾ ശേഖരിക്കുവാൻ ശ്രമിച്ചിരുന്നു. എനിക്ക് പരിചയമില്ലാത്ത ഒരു രാജ്യത്തെ പ്രമുഖനായ ഒരു വ്യക്തിയുമായി ഇടപാടുകൾ ചെയ്യുമ്പോൾ അയാളുടെ രാജ്യത്തെപ്പറ്റിയുള്ള അറിവ് എനിക്ക് ഗുണം ചെയ്യുമെന്ന് ഞാൻ കരുതി. എൻറെ ക്ലയന്റ് താമസിച്ചിരുന്ന ജില്ല കാർപാത്യൻ മലനിരകൾക്കുള്ളിൽ ട്രാന്സിൽവാനിയ മോൾഡാവിയ ബുക്കോവിനാ എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തിയിൽ വരുന്നതും വന്യവും യൂറോപ്പിൽ ഇന്നുവരെ അത്രയൊന്നും അറിയപ്പെടാത്തതുമായ ഒരു സ്ഥലമായിരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഡ്രാക്കുള പ്രഭുവിൻറെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തുവാൻ സഹായിക്കുന്ന മാപ്പുകളോ വിവരണങ്ങളോ ഒന്നും തന്നെ എൻറെ അന്വേഷണങ്ങളിൽ നിന്നും എനിക്ക് ലഭ്യമായില്ല. എന്നാൽ അദ്ദേഹത്തിൻറെ പോസ്റ്റൽ അഡ്രസ്സിൽ പറഞ്ഞിരിക്കുന്ന ബിസ്ട്രിസ് എന്ന സ്ഥലം ഒരുവിധം അറിയപ്പെടുന്ന ഒന്നായിരുന്നു.
ഞാൻ തിരിച്ചു വീട്ടിലെത്തുമ്പോൾ മിനയോട് പറയുവാനും കാര്യങ്ങളോർത്തിരിക്കുവാനുമാണ് ഈ കുറിപ്പുകൾ.
ട്രാൻസിൽ വാനിയ പ്രദേശത്തെ നിവാസികളെപ്പറ്റി പറയുകയാണെങ്കിൽ പ്രധാനമായും നാലു വർഗ്ഗങ്ങളിൽപ്പെടുന്നവരാണവർ. തെക്കുഭാഗത്ത് എല്ലാ വിഭാഗക്കാരും കൂടിക്കലർന്ന സാക്സനുകളും കിഴക്കുഭാഗത്ത് മാഗിയാർ വർഗ്ഗക്കാരും വടക്കും പടിഞ്ഞാറും സെക്കലി വംശക്കാരുമാണ്. അവർ ആറ്റിലയുടെയും ഹൂൺസിൻറെയും പിൻതലമുറക്കാർ ആണെന്നാണവകാശപ്പെടുന്നത്. ലോകത്തിലെ അന്ധവിശ്വാസങ്ങളുടെയും അതിമാനുഷിക കഥകളുടെയും കൂടാരമാണെന്നു പറയാം ഈ കാർപാത്യൻ പ്രദേശം. പ്രഭുവിനെക്കാണുമ്പോൾ അക്കാര്യം കൂടി ചോദിച്ചറിയണമെന്നു ഞാൻ തീർച്ചപ്പെടുത്തി.
റോയൽ ഹോട്ടലിലെ എൻറെ ബെഡ്ഡും മുറിയും വളരെ സുഖപ്രദമായിരുന്നെങ്കിലും പലതരത്തിലുള്ള സ്വപ്നങ്ങൾ രാത്രി മുഴുവൻ എൻറെ ഉറക്കം കെടുത്തി. അതോടൊപ്പം തന്നെ ഒരു സംശയം, എൻറെ ജനാലയ്ക്കു പുറത്ത് രാത്രി മുഴുവൻ ഓരിയിട്ടിരുന്ന നായയാണോ, അതോ അത്താഴത്തിനു കഴിച്ച പാപ്രിക്ക മുളകാണോ എന്റെ ഉറക്കം കെടുത്തിയത്. കാരണം ആ രാത്രിയിൽ ഒരു വലിയ കുപ്പി വെള്ളം മുഴുവൻ ഞാൻ കുടിച്ചു തീർത്തിരുന്നു. എന്നിട്ടും ദാഹം ബാക്കി നിന്നു. ഏതാണ്ട് നേരം പുലരാറായപ്പോഴാണ് ഞാനുറങ്ങിയത്. രാവിലെ മുറിയുടെ വാതിലിൽ ആരോ നിരന്തരം മുട്ടുന്നതു കേട്ടാണ് ഞാനുണർന്നത്. അപ്പോൾ ശരിക്കും ഞാൻ നന്നായി ഉറങ്ങുകയായിരുന്നു എന്നു ഞാൻ കരുതുന്നു. പ്രഭാത ഭക്ഷണമായി വീണ്ടും പാപ്രി ക്ക മുളകും, മെയ്‌സുപൊടികൊണ്ടുളള മമാലിഗ എന്നു വിളിക്കുന്ന ഒരുതരം കുറുക്കും, impletata എന്ന് അവർ വിളിക്കുന്ന പൊടിയിറച്ചി സ്റ്റഫ് ചെയ്ത വഴുതിനങ്ങയും (നല്ല രുചികരമായ ഭക്ഷണം). എനിക്ക് വളരെ തിരക്കിട്ടുതന്നെ പ്രഭാത ഭക്ഷണം കഴിക്കേണ്ടി വന്നു. കാരണം എന്റെ ട്രെയിൻ 08.00 മണിക്കു മുൻപായി യാത്ര തിരിക്കുമായിരുന്നു. തിരക്കിട്ട് 07.30 നു തന്നെ ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിനിൽ കയറിയിരുന്നെങ്കിലും വളരെ നേരം കഴിഞ്ഞാണ് അത് യാത്രയാരംഭിച്ചത്. എനിക്കു തോന്നുന്നത് നാം കിഴക്കോട്ടു ചെല്ലുന്തോറും സമയനിഷ്‌ടയുടെ കാര്യത്തിൽ ആളുകൾ വലിയ ശ്രദ്ധയൊന്നും കൊടുക്കറില്ലെന്നാണ്. ഇവിടെ ഇങ്ങനെയെങ്കിൽ കുറച്ചുകൂടി കിഴക്ക് ചൈനയിൽ ചെന്നാൽ എന്തായിരിക്കും സ്ഥിതി, സമയനിഷ്‌ടയുടെ കാര്യത്തിൽ.
ട്രെയിൻ യാത്രക്കൊടുവിൽ വടക്കൻ റുമേനിയയിലെ ഒരു പ്രധാന നഗരമായ ബിസ്ട്രിസിൽ ജോനാഥനെത്തുന്നു. ഡ്രാക്കുളയുടെ കത്തുകളിൽ സൂചപ്പിച്ചിരുന്ന ഒരു പ്രത്യേക ഹോട്ടലിൽ അവൻ അന്നു രാത്രി താമസിക്കുന്നു. ഹോട്ടൽ നടത്തിപ്പുകാരൻ ഡ്രാക്കുളയുടെ ഒരു കത്തവനു നൽകുന്നു. പിറ്റേന്നു രാവിലെ യാത്ര പുറപ്പെട്ട് ബോർഗോ പാസ്സിലെത്തണമെന്നും അവിടെയൊരു കുതിരവണ്ടി അവനുവേണ്ടി കാത്തുനിൽപ്പുണ്ടാവുമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.
പിറ്റേന്നു യാത്രപുറപ്പെടാനൊരുങ്ങുന്ന ജോനാഥനെ ഹോട്ടൽകാരന്റെ ഭാര്യ നിരുത്സാഹപ്പെടുത്തുകയും, ഏതോ അപകടത്തെപ്പറ്റി മുന്നറിയിപ്പുകൾ നൽകുവാൻ ശ്രമിക്കുകയും ചെയ്യുന്നു. അവളുടെ ഭാഷ അവനോ അവന്റെ ഭാഷ അവൾക്കോ അറിവില്ലാത്തതുമൂലം ജോനാഥന് പൂർണ്ണമായൊന്നും മനസ്സിലായില്ല. അന്നത്തെ ദിവസം ജോർജ്ജ് പുണ്യവാന്റെ തിരുനാളിന്റെ തലേന്നാണെന്നും, ആ ദിവസം ദുരാത്മാക്കൾ കൂടുതൽ ശക്തരാണെന്നുമൊക്കയാണ് അവൾ അവനോടു പറയാൻ ശ്രമിച്ചത്. അവസാനമവൾ ഒരു മാലയിൽ കൊരുത്ത കുരിശ് അവന്റെ കഴുത്തിലണിയിക്കുന്നു. ആംഗ്ലിക്കൻ വിഭാഗത്തിൽപെട്ട, കത്തോലിക്കാ മതവിശ്വസത്തിലെ അലങ്കാരങ്ങളിലൊന്നും വിശ്വസമില്ലാത്തവനായിരുന്നു ജോനാഥനെങ്കിലും അവനാ കുരിശുമാല വളരെ ആദരവോടുകൂടിത്തന്നെ ഹോട്ടൽകാരന്റെ ഭാര്യയിൽനിന്നും വാങ്ങി സൂക്ഷിച്ചു.
അവൻ യാത്ര പുറപ്പെടുമ്പോൾ ഗ്രാമവാസികളായ കുറെയധികം ജനങ്ങൾ അവനുനേരെ കൈയുയർത്തി കുരിശു വരക്കുകയും സഹയാത്രികർ അവനു സംരക്ഷണമായി പല പല ചെറിയ വിശുദ്ധ വസ്തുക്കൾ നൽകുകയും ചെയ്തത് അവനെയല്പം ആശങ്കാകുലനാക്കിയെങ്കിലും അവനെ മോശം കണ്ണുകളിൽ നിന്നു രക്ഷിക്കാനാണവരങ്ങനെ ചെയ്തതെന്നവർ പറഞ്ഞു.
തൻറെ നീണ്ടതും അപരിചിതമായ വീഥികളിലൂടെയുമുള്ള യാത്രയ്ക്കവസാനം ജോനാഥൻ ഹാർക്കർ ഡ്രാക്കുളയുടെ ഇടിഞ്ഞുപൊളിഞ്ഞു തുടങ്ങിയതും എന്നാൽ ഭീമാകാരവുമായ കോട്ടയ്ക്കു മുൻപിൽ കാത്തുനിൽക്കുകയാണ്. ഇനി എന്തൊക്കെയാണോ അത്ഭുതങ്ങളും സാഹസികതയും തന്നെ കാത്തിരിക്കുന്നത് എന്ന് ജോനാഥൻ ചിന്തിച്ചു.
ഇവിടെ ഇങ്ങനെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് കുറേ സമയമായി. അവസാനമതാ കൗണ്ട് ഡ്രാക്കുള ജോനാഥനെ സ്വീകരിക്കാൻ എത്തിക്കഴിഞ്ഞു. ആജാനുബാഹുവായ, കറുത്ത കോട്ടിട്ട, തൻറെ വെളുത്തതാടി ഒഴികെ ബാക്കി എല്ലാം ക്ലീൻ ഷേവ് ചെയ്ത
ഡ്രാക്കുള പ്രഭു ഷെയ്ക്ക് ഹാൻഡ് ചെയ്തുകൊണ്ട് മിസ്റ്റർ ഹാർക്കറെ സ്വാഗതം ചെയ്തു.
ഷെയ്ക്ക് ഹാൻഡ് ചെയ്യുവാനുള്ള ഡ്രാക്കുള പ്രഭുവിനെ കൈപ്പിടിയിൽ നിന്നും അവൻറെ ശക്തി ഏതാണ്ട് ജോനാഥന് മനസ്സിലാക്കാനായി.
പക്ഷേ അവൻറെ കൈത്തലം തണുത്തുറഞ്ഞിരുന്നു, ഏതാണ്ട് ഒരു മൃതദേഹത്തിന്റേതുപോലെ. എന്നാലും കൗണ്ട് ഡ്രാക്കുളയുടെ ഹാർദ്ദമായ സ്വീകരണവും ആതിഥ്യമര്യാദകളും ജോനാഥൻറെ മനസ്സിലുരുണ്ടുകൂടിയിരുന്ന സംശയങ്ങൾ ദൂരീകരിക്കാൻ പര്യാപ്തമായിരുന്നു.
കോട്ടയ്ക്കുള്ളിലേക്ക് കടന്നു ചെല്ലുന്ന ജോനാഥൻ അവൻറെ അത്താഴം കഴിക്കുന്നതിനൊപ്പം കൗണ്ട് ഡ്രാക്കുളയുമായി സംസാരിക്കുകയും ചെയ്യുന്നു. ആളിക്കത്തുന്ന ചിമ്മിനിയുടെ വെളിച്ചത്തിൽ ഡ്രാക്കുളയുടെ ശാരീരിക പ്രത്യേകതകൾ ജോനാഥൻ ഹാർക്കറിനു മുന്നിൽ ഏതാണ്ട് വെളിവാകുന്നു. പ്രത്യേക രീതിയിൽ കൂർത്ത ചെവികളുള്ള കൗണ്ടിന് (പ്രഭുവിന്) വിളറിവെളുത്ത ശരീരവും, കൂർത്ത മൂർച്ചയുള്ള പല്ലുകളുമാണ് ഉണ്ടായിരുന്നത്. അല്പനേരത്തേക്കു മാറിനിന്ന ഭയവും സംശയവും വീണ്ടും തൻറെ മനസ്സിലേക്ക് തിരിച്ചെത്തുന്നത് ജോനാഥൻ തൻറെ വേഗതയേറിയ ഹൃദയമിടിപ്പിലൂടെ തിരിച്ചറിയുന്നു.
പിറ്റേന്നു രാവിലെ ഉറക്കമുണരുന്ന ജോനാഥൻ ഹാർക്കറെ കാത്തിരിക്കുന്നത് എന്തോ അത്യാവശ്യ കാരണങ്ങളാൽ താനിന്നു കോട്ടയിൽ ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിച്ചുകൊണ്ടുള്ള ഡ്രാക്കുള പ്രഭുവിന്റെ കുറിപ്പാണ്. തൻറെ അസാന്നിദ്ധ്യത്തിന് ജോനാഥനോടുള്ള ക്ഷമാപണവും കുറിപ്പിലുണ്ട്.
കോട്ടയ്ക്കുള്ളിൽ ഒരു ജോലിക്കാരനെപ്പോലും ജോനാഥനു കണ്ടുമുട്ടാനായില്ല. എന്തായാലും തനിയെ ആയ ഈ അവസരം കോട്ട ചുറ്റിനടന്നു കാണുവാനായി ഉപയോഗിക്കാമെന്നു കരുതിയ ജോനാഥൻ രുചികരമായ ഭക്ഷണത്തിനുശേഷം
സ്വന്തം ബെഡ്റൂമും അടുത്തുള്ള മുറികളും ചുറ്റിനടന്നു കണ്ടു. ബെഡ്റൂമിനോടു ചേർന്നുള്ള മുറി വിലയേറിയ ഫർണിച്ചറുകളും കാർപെറ്റുകളും കൊണ്ട് അലംകൃതമായിരുന്നു.
ലൈബ്രറിയിലാവട്ടെ പുസ്തകങ്ങളുടെ വലിയൊരു ശേഖരം തന്നെ ഉണ്ടായിരുന്നു. എന്നാൽ ജോനാഥന്റെ ശ്രദ്ധയാകർഷിച്ച ഒരു പ്രധാന വസ്തുത അവിടെയെങ്ങും ഒരൊറ്റ കണ്ണാടി പോലും കാണുവാനുണ്ടായിരുന്നില്ല എന്നതാണ് .
തൻറെ കോട്ടയിലേക്കു തിരിച്ചെത്തുന്ന കൗണ്ട് ഡ്രാക്കുള അന്നു വൈകുന്നേരം ജോനാഥനുമായി വളരെനേരം സംഭാഷണത്തിലേർപ്പെടുന്നു. സംഭാഷണത്തിലധികവും ഇംഗ്ലീഷിൻറെ ബ്രിട്ടീഷ് ഉച്ചാരണ ശൈലിയെപ്പറ്റി ആയിരുന്നു. ഇംഗ്ലണ്ടിലെ പുതിയ വാസസ്ഥലത്തേക്കു മാറുന്നതിനു മുൻപായി പ്രാദേശിക ഭാഷാഭേദങ്ങളിൽ ആവശ്യമായ അവഗാഹം നേടുവാൻ ഡ്രാക്കുള തൽപ്പരനായിരുന്നു എന്നു തോന്നി. രണ്ടുപേരും ട്രാന്സിൽ വാനിയ മലമ്പ്രദേശത്തുകൂടി അലഞ്ഞു നടക്കുന്ന പ്രേതാത്മാക്കളെക്കുറിച്ചും വളരെ നേരം സംസാരിച്ചു. അടുത്തതായി കൗണ്ട് ഡ്രാക്കുള ഇംഗ്ലണ്ടിൽ വാങ്ങിയ വീടിനെപ്പറ്റി ഒരു വിശദീകരണം കൊടുക്കുവാൻ ജോനാഥൻ തയ്യാറായി. കാർഫാക്സ് എന്നറിയപ്പെട്ടിരുന്ന ആ എസ്റ്റേറ്റും ബംഗ്ലാവും അയൽപക്കങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു ഏകാന്ത ഭവനമായിരുന്നു. ഒരു ഭ്രാന്താശുപത്രിയും വളരെ പഴക്കം ചെന്ന ഒരു പള്ളിയും മാത്രമേ സമീപത്തുണ്ടായിരുന്നുള്ളൂ.
ഡ്രാക്കുള തൻറെ സംസാരം രാവേറെച്ചെന്നിട്ടും നിറുത്തുവാൻ ഭാവമുണ്ടായിരുന്നില്ല.
എന്നാൽ പ്രഭാതമായി വെളിച്ചമാവാൻ തുടങ്ങിയപ്പോഴേക്കും ഡ്രാക്കുള പെട്ടെന്ന് സംഭാഷണമവസാനിപ്പിച്ചു തിരിച്ചുപോയി. ഡ്രാക്കുളയുടെ ഈ വിധമുള്ള അസാധാരണ പെരുമാറ്റരീതികൾ ജോനാഥൻറെ മനസ്സിലെ ആശങ്കകളും അസ്വസ്ഥതകളും വർദ്ധിപ്പിച്ചതേയുള്ളു.
പിറ്റേന്ന് ഷേവ് ചെയ്തുകൊണ്ടിരുന്ന ജോനാഥൻ ഹാർക്കറുടെയടുത്തേക്കു ഡ്രാക്കുള പെട്ടെന്നു കടന്നുവരുന്നു. തന്റെ പിന്നിൽ നിൽക്കുന്ന ഡ്രാക്കുളയുടെ നിഴൽ തൻറെ മുന്നിലുള്ള കണ്ണാടിയിൽ തെളിയുന്നില്ല എന്ന കാര്യം ഞെട്ടലോടെ ജോനാഥൻ മനസ്സിലാക്കുന്നു. ഡ്രാക്കുളയുടെ അവിചാരിതമായ ആഗമനത്തിന്റെ ഞെട്ടലിൽ ഷേവു ചെയ്തു കൊണ്ടിരുന്ന കത്തി അൽപമൊന്ന് പാളി ജോനാഥൻറെ മുഖം അൽപ്പം മുറിഞ്ഞു രക്തം കിനിയുന്നു.
ജോനാഥൻ ഹാക്കറുടെ രക്തം കണ്ടപ്പോൾ ഡ്രാക്കുളക്കുണ്ടായ മാറ്റം കണ്ട് ജോനാഥൻ ഞെട്ടിപ്പോകുന്നു.ജോനാഥന്റെ രക്തം കുടിക്കുവാനുള്ള ആർത്തിയിൽ അവൻറെ കഴുത്തിനു നേരെ കുനിയുന്ന ഡ്രാക്കുള അവൻറെ ശരീരം ജോനാഥൻ കഴുത്തിൽ ഇട്ടിരിക്കുന്ന കുരിശുമാലയുടെ മുത്തുമണികളിൽ തട്ടിയപ്പോൾ മാത്രമാണ് പിന്തിരിയുന്നത്. ട്രാന്സിൽ വാനിയ പ്രദേശത്തുവച്ച് മുറിവേൽക്കുന്നത് അപകടകരമാണെന്നു മുന്നറിയിപ്പു നൽകുന്ന ട്രാക്കുള ജോനാഥന്റെ മുന്നിലിരുന്ന കണ്ണാടി ജനാലയിലൂടെ ദൂരേക്കു വലിച്ചെറിയുന്നു.
അന്നു രാവിലെ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജോനാഥൻ താനൊരിക്കൽപോലും ഡ്രാക്കുള ഭക്ഷണം കഴിക്കുന്നതോ വെള്ളം കുടിക്കുന്നതു കണ്ടിട്ടില്ലല്ലോ എന്നകാര്യം ശ്രദ്ധിക്കുന്നു. അവൻറെ മനസ്സിലെ സംശയങ്ങൾ ഒന്നുകൂടി പ്രബലമായിരിക്കുന്നു. ഒന്നുകൂടി കോട്ടയിലെ നിഗൂഢതകൾ പരിശോധിച്ചു കണ്ടുപിടിക്കാമെന്നു കരുതി അന്വേഷണത്തിനിറങ്ങുന്ന ജോനാഥൻ ഹാർക്കറിൻറെ മുന്നിലുള്ളത് തുറക്കാനാവാത്ത താഴും താക്കോലും ഇട്ടു പൂട്ടപ്പെട്ട നിരവധി വാതിലുകളാണ്. ഈ കോട്ടയ്ക്കുള്ളിൽ ഒരു തടവുകാരനെപ്പോലെ താൻ ബന്ധിതനാണ് എന്നകാര്യം സാവകാശം ജോനാഥനു ബോധ്യമാകുന്നു.
അന്നു രാത്രി ജോനാഥൻ ഡ്രാക്കുളയുമായി ട്രാന്സില്വാനിയ പ്രദേശത്തിൻറെ ചരിത്രത്തെപ്പറ്റി ചർച്ച ചെയ്യുന്നു. ജോനാഥന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ വളരെയധികം താൽപര്യം കാണിച്ച ഡ്രാക്കുള പ്രദേശത്ത് നടന്ന നിരവധി യുദ്ധങ്ങളെക്കുറിച്ചും, യുദ്ധങ്ങളിൽ ഡ്രാക്കുള കുടുംബത്തിനുണ്ടായിരുന്ന ഭാഗധേയത്തെപ്പറ്റിയും, അവയിൽ അവൻറെ കുടുംബക്കാർ നേടിയ വൻവിജയങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ ഡ്രാക്കുള തികച്ചും വാചാലനായിരുന്നു. തിരിച്ച് പിന്നീടുള്ള ദിവസങ്ങളിൽ ഡ്രാക്കുള ഇംഗ്ലീഷിനെപ്പറ്റിയും ബ്രിട്ടീഷ് ജീവിതരീതിയെപ്പറ്റിയും നിയമങ്ങളെപ്പറ്റിയുമൊക്കെയുള്ള ചോദ്യങ്ങൾ കൊണ്ട് ജോനാഥനെ വീർപ്പുമുട്ടിച്ചു.
ചുരുങ്ങിയ ദിവസത്തെ താമസത്തിനായി ട്രാന്സിൽ വാനിയ യിൽ എത്തിയിരുന്ന ജോനാഥനോട്
അവൻറെ ഇവിടത്തെ താമസം ഒരു മാസത്തേക്കുകൂടി നീട്ടുവാൻ ഡ്രാക്കുള ആവശ്യപ്പെടുന്നു. ശരിക്കും ഒരുതരം ആജ്ഞയായിരുന്നു അത്.
അവൻ ജോലി ചെയ്യുന്ന കമ്പനിക്കും അവന്റെ കാമുകി മിനക്കും അവന്റെ താമസം ഒരു മാസത്തേക്കു കൂടി നീട്ടുന്നു എന്നു കത്തെഴുതുവാൻ നിർദ്ദേശിക്കുകയാണ് കൗണ്ട് ഡ്രാക്കുള ചെയ്തത്. തന്റെ ജോലി വേണ്ട രീതിയിൽ ചെയ്തു തീർക്കുകയെന്ന അവന്റെ കമ്പനിയോടുള്ള ബാദ്ധ്യതയും ഡ്രാക്കുളയോട് തോന്നിയ വിധേയത്വവും മൂലം ജോനാഥൻ ഹാർക്കർ ആ നിർദ്ദേശമനുസരിക്കുകയായിരുന്നു.
വൈകുന്നേരം യാത്ര പുറപ്പെടാനൊരുങ്ങുന്ന കൗണ്ട് ഡ്രാക്കുള ജോനാഥനോട് അവനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന അവന്റെ കിടപ്പറയിലല്ലാതെ മറ്റൊരിടത്തും കിടന്നുറങ്ങരുതെന്നു നിർദ്ദേശിക്കുന്നു.
ജോനാഥൻ ഹാർക്കർ അവന്റെ കൈവശമുണ്ടായിരുന്ന കുരിശുരൂപം അവന്റെ കിടക്കക്കു മുകളിൽ ഭിത്തിയിൽ തറച്ചു വയ്ക്കുന്നു. ഡ്രാക്കുള പുറത്ത് പോയാലുടൻ കോട്ടയുടെ മറ്റു ഭാഗങ്ങൾ പരിശോധിക്കണമെന്നു പ്ലാനിട്ടിരുന്ന ജോനാഥൻ ഡ്രാക്കുള കോട്ടയ്ക്കു പുറത്തെത്തിയോ എന്നറിയുവാനായി ഒരു ജനാലയിലൂടെ പുറത്തേക്ക് ഒളിഞ്ഞു നോക്കുന്നു. കോട്ടയുടെ കിഴുക്കാംതൂക്കായ ഭിത്തിയുലൂടെ ഒരു പല്ലിയെപ്പോലെ ഇഴഞ്ഞു താഴേക്കിറങ്ങുന്ന ഡ്രാക്കുളയെക്കാണുന്ന ജോനാഥന്റെ മനസ്സിൽ ഇവനിതെന്തൊരു ജീവി എന്ന ചിന്തയുണരുന്നു, ഒപ്പം ഭയവും. ഇവിടെനിന്നൊരു മോചനവും മടക്കയാത്രയും എന്നെങ്കിലും സാദ്ധ്യമാവുമോ?
ഒരിക്കൽ അടച്ചുപൂട്ടിക്കിടന്ന ഒരു മുറി ബലം പ്രയോഗിച്ച് തുറന്ന ജോനാഥൻ മുറിയിലെ പരിശോധനയൊക്കെക്കഴിഞ്ഞ് അവിടെയുണ്ടായിരുന്ന ഒരു കസേരയിലിരുന്നു മയങ്ങുന്നു. സ്വന്തം കിടപ്പുമുറിയിലല്ലാതെ മറ്റൊരിടത്തും കിടന്നുറങ്ങരുതെന്ന ഡ്രാക്കുളയുടെ ജാഗ്രതാ നിർദ്ദേശങ്ങളൊക്കെ അവൻ മറന്നുപോയോ ആവൊ? ഉറക്കത്തിൽ കണ്ട സ്വപ്നമാണോ?, അതോ യഥാർത്ഥത്തിൽ സംഭവിച്ചതോ? ചുവന്നു തുടുത്ത ചുണ്ടുകളും കൂർത്ത പല്ലുകളുമുള്ള മദാലസകളായ മൂന്നു സ്ത്രീകൾ അവനെ സന്ദർശിക്കുവാനെത്തുന്നു. ജോനാഥന്റെ തന്നെ വാക്കുകളിൽ "വികലവും തീവ്രവുമായൊരു വികാരമെന്നിലുടലെടുക്കുന്നതു ഞാനറിഞ്ഞു." തടിച്ച യുവതികളിലൊരാൾ ജോനാഥൻ ഹാർക്കറുടെ കഴുത്തിലേക്ക് ചുണ്ടുകളടുപ്പിക്കുമ്പോഴേക്കും അവിടേക്കു പാഞ്ഞടുക്കുന്ന ഡ്രാക്കുള ആ സ്ത്രീകളെ ആട്ടിയോടിക്കുന്നു. "എന്റെയാവശ്യം കഴിയുമ്പോൾ ഞാനവനെ നിങ്ങൾക്ക് വിട്ടുതരാം. അപ്പോൾ നിങ്ങളവനെ ഇഷ്‌ടം പോലെ ചുംബിച്ചുകൊള്ളൂ." ഡ്രാക്കുള മുരണ്ടു. സ്ത്രീകളെ സമാശ്വസിപ്പിക്കുന്നതിനായി ഡ്രാക്കുള അവന്റെ കൈവശമുള്ള സഞ്ചിയിൽനിന്നും പാതിമരിച്ച ഒരു പിഞ്ചു കുഞ്ഞിന്റെ ശരീരമെടുത്ത് നൽകുന്നു. പാതി മയക്കത്തിൽനിന്നും അബോധാവസ്ഥയിലേക്കു വഴുതിവീഴുന്ന ജോനാഥന്റെ മനസ്സിലുണ്ടായിരുന്ന അവസാനത്തെ ചിത്രം സ്ത്രീകൾ മുറിവിട്ടു പോകുന്നതിന്റേതായിരുന്നു.
പിറ്റേന്ന് രാവിലെ ജോനാഥൻ ഉറക്കമുണരുന്നത് അവന്റെ മുറിയിലെ അവന്റെ കിടക്കയിലാണ്. തലേന്ന് നടന്ന സംഭവങ്ങൾ യാഥാർഥ്യമായിരുന്നോ, അതോ വെറും സ്വപ്നം മാത്രമായിരുന്നോ എന്ന കാര്യത്തിൽ ജോനാഥന് ഉറപ്പൊന്നുമില്ല.
അന്ന് മെയ് പത്തൊൻപതാം തീയതിയായിരുന്നു. അവന്റെ കാമുകി മിനക്കും അവൻ ജോലി ചെയ്യുന്ന കമ്പനിക്കും മൂന്നു കത്തുകൾ വീതം, യഥാക്രമം ജൂൺ 12, 19, 29, തീയതികൾ വച്ച് കത്തുകളെഴുതുവാൻ ഡ്രാക്കുള ജോനാഥൻ ഹാർക്കാറോടാവശ്യപ്പെടുന്നു. കത്തുകളിൽ അവൻ കോട്ടയിൽനിന്നും യാത്ര പുറപ്പെട്ടുവെന്നും വളരെ സുരക്ഷിതനായി യാത്ര തുടരുകയാണ് എന്നുമെഴുതുവാൻ ഡ്രാക്കുള നിർദ്ദേശിക്കുന്നു.
ഇതിനിടെ നാടോടികളുടെ ഒരു സംഘം കോട്ടയിലെത്തുന്നു. ഏതു വിധേനയും തന്റെ പരിതാപകരമായ അവസ്ഥ ഇംഗ്ലണ്ടിലുള്ള സുഹൃത്തുക്കളെ അറിയിച്ച് ഇവിടെനിന്നും രക്ഷപെടുവാനാവുമോ എന്നതായി ജോനാഥന്റെ ചിന്ത. മിനയുടെ പേരിലൊരു കത്തെഴുതി ജനലഴികൾക്കിടയിലൂടെ ജോനാഥൻ അത് ജിപ്സികൾക്കു കൈമാറുന്നു. എന്നാൽ അന്നു വൈകുന്നേരം അതേ കത്തുമായി ജോനാഥനടുത്തെത്തുന്ന ഡ്രാക്കുള അവന്റെ ഈ കത്ത് ഡ്രാക്കുളയുടെ ആതിഥ്യമര്യാദക്കും സൗഹൃദത്തിനും ഒട്ടും നിരക്കാത്ത ഒരു ദുഷ് പ്രവൃത്തിയാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ആ കത്ത് തീയിലിട്ടു ചുട്ടു കളയുന്നു.
മെയ് മാസം കടന്നുപോയി, ഇപ്പോൾ ജൂൺ മാസത്തിന്റെ പകുതിയോളമായിരിക്കുന്നു. ജോനാഥൻ ഇപ്പോഴും തടവുജീവിതത്തിൽ തന്നെയാണ്. വീണ്ടുമൊരു ദിവസം കുറെയധികം നാടോടികൾ കോട്ടയിലെത്തുന്നു. അവർ ഒരു കുതിരവണ്ടിയിൽ നിന്നും വലിയ തടിപ്പെട്ടികൾ ഇറക്കി വക്കുകയാണ്.
പെട്ടെന്നൊരു ദിവസം ഹാർക്കറുടെ വസ്ത്രങ്ങൾ കാണാതാവുന്നു. ജനാലയിലൂടെ നോക്കി നിൽക്കുന്ന ഹാർക്കർ കാണുന്നതെന്താണ്? അവന്റെ കോട്ടും സ്യൂട്ടും ധരിച്ച ഡ്രാക്കുള കോട്ടയുടെ
കിഴുക്കാംതൂക്കായ ഭിത്തിയിലൂടെ ഒരു പല്ലിയെപ്പോലെയോ അരണയെപ്പോലെയോ ഇഴഞ്ഞു താഴേക്കിറങ്ങുന്നു. പണ്ടൊരിക്കൽ സുന്ദരികളും ഭീകര രൂപികളുമായ സ്ത്രീകൾക്കു കൊടുത്തതുപോലൊരു ഭാണ്ഡക്കെട്ട് ഡ്രാക്കുളയുടെ കൈവശമുണ്ട്. ജോനാഥനൊരു കാര്യം മനസ്സിലായി, ഇങ്ങനെ വേഷം മാറിനടന്ന് ഡ്രാക്കുള അതിനീചമായ കുറ്റകൃത്യങ്ങൾ ചെയ്യുകയാണെന്ന്.
അന്നു തന്നെ അൽപനേരം കഴിഞ്ഞപ്പോൾ ഒരു ഭ്രാന്തിയെപ്പോലെ അലറി നിലവിളിച്ചുകൊണ്ട് ഒരു സ്ത്രീ അവളുടെ കുഞ്ഞിനെ ആവശ്യപ്പെട്ട് കോട്ടയുടെ വാതിൽക്കലെത്തുന്നു. കോട്ടയുടെ മതിൽക്കെട്ടിനകത്തെവിടെയോ നിന്നും പാഞ്ഞടുക്കുന്ന ഒരു ചെന്നായക്കൂട്ടം ആ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തി ഭക്ഷണമാക്കുന്നു.
കോട്ടയുടെ പരപ്പറ്റിലൂടെ നടന്ന് ജനാലയിലൂടെ ഡ്രാക്കുളയുടെ മുറിയിൽക്കയറി ആ മുറിയിലെന്താണുള്ളതെന്ന് പരിശോധിക്കണമെന്ന് ജോനാഥൻ തീരുമാനിക്കുന്നു. പിറ്റേന്നു പകൽ ഡ്രാക്കുളയുടെ മുറിയിലെത്തുന്ന ജോനാഥൻ ഹാർക്കറിന് മുറിയിലൊരു സ്വർണക്കൂമ്പാരമാല്ലാതെ മറ്റൊന്നും കാണുവാനാവുന്നില്ല. മുറിയിൽനിന്നും താഴേക്കു പോകുന്ന ഒരു നടപ്പാത കണ്ടെത്തുന്ന ജോനാഥൻ അതിലൂടെ താഴേക്കിറങ്ങി ഏതാണ്ട് ഗുഹാസമാനമായ ഒരു മുറിയിലെത്തുന്നു. അവിടെയവൻ മണ്ണു നിറച്ച അൻപതു വലിയ പെട്ടികൾ കാണുന്നു. പെട്ടികളൊന്നൊന്നായി തുറന്നു നോക്കുന്ന ജോനാഥൻ അവയിലൊന്നിൽ ഉറങ്ങിക്കിടക്കുന്ന ഡ്രാക്കുളയെ കണ്ടെത്തുന്നു. മരിച്ചതോ?, അതോ, ഉറങ്ങിക്കിടക്കുന്നതോ? ആകെ ഭയപ്പെട്ട അവൻ തിരിഞ്ഞോടുന്നു, സ്വന്തം മുറിയിലേക്ക്.
ഇന്ന് ജൂൺ 20-ആം തീയതി. ഡ്രാക്കുള ജോനാഥൻ ഹാർക്കറോട് പിറ്റേന്നു യാത്ര തിരിക്കാമെന്നറിയിക്കുന്നു. തനിക്കിന്നു തന്നെ പോകണമെന്നു നിർബ്ബന്ധം പിടിക്കുന്ന ജോനാഥന്റെ നിർബ്ബന്ധ ബുദ്ധിക്ക് വഴങ്ങിയിട്ടെന്നതുപോലെ ഡ്രാക്കുള കോട്ടയുടെ വാതിൽ മലർക്കെ തുറന്നിടുന്നു. പക്ഷെ പുറത്ത് വലിയൊരു ചെന്നായക്കൂട്ടം കാത്തുനിൽക്കുകയാണ്, ജോനാഥനെ സ്വീകരിക്കുവാനായി. യാത്ര പുറപ്പെടാനാവാതെ ജോനാഥൻ സ്വന്തം മുറിയിലേക്കു തിരിച്ചുപോവുന്നു. ഡ്രാക്കുള ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത് ജോനാഥൻ കേൾക്കുന്നു, "ഇന്നെന്റെ ഊഴമാണ്, നാളെ നിങ്ങളുടേതും." ശബ്ദമുണ്ടാക്കാതെ തന്റെ മുറിയുടെ വാതിൽപ്പാളി അല്പം തുറന്നു നോക്കുന്ന ജോനാഥൻ ഡ്രാക്കുളയോടൊപ്പം അന്നത്തെ മൂന്നു സ്ത്രീകളെയും കാണുന്നു.
പിറ്റേന്നു രാവിലെ ജോനാഥൻ ഹാർക്കർ വീണ്ടും ഡ്രാക്കുളയുടെ മുറി പരിശോധിക്കുന്നു. പടികളിറങ്ങി സെല്ലറിലെത്തുന്ന അവൻ ഉറങ്ങിക്കിടക്കുന്ന ഡ്രാക്കുളയെക്കാണുന്നു. ഡ്രാക്കുള അല്പം ചെറുപ്പമായി യുവത്വം വീണ്ടെടുത്തതുപോലെയുണ്ട്. അവന്റെ കടവയിലൂടെ രക്തം ഇറ്റിറ്റു വീഴുന്നുണ്ട്. അടുത്തു കിടന്ന ഒരു മൺവെട്ടിയെടുത്ത് ഡ്രാക്കുളയെ കൊലപ്പെടുത്തുവാൻ ജോനാഥൻ ശ്രമിയ്ക്കുന്നു. പക്ഷെ ഫലമൊന്നുമുണ്ടായില്ല. മൺവെട്ടികൊണ്ടുള്ള അവന്റെ അടികൾ ഡ്രാക്കുളയെ യാതൊരുവിധത്തിലും മുറിവേല്പിച്ചില്ല. അവ ഡ്രാക്കുളയുടെ മുഖത്തു തട്ടിയെങ്കിലും അവനൊരു പോറലുപോലുമേല്പിക്കാതെ തെന്നിനീങ്ങുകയായിരുന്നു, അവന്റെ പരിശ്രമമുപേക്ഷിച്ച് മുകളിൽ ഡ്രാക്കുളയുടെ മുറിയിലെത്തുന്ന ജോനാഥൻ യാത്രച്ചിലവിലേക്കായി അവിടെനിന്നും കുറെ സ്വർണ്ണം മോഷ്‌ടിച്ച് രക്ഷപെട്ടാലോ എന്ന് ചിന്തിക്കുന്നു.
ഇംഗ്ലണ്ടിൽ ജോനാഥന്റെ കാമുകി മിന മുറെയ്ക്ക് ജോനാഥൻ ട്രാൻസിൽ വാനിയയിൽ നിന്നും യാത്രതിരിച്ചു കഴിഞ്ഞു എന്ന കത്ത് ലഭിക്കുന്നു. ഒരു സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസായ മിന മുറെ ജോനാഥനുമായുള്ള വിവാഹശേഷം അവനെ അവന്റെ ജോലികളിൽ സഹായിക്കാം എന്ന തീരുമാനത്തിലാണ്. അതിനുള്ള പ്രാരംഭമായി അവൾ ടൈപ്‌റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പഠിക്കുന്നുണ്ട്. അവളുടെ ഉറ്റ ചങ്ങാതിയാണ് ലൂസി വെസ്റ്റൻറാ . ലൂസിയും വിവാഹാലോചനകളിലും വിവാഹത്തിനുള്ള തയ്യാറെടുപ്പുകളിലുമാണ്. അവൾക്കു വന്ന വിവാഹാലോചനകളിലൊന്ന് ലണ്ടനിലെ ഒരു ഭ്രാന്താശുപത്രിയുടെ ഡയറക്‌ടറായ ജോൺ സിവാർഡിന്റേതും, മറ്റൊന്ന് പണക്കാരനും അമേരിക്കൻ പൗരനുമായ ക്വീൻസി മോറിസിന്റേതുമാണ്. എന്നാൽ അവൾക്കിഷ്‌ടപ്പെട്ടത് ആർതർ ഹോംവുഡ് എന്ന് പേരായ ഒരു ചെറുപ്പക്കാരന്റെ ആലോചനയാണ്. ഡോക്‌ടർ ജോൺ സിവാർഡിനെ സംബന്ധിച്ചിടത്തോളം ലൂസിയവന്റെ ആലോചന തള്ളിക്കളഞ്ഞത് അല്പം നൈരാശ്യമുളവാക്കിയെങ്കിലും അവന്റെ ആശുപത്രിയിലെത്തുന്ന ഒരു പ്രത്യേക രോഗി, മിസ്റ്റർ റെൻഫീൽഡിന്റെ ചികിൽത്സയുമായി അവൻ വളരെപ്പെട്ടെന്നു തിരക്കിലായി. എന്നാൽ ക്വീൻസി മോറിസ് ആർതർ ഹോംവുഡിനെ അനുമോദിക്കുന്നു.
ch 6
ലൂസിയുമൊന്നിച്ച് മിന ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ കടൽത്തീരനഗരമായ വിറ്റ്ബി സന്ദർശിക്കുന്നു. വളരെ പ്രകൃതിരമണീയമായ ആ നഗരത്തിലെ നശിച്ചുകിടക്കുന്ന പഴയ പള്ളിയും സെമിത്തേരിയും ഭൂതപ്രേതാദികളുടെ വാസസ്ഥലമെന്ന പേരിൽ കുപ്രസിദ്ധമാണ്. ഇരുവരുമായി സംഭാഷണത്തിലേർപ്പെടുന്ന ആ നാട്ടുകാരനായ വയസ്സൻ മിസ്റ്റർ സ്വാലസ് നഗരത്തെപ്പറ്റി പ്രചാരത്തിലുള്ള നിരവധി കഥകൾ പറയുന്നുണ്ടെങ്കിലും ഭൂതപ്രേതാദികളെക്കുറിച്ചുള്ള കഥകളെ പുച്ഛിച്ചു തള്ളുന്നു. എന്നാലും ആ സെമിത്തേരിയിലെ കല്ലറകളിൽ പലതും കടലിൽ മരണമടഞ്ഞ നാവികരുടേതും മറ്റുമാകയാൽ അവയിൽ പലതും ശൂന്യമാണെന്നയാൾ പറയുന്നു.
ലൂസി തന്റെ സംസാരത്തിനിടെ അവളുടെ വിവാഹ ഒരുക്കങ്ങളെപ്പറ്റി വിവരിക്കുമ്പോൾ കഴിഞ്ഞ ഒരു മാസക്കാലമായി തന്റെ കാമുകൻ ജോനാഥനെപ്പറ്റി വിവരങ്ങളൊന്നുമറിയാത്തതിന്റെ സങ്കടത്തിലാണ് മിന.
ഡോക്ടർ ജോൺ സിവാർഡിന്റെ പുതിയ രോഗി റെൻഫീൽഡ് ശരിക്കുമൊരു തലവേദനയായി മാറുകയാണ്. ജീവനുള്ള ജീവികളെ ജീവനോടെ ഭക്ഷിക്കുക, ഒരുതരം മാനിയ രോഗത്തിനടിമയാണ് റെൻഫീൽഡ്. അവനാദ്യം പഞ്ചസാരക്കെണി വച്ച് ഈച്ചകളെ പിടിക്കും, പിന്നീട് ഈച്ചകളെ കെണിയാക്കി എട്ടുകാലികളെയും, എട്ടുകാലികളെ കെണിയാക്കി ചെറുപക്ഷികളെയും പിടിക്കുന്നു. ഓരോ ജീവിയും മറ്റൊന്നിനെ ഭക്ഷണമാക്കുന്നതു കാണുന്നത് തന്നെ അവനൊരാനന്ദമാണ്. അവസാനം റെൻഫീൽഡ് അതിനെ ആഹാരമാക്കുമ്പോൾ അവന് ആ ജീവികളുടെയെല്ലാം ശക്തി ലഭിക്കുന്നു എന്ന ഒരുതരം തോന്നലാണവനുള്ളത്. അവനാവുന്നിടത്തോളം ജീവനുള്ള ജീവികളെ ജീവനോടെ ആഹാരമാക്കുക എന്ന ലക്ഷ്യവുമായി ജീവിക്കുന്ന ഒരു മാനിയാക്കണവൻ.
മിനക്ക് ആശങ്കപ്പെടുവാൻ ഒന്നിനു പിറകേ ഒന്നായി പ്രശ്നങ്ങൾ തലപൊക്കുകയാണ്. ഒന്നാമതായി അവളുടെ കാമുകൻ ജോനാഥൻ ഹാർക്കറെ പറ്റി എന്തെങ്കിലും വിവരങ്ങളറിഞ്ഞിട്ടുതന്നെ മാസങ്ങളായിരിക്കുന്നു. ഈയിടെ ലൂസി കാരണങ്ങളൊന്നുമില്ലാതെ രാത്രിയിൽ ഉറക്കത്തിൽ എഴുനേറ്റു നടക്കുവാൻ (സ്വപ്നാടനം) തുടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ അവൾ ആരോഗ്യവതിയാണെങ്കിൽ പോലും അല്പം വിളർച്ച കാണിക്കുന്നുണ്ട്. കാരണമെന്തെന്ന് സന്തതസഹചാരിയായ മിനക്കു മനസ്സിലാവുന്നുമില്ല.
ഒരു ദിവസം സായാഹ്നസവാരിക്കിറങ്ങുന്ന മിന വഴിയിൽവച്ച് വയസ്സൻ സ്വലാസിനെ കണ്ടുമുട്ടുന്നു. തീരത്തുനിന്നുമകലെയല്ലാതെ നിയത്രണംവിട്ട അമരത്താരുമില്ലാത്തതുപോലെ കടലിൽ ഒഴുകിനടക്കുന്ന ഒരു കപ്പൽ അവരുടെ ശ്രദ്ധയിൽപ്പെടുന്നു. അത് റഷ്യൻ നിർമ്മിതമാണെന്നു തോന്നുന്നുവെന്നും കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പത്രങ്ങളിലൂടെ അറിയുവാനാവുമായിരിക്കുമെന്നും സ്വലാസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ചാപ്റ്റർ 7
മിനയും സ്വാലസും കണ്ട ഡെമെറ്റർ എന്നു പേരായ കപ്പൽ അതിനടുത്ത ദിവസമുണ്ടായ കാറ്റിലും കോളിലും പെട്ട് വിറ്റ്ബി തീരത്തണയുന്നു. കപ്പലിനുള്ളിൽ ജീവനക്കാരാരെയും കണ്ടെത്തുവാനായില്ല. ഒരു കുരിശു മാറാടുചേർത്തു പിടിച്ച് മരണപ്പെട്ടുകഴിഞ്ഞ നിലയിൽ കാണപ്പെട്ട കപ്പിത്താനെ കപ്പലിന്റെ നിയന്ത്രണവീലിൽ ഒരു കയറുകൊണ്ട് കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. കപ്പൽ തീരമണഞ്ഞതേ കപ്പലിൽനിന്നും പുറത്തു ചാടിയ അസാധാരണ വലിപ്പമുള്ള ഒരു ചെന്നായ നഗരപ്രാന്തത്തിലെ വനത്തിനുള്ളിലെവിടേക്കോ ഓടി മറഞ്ഞു. കപ്പലിൽ ചരക്കുകൾ എന്ന് പറയുവാൻ ഏതാണ്ട് അൻപതോളം മരം കൊണ്ട് നിർമ്മിച്ച പെട്ടികളായിരുന്നു. ആവ വിറ്റബിയിലെ സോളിസിറ്റർ ജനറലിന്റെ ചുമതലയിൽ കരക്കിറക്കി സൂക്ഷിച്ചു.
കപ്പലിന്റെ ക്യാപ്റ്റന്റെ ലോഗ് ബുക്കിൽനിന്നും താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുവാനായി. റഷ്യൻ തുറമുഖമായ വർണയിൽനിന്നും ഇംഗ്ലണ്ടിലേക്കു തിരിച്ചതായിരുന്നു കപ്പൽ. ആദ്യത്തെ പത്തു ദിവസങ്ങളോളം യാത്ര സുഖകരമായിരുന്നു. അതിനു ശേഷമാണ് തികച്ചും ദുരൂഹമായ സാഹചര്യത്തിൽ ജോലിക്കാരിലൊരാളെ കാണാതാവുന്നത്. വേറൊരു ജോലിക്കാരൻ കപ്പലിന്റെ ഡക്കിൽ മെലിഞ്ഞ് ആജാനുബാഹുവായ ഒരാളെക്കാണുന്നു. അയാൾ കപ്പലിന്റെ ക്രൂവിൽ പ്പെടുന്നവനല്ലെന്നവനുറപ്പുണ്ടായിരുന്നു. ക്രൂ മെമ്പേഴ്‌സ് എല്ലാവരും ചേർന്ന് കപ്പലിനകം മുഴുവൻ അരിച്ചുപെറുക്കി നോക്കിയിട്ടും അങ്ങനെയൊരാളെ കണ്ടെത്തനായില്ല. എന്നിരുന്നാലും ഒന്നും രണ്ടും ദിവസം കൂടുമ്പോൾ ക്രൂ മെമ്പേഴ്‌സിലോരോരുത്തരെയായി കാണാതാവുന്നത് തുടർന്നുകൊണ്ടിരുന്നു. ജോലിക്കാർക്കിടയിൽ ഭയം ചൂഴ്ന്നു നിന്നു. അവസാനം ഇംഗ്ലണ്ടിന്റെ തീരമടുത്തപ്പോഴേക്കും ക്രൂ മെമ്പേഴ്‌സായി നാലു പേർ മാത്രമേ മിച്ചമുണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് തുറമുഖത്തേക്കുള്ള അവരുടെ യാത്ര അസാദ്ധ്യമാക്കിക്കൊണ്ട് മൂടൽമഞ്ഞ് അവരുടെ കപ്പലിനെപ്പൊതിഞ്ഞത്. മൂടൽ മഞ്ഞു നീങ്ങിയപ്പോഴേക്കും കപ്പൽജോലിക്കാരിൽ രണ്ടുപേരെക്കൂടി നഷ്‌ടമായിക്കഴിഞ്ഞിരുന്നു. ഏതു ഭൂതമാണെങ്കിലും അതിനെയൊന്നു കണ്ടിട്ടേ കാര്യമുള്ളൂ എന്നലറിക്കൊണ്ട് കപ്പലിന്റെ അടിത്തട്ടിലേക്കോടിച്ചെന്ന ഫസ്റ്റ് ഓഫീസർ തിരിച്ചോടിവന്ന് കടലിലേക്കെടുത്തു ചാടുകയായിരുന്നു.
അവസാനം കപ്പലിലൊറ്റക്കായ ക്യാപ്റ്റൻ അവന്റെ കുരിശുരൂപവുമായി അവനെ തന്നെത്തന്നെ കപ്പലിന്റെ ചക്രവുമായി ബന്ധിക്കുകയായിരുന്നു. തന്റെ അവസാന ശ്വസം വരെ കപ്പലിനോടൊപ്പമായിരിക്കുവാൻ.
ലൂസിയെപ്പറ്റിയും ജോനാഥനെപ്പറ്റിയുമുള്ള ആശങ്കകളിലാണ് മിന. ലൂസിയുടെ സ്വപ്‌നാടനം പഴയതിലും കൂടുതലായിട്ടുണ്ട്. കപ്പലിന്റെ ക്യാപ്റ്റന്റെ ശവസംസ്കാര ദിവസം ലൂസി കൂടുതൽ അസ്വസ്ഥയായിരുന്നു. വിറ്റ്‌ബിയിലെ അവരുടെ പരിചയക്കാരനായ വയസ്സൻ സ്വാലസിനെ കഴുത്തൊടിഞ്ഞു മരിച്ച നിലയിൽ കണ്ടെത്തുന്നു. ഭീതിപ്പെടുത്തുന്നതെന്തോ കണ്ടതുപോലൊരു മുഖഭാവമായിരുന്നു മരിച്ചു കിടന്ന മിസ്റ്റർ സ്വാലസിന്.
ചാപ്റ്റർ 8
മാസങ്ങൾ കടന്നുപോയിരിക്കുന്നു. അന്ന് ആഗസ്റ്റ് 10. രാത്രിയിൽ ഞെട്ടിയുണരുന്ന മിന നോക്കുമ്പോൾ ലൂസിയുടെ കിടക്കയിലാരുമില്ല. അവളെയന്വേഷിച്ചു പുറത്തിറങ്ങുന്ന മിന അവളെ ഇടിഞ്ഞു പൊളിഞ്ഞ ആ പള്ളിയുടെ മുറ്റത്തെ ബഞ്ചിലിരിക്കുന്നതായിക്കാണുന്നു. ഉയരമുള്ള ഒരു കറുത്ത നിഴൽ അവളിലേക്കു കുനിഞ്ഞു നിൽക്കുന്നു. ഒരു ചുംബനം നൽകാനെന്നപോലെ. ലൂസിയുടെയടുത്തേക്കു നടക്കുന്ന മിനയെ ആ നിഴൽ രൂപം തിരിഞ്ഞു നോക്കുന്നു. അതിനു വിളറിവെളുത്ത മുഖവും ചുവന്നു വെട്ടിത്തിളങ്ങുന്ന കണ്ണുകളുമാണുണ്ടായിരുന്നത്. മിന ലൂസിയുടെ അടുത്തു ചെന്നപ്പോഴേക്കും ആ നിഴൽ രൂപം അവിടെങ്ങുമില്ലാതിരുന്നതുപോലെ മറഞ്ഞുപോയിരുന്നു. പാതിയുറക്കത്തിലെന്നപോലെ തോന്നിച്ച ലൂസി ശ്വാസത്തിനായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മിന അവളുടെ ഷാളെടുത്തു പുതപ്പിച്ച് ലൂസിയെ വീട്ടിലേക്കു തിരികെ കൊണ്ടുപോരുന്നു. വീട്ടിലേക്കെത്തി കുറെ സമയത്തിനു ശേഷം ലൂസി മയക്കത്തിൽനിന്നും ഉണരുകയും സ്വബോധത്തിലേക്കു തിരിച്ചെത്തുകയു ചെയ്തുവെങ്കിലും ലൂസിയുടെ കഴുത്തിൽ രണ്ടു സൂചിക്കുത്തുകൾ പോലുള്ള മുറിവുകൾ മിന കണ്ടെത്തുന്നു. അവളുടെ ഷാൾ പിൻ ചെയ്യുമ്പോൾ താനറിയാതെ ലൂസിയെ മുറിവേല്പിച്ചതാവാമെന്ന് മിന കരുതുന്നു.
അതിനടുത്ത ദിവസങ്ങളിലും മിന സ്വപ്‌നാടനം നടത്തുന്നുവെങ്കിലും കിടപ്പറയുടെ വാതിലുകൾ ബലമായി ബന്ധിച്ച മിന ലൂസി മുറിയിൽനിന്നും പുറത്തു പോകുന്നത് തടയുന്നു. ഒരു ദിവസം വൈകുന്നേരം മിനയും ലൂസിയും കൂടി നടക്കാനിറങ്ങുന്നു. സൂര്യാസ്തമയത്തിനു ശേഷമുള്ള മങ്ങിയ അന്തിവെളിച്ചത്തിൽ പഴയ പള്ളിയുടെ സെമിത്തേരിക്കുള്ളിലവർ ഒരു കറുത്ത രൂപത്തെക്കാണുന്നു. അതിന്റെ കണ്ണുകൾ തീക്കനലുകൾപോലെ ജ്വലിക്കുന്നുണ്ടായിരുന്നു.
അന്നു രാത്രി ഞെട്ടിയുണരുന്ന മിന ജനാലക്കു നേരെ കൈ ചൂണ്ടി കട്ടിലിലിരിക്കുന്ന ലൂസിയെക്കാണുന്നു. ലൂസി കൈ ചൂണ്ടിയ ജനാലയിലൂടെ പുറത്തേക്കു നോക്കിയ മിനക്കു കാണുവാനായത് ജനാലക്കൽ നിന്നും ചിറകടിച്ചു ദൂരേക്ക് പറന്നു നീങ്ങുന്ന വലിയൊരു കടവാവലിനെയാണ്. പെട്ടെന്നു തിരിഞ്ഞു ലൂസിയുടെ നേരെ നോക്കുന്ന മിന കാണുന്നത് പുതപ്പുപുതച്ച് ഗാഢനിദ്രയിലായിരിക്കുന്ന ലൂസിയെ.
ദിവസം ചെല്ലുന്തോറും ലൂസിയുടെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരുന്നു. അവൾ ഒന്നിനൊന്നു വിളറി വെളുത്തുകൊണ്ടിരുന്നു. അവളുടെ കഴുത്തിലെ മുറിവ് ദിവസംതോറും വലതുതായിക്കൊണ്ടിരുന്നു. മിനയെ സംബന്ധിച്ചിടത്തോളം അവളുടെ കൂട്ടുകാരിയെപ്പറ്റിയുള്ള ആശങ്കകൾ അവൾക്കു താങ്ങാവുന്നതിലധികമായിരുന്നു. ഒന്നാമതായി ലൂസിയുടെ മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി. നേരത്തെതന്നെ രോഗിയായ ലൂസിയുടെ അമ്മക്ക് മകളുടെ അനാരോഗ്യത്തെപ്പറ്റിയുള്ള വാർത്തകൾ താങ്ങാനാവുകയേയില്ല. പ്രിയപ്പെട്ട കൂട്ടുകാരനും കാമുകനുമായ ജോനാഥൻ ഹാർക്കറുടെ വിശേഷങ്ങളെന്തെങ്കിലുമറിഞ്ഞിട്ടു മാസങ്ങളായിരിക്കുന്നു.
തുടർന്നുള്ള ദിവസങ്ങൾ സംഭവബഹുലമാണ്. കടൽത്തതീരത്തണഞ്ഞ ഡെമറ്റർ കപ്പലിലെ മണ്ണു നിറച്ച പെട്ടികൾ ഡ്രാക്കുള പുതുതായി വാങ്ങിയ കാർഫാക്‌സ് എസ്റ്റേറ്റ് ബംഗ്ലാവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെടുന്ന വിറ്റ്ബി സോളിസിറ്റർ ജനറലിന്റെ കത്തായിരുന്നു അവയിലൊന്ന്. ലൂസിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു. ജോനാഥൻ ഹാർക്കറെ മസ്തിഷ്ക ജ്വരം ബാധിച്ച് ബുഡാപെസ്റ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാർത്ത കേട്ട മിന ബുഡാപെസ്റ്റിൽ ജോനാഥന്റെയടുത്തേക്കു പോകുവാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു.
ഡോക്‌ടർ ജോൺ സിവാർഡിൻറെ ആശുപത്രിയിൽ രോഗിയായ റെൻഫീൽഡ് ഒന്നിനൊന്ന് ദേഷ്യക്കാരനും നിയന്ത്രണാതീതനുമായി മാറിക്കൊണ്ടിരിക്കുന്നു. അവനിപ്പോൾ ആരെയും അനുസരിക്കുന്ന സ്വഭാവമില്ല. ഒരു ദിവസം ആശുപത്രിയിൽനിന്നും രക്ഷപെട്ടോടുന്ന റെൻഫീൽഡ് കാർഫാക്‌സ് എസ്റ്റേറ്റിലെ ചാപ്പലിലേക്കോടുന്നു. അവനേതോ യജമാനനെ വിളിച്ചു നിലവിളിച്ചു കരയുന്നു. താനിനി അനുസരണയുള്ളവനായിരുന്നുകൊള്ളാം.
പിറകെയെത്തുന്ന ഡോക്‌ടർ സിവാർഡും ജോലിക്കാരും ചേർന്ന് റെൻഫീൽഡിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി സെല്ലിലടക്കുന്നു. സെല്ലിലിരുന്ന് റെൻഫീൽഡ് പിറുപിറുക്കുന്നു. "എന്റെ യജമാനനെ, എന്റെ മാസ്റ്റർ, അല്പം ക്ഷമിക്കൂ. ഞാനുടനേ വന്നുകൊള്ളാം."
ചാപ്റ്റർ 9
മിന ബുഡാപെസ്റ്റിൽ ജോനാഥന്റെ അടുത്തെത്തിയിരിക്കുന്നു. ജോനാഥനാകെ മാറിപ്പോയിരിക്കുന്നു. ആരോഗ്യപരമായി പഴയ ജോനാഥൻ ഹാർക്കാറുടെ ഒരു നിഴൽ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. അവന് താൻ ട്രാൻസിൽ വാനിയയിലായിരുന്ന കാലത്തെക്കുറിച്ച് യാതൊന്നും ഓർത്തെടുക്കുവാനേ ആവുന്നില്ല. ജോനാഥനെ ശുശ്രുഷിച്ചുകൊണ്ടിരുന്ന സന്യാസിനിയായ നേഴ്സ് അവൻ പനി ബാധിച്ച് അബോധാവസ്ഥയിൽ തികച്ചും അവിശ്വസനീയവും ഭയാനകവുമായ പല കാര്യങ്ങളും വിളിച്ചു പറയുമായിരുന്നു എന്ന് മിനയോടു പറയുന്നു. യാത്രയിലുടനീളമുണ്ടായ സംഭവങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും കുറിപ്പുകളെഴുതിക്കൊണ്ടിരുന്ന ജോനാഥന്റെ ഡയറി ഇപ്പോഴുമവൻറെ കൈവശമുണ്ട്. തനിക്ക് ജ്വരം പിടിപെടാനുള്ള സാഹചര്യങ്ങളെപ്പറ്റി ഡയറിയിലെഴുതിയിട്ടുണ്ടാവുമെന്നു സൂചിപ്പിക്കുന്ന ജോനാഥൻ ഡയറി മിനക്കു കൈമാറുന്നു. ഡയറിക്കുള്ളിലെഴുതിയിരിക്കുന്നതെന്തെന്ന് അനിവാര്യഘട്ടങ്ങളിലല്ലാതെ ആരോടും വെളിപ്പെടുത്തരുതെന്ന നിർദ്ദേശത്തോടെ. ഡയറി തുറന്നുപോലും നോക്കാതെ മെഴുകുപയോഗിച്ച് സീലു ചെയ്യുന്ന മിന അത്രമേൽ ആവശ്യം വരുന്ന ഒരു ഘട്ടത്തിൽ മാത്രമേ അതു തുറക്കുകയുള്ളുവെന്നു തീരുമാനിക്കുന്നു. മിനയും ജോനാഥനും കഴിയുന്നത്ര വേഗം വിവാഹിതരാകുവാൻ തീരുമാനിക്കുന്നു. വിവാഹ തീരുമാനമറിയുന്ന ലൂസി അവർക്ക് ആശംസാ സന്ദേശമയക്കുന്നു.
കുറച്ചുനാളത്തേക്കു മെച്ചപ്പെട്ടുവെന്നു തോന്നിയ ലൂസിയുടെ ആരോഗ്യം വീണ്ടും മോശമായിക്കൊണ്ടിരുന്നു. രാത്രിയിൽ അവളുടെ ജനാലക്കലാരോ, ഏതോ ജീവി മാന്തുന്നതായുള്ള ശബ്ദമവൾ കേൾക്കുന്നു. ലൂസി ദിനംതോറും വിളറിവെളുത്തുകൊണ്ടിരുന്നു. ലൂസിയുടെ പ്രതിശ്രുതവരനായ ആർതർ ഹോംവുഡ് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഡോക്‌ടർ സിവാർഡിന് സന്ദേശമയക്കുകയും ലൂസിയെ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഡോക്‌ടർ സിവാർഡിന്റെ അറിവിന്റെ പരിമിതികൾ വച്ച് അസുഖമെന്തെന്നു ഡയഗ്‌നോസ് ചെയ്യുവാനവനാവുന്നില്ല. അതിനാൽ ആംസ്റ്റർഡാമിൽനിന്നും അവന്റെ അദ്ധ്യാപകനായ പ്രൊഫസർ ഹെൽസിംഗിന്റെ സഹായം തേടുന്നു. ലൂസിയെ പരിശോധിച്ച പ്രൊഫസർ ഹെൽസിംഗിനും ലൂസിയുടെ അസുഖത്തിന്റെ കാരണം കണ്ടെത്തുവാനാവുന്നില്ല. എന്നാൽ അമിതമായ രക്തനഷ്‌ടമുണ്ടായതായി സംശയിക്കുന്നതായി ഹെൽസിംഗ് സിവാർഡിനോടു സൂചിപ്പിക്കുന്നു.
തിടുക്കത്തിൽ ആംസ്റ്റർഡാമിലേക്കു തിരിച്ചുപോകുന്ന പ്രൊഫസർ ഹെൽസിംഗ് ലൂസിയുടെ ആരോഗ്യസ്ഥിതി ടെലിഗ്രാം മുഖേന തന്നെ അറിയിച്ചുകൊണ്ടിരിക്കണമെന്നു നിർദ്ദേശിക്കുന്നു.
സിവാർഡിന്റെ രോഗി റെൻഫീൽഡ് ഇപ്പോൾ പൊതുവെ ശാന്തനായിട്ടുണ്ടെങ്കിലും അവസരം ലഭിച്ചപ്പോൾ അവൻ ഒളിച്ചോടി കാർഫാക്‌സ് എസ്റ്റേറ്റ് കപ്പേളയുടെ വാതിൽക്കലെത്തുന്നു. അവനെ തിരിച്ചുകൊണ്ടുവരാനായെത്തുന്ന സിവാർഡിനെയും ആശുപത്രി അറ്റൻഡർമാരെയും അവൻ അക്രമിക്കാനൊരുങ്ങുന്നുണ്ടെങ്കിലും ചക്രവാളത്തിൽ അങ്ങുദൂരെ ഉദിച്ചുനിൽക്കുന്ന ചന്ദ്രബിംബത്തിന്റെ പശ്ചാത്തലത്തിൽ പറന്നുയരുന്ന കൂറ്റനൊരു കടവാവലിനെക്കാണുന്ന അവൻ വീണ്ടും ശാന്തനാവുന്നു.
വീണ്ടുമൊരിക്കൽ ക്കൂടി ഭ്രാന്താശുപത്രിയുടെ സെല്ലിലടക്കപ്പെടുന്ന റെൻഫീൽഡ് വീണ്ടുമവന്റെ ഈച്ചപിടുത്തം തുടരുന്നു.
ലൂസിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയായിരുന്നെങ്കിലും പെട്ടെന്ന് സെപ്തംബർ 6-ന് അവളുടെ നില വീണ്ടും വഷളായി. അവളെ രക്ഷിക്കുവാൻ തന്നെക്കൊണ്ടാവില്ലെന്നു മനസ്സിലായ ഡോക്‌ടർ സിവാർഡ് പ്രൊഫസ്സർ ഹെൽസിംഗിനോട് ഉടനടി ഇംഗ്ലണ്ടിൽ എത്തിച്ചേരണമെന്നാവശ്യപ്പെട്ടുകൊണ്ട് ടെലിഗ്രാം അയക്കുന്നു.
ചാപ്റ്റർ 10.
റിച്ചാർഡ് ഹോംവുഡും, ഡോക്‌ടർ സിവാർഡും ലൂസിയോടൊപ്പമുണ്ട്. പ്രൊഫസ്സർ ഹെൽസിംഗ് എത്തുമ്പോഴേക്കും ലൂസിയാകെ വിളറിവെളുത്ത് സ്വയം ശ്വസമെടുക്കുവാൻ പോലും വയ്യാത്ത അവസ്ഥയിലാണ്. ഹെൽസിംഗ് റിച്ചാർഡ് ഹോംവുഡിന്റെ രക്തം ലൂസിയിലേക്ക് ട്രാൻസ്‌ഫ്യുസ് ചെയ്യുന്നു. (കഥ നടക്കുന്ന കാലത്ത് വാദ്യശാസ്ത്രവും വാർത്താവിനിമയ സൗകര്യങ്ങളും യാത്രാസൗകര്യങ്ങളും ഇന്നത്തേതുപോലെ വികസിച്ചിരുന്നില്ല എന്ന കാര്യം കേൾവിക്കാർ ഓർമ്മിക്കുമല്ലോ). ലൂസിയുടെ കഴുത്തിന്മേലുള്ള മുറിവുകൾ പരിശോധിക്കുന്ന ഡോക്‌ടർമാർ രണ്ടുപേരും അവളുടെ രക്തം നഷ്‌ടപ്പെട്ടത് ഈ മുറിവുകളിലൂടെയാവുമെന്ന നിഗമനത്തിലെത്തുന്നു. പക്ഷേ ആ മുറിവുകളെങ്ങിനെയുണ്ടായി എന്നതിനെപ്പറ്റി അവർക്കൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല. പ്രൊഫസ്സർ ഹെൽസിംഗ് ഡോക്‌ടർ സിവാർഡിനോട് അന്നു രാത്രിയിൽ ലൂസിയുടെയടുത്ത് ശ്രദ്ധയോടെ കവലിരിക്കുവാൻ ആവശ്യപ്പെടുന്നു. കുറേക്കഴിഞ്ഞ് ഉണർന്നെണീക്കുന്ന ലൂസിയുടെ നില വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു.
എന്നാൽ പിറ്റേന്നു രാത്രിയിൽ പൂർണ്ണമായും ഉണർന്നിരിക്കുവാൻ ഡോക്‌ടർ സിവാർഡിനാവുന്നില്ല. രാത്രിയിലെപ്പോഴോ അവനുറങ്ങിപ്പോവുന്നു. പിറ്റേന്നു രാവിലെ പൂർണ്ണമായും വിളറിവെളുത്ത് ആരോഗ്യം നഷ്‌ടപ്പെട്ട ഒരു ലൂസിയെയാണ് സിവാർഡും ഹെൽസിംഗും കാണുന്നത്. അവളുടെ ചുണ്ടുകൾ കോടിയും കരിനീലനിറവുമായിരിക്കുന്നു. സിവാർഡ് അവൾക്കു കുറെ രക്തം കൂടെ ട്രാൻസ്‍ഫ്യുഷനിലൂടെ നൽകുന്നു. ലൂസിയുടെ കഴുത്തിലെ മുറിവുകളിന്ന് കീറിപ്പറിഞ്ഞതുപോലിരിക്കുന്നത് സിവാർഡിന്റെ ശ്രദ്ധയിൽപ്പെടുന്നു. വാൻ ഹെൽസിംഗ് വെളുത്തുള്ളിപ്പൂവുകൾ കൊണ്ടൊരു മാലയുണ്ടാക്കി ലൂസിയുടെ കഴുത്തിലിടുകയും മുറിയുടെ നാലുചുറ്റും വെളുത്തുള്ളിപ്പൂവുകൾ നിരത്തുകയും ചെയ്യുന്നു. ലൂസിക്ക് ഇന്ന് സുഖമായുറങ്ങാനാവുമെന്ന കാര്യത്തിൽ വാൻ ഹെൽസിംഗിനുറപ്പുണ്ടായിരുന്നു.
ചാപ്റ്റർ 11.
പിറ്റേന്നു രാവിലെ ലൂസിയുടെ വാസസ്ഥലത്തേക്കെത്തുന്ന ഹെൽസിംഗിനെയും സിവാർഡിനെയും സ്വാഗതം ചെയ്യുന്നത് ലൂസിയുടെ അമ്മയാണ്. അവൾ പറയുന്നു, തലേന്നു രാത്രി വൃത്തികെട്ട മണമുള്ള ആ പൂക്കളെല്ലാമവൾ മുറിയിൽനിന്നും നീക്കം ചെയ്തുവെന്നും ശുദ്ധവായു ലഭിക്കുവാനായി ജനാലകളെല്ലാം തുറന്നിട്ടുവെന്നും. ലൂസിയുടെ അമ്മ മിസ്സിസ് വേസ്റ്റേർണയുടെ വിശദീകരണം കേട്ട ഹെൽസിംഗും സിവാർഡും ലൂസിയുടെ കട്ടിലിനരികിലേക്കു പാഞ്ഞെത്തുന്നു. അവർ ഭയപ്പെട്ടതുപോലെ ലൂസി ഇത്തവണയും രക്തമെല്ലാം നഷ്‌ടപ്പെട്ട് മരണത്തോടടുക്കുകയാണ്. വീണ്ടുമൊരു ബ്ലഡ് ട്രാൻസ്‍ഫ്യുഷനിലൂടെയവർ ലൂസിയെ വീണ്ടും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നു.
ചാപ്റ്റർ 11
ലൂസിയുടെ മുറിയിൽനിന്നുമിനി തങ്ങളുടെ അനുവാദം കൂടാതെ ഒരു സാധനം പോലും മാറ്റുവാൻ പാടില്ലായെന്ന് ലൂസിയുടെ അമ്മയോട് ഹെൽസിംഗും സിവാർഡും നിർദ്ദേശിക്കുന്നു. തുടർന്നുള്ള മൂന്നു നാലു ദിവസങ്ങൾ ലൂസിയെ സംബന്ധിച്ചിടത്തോളം സമാധാനത്തിന്റേതായിരുന്നു. അവളുടെ ആരോഗ്യം ഒന്നിനൊന്നു മെച്ചപ്പെട്ടു വരുന്നുണ്ടായിരുന്നു.
സെപ്തംബർ 17-ലെ പത്രത്തിൽ വന്ന ഒരു വാർത്ത ആശങ്കാജനകമായിരുന്നു. നഗരത്തിലെ മൃഗശാലയിൽനിന്നും വലിയൊരു ചെന്നായ വേലിചാടി രക്ഷപെട്ടെന്നും പിറ്റേന്നു രാവിലെ ശരീരത്ത് രോമങ്ങളിൽ നിറയെ കുപ്പിച്ചില്ലുകൾ പറ്റിപ്പിടിച്ച നിലയിൽ അത് തിരിച്ചെത്തിയെന്നും.
അന്നുതന്നെ ഡോക്‌ടർ സിവാർഡിന്റെ രോഗി റെൻഫീൽഡ് ഡോക്‌ടറെ ആക്രമിക്കുകയും കൈത്തണ്ടയിൽ മുറിവുണ്ടാക്കുകയും ചെയ്യുന്നു. "രക്തം ജീവിതമാണ്," (Blood is Life") എന്നൊരു സുകൃതജപം പോലെ അവർത്തിച്ചുരുവിട്ടുകൊണ്ട് അവനാ രക്തം നക്കിയെടുക്കുവാനായുന്നു.
അന്നുരാത്രി ലൂസിയുടെ മുറിയിലെത്തി അവൾക്കു കവലിരിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഹെൽസിംഗയക്കുന്ന ടെലിഗ്രാം ഡോക്‌ടർ സിവാർഡിനു പിറ്റേന്നു പുലർച്ചെ മാത്രമാണ് ലഭിക്കുന്നത്.
അന്നു രാത്രിയിൽ അവളുടെ ജനാലക്കു വെളിയിൽനിന്ന് ലൂസിയൊരു ചിറകടിശബ്ദവും മുറിക്കു പുറത്തുനിന്ന് ചെന്നായ ഓലിയിടുന്ന ശബ്ദവും കേൾക്കുന്നു. ശബ്ദം കേട്ടു ഭയപ്പെട്ട ലൂസിയുടെ അമ്മയും ലൂസിയുടെ മുറിയിലെത്തി അവളുടെകൂടെ കട്ടിലിൽ കിടക്കുന്നു. വൈകിയില്ല, ജനാലച്ചില്ലുകൾ തകർത്തുകൊണ്ടൊരു ചെന്നായ മുറിക്കകത്തേക്കു കടന്നുവരുന്നു. ഭയപ്പെട്ട ലൂസിയുടെ അമ്മ ലൂസിയുടെ കഴുത്തിൽനിന്നുമാ വെളുത്തുള്ളിപ്പൂമാല പൊട്ടിച്ചെടുത്ത് ചെന്നായയ്ക്ക് നേരെയെറിയുവാൻ ശ്രമിച്ചു. എങ്കിലും ഭയം മൂലമുണ്ടായ ഒരു മാസ്സീവ് ഹാർട്ട് അറ്റാക്കു മൂലം മിസ്സിസ് വെസ്റ്റർണാ മരിച്ചുവീഴുന്നു. ശബ്ദം കേട്ട് മുറിയിലേക്കോടിയെത്തുന്ന വീട്ടിലെ നാലു വീട്ടുജോലിക്കാർക്ക് തങ്ങളുടെ യജമാനത്തിയുടെ മരണം താങ്ങാനാവുമായിരുന്നില്ല. ഊണുമുറിയിലേക്കു പോകുന്ന അവർ അവിടെയിരുന്ന വൈൻ കുടിക്കുന്നു. വൈനിലേതോ വിഷമടങ്ങിയിരുന്നോ എന്തോ, അവർ നാലുപേരും അവിടെത്തന്നെ ബോധരഹിതരായി വീഴുന്നു.
വീട്ടിലൊറ്റക്കായിപ്പോയ ലൂസി നടന്ന സംഭവങ്ങളെക്കുറിച്ച് ഒരു കത്തെഴുതി അവളുടെ അടിയുടുപ്പുകൾക്കുള്ളിലൊളിപ്പിച്ചുവച്ചു മരണത്തിനായി കാത്തുകിടന്നു. "എന്നെ സംസ്കരിക്കുവാനൊരുങ്ങുമ്പോഴെങ്കിലും അവർ ഈ എഴുത്തു കാണുമായിരിക്കും," അവൾ സ്വയം പറഞ്ഞു.
ചാപ്റ്റർ 12
പിറ്റേന്നു രാവിലെ വെസ്റ്റർണാ ഹോമിലെത്തുന്ന സിവാർഡിനെയും ഹെൽസിംഗിനെയും എതിരേൽക്കുന്നത് അവിടത്തെ നാശനഷ്‌ടങ്ങളാണ്. ഊണുമുറിയിൽത്തന്നെ ബോധരഹിതരായിക്കിടക്കുന്ന ജോലിക്കാരികൾ നാലുപേരും. ലൂസിയുടെ അമ്മ മരിച്ചുകഴിഞ്ഞിരിക്കുന്നു. ലൂസി വീണ്ടുമൊരിക്കൽക്കൂടി മരണത്തിന്റെ വക്കിലാണ്. ഇത്തവണ അവളുടെ കഴുത്തിലെ മുറിവുകളാകെ വികൃതമാക്കപ്പെട്ടിരിക്കുന്നു. അവൾക്കുടനടി ഒരു ബ്ലഡ് ട്രാൻസ്‍ഫ്യുഷൻ കൂടി ആവശ്യമാണ്. പക്ഷെ അവരെല്ലാവരും തന്നെ ഒരു തവണ രക്തം കൊടുത്തുകഴിഞ്ഞവരാണ്. ഇനിയൊരു തവണകൂടി. അത് അവരുടെ ജീവിതത്തെക്കൂടി അപകടത്തിലാക്കും.
ഇത്തവണ ക്വീൻസി മോറിസ് രക്തം നൽകുവാൻ തയ്യാറാണെന്നറിയിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലൂസിക്കു നൽകിയ രക്തമെല്ലാമെവിടെപ്പോയി എന്ന കാര്യത്തെപ്പറ്റി അവൻ സംശയാലുവാണ്. റിച്ചാർഡ് ഹോംവുഡും വെസ്റ്റർനാ ഹോമിലേക്കെത്തുന്നു. അവന്റെ പിതാവിന്റെ മരണവും ലൂസിയുടെ അമ്മ മിസ്സിസ് വെസ്റ്റർനയുടെ മരണവും, ലൂസിയുടെ അസുഖവും എല്ലാമെല്ലാം ചേർന്ന് അവനെ അസ്വസ്ഥനാക്കുന്നുണ്ടെങ്കിലും അവന്റെ സാന്നിദ്ധ്യം ലൂസിയുടെ ആരോഗ്യത്തിൽ ഗുണകരമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്.
ഇതിനിടെ റെൻഫീൽഡ് ഒരിക്കൽക്കൂടി ഭ്രാന്താശുപത്രിയിൽനിന്നും രക്ഷപെടുകയും കാർഫാക്‌സിൽനിന്നും മണ്ണ് നിറച്ച പെട്ടിയുമായി വരുന്ന രണ്ടു ജോലിക്കാരെ മാരകമായി മുറിവേല്പിക്കുകയും ചെയ്യുന്നു.
ഹെൽസിംഗ് ലൂസിയുടെ കിടക്കക്കു ചുറ്റും വെളുത്തുള്ളിപ്പൂക്കൾ വക്കുന്നുണ്ടെങ്കിലും ഉറക്കത്തിൽ അവളറിയാതെ ലൂസിയതു തള്ളി മാറ്റിക്കളയുന്നു. അന്നു രാത്രി ലൂസിയെ പരിശോധിക്കാനവളുടെ മുറിയിലെത്തുന്ന ഡോക്‌ടർ സിവാർഡ് അവളുടെ മുറിയുടെ ജനാലക്കൽ പറന്നുകളി ക്കുന്ന ഒരു വവ്വാലിനെക്കാണുന്നു.
സെപ്തംബർ 20-ആം തീയതി പുലർച്ചയായപ്പോഴേക്കും ലൂസിയുടെ കഴുത്തിലെ മുറിവുകൾ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ലൂസിയുടെ മരണസമയമെടുത്തുവെന്നു മനസ്സിലാക്കുന്ന ഡോക്‌ടർമാർ അടുത്ത മുറിയിലുറങ്ങുന്ന ഹോംവുഡിനെ വിളിച്ചുണർത്തി ലൂസിയോടു യാത്രപറഞ്ഞുകൊള്ളുവാൻ പറയുന്നു. റിച്ചാർഡിനെക്കാണുന്ന ലൂസി വശ്യതയാർന്ന ശബ്ദത്തിൽ അവനോടവളെ ചുംബിക്കുവാൻ ആവശ്യപ്പെടുന്നു. റിച്ചാർഡിനെ അതിൽനിന്നും തടയുന്ന ഹെൽസിംഗ് അവളുടെ നെറ്റിയിൽ മാത്രമേ ചുംബിക്കാവൂ എന്നു നിഷ്കർഷിക്കുന്നു. ലൂസി മരിക്കുന്നു. മരിക്കുന്ന ലൂസിയിലേക്ക് അസുഖത്തിനു മുൻപുണ്ടായിരുന്ന സന്ദര്യമാകെ തിരിച്ചെത്തുന്നു. ലൂസിയും ഒരു രക്ഷസ്സായി മാറുകയാണോ?
ചാപ്റ്റർ 13
ലൂസിയുടെ ശവസംസ്കാരത്തിനു മുൻപായി അവളുടെ ശവപ്പെട്ടിയും ശരീരവും വെളുത്തുള്ളി കൊണ്ടു മൂടുന്ന പ്രൊഫസർ വാൻ ഹെൽസിംഗ് അവളുടെ ചുണ്ടുകൾക്കിടയിൽ ഒരു കുരിശുരൂപം കൂടി തിരുകുന്നു. അവളുടെ ശവസംസ്കാരത്തിനുശേഷം അവളുടെ കല്ലറ തുറന്ന് ലൂസിയുടെ തല അറുത്തു മാറ്റണമെന്നും അവളുടെ ഹൃദയമെടുത്തു മാറ്റണമെന്നും പ്രൊഫസർ ഹെൽസിംഗ് ഡോക്‌ടർ സിവാർഡിനോട് പറയുന്നു. പിറ്റേന്നു രാവിലെ കല്ലറതുറന്നു നോക്കുന്ന പ്രഫസർ ലൂസിയുടെ ചുണ്ടുകൾക്കിടയിൽ വച്ചിരുന്ന കുരിശുരൂപം ആരോ എടുത്തുമാറ്റിയതായി കാണുന്നു. കാര്യങ്ങൾ കൈവിട്ടുപോയിക്കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കുന്ന പ്രൊഫസർ ഹെൽസിംഗ് തങ്ങളുടെ തുടർന്നുള്ള നീക്കങ്ങൾ വളരെ ആലോചനയുടെ വേണമെന്നു പറയുന്നു. തന്റെ കാമുകി ലൂസിയുടെ മരണത്തിൽ ഹൃദയം തകർന്ന റിച്ചാർഡ് ഹോംവുഡിന് മരിച്ചു കിടക്കുന്ന അവളുടെ മുഖത്തിന്റെ സൗന്ദര്യം കാണുമ്പോൾ അവൾ മരിച്ചുകിടക്കുകയാണെന്നു വിശ്വസിക്കുവാനേ കഴിയുന്നില്ല. അവളുടെ മരണത്തിലേക്കു വഴിതെളിച്ച കരണങ്ങളിലേതെങ്കിലും കണ്ടത്തനാവുമോ എന്ന പ്രതീക്ഷയിൽ ലൂസിയുടെ വ്യക്തിപരമായ കത്തുകൾ തിരയുകയാണ് പ്രൊഫസർ ഹെൽസിംഗ്.
ഇതിനിടെ ബുഡാപെസ്റ്റിൽ വച്ച് വിവാഹിതരായിക്കഴിഞ്ഞിരുന്ന ജോനാഥനും മിനയും ഇംഗ്ലണ്ടിൽ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. അവരൊരു ദിവസം നഗരത്തിൽ വച്ച് കറുത്ത താടിവെച്ച, അസാധാരണ ഉയരമുള്ള, ഭീകരത തോന്നിക്കുന്ന ഒരു മനുഷ്യനെക്കാണുന്നു. അതു ഡ്രാക്കുളയാണെന്ന കാര്യത്തിൽ ജോനാഥനു സംശയമൊന്നുമില്ലായിരുന്നു. ഒരു നിമിഷത്തേക്ക് സ്ഥലകാലബോധം നഷ്‌ടപ്പെട്ട ജോനാഥൻ അല്പം ആഴമുള്ള ഒരു സ്ഥലത്തേക്കു വീഴുകയും ബോധം നഷ്‌ടപ്പെടുകയും ചെയ്യുന്നു. അബോധാവസ്ഥയിൽനിന്നുമുണരുന്ന ജോനാഥന് പഴയതൊന്നും ഓർമ്മിക്കുവാനാവുന്നില്ല. ഏതായാലും ജോനാഥൻ ട്രാൻസിൽ വാനിയയിലായിരുന്ന കാലത്ത് എഴുതിയ, മിന സീലുവെച്ചു സൂക്ഷിച്ചിരിക്കുന്ന അവന്റെ ഡയറിക്കുറിപ്പുകൾ വായിച്ചുമനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നു മിന തീരുമാനിക്കുന്നു.
ലൂസിയുടെ ശവസംസ്‌കാരം നടത്തിയ ഹാംപ്സ്റ്റഡ് ഹീത്ത് പ്രദേശത്തുനിന്നും പല കുട്ടികളെയും അപരിചിതയായൊരു സ്ത്രീ തട്ടിക്കൊണ്ടു പോകുന്നതായും അവർ തിരിച്ചെത്തുമ്പോൾ അവരുടെ കഴുത്തുകളിൽ പ്രത്യേകതരം മുറിവുകൾ കാണുന്നതുമായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.
ചാപ്റ്റർ 14
ലൂസിയുടെ മരണത്തെപ്പറ്റി മിനയുമായി സംസാരിക്കുവാനായി വാൻ ഹെൽസിംഗ് മിനയുടെയടുത്തെത്തുന്നു. ജോനാഥന്റെ ഡയറിക്കുറിപ്പുകൾ വായിച്ച് ഭയപ്പെട്ടു കഴിഞ്ഞിരുന്ന മിന ആ ഡയറി ഹെൽസിംഗിന് വായിക്കുവാനായി നൽകുന്നു. തന്റെ ഡയറിക്കുറിപ്പുകൾ ഹെൽസിംഗ് വളരെ പ്രാധാന്യത്തിലെടുക്കുന്നുവെന്നു മനസ്സിലാക്കുകയും അതേപ്പറ്റി സംസാരിക്കുകയും ചെയ്യുമ്പോൾ ജോനാഥന് ട്രാൻസിൽ വാനിയയിലെ തന്റെ അനുഭവങ്ങളൊന്നൊന്നായി ഓർമ്മ വരുന്നു. ഡ്രാക്കുള ഇംഗ്ലണ്ടിലേക്കു താമസം മാറ്റിയിരിക്കാമെന്ന കാര്യത്തിൽ അവനു സംശയമൊന്നുമുണ്ടായിരുന്നില്ല.
ഭ്രാന്തൻ റെൻഫീൽഡ് വീണ്ടുമവന്റെ ഈച്ചപിടുത്തം പുനരാരംഭിച്ചിരിക്കുന്നു. സിവാർഡിനെ കാണാനെത്തുന്ന വാൻ ഹെൽസിംഗ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സ്ത്രീയെപ്പറ്റിയുള്ള പത്രവാർത്ത അവനെ കാണിക്കുന്നു. കാണാതാവുന്ന കുട്ടികൾ പണ്ട് ലൂസിക്കുണ്ടായതുപോലെയുള്ള കഴുത്തിലെ മുറിവുകളുമായാണ് തിരിച്ചെത്തുന്നതെന്നു ചൂണ്ടിക്കാണിക്കുന്ന ഹെൽസിംഗ് കുട്ടികൾ "Bloofer Lady" എന്നു വിശേഷിപ്പിക്കുന്ന ആ സ്ത്രീ ലൂസിയുടെ പ്രേതം തന്നെയാണെന്ന നിഗമനത്തിലെത്തുന്നു.
ചാപ്റ്റർ 15
ലൂസി പ്രേതമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന പ്രൊഫസർ വാൻ ഹെൽസിംഗിന്റെ നിഗമനത്തോട് അത്ര പെട്ടെന്നൊന്നും അനുകൂലിക്കുവാൻ സിവാർഡിനാകുമായിരുന്നില്ല. തന്റെ അദ്ധ്യാപകനായ ഹെൽസിംഗിനോടുള്ള ബഹുമാനമൊന്നുകൊണ്ടു മാത്രം അവന്റെ അന്വേഷണങ്ങളിൽ സിവാർഡും പങ്കാളിയാവുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു കുട്ടിയെ പരിശോധിക്കുന്ന അവർ ആ കുട്ടിയുടെ കഴുത്തിലെ മുറിവുകൾ ലൂസിയുടെ കഴുത്തിലുണ്ടായിരുന്ന മുറിവുകളുമായി സാമ്യമുള്ളതാണെന്നു കണ്ടെത്തുന്നു.
അന്നു രാത്രി ലൂസിയുടെ കല്ലറ തുറന്നുനോക്കുന്ന അവർ ആ കല്ലറ ശൂന്യമാണെന്നു കാണുന്നു. അവളുടെ ശരീരം ഏതെങ്കിലും സെമിത്തേരിക്കള്ളന്മാർ മോഷ്‌ടിച്ചതാവുമെന്ന സിവാർഡിന്റെ അഭിപ്രായത്തോടു വിയോജിക്കുന്ന ഹെൽസിംഗ് അവനോട് സെമിത്തേരിയുടെ ഒരു മൂലയിൽ പതുങ്ങിയിരുന്ന് എന്താണു സംഭവിക്കുന്നതെന്നു വീക്ഷിക്കുവാനാവശ്യപ്പെടുന്നു. വെളുപ്പാൻ കാലമായപ്പോൾ മരങ്ങൾക്കിടയിലൂടെ ഒരു വെളുത്ത മിന്നൽപ്പിണർ പോലെയെന്തോ നീങ്ങുന്നതവർ കാണുന്നു. അവിടേക്കോടിച്ചെല്ലുന്ന അവരവിടെ ഒരു പിഞ്ചുകുഞ്ഞു വീണു കിടക്കുന്നതു കാണുന്നു. എന്നാലും ഇതിനൊക്കെ കാരണക്കാരി ലൂസിയാണെന്നു വിശ്വസിക്കാൻ സിവാർഡ് തയ്യാറാവുന്നില്ല, വീണ്ടുമൊരിക്കൽക്കൂടി കല്ലറ തുറന്ന് ലൂസി അവളുടെ ശവപ്പെട്ടിയിലേക്കു തിരിച്ചെത്തിയെന്നു കാണുന്നതുവരെ. പെട്ടിക്കുള്ളിൽ ശാന്തമായുറങ്ങുന്നതുപോലെ കിടന്ന അവൾ എന്നത്തേക്കാളുമേറെ സുന്ദരിയായിരുന്നു. ലൂസിയുമിപ്പോൾ മരിച്ചിട്ടും മരിക്കാത്തവരുടെ ഗണത്തിൽ ഉൾപ്പെടുന്നുവെന്നും അവളുടെ ദുഷ്പ്രവൃത്തികളിൽനിന്നും അവളെത്തടയുവാനുള്ള ഏക മാർഗ്ഗം അവളുടെ തലയറുത്തു മാറ്റി, വായ്ക്കുള്ളിൽ വെളുത്തുള്ളി നിറക്കുകയും അവളുടെ ഹൃദയത്തിലൂടെ മൂർച്ചയേറിയ ഒരു വാരിക്കുന്തം കടത്തിവിടുകയും ചെയ്യുകയാണ്. ലൂസിയുടെ കാമുകനായിരുന്ന ആർതർ ഹോംവുഡും, ക്വീൻസി മോറിസും അവരോടൊപ്പം ചേരുന്നു. അവന്റെ പ്രിയ കാമുകിയുടെ മൃതദേഹം വികലമാക്കുന്നതിനോട് ഹോംവുഡിന് എതിർപ്പായിരുന്നെങ്കിലും അവനും സെമിത്തേരിയിലേക്ക് ഹെൽസിംഗിനെ അനുഗമിക്കുന്നു.
ചാപ്റ്റർ 16
അന്നു രാത്രി സെമിത്തേരിയിലെത്തുന്ന നാലുപേരും കാണുന്നത് ശൂന്യമായ കല്ലറയാണ്. കല്ലറയിൽ നിന്നും പുറത്തുപോയ ലൂസിയുടെ പ്രേതം തിരിച്ചു കല്ലറക്കുള്ളിൽ കടക്കുന്നതു തടയുവാനായി ഹെൽസിംഗ് പരിശുദ്ധമായ ഹന്നാൻവെള്ളം തളിച്ചും കുർബ്ബാന അപ്പമുപയോഗിച്ചും കല്ലറ സീൽ ചെയ്യുകയും, അവരെല്ലാം ചേർന്ന് സെമിത്തേരിയുടെ ഒരു മൂലയിൽ ഒളിച്ചിരിക്കുകയും ചെയ്യുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ശരീരം മുഴുവൻ വെള്ളവസ്ത്രം കൊണ്ട് മൂടിയ ഒരു സ്ത്രീ ഒരു കുഞ്ഞിനേയുമായി സെമിത്തേരിയിൽ ലൂസിയുടെ കല്ലറ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നു. അതോ ലൂസിയുടെ രൂപമുള്ള ഒരു ഭീകരജീവിയായിരുന്നോ അത്? അതിന്റെ കണ്ണിൽനിന്നും നരകത്തീയുടേതുപോലുള്ള ചുവന്ന പ്രകാശം പ്രവഹിക്കുന്നുണ്ടായിരുന്നു. അതിന്റെ ചുണ്ടുകളിൽ ചുടുരക്തത്തുള്ളികളൊട്ടിനിന്നു. അവർ നാലുപേരും അവളുടെ ചുറ്റും അവളെ വളയുകയാണ്. ആർതർ ഹോംവുഡിനെക്കാണുന്ന അവൾ കയ്യിലിരുന്ന കുട്ടിയെ നിലത്തേക്കിട്ട് വികാരാവേശത്തോടെ അവനോട് തന്റെയടുത്തേക്കു വരുവാൻ പറയുന്നു. ആർതർ ഹോംവുഡ് അവളുടെയടുത്തേക്ക് ഏതാനും ചുവടുകൾ വച്ചതാണ്. അപ്പോഴേക്കും ഒരു കുരിശു വീശിക്കൊണ്ട് ഹെൽസിംഗ് അവരുടെ മദ്ധ്യത്തിലേക്കെത്തി. പെട്ടെന്നവൻ കല്ലറ സീലുചെയ്തു വച്ചിരുന്ന കുർബ്ബാന അപ്പങ്ങൾ എടുത്തു മാറ്റുകയും ലൂസിയുടെ പ്രേതം കല്ലറയുടെ വിടവിലൂടെ കല്ലറക്കുള്ളിലേക്കു മറയുകയും ചെയ്തു. സ്വയം കാര്യങ്ങൾ കണ്ടു മനസ്സിലാക്കിയ ആർതർ ഹോംവുഡ് പ്രൊഫസ്സർ ഹെൽസിംഗ് നിർദ്ദേശിച്ചതുപോലെയുള്ള അനുഷ്‌ടാനങ്ങൾ ചെയ്യുവാൻ തയ്യാറാവുന്നു. അന്നു വൈകുന്നേരം കൂട്ടുകാരുമൊത്തു സെമിത്തേരിയിലെത്തുന്ന ഹോംവുഡ് ഒരു ചുറ്റികയുപയോഗിച്ച് വലിയൊരു വാരിക്കുന്തം ലൂസിയുടെ ഹൃദയത്തിലേക്കടിച്ചുകയറ്റുന്നു. അവളുടെ മുഖത്തുനിന്നും നരകത്തിന്റെ ക്രൂരത മാറി ഒരുതരം പ്രശാന്തത കളിയാടുന്നത് അവർ കാണുന്നു. തന്റെ പ്രവർത്തിയിലൂടെ ഹോംവുഡ് ലൂസിയുടെ ആത്മാവിനെ അന്ധകാരത്തിന്റെ പിടിയിൽനിന്നും രക്ഷിച്ചിരിക്കുകയാണെന്ന് പ്രൊഫസർ വാൻ ഹെൽസിംഗ് ഹോംവുഡിനെ ആശ്വസിപ്പിക്കുന്നു.
ചാപ്റ്റർ 17
ജോനാഥനോടും മിനയോടും സിവാർഡിനൊപ്പം വന്നു താമസിക്കുവാൻ പ്രൊഫസർ ഹെൽസിംഗ് നിർദ്ദേശിക്കുന്നു. ഡോക്‌ടർ സിവാർഡിന്റെ ഡയറിക്കുറിപ്പുകൾ പകർത്തിയെഴുതുന്ന മിന ലൂസിയുടെ മരണത്തിന്റെ കാരണങ്ങളെക്കുറിച്ചും ബോധവതിയാവുന്നു. ജോനാഥന്റെ ഡയറിക്കുറിപ്പുകൾ വായിക്കുന്ന സിവാർഡിനു മനസ്സിലാവുന്നു ഇംഗ്ലണ്ടിലേക്കു താമസം മാറ്റിയ ഡ്രാക്കുള തന്റെ ഏറ്റവുമടുത്ത അയൽവാസിയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന്. ഭ്രാന്തൻ റെൻഫീൽഡിന്റെ ഭ്രാന്തിന് ഡ്രാക്കുളയുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ട്രാൻസിൽ വാനിയയിൽ ഡ്രാക്കുളയുടെ കിടപ്പറയുടെ സെല്ലറിലുണ്ടായിരുന്ന മണ്ണു നിറച്ച 50 പെട്ടികളും കാർഫാക്‌സിലെ എസ്റ്റേറ്റ് കപ്പേളയിലേക്കു കൊണ്ടുവന്നിരുന്നു എന്നു കണ്ടുപിടിക്കുന്ന ജോനാഥൻ അവയിൽ ചിലത് അവിടെയില്ലെന്നതു ശ്രദ്ധിക്കുന്നു. ഇതിനിടെ മോറിസും, ഹോംവുഡും കൂടി സിവാർഡിന്റെ ആശുപത്രിയിലേക്കു താമസത്തിനെത്തുന്നു. രണ്ടു ദിവസങ്ങൾക്കുശേഷം ഭാവിപരിപാടികളെക്കുറിച്ച് ചർച്ചചെയ്യാനെത്താമെന്നാണ് പ്രൊഫസർ പറഞ്ഞിരിക്കുന്നത്.
ചാപ്റ്റർ 18
ഡോക്‌ടർ സിവാർഡിന്റെ അനുവാദത്തോടെ മിന റെൻഫീൽഡിനെ സന്ദർശിക്കുന്നു. ഭ്രാന്തമായ ആവേശത്തോടെ അവൻ പിടിച്ച ഈച്ചകളെ വിഴുങ്ങുന്ന അവൻ മിനയോട് വളരെ മാന്യമായും ബോധത്തോടെയുമാണ് പെരുമാറുന്നത്. തന്റെ ആശയങ്ങളും തീരുമാനങ്ങളുമായി തിരിച്ചെത്തുന്ന ഹെൽസിംഗ് സിവാർഡിന്റെ ഡയറിക്കുറിപ്പുകൾ ടൈപ്പുചെയ്ത് വളരെ ഭംഗിയായി അടുക്കിവക്കുന്ന ജോലി ചെയ്യുന്ന മിനയെ പ്രശംസിക്കുന്നുണ്ടെങ്കിലും മുന്നോട്ടുള്ള ജോലിയിൽ, ഡ്രാക്കുളക്കെതിരായ യുദ്ധത്തിൽ, മിനക്കു പങ്കൊന്നുമുണ്ടാവില്ലെന്നു സൂചിപ്പിക്കുന്നു. "There is no part for a woman."
പുരുഷന്മാരെ വിളിച്ചുകൂട്ടി പ്രൊഫസർ തങ്ങളുടെ മുന്നിലുള്ള പ്രശ്നത്തെപ്പറ്റി ചർച്ച ചെയ്യുന്നു. നോസ് ഫെറേറ്റു എന്നറിയപ്പെടുന്ന പ്രേതാത്മാക്കൾ മരണമില്ലാത്തവരും അസാധാരണ ശക്തിയുള്ളവരുമാണ്. പലതരം മൃഗങ്ങളെയും, പ്രകൃതിശക്തികളെപ്പോലും നിയന്ത്രിക്കുവാനുള്ള കഴിവ് അവർക്കുണ്ട്. ഇഷ്‌ടമുള്ള രൂപം സ്വീകരിക്കുവാനും നിമിഷാർദ്ദം കൊണ്ട് കണ്മുന്നിൽനിന്ന് മറഞ്ഞു പോകുവാനും അവർക്കാവും. അവർ ശക്തരാണെന്നതുപോലെ തന്നെ ചില വീക്ക് പോയിന്റ്‌സും അവർക്കുണ്ട്. രക്തം കുടിക്കാതെ അവർക്കു ജീവിക്കുവാനാവില്ല. ആരെങ്കിലും വിളിച്ചാലല്ലാതെ ഒരു വീട്ടിനുള്ളിൽ കടക്കുവാനവർക്കാവില്ല. പ്രകാശമുള്ള പകൽ സമയങ്ങളിൽ അവരുടെ ശക്തി നശിക്കുന്നു. ആ സമയം അവർക്ക് ശവപ്പെട്ടികളിലോ കല്ലറകളിലോ അഭയം തേടേണ്ടിവരുന്നു. കുരിശിന്റെ മുന്നിലും, കുർബ്ബാന അപ്പം പോലുള്ള വിശുദ്ധ വസ്തുക്കളുടെ സാമീപ്യത്തിലും അവർക്ക് അവരുടെ ശക്തി പൂർണ്ണമായും നഷ്‌ടപ്പെടും.
ഡ്രാക്കുളയെ നശിപ്പിക്കുവാൻ ആദ്യപടിയായി ചെയ്യേണ്ടത് ട്രാൻസിൽ വാനിയയിൽനിന്നും ഇംഗ്ലണ്ടിലേക്കു കൊണ്ടുവന്ന മണ്ണു നിറച്ച ആ പെട്ടികളെല്ലാം എവിടെയൊക്കെയാണെന്ന് കണ്ടുപിടിക്കുകയാണ്. തങ്ങളുടെ പ്ലാനുകളുടെ വിശദാംശങ്ങൾ പറഞ്ഞ് ഒരു സ്ത്രീയായ മിനയെ ഭയപ്പെടുത്തേണ്ടതില്ല എന്നവർ തീരുമാനിക്കുന്നു.
എല്ലാവരും ചേർന്ന് റെൻഫീൽഡിനെ സന്ദർശിക്കുന്നു. തികച്ചും ശാന്തനായി കാണപ്പെട്ട അവൻ തന്നെ ആശുപത്രിയിൽനിന്നും മോചിപ്പിക്കണമെന്നും അല്ലെങ്കിൽ വളരെ ഭയാനകമായ ദോഷങ്ങളാവും ഉണ്ടാവുകയെന്നും പറയുന്നു. എന്നാലിപ്പോളവൻ കാണിക്കുന്ന ബോധപൂർവ്വകമായ അവസ്ഥയും ഭ്രാന്തിന്റെ തന്നെ ഭാഗമായിരിക്കുമെന്നു കരുതുന്ന സിവാർഡ് അവനെ മോചിപ്പിക്കുവാൻ തയ്യാറാവുന്നില്ല.
ചാപ്റ്റർ 19
ഗ്രൂപ്പിലെ പുരുഷന്മാരെല്ലാവരും കൂടി അടുത്ത ദിവസം കാർഫാക്‌സിലെ കപ്പേളയിലേക്കൊരു യാത്ര നടത്തുന്നു. കപ്പേളക്കുള്ളിൽ ആകെയുണ്ടായിരുന്ന 50 പെട്ടികളിൽ 29 എണ്ണം മാത്രമേ അവർക്കു കണ്ടെത്താനാവുന്നുള്ളൂ. പെട്ടെന്ന് അവർക്കു ഭീഷണിയായി അനേകമനേകം എലികൾ പള്ളിക്കുള്ളിലേക്കു വന്നു നിറയുന്നു. അവർ പെട്ടെന്നു ചൂളം വിളിച്ച് അവരുടെ വളർത്തുപട്ടികളെ വിളിക്കുകയും അവ എലികളെ തുരത്തിയോടിക്കുകയും ചെയ്യുന്നു. ആശുപത്രിയിൽ തിരിച്ചെത്തുന്ന പ്രൊഫസർ ഹെൽസിംഗ് റെൻഫീൽഡുമായി സംസാരിച്ച് രഹസ്യങ്ങളെന്തെങ്കിലും കണ്ടെത്തുവാൻ ശ്രമിക്കുന്നു. എന്നാൽ റെൻഫീൽഡ് അവനോടു സംസാരിക്കുവാൻ തയ്യാറാവുന്നില്ല.
മിനയുടെ സമാധാനം ഓരോ ദിവസം ചെല്ലുന്തോറും നശിച്ചുകൊണ്ടിരിക്കുകയാണ്. പല ദിവസങ്ങളിലും അവൾക്കു സുഖമായിട്ടുറങ്ങുവാനാവുന്നില്ല. ഒരിക്കൽ റെൻഫീൽഡിന്റെ മുറിയിൽനിന്നെന്തോ ശബ്ദം കേട്ടുണരുന്ന അവൾ തന്റെ മുറിയുടെ ജനാല തുറന്നു കിടക്കുന്നതായിക്കാണുന്നു. പുറത്തേക്കു നോക്കുന്ന അവൾ ആശുപത്രിയുടെ കോമ്പൗണ്ടിനുള്ളിലൂടെ മൂടൽമഞ്ഞിന്റെ ഒരു നേരിയ പാളി ഭ്രാന്താശുപത്രിയെ ലക്ഷ്യമാക്കി നീങ്ങുന്നതായിക്കാണുന്നു. ആ മൂടൽ മഞ്ഞിനു ജീവനും ചിന്താശക്തിയുമുള്ളതായി അവൾക്കു തോന്നി. അവൾ വീണ്ടുമുറക്കത്തിലേക്കു വീണു. ഞെട്ടിയുണരുമ്പോൾ അവളുടെ മുറിക്കുള്ളിലൊരു മേഘത്തുണ്ട് അവളെ ചുംബിക്കുവാൻ അവൾക്കു നേരെ കുനിയുന്നതുപോലെ...... ചിലപ്പോളതെല്ലാം അവളുടെ സ്വപ്നത്തിന്റെ ഭാഗമായിരുന്നിരിക്കാം.
ചാപ്റ്റർ 20
കാർഫാക്‌സിലെ കപ്പേളയിൽ കുറവുണ്ടായിരുന്ന മണ്ണ് നിറച്ച പെട്ടികളിൽ 12 എണ്ണം ലണ്ടനിലെ രണ്ടു വീടുകളിലും ബാക്കിയുള്ളവ ലണ്ടന്റെ പ്രാന്തപ്രദേശമായ പിക്കാഡില്ലിയിലെ ഒരു വീട്ടിലുമുണ്ടെന്ന് ജോനാഥൻ ഹാർക്കർ അന്വേഷിച്ചു കണ്ടുപിടിക്കുന്നു.
റെൻഫീൽഡിന്റെ സ്വഭാവത്തിൽ അടുത്തയിടെയായി ചില മാറ്റങ്ങൾ കാണുന്നുണ്ട്. അവന്റെ ഈച്ച പിടുത്തത്തിന് ഈയിടെയായി അല്പം കുറവു വന്നിട്ടുണ്ട്. എന്നാലും അവൻ പിറുപിറുത്തുകൊണ്ടിരുന്നു: "ജീവനുകളെയാണെനിക്കു വേണ്ടത്." ഈച്ചകളുടെയും ചെറുജീവികളുടെയുമാണെങ്കിൽ പോലും അവൻ കൊലപ്പെടുത്തുന്ന ഈ ആത്മാക്കളുടെ കണക്കു നീയെങ്ങിനെ തീർക്കും എന്ന അരോചകമായ ചോദ്യത്തിനു മുന്നിൽ റെൻഫീൽഡ് അസ്വസ്ഥനാവുന്നു. അന്നു രാത്രി റെൻഫീൽഡിന്റെ മുറിയിൽ നിന്നുമൊരു നിലവിളി കേട്ടു പാഞ്ഞു ചെല്ലുന്ന നാലു പേരും കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന, മരണത്തോടു മല്ലടിക്കുന്ന റെൻഫീൽഡിനെയാണ്.
ചാപ്റ്റർ 21
താൻ ഡ്രാക്കുളയുമായി സൗഹൃദത്തിലായിരുന്നു എന്നും തന്റെ അനുസരണത്തിനു പകരമായി ഡ്രാക്കുള തനിക്ക് ധാരാളം ഈച്ചകളെയും ചെറുജീവികളെയും നല്കുമായിരുന്നുവെന്നും മരണത്തിനു മുൻപായി റെൻഫീൽഡ് സമ്മതിക്കുന്നു. കഴിഞ്ഞ ദിവസം മിന റെൻഫീൽഡിനെ സന്ദര്ശിക്കുവാനെത്തിയപ്പോഴേ റെൻഫീൽഡിനു മനസ്സിലായിരുന്നു മിനയുടെ ശരീരം വിളറിയാണിരിക്കുന്നതെന്നും ഡ്രാക്കുള അവളിൽനിന്നും ജീവരക്തം ഊറ്റിയെടുത്തു തുടങ്ങിയിരിക്കുന്നു എന്നും. ഡ്രാക്കുളയോട് അസൂയയും വെറുപ്പുമായ റെൻഫീൽഡ് അന്നു രാത്രി തന്റെ മുറിയിലെത്തുന്ന ഡ്രാക്കുളയെ കടന്നു പിടിക്കുകയും, കോപാകുലനായ ഡ്രാക്കുള അവനെ മുറിയുടെ ചുവരിലേക്ക് ശക്തിയായി വലിച്ചെറിയുകയുമായിരുന്നു.
ജോനാഥൻ ഹാർക്കറെ അന്വേഷിച്ച് നാൽവർ സംഘം; ഹെൽസിംഗ്, സിവാർഡ്, ഹോംവുഡ്, മോറിസ് എന്നിവർ ഹാർക്കറുടെയും മിനയുടെയും മുറിയിലേക്ക് പോകുന്നു. ആ മുറി അകത്തുനിന്നും പൂട്ടിയിരിക്കുകയാണ്. അവരാ വാതിൽ ശക്തിയോടെ ഇടിച്ചു തുറന്നു. അവിടെയവർ കണ്ട കാഴ്ച ഭയാനകമായിരുന്നു. ജോനാഥൻ ബോധരഹിതനായി നിലത്തു കിടക്കുന്നുണ്ട്. മിന കട്ടിലിന്മേൽ മുട്ടുകുത്തി നിന്ന് അടുത്ത് അവളുടെ നേരെ കുനിഞ്ഞു നിൽക്കുന്ന ഡ്രാക്കുളയുടെ തുറന്ന ഹൃദയത്തിനുള്ളിൽനിന്നും രക്തം കുടിച്ചുകൊണ്ടിരിക്കുന്നു. ഡ്രാക്കുള മുറിയിലേക്ക്അതിക്രമിച്ചുകയറിയ നാൽവർ സംഘത്തിനു നേരെ തിരിയുന്നു. അവന്റെ കണ്ണുകളിൽനിന്നും നരകത്തിലെ അഗ്നിസ്ഫുലിംഗങ്ങളാണോ പ്രവഹിക്കുന്നത്. പ്രൊഫസർ ഹെൽസിംഗ് പെട്ടെന്നുതന്നെ പ്രതികരിക്കുന്നു. തന്റെ കൈകളിലൊരു കുർബ്ബാന അപ്പവുമായി അവൻ ഡ്രാക്കുളയെ നേരിടുന്നു. പിന്നോട്ടു പിൻവാങ്ങുന്ന ഡ്രാക്കുള മൂടൽ മഞ്ഞിന്റെയൊരു തുണ്ടുപോലെ, നീരാവിപോലെ വാതിലിനു പുറത്തേക്കൊഴുകിപ്പോവുന്നു. അതിനെ പിന്തുടരുന്ന മോറിസ് നിലാവെളിച്ചത്തിൽ കാർഫാക്‌സിൽനിന്നും ചക്രവാളത്തിലേക്കു ചിറകടിച്ചുയരുന്ന ഒരു കടവാവലിനെ മാത്രം കാണുന്നു.
നാൽവർ സംഘത്തിന്റെ പഠനമുറിയിൽക്കയറി അവരുടെ കടലാസുകളും രേഖകളുമെല്ലാം ഡ്രാക്കുള കീറിപ്പറിഞ്ഞെറിഞ്ഞിരിക്കുന്നതായി അവർ കാണുന്നു. ഭാഗ്യത്തിന് അതിന്റെയെല്ലാം ഡ്യുപ്ലിക്കേറ്റ് കോപ്പികൾ അവർ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
മിനയും ജോനാഥനും സ്വബോധത്തിലേക്കു തിരിച്ചുവരുന്നു. അവൾ സംഭവം വിവരിക്കുന്നു. അന്നു രാത്രിയവൾ ഞെട്ടിയുണരുമ്പോൾ ജോനാഥൻ അബോധാവസ്ഥയിലായിരുന്നു. മുറിക്കുള്ളിലേക്കു കടന്നുവന്ന ഒരു മൂടൽമഞ്ഞു പാളി യിൽനിന്നും ഡ്രാക്കുള പുറത്തേക്കു വന്നു. അവളോടു ശബ്ദമുണ്ടാക്കിയാൽ ജോനാഥനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഡ്രാക്കുള അവളുടെ കഴുത്തിൽ നിന്നും രക്തം ഈമ്പിക്കുടിക്കുന്നു. ഇതാദ്യത്തെ തവണയല്ല അവളുടെ രക്തം കുടിക്കുന്നതെന്ന് അവകാശപ്പെടുന്ന അവൻ അവന്റെ മാറു പിളർന്ന് നിർബ്ബന്ധപൂർവ്വം അവളെക്കൊണ്ടവന്റെ രക്തം കുടിപ്പിക്കുന്നു. അവനെതിരെ തിരിഞ്ഞിരിക്കുന്ന നാൽവർ സംഘത്തെ പുച്ഛിച്ചു സംസാരിക്കുന്ന ഡ്രാക്കുള മിനയെ അവന്റെ "മാംസത്തിന്റെ മാംസമാക്കി" അവന്റെ സ്വന്തമാക്കുമെന്നുറപ്പുകൊടുക്കുന്നു. തൻറെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കുന്ന മിന ഹൃദയം പൊട്ടി പ്രാർത്ഥിക്കുന്നു, "ദൈവമേ, എന്നോടു കരുണയുണ്ടാവണമേ. മരണത്തെക്കാളും മോശമായ നാശത്തിന്റെ വക്കിൽ നിൽക്കുന്ന ഈ ആത്മാവിനെ നീ തൃക്കൺ പാർക്കണമേ."
ചാപ്റ്റർ 22
ഇനിയും കാത്തിരിക്കുന്നത് കൂടുതൽ അപകടങ്ങളും നാശനഷ്‌ടങ്ങളുമുണ്ടാക്കുകയേയുള്ളൂ. അവസാന യുദ്ധം ആരംഭിക്കാറായി. ജോനാഥൻ ഹാർക്കറും മറ്റു നാലു പേരും ചേർന്ന് കാർഫാക്സ് എസ്റ്റേറ്റിലെ ചാപ്പലിലെത്തി അവിടെയുള്ള മണ്ണു നിറച്ച പെട്ടികളെല്ലാം കുർബ്ബാന അപ്പങ്ങൾ വച്ച് സീല് ചെയ്യുന്നു. അവക്കുള്ളിൽ കടക്കുവാനുള്ള ഡ്രാക്കുളയുടെ അവസരം തടഞ്ഞ് അവന്റെ താമസസ്ഥലം ഉപയോഗശൂന്യമാക്കുകയായിരുന്നു അവരതുവഴി ചെയ്തത്. അടുത്തതായി അവർ മിന താമസിക്കുന്ന മുറിയും കുർബ്ബാന അപ്പംകൊണ്ടു ബന്ധിക്കുകയും കുർബ്ബാന അപ്പങ്ങളിലൊന്ന് മിനയുടെ നെറ്റിമേൽ പതിപ്പിക്കുകയും ചെയ്യുന്നു. ആ കർബ്ബാന അപ്പം അവളുടെ നെറ്റിമേലൊരു പൊള്ളലുണ്ടാക്കുന്നു.
ചാപ്റ്റർ 23
ഡ്രാക്കുളയുടെ ലണ്ടനിലെ വീടുകളുടെ താക്കോലുകൾ സംഘടിപ്പിക്കുന്ന അവർ മോറിസും ഹോംവുഡും ചേർന്ന് ലണ്ടനിലെ രണ്ടു വീടുകളിലായി സൂക്ഷിച്ചിരുന്ന 12 പെട്ടികൾ ശുദ്ധീകരിച്ചു സീൽ ചെയ്യുവാനും, ഹാർക്കറും ഹെൽസിംഗും പിക്കാഡില്ലിയിലുള്ള വീട് തേടിയും പുറപ്പെടുന്നു. പിക്കാദില്ലിയിലെത്തിയ അവർക്ക് 8 പെട്ടികൾ മാത്രമേ കാണുവാനാവുന്നുള്ളൂ. ബാക്കിയുള്ള ഒരു പെട്ടിയെവിടെ?
ഇതിനിടെ ഡ്രാക്കുള കാർഫാക്‌സിൽ നിന്നും പറന്നുയരുന്നതു കാണുന്ന മിന അക്കാര്യം സന്ദേശമയച്ച് നാൽവർ സംഘത്തെ അറിയിക്കുന്നു. കാർഫാക്‌സിലെ ഡ്രാക്കുളയുടെ പെട്ടികൾ ഉപയോഗശൂന്യമായ സാഹചര്യത്തിൽ മറ്റു പെട്ടികളെങ്കിലും രക്ഷിക്കുക എന്ന ലക്ഷ്യവുമായി ഡ്രാക്കുള പിക്കാഡില്ലിയിലെത്തുമെന്ന് ഹെൽസിംഗും സംഘവും പ്രതീക്ഷിക്കുന്നു. പിക്കാഡില്ലിയിലെ വീട്ടിൽ കാത്തിരിക്കുന്ന സംഘത്തിനു മുന്നിലേക്ക് ഡ്രാക്കുളയെത്തുന്നു. പകൽ സമയമായതിനാൽ ഡ്രാക്കുളക്ക് കാര്യമായ ശക്തിയൊന്നുമില്ല. എന്നാലും നാൽവർസംഘത്തിന്റെ പിടിയിൽപ്പെടാതെ ഒരു ജനാലയിലൂടെ ഡ്രാക്കുള രക്ഷപെടുന്നു. അവരെ പല രീതിയിലും ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ ഡ്രാക്കുളയുടെ ഭാഗത്തുനിന്നുമുണ്ടാവുന്നുണ്ടെങ്കിലും അവന്റെ ശക്തി വളരെയേറെ കുറഞ്ഞിരിക്കുന്നു എന്ന നിഗമനത്തിലാണ് പ്രൊഫസർ ഹെൽസിംഗ്. ഡ്രാക്കുളയുടെ വിശ്രമസ്ഥാനമായുപയോഗിക്കുന്ന പെട്ടികളിലൊരെണ്ണം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഡ്രാക്കുളയുടെ നീക്കങ്ങളെക്കുറിച്ചറിയുവാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രൊഫസർ ഹെൽസിംഗ് മിനയെ ഹിനോട്ടൈസ് ചെയ്യുന്നു.ഡ്രാക്കുളയുടെ രക്തം കുടിച്ചതിലൂടെ അതിന്റെ ജീവന്റെ ഭാഗമായ മിനയുടെ ആത്മാവിന് ഡ്രാക്കുളയുടെ ആത്മാവിന്റെ ചിന്താഗതികളും സ്വായത്തമാക്കുവാനാകുമെന്ന ഹെൽസിംഗിന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. ഒരു കടൽയാത്രയുടേതായ ശബ്ദങ്ങൾ അവർ കേൾക്കുന്നു. ഡ്രാക്കുള ഇംഗ്ലണ്ടു വിട്ട് മറ്റേതോ ദേശത്തേക്കു പലായനം ചെയ്യുകയാണെന്ന കാര്യം ഉറപ്പായ അവരുടെ ഭയമിതായിരുന്നു. ഡ്രാക്കുള അവരെ കബളിപ്പിച്ച് ഒളിച്ചു നടക്കുന്ന സാഹചര്യത്തിൽ മിന ലൂസിക്കു സംഭവിച്ചതുപോലെ ഒരു യക്ഷിയായി മാറിയാലോ?
ചാപ്റ്റർ 24
അന്വേഷണത്തിൽ നിന്നും അവർക്കൊരു കാര്യം മനസ്സിലായി. ഇംഗ്ലണ്ടിൽനിന്നും റഷ്യയിലെ വർണ തുറമുഖത്തേക്കു യാത്രതിരിച്ച സറീന കാതറൈൻ എന്നു പേരായ കപ്പലിലെ യാത്രക്കാരനായി ഡ്രാക്കുളയുമുണ്ട്. വർണാ തുറമുഖത്തുനിന്നുമാണല്ലോ മൂന്നു മാസം മുൻപ് ഡ്രാക്കുള ഇംഗ്ലണ്ടിലെത്തിയത്. മാനവരാശിയുടെയകമാനം നന്മക്കുവേണ്ടി ഡ്രാക്കുളയെ ഇല്ലാതാക്കുന്നത് തങ്ങളുടെ കർത്തവ്യമാണെന്നു വിളംബരം ചെയ്യുന്ന പ്രൊഫസർ ഹെൽസിംഗ് തങ്ങൾ ഏതു വിധേനയും ഡ്രാക്കുളയെ നശിപ്പിക്കുമെന്നു പ്രതിജ്ഞയെടുക്കുന്നു.
മിനയും ഡ്രാക്കുളയുമായുള്ള രക്തബന്ധത്തിന്റെ സാദ്ധ്യതകളെക്കുറിച്ചു ചിന്തിക്കുന്ന ഹെൽസിംഗ് തങ്ങളുടെ ഭാവി പരിപാടികളെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ മിനയോട് ഒരക്ഷരം സൂചിപ്പിക്കുകപോലും ചെയ്യരുതെന്നു നിർദ്ദേശിക്കുന്നു. ചിലപ്പോൾ അവളുടെ മനസികവ്യാപാരങ്ങൾ ഡ്രാക്കുളക്കറിയുവാൻ സാധിക്കുമായിരിക്കും. വർണ തുറമുഖത്തു വന്നിറങ്ങുന്ന ഡ്രാക്കുളയെ അവിടെവച്ച് നേരിടാമെന്നവർ തീരുമാനിക്കുന്നു. മിനയും അവരുടെയൊപ്പം പോകാമെന്നു തീരുമാനിക്കുന്നു. അവൾക്ക് ഡ്രാക്കുളയുമായുള്ള ടെലിപ്പതിക്ക് ബന്ധത്തിലൂടെ ഡ്രാക്കുളയുടെ നീക്കങ്ങൾ കണ്ടുപിടിക്കുവാൻ അവൾക്ക് സഹായിക്കുവാനായേക്കാം. ഹെൽസിംഗ് സമ്മതിക്കുന്നു.
ചാപ്റ്റർ 20
താനേതെങ്കിലും കാരണവശാൽ ഒരു രക്തരക്ഷസ്സായി മാറുകയാണെങ്കിൽ തന്നെ തൽക്ഷണം നശിപ്പിച്ചേക്കണമെന്നു മിന സംഘാംങ്ങളോട് ആവശ്യപ്പെടുന്നു. ഒക്‌ടോബർ 12 - ആം തീയതി സംഘാംഗങ്ങളൊരുമിച്ച് ഓറിയന്റ് എക്സ്പ്രസ് ട്രെയിനിൽ വർണാ തുറമുഖം ലക്ഷ്യമാക്കി യാത്ര പുറപ്പെടുന്നു. സറീന കാതറൈൻ കപ്പൽ വർണയിൽ തുറമുഖത്തടുത്താലുടൻ കപ്പലിൽ കയറുവാനുള്ള നീക്കങ്ങൾ വാൻ ഹെൽസിംഗ് നടത്തുന്നു. ദിവസം ചെല്ലുന്തോറും മിന ക്ഷീണിതയായിക്കൊണ്ടിരുന്നു. അതിനിടെ സെറീനാ കാതറൈൻ വർണാ തുറമുഖത്തേക്കു വരാതെ കുറെയകലെയുള്ള ഗാലറ്റ്സ് തുറമുഖത്താണടുത്തതെന്ന് സംഘത്തിനു വിവരം ലഭിക്കുന്നു. മിനയുമായുള്ള മാനസിക ബന്ധത്തിലൂടെ തങ്ങളുടെ നീക്കങ്ങൾ മുൻകൂട്ടിയറിഞ്ഞതുകൊണ്ടാവാം ഡ്രാക്കുള തന്റെ യാത്രയുടെ വഴി തിരിച്ചു വിട്ടത്. എന്നിരുന്നാലും നിരാശപ്പെടേണ്ടതില്ലെന്നാണ് ഹെൽസിംഗിന്റെ വാദഗതി. കാരണം തങ്ങളെ തോല്പിച്ച് തങ്ങളിൽനിന്നും രക്ഷപെട്ടു എന്ന അമിത വിശ്വാസമുള്ള ഡ്രാക്കുളയെ തോല്പിക്കുവാനെളുപ്പമായിരിക്കും.
ചാപ്റ്റർ 21
ഹെൽസിംഗിന്റെ സംഘം വർണയിൽ നിന്നും ട്രെയിൻ മാർഗ്ഗം ഗാലറ്റ്സ് തുറമുഖത്തേക്കു യാത്രതിരിക്കുന്നു. മിനയുടെ സ്വപ്നങ്ങളിൽനിന്നും ഡ്രാക്കുളയെപ്പറ്റി കൂടുതലായ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. എന്നിരുന്നാലും തിരമാലകളുടെ ശബ്ദമാവൾ കേൾക്കുന്നതിലൂടെ ഡ്രാക്കുള ഇപ്പോഴുമെവിടെയോ കടത്തീരത്താണെന്ന് അവരൂഹിക്കുന്നു . കപ്പലിൽനിന്നും ഡ്രാക്കുളയുടെ മണ്ണുനിറച്ച ആ പെട്ടി പുറത്തിറക്കുന്നതിനു മുൻപായി തുറമുഖത്തെത്തുവാനുള്ള അവരുടെ ശ്രമം വിജയിച്ചില്ല. ഇമ്മാനുവൽ ഹിൽസ്ഡ് ഹൈം എന്നു പേരായ ഒരു വ്യവസായി ആ പെട്ടി ഏറ്റു വാങ്ങുകയും പെട്രോസ് സ്‌കിൻസ്കി എന്ന കച്ചവടക്കാരനു കൈമാറുകയും ചെയ്തു കഴിഞ്ഞതായി സറീന കാതറൈന്റെ കാപ്പിത്താനിൽ നിന്നും അവർക്കു വിവരം ലഭിക്കുന്നു. അന്വേഷണത്തിൽ സ്‌കിൻസ്കിയുടെ മൃതദേഹം കഴുത്തു മുറിക്കപ്പെട്ട നിലയിൽ സമീപത്തുള്ള സെമിത്തേരിയിൽ നിന്നും കണ്ടെടുക്കുന്നു.
ഡ്രാക്കുള അവന്റെ കോട്ടയിലേക്കു തിരിച്ചു പോകുവാൻ സാദ്ധ്യതയുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്തതിനു ശേഷം സംഘം മൂന്നായി തിരിഞ്ഞ് അവരുടെ വേട്ട തുടരുന്നു. മിനയും ഹെൽസിംഗും ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യുമ്പോൾ ഹോംവുഡും ഹാർക്കറും വാടകക്കെടുത്ത ഒരാവിക്കപ്പലിലും സിവാർഡും മോറിസും കുതിരപ്പുറത്തും തങ്ങളുടെ യാത്ര തുടരുന്നു. ഡ്രാക്കുള തിരിച്ചെത്തുന്നതിനു മുൻപായി അവന്റെ കോട്ടയിലെത്തി കോട്ടയെ ആശീർവദിച്ച് വിശുദ്ധീകരിച്ച് വിശുദ്ധവസ്തുക്കൾ കൊണ്ട് കോട്ട സീലു ചെയ്യുവാനാണ് ഹെൽസിംഗിന്റെ പ്ലാൻ.
പുഴയിലൂടെ മുന്നോട്ടു യാത്ര ചെയ്യുന്ന ജോനാഥനും ഹോംവുഡും അവർക്കു മുന്നിൽ വലിയ ഇരട്ട എൻജിനുള്ള ഒരു കപ്പലിന്റെ ശബ്ദം കേൾക്കുന്നു. അത് ഡ്രാക്കുളയുടെ കപ്പലായിരിക്കുമെന്ന പ്രതീക്ഷയിൽ അവർ അവരുടെ യാത്ര വേഗതയിലാക്കുന്നു. ഹെൽസിംഗും മിനയും വേറെസ്റ്റിയെന്ന പട്ടണത്തിൽ ട്രെയിനിറങ്ങുന്നു. അവിടെനിന്നും ഡ്രാക്കുളക്കോട്ടയിലേക്ക് കുതിരവണ്ടികൾ മാത്രമേ ആശ്രയമുള്ളൂ. മാസങ്ങൾക്കു മുൻപ് ജോനാഥൻ ഹാർക്കർ സഞ്ചരിച്ച അതേ പ്രകൃതിരമണീയമായ വഴികളിലൂടെ തന്നെ അവരും മുന്നോട്ട്.
ഹെൽസിങ്ങും മിനയും ബോർഗോ പാസ്സിലെത്തിയിരിക്കുന്നു (ചുരം). അവർ കോട്ടയെ ലക്ഷ്യമാക്കി യാത്ര തുടരുകയാണ്. മിനയെ ഹിപ്നോട്ടിസത്തിലൂടെ ഉറക്കുവാനോ അവളിൽനിന്നും വിവരങ്ങളറിയുവാനോ ഹെൽസിംഗിനാവുന്നില്ല. വഴിയിൽ വച്ച് പണ്ടു ജോനാഥനെ സന്ദർശിച്ച മദാലസകളായ ആ മൂന്നു സ്ത്രീകളെ ഹെൽസിങ്ങും മിനയും കണ്ടുമുട്ടുന്നു. വശ്യമായ രീതിയിലവർ തങ്ങളോടൊത്തു വരുവാൻ ഹെൽസിംഗിനെ ക്ഷണിക്കുന്നു. യക്ഷികളെക്കണ്ടു ഭയപ്പെടുന്ന അവരുടെ കുതിരകൾ അവിടെ മരിച്ചുവീഴുന്നു. ക്ഷീണിതയായ മിനക്ക് മുന്നോട്ടുള്ള യാത്രക്കുള്ള ത്രാണിയില്ല. മിനയെ വഴിയോരത്തു കിടത്തി അവൾക്കു സംരക്ഷണമായി അവൾക്കു ചുറ്റും കുർബ്ബാന അപ്പം പൊടിച്ചുവിതറി അവൾക്കു സംരക്ഷണമൊരുക്കിയ ശേഷം ഹെൽസിംഗ് ഒറ്റക്ക് കാൽനടയായി ഡ്രാക്കുളക്കോട്ട ലക്ഷ്യമാക്കി മുന്നോട്ടു പോവുന്നു.
പിറ്റേന്നുച്ചയോടെ കോട്ടയിലെത്തുന്ന വാൻ ഹെൽസിംഗ് സ്ത്രീകളായ ആ മൂന്നു രക്ഷസ്സുകളുടെയും കല്ലറകൾ കണ്ടെത്തുകയും ശവപ്പെട്ടികളിലുറങ്ങുന്ന അവരുടെ സൗന്ദര്യം കണ്ട് സ്തബ്ധനായി നിന്ന് പോവുകയും ചെയ്യുന്നു. എന്നിരുന്നാലും സ്വയം തന്റെ ലക്‌ഷ്യം മറക്കുവാനനുവദിക്കാതെ അവരെ നിർവീര്യരാക്കി ശുദ്ധീകരിക്കുവാനുള്ള ചടങ്ങുകൾ ഹെൽസിംഗ് ആരംഭിക്കുന്നു. അതിനു ശേഷമുള്ള അന്വേഷണത്തിൽ ഡ്രാക്കുളയുടെ പേരെഴുതിയ, തികച്ചും രാജകീയമായൊരു കല്ലറ ഹെൽസിംഗ് കണ്ടെത്തുന്നു. കല്ലറ കുർബ്ബാന അപ്പം കൊണ്ടു പരിശുദ്ധമാക്കുന്ന വാൻ ഹെൽസിംഗ് ഡ്രാക്കുളയുടെ പ്രവേശനം അസാദ്ധ്യമാക്കുന്ന രീതിയിൽ കുർബ്ബാന അപ്പംകൊണ്ട് കോട്ടയുടെ വാതിലുകളും അടച്ചു സീലു ചെയ്യുന്നു.
കോട്ടയിൽനിന്നും പുറത്തിറങ്ങുന്ന ഹെൽസിംഗ് മിനയെയും കൂട്ടി മറ്റുള്ള കൂട്ടുകാരെ അന്വേഷിച്ച് യാത്ര തുടരുന്നു. വൈകുന്നേരത്തോടെ അവർ യാത്രചെയ്യുന്ന കുന്നിന്റെ താഴ്‌വാരത്തിലൂടെ ഏതാനും നാടോടികൾ വലിയൊരു ഭാരവണ്ടിയുമായി വരുന്നത് അവർ കണ്ടു. വണ്ടിക്കുള്ളിൽ മണ്ണുനിറച്ച പെട്ടിയുമുണ്ട്. സിവാർഡും മോറിസും ഹോംവുഡും ഹാർക്കറും പല ദിക്കുകളിൽനിന്നായി ഭാരവണ്ടിയുടെയടുത്തേക്കെത്തുന്നത് കുന്നിനു മുകളിൽനിന്ന് ഹെൽസിംഗിനും മിനക്കും കാണുവാനാവുന്നുണ്ട്. ജിപ്സികൾ അവരെ തടയുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഹാർക്കറും മോറിസും അവരുടെ സർവ്വ ശക്തിയും സംഭരിച്ച് നാടോടികളെ വകഞ്ഞു മാറ്റി ആ പെട്ടി ഭാരവണ്ടിയിൽനിന്നും വലിച്ചു നിലത്തിടുന്നു.
സൂര്യൻ ചക്രവാളത്തിൽ വളരെവേഗം അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ഹാർക്കറും മോറിസും ചേർന്ന് പെട്ടി തുറക്കുമ്പോഴേക്കും സൂര്യൻ പൂർണ്ണമായും അസ്തമിച്ചു കഴിഞ്ഞിരുന്നു. രാത്രിയായി, തന്റെ ശക്തി വീണ്ടുകിട്ടിയ ഡ്രാക്കുളയുടെ മുഖത്ത് വിജയിയുടേതായ ഒരു ചിരിപോലെന്തോ മിന്നിമറയുന്നത് മിനക്കു കാണാം. എന്നാൽ അടുത്ത നിമിഷം ഹാർക്കറുടെ ഒരു വെട്ടു കൊണ്ട് ഡ്രാക്കുളയുടെ കഴുത്തു മുറിയുന്നു. അടുത്ത നിമിഷം മോറിസിന്റെ കത്തി ഡ്രാക്കുളയുടെ ഹൃദയത്തെ പിളർക്കുന്നു. മരിക്കുന്ന ഡ്രാക്കുളയുടെ ശരീരം മണൽത്തൈകളായി, പൂഴിമണ്ണായി അടർന്നു വീഴുന്നു.
മാരകമായ മുറിവുപറ്റിയ മോറിസ് മരണമടയുന്നു. എന്നിരുന്നാലും ഡ്രാക്കുളയുടെ അടയാളം പോലെ മിനയുടെ നെറ്റിത്തടത്തിലുണ്ടായിരുന്ന മുറിവ് അവിടെനിന്നും അപ്രത്യക്ഷമായിരിക്കുന്നു. തങ്ങളുടെ പരിശ്രമം വിജയിച്ചു എന്ന സന്തോഷം പങ്കുവച്ചുകൊണ്ടാണ് ക്വീൻസി മോറിസ് മരിക്കുന്നത്.
*****************************************************************************
ഈ സംഭവങ്ങളെല്ലാം കഴിഞ്ഞിട്ട് ഇന്നേക്ക് ഏഴു സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. മിനക്കും ജോനാഥൻ ഹാർക്കറിനും ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു. മോറിസിന്റെ ഓർമ്മക്കായി അവനെ ക്വീൻസി എന്നാണവർ വിളിക്കുന്നത്.
*********************************************************************************