Avar in Malayalam Short Stories by Sanoj Kv books and stories PDF | അവർ...

Featured Books
Categories
Share

അവർ...

ബസ്സ്‌ പുറപ്പെടാൻ ഇനിയും മൂന്ന് മണിക്കൂറുണ്ട്. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ സമയത്തേക്കുറിച്ച് ധാരണയില്ലാതിരുന്നതു കൊണ്ടല്ല. അവിടെ തനിച്ചിരിക്കുമ്പോൾ മനസ്സ് കൈവിട്ടുപോകുന്നു. ഇവിടെ, ഈ ആൾക്കൂട്ടത്തിന് നടുവിൽ, ശബ്ദകോലാഹലങ്ങൾക്കിടയിൽ അയാൾക്ക് തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റുന്നുണ്ട്.

ഭക്ഷണം കഴിക്കണം. അടുത്ത് അറിയാവുന്നൊരു റസ്റ്റോറന്റുണ്ട്. മുമ്പ് നാട്ടിലേക്ക് പോകുമ്പോൾ പലപ്പോഴും ഇവിടുന്ന് കഴിച്ചിട്ടുണ്ട്. അവളുടെ ഫ്രണ്ട്സിലാരുടെയോ സജഷൻ ആയിരുന്നു.

"ഇവുടുത്തെ ചിക്കൻ ഫ്രൈഡ് റൈസ് വളരെ ഫേമസ് ആണ്, shall we try?"

"വേണ്ടടോ എനിക്ക് വെജ് എന്തെങ്കിലും മതി, യാത്ര ചെയ്യാനുള്ളതല്ലേ. താൻ വേണേൽ കഴിച്ചോ"

ഈ നഗരം പത്തുകൊല്ലം കൊണ്ട് എത്ര മാറിയിരിക്കുന്നു. ആദ്യമായി വന്നത് ഇന്നലെയെന്നതുപോലെ മനസ്സിലുണ്ട്.

"എന്ന വേണും സാർ?"

"ഫ്രൈഡ് റൈസ് ഇറുക്കാ, ചിക്കൻ?"

"ആമ സർ"

"Please"

വിശപ്പുണ്ട്, ഇന്നലെ രാത്രിമുതൽ ഒന്നും കഴിച്ചിട്ടില്ലെന്ന സത്യം അയാൾ ഓർത്തു.
ഇന്നലെ ആ ലെറ്റർ കിട്ടിയത് മുതൽ അയാൾ തികച്ചും ആസ്വസ്ഥനാണ്. രാത്രി അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരുപാട് തവണ ശ്രമിച്ചിട്ടും അവൾ ഫോൺ എടുത്തില്ല.

"വേറെ ഏതാവുത് വേണമാ സാർ?"

"ഇല്ല, പോതും. ബിൽ കൊണ്ടുവാ"

ബസ്സ്‌ ഇനിയും സ്റ്റാൻഡിൽ എത്തിയിട്ടില്ല. ഒഴിഞ്ഞ ഒരു ഇരിപ്പിടം കണ്ടെത്തണം. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ ഈ നാട്ടുകാർ വളരെ പിന്നിലാണെന്ന് തോന്നിയിട്ടുണ്ട്. കാര്യമായ ഇടപെടൽ നടത്താത്ത അധികാരികളും തുല്യതെറ്റുകാരാണ്. ബസ്സിലൊരു ദൂരയാത്ര നടത്തിയിട്ട് ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ആവുന്നു. മുൻകൂട്ടി നിശ്ചയിക്കുന്ന യാത്രകൾക്ക് ട്രെയിൻ ആണ് എപ്പോഴും സൗകര്യപ്രദമായി തോന്നിയിട്ടുള്ളത്. കാർ വന്നതിനു ശേഷം, പെട്ടെന്ന് തീരുമാനിക്കുന്ന യാത്രകളിൽ ടിക്കറ്റ് കിട്ടാതാവുമ്പോൾ ദൂരമുണ്ടെങ്കിൽകൂടി സ്വന്തമായി ഡ്രൈവ് ചെയ്യലാണ് പതിവ്. ഇതുരണ്ടും അല്ലാത്ത അവസരങ്ങളിൽ മാത്രമാണ് ബസ്സിനെ ആശ്രയിക്കേണ്ടി വരാനുള്ളത്.

മനസ്സില്ലാ മനസ്സോടെയാണ് രാവിലെ ഓഫീസിലേക്ക് ഇറങ്ങിയത്. മോണിറ്ററിൽ നോക്കി ഇരിക്കുമ്പോഴും, മുന്നിലേക്കെത്തുന്ന ഫയൽ നോക്കുമ്പോഴുമെല്ലാം മനസ്സ് മറ്റെവിടെയോ ആയിരുന്നു.
എന്നാച്ച് സാർ? Are you not feeling well? കണ്ണൊക്കെ വല്ലാതിരിക്കുന്നല്ലോ?
ചുരുങ്ങിയതൊരു പത്തുപേരെങ്കിലും ഇന്നിത് ചോദിച്ചിട്ടുണ്ടാവും.

"വയ്യെങ്കിൽ ഹരി രണ്ട് ദിവസത്തേക്ക് സിക്ക് ലീവ് എടുത്തോളൂ. ഇമ്പോർടന്റ് വർക്സ് മാത്രം വീട്ടിലിരുന്നു മോണിറ്റർ ചെയ്താൽ മതി"
കുറുപ്പ് സാർ അത് പറയുന്നതിനും മുൻപേ ലീവെടുക്കാൻ ഞാൻ തീരുമാനിച്ചിരുന്നു എന്നതാണ് സത്യം.
അവിടവരെ പോകണം, നേരിട്ട് സംസാരിച്ചാൽ ചിലപ്പോൾ... അല്ല, ഉറപ്പായും അവൾക്ക് മനസ്സിലാവും.

എല്ലാത്തിന്റെയും തുടക്കം എവിടെയാണെന് തിരഞ്ഞുപോകാൻ വയ്യ. പക്ഷേ എല്ലാം ചെന്ന് അവസാനിച്ച നാലു മാസങ്ങൾക്ക് മുൻപത്തെ ആ രാത്രി ഇപ്പോൾ ഓർക്കാതിരിക്കാനും കഴിയുന്നില്ല. ദിവസങ്ങളായി ഉള്ളിൽ കൂട്ടിവച്ച പലതും ഒരു അഗ്നിപ്പർവ്വതം പോലെ പൊട്ടിത്തെറിച്ച ആ ദിവസത്തെ വൈകുന്നേരം തുടങ്ങിയ വാഗ്വാദങ്ങൾക്കൊടുവിൽ രാത്രി ഏറെ വൈകി, കയ്യിൽ ബാഗുകളുമായി അവൾ പടിയിറങ്ങിയപ്പോൾ സത്യത്തിൽ അയാൾക്ക് തിരിച്ചു വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഉള്ളിലെ പൂർണവളർച്ചയെത്തിയ മൃഗം അതിനനുവദിച്ചില്ല.

ജീവിതത്തിൽ ഒരിക്കലും ആരോടും തോൽക്കാൻ അയാൾ ഇഷ്ടപ്പെട്ടിട്ടില്ല. അന്നും ഇന്നും, ഉള്ളുപൊള്ളുന്ന വേദനയാണ് ഓരോ പരാജയങ്ങളും തന്നിലുണ്ടാക്കുക. അപ്പു പറയും, നീ കുറച്ചുകൂടി വിശാലമായി ചിന്തിക്കണം, മറ്റുള്ളവരെ കൂടി കാണാൻ ശ്രമിക്കണം എന്നൊക്കെ. കേട്ടഭാവം നടിക്കില്ല. അല്ലെങ്കിൽ 'ചെറിയ വായിൽ വല്യ വർത്താനമൊന്നും വേണ്ടെ'ന്ന് പറഞ്ഞു കളിയാക്കും, ചീത്ത പറയും. തിരിച്ചൊന്നും പറയില്ല, പാവം. ഒരിക്കലെങ്കിലും അവൻ തിരിച്ചു തന്നോട് കയർത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിപോയിട്ടുണ്ട്. പക്ഷേ ഉണ്ടാവില്ല. ഏറിയാൽ കുറച്ചു നേരം ഒന്നും മിണ്ടാതെ മാറിനടക്കും. പിന്നെയും വിളിക്കാതെ തന്നെ വന്നു കൂട്ടുകൂടും. എന്നാൽ താനോ...
ഒരിക്കലും സ്വയം തിരുത്താൻ ശ്രമിച്ചില്ല.

വർഷങ്ങൾക്ക് ശേഷം ഇപ്പോൾ അവനെ വീണ്ടും ഓർക്കാൻ എന്തായിരിക്കും കാരണം? ആദ്യകാലങ്ങളിൽ മനപ്പൂർവം മറക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ഓർക്കാതിരിക്കാനും.
ഓർത്താൽ വീണ്ടും ആ നാളുകളിലേക്ക് മടങ്ങിപ്പോവും. താനീ ഈ ലോകത്തെ വെറുത്തിരുന്നു, ഇന്നത്തേതിലും നൂറുമടങ്ങ്. എല്ലാവരും തനിക്ക് എതിരായിരുന്നു, അച്ഛനും അമ്മയും കുടുംബക്കാരും നാട്ടുകാരും, എല്ലാവരും. ഒക്കെയും തോന്നലായിരുന്നിരിക്കാം, പക്ഷേ അന്ന് ആ തോന്നലുകൾ അയാളിൽ ഉണ്ടാക്കിയ മുറിവുകളുടെ ഉണങ്ങാത്ത പാടുകൾ ഇന്നും അവശേഷിക്കുന്നു.

പ്രായംകൊണ്ട് തനിക്ക് മൂന്ന് വയസ്സ് ഇളയതായിരുന്നു അപ്പു, പക്ഷേ പക്വത കൊണ്ട് അവൻ തന്നെക്കാൾ എത്രയോ മുതിർന്നതായിരുന്നു. അതുകൊണ്ടുതന്നെ, സഹോദരസ്നേഹത്തിന് അപ്പുറത്തേക്ക് അവനെ മനസ്സിലാക്കാനോ അറിയാനോ ആ പതിനേഴുവയസ്സുകാരന് അന്ന് സാധിച്ചിരുന്നില്ല. പിന്നീട് പലപ്പോഴും അയാൾക്ക് തോന്നിയിട്ടുള്ളത്, ആ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അവൻ ജീവിതത്തിന്റെ മുഴുവൻ രഹസ്യങ്ങളും മനസ്സിലാക്കിയിരുന്നിരിക്കാം എന്നാണ്. അന്നത്തെ ആ പത്താം ക്ലാസുകാരന്റെ ഉപദേശം ഇന്നും തനിക്ക് ആവശ്യമായി വരുന്നു എന്നത് ആ തോന്നലിനെ ബലപ്പെടുത്തുന്നു.

ബസ്സ്‌ പുറപ്പെടാൻ സമയം ആയിരിക്കുന്നു, കണ്ടക്ടർ എല്ലാവരും കയറിയെന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തുകയാണ്. രാവിലെ ആറുമണിയോടെ ബാംഗ്ലൂർ എത്തിച്ചേരും. അവിടെനിന്ന്? ഗായത്രിയുടെ ഫ്ലാറ്റിന്റെ ഏകദേശ ലൊക്കേഷൻ മനസ്സിലുണ്ട്. മുൻപ് രണ്ടു തവണയാണ് അവിടെ പോയിട്ടുള്ളത്. ആദ്യത്തെ തവണ അവളുടെ കൂടെ ആയിരുന്നെങ്കിൽ രണ്ടാമത്തേത് തനിച്ചായിരുന്നു. അന്ന് ഒരുപാട് വിഷമിച്ചു സ്ഥലം കണ്ടുപിടിക്കാൻ. ട്രെയിനിറങ്ങി മെട്രോ പിടിച്ച് അവൾ പറഞ്ഞ സ്റ്റേഷനിൽ എത്തി. അവിടുന്നും മൂന്ന് കിലോമീറ്റർ ഉണ്ടെന്നാണ് പറഞ്ഞിരുന്നത്, ഒരു ഓട്ടോ പിടിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും ഓട്ടോക്കാരന് സ്ഥലം പിടികിട്ടിയില്ല. ഒടുവിൽ രണ്ടുമൂന്നുതവണ വട്ടം കറക്കി അയാൾ തന്നെ ഏതോ പാർക്കിന്റെ മുന്നിൽ ഇറക്കിവിട്ടു. ഒടുവിൽ അവൾ വന്ന് പിക്ക് ചെയ്യേണ്ടി വന്നു. ഇത്തവണ പക്ഷേ അത് നടക്കില്ല, വിളിച്ചാലും അവൾ ഫോണെടുക്കില്ല. എങ്കിലും ഇത്തവണ തനിക്ക് അത്രയും വിഷമിക്കേണ്ടി വരില്ല. അടയാളത്തിന് ഒരു കോളേജിന്റെ പേര് ഓർമയിൽ കുറിച്ചിട്ടിട്ടുണ്ട്.
ഇപ്പോൾ ഒരുപക്ഷെ മറ്റാരെങ്കിലും കൂടി അവളോടൊപ്പം അവിടെ താമസിക്കുന്നുണ്ടാവാം. അല്ലെങ്കിൽ ചിലപ്പോൾ ആ ഫ്ലാറ്റ് തന്നെ അവൾ മാറിയിട്ടുണ്ടാവാം.

മൂന്നുവർഷങ്ങൾക്ക് മുൻപ് ചെന്നൈയിലെ കമ്പനിയിൽനിന്ന് റിസൈൻ ചെയ്ത് ബാംഗ്ലൂരിൽ കുറച്ചുകൂടി ബെറ്റർ ഓഫർ നൽകുന്ന കമ്പിനിയിലേക്ക് അവൾ മാറണം എന്നുപറഞ്ഞപ്പോൾ അയാൾ ആദ്യം എതിർത്തു. മാസത്തിൽ രണ്ടാഴ്ച ഓഫീസിലും രണ്ടാഴ്ച ഇവിടെ വീട്ടിലുമിരുന്നു ജോലി ചെയ്യാം, ഇപ്പോഴുള്ളതിനേക്കാൾ ശമ്പളവും അലോവൻസും ഒക്കെ കിട്ടും. കരിയറിൽ ഒരു ഗ്രോത്ത് അവൾ ആഗ്രഹിക്കുന്നുണ്ട്.
മക്കളില്ല, പറയത്തക്ക ബാധ്യതകളൊന്നുമില്ല, എങ്കിലും ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പാതിസമയമാണെങ്കിലും, അവൾ മാറിനിൽക്കുമ്പോൾ താൻ വീണ്ടും ഒറ്റപെട്ടു പോകുമെന്ന് അയാൾ ഭയന്നു.
അല്ല, തർക്കങ്ങളുടെ തുടക്കം അവിടെയൊന്നുമായിരുന്നില്ല.

"ഹരിയ്ക്കൊരു ഒരു കാൾ ഉണ്ട്, വാർഡൻ വിളിക്കുന്നു"

ഉയരത്തിൽ കെട്ടിയുയർത്തിയ മറവിയുടെ കപടമായ മതിലുകൾ തകർത്ത് അപ്പു വീണ്ടും കടന്നുവരുകയാണ്.
ഒരു ഞായറാഴ്ച ദിവസം ആയിരുന്നു അത്. ഹോസ്റ്റലിൽ കഴിയുന്ന കാലം, എല്ലാത്തിൽനിന്നും അകന്നു മാറി നിൽക്കണം എന്ന തീരുമാനത്തിന്റെ ആദ്യത്തെ നടപ്പിലാക്കൽകൂടി ആയിരുന്നു, വാശി പിടിച്ചു നേടിയെടുത്ത ആ ഹോസ്റ്റൽ ജീവിതം.

ജോമോൻ വന്നു വിളിച്ചപ്പോൾ എന്തായിരുന്നു മനസ്സിൽ കണ്ടതെന്ന് ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല. ഉറക്കം വിട്ടുമാറാത്ത കണ്ണുകളുമായാണ് ഓഫീസ് മുറിയിലേക്ക് നടന്നതെന്ന് മാത്രം ഓർക്കുന്നു. കുറച്ച് മിനിട്ടുകളുടെ കാത്തിരിപ്പിൽ ഫോൺ റിങ് ചെയ്തു.

"നീ പെട്ടെന്ന് വണ്ടി കേറ്, അപ്പൂന് നല്ല സുഗൂല്ല. കയ്യിൽ കാശ് ഇണ്ടാവ്വോ?"

അമ്മാവന്റെ സ്വരം ഇത്രയും താഴ്ന്ന് അന്നുവരെ കേട്ടിട്ടില്ല, ഒരുപക്ഷെ അതിനു ശേഷവും.

"ഉവ്വ, ഞാൻ വൈകീട്ട് ആവുമ്പോഴേക്ക് എത്തിക്കോളാം"

തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്കുള്ള തീവണ്ടീടെ സമയം ഏറെക്കുറെ മനസ്സിൽ കണ്ടുതന്നെയാണ് പറഞ്ഞത്.
അമ്മാവന്റെ ആ രണ്ട് വാക്കുകളിൽനിന്ന് ഒരായിരം അർത്ഥങ്ങൾ വായിച്ചെടുക്കാൻ ശ്രമിച്ചു. അപ്പൂന് എന്താണ് പറ്റിയതെന്ന ചിന്ത മനസ്സിൽ കിടന്ന് വേവുമ്പോഴും, അമ്മാവനോട് അത് ചോദിക്കാത്തതിൽ കുറ്റബോധം തോന്നിയിരുന്നില്ല. കാരണം അന്ന് തനിക്കതിന് കഴിയുമായിരുന്നില്ല.
അമ്മയോടും അച്ഛനോടും മറ്റു ചില ബന്ധുക്കളോടുമൊക്കെ തട്ടിക്കേറുമ്പോഴും അമ്മാവൻ അയാൾക്ക് അവസാനവാക്കായിരുന്നു. ഇന്ന് അദ്ദേഹമില്ല, എങ്കിലും എന്തിനെന്നറിയാത്തൊരു ഭയം ഇപ്പോഴും തനിക്കയാളോട് ബാക്കിയാണ്.

കണക്ക് കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വണ്ടി രണ്ട് മണിക്കൂറോളം വഴിയിൽ പിടിച്ചിട്ടു. കോഴിക്കോട് ട്രെയിൻ ഇറങ്ങുമ്പോൾ വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. സ്റ്റേഷന്റെ പുറത്ത് അയൽക്കാരിലൊരാൾ ബൈക്കുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. വൈകിയതിന്റെ കാരണമയാൾ തിരക്കിയില്ല. ചോദ്യങ്ങൾക്ക് ഒന്നും കൃത്യമായ മറുപടിയും കിട്ടിയില്ല. വെറുപ്പിച്ചു നിർത്തിയ നാട്ടുകാരുടെ കൂട്ടത്തിൽ അയാളും ഉണ്ടായിരുന്നു. എങ്കിലും തന്നെ കൂട്ടാൻ ബൈക്കുമായി ഇവിടെ കാത്തിരിക്കാൻ മാത്രം എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുകയെന്ന ചിന്ത പിന്നെയും ഉള്ളിൽ ആധി വർധിപ്പിച്ചുകൊണ്ടിരുന്നു. തീവണ്ടിയിൽ ഇരിക്കുമ്പോൾ അനുഭവിച്ച ഉത്കണ്ഠയുടെ പതിന്മടങ് വീടെത്താൻ എടുത്ത ആ ഇരുപത് മിനുട്ടിൽ താൻ അനുഭവിച്ചിരുന്നു.

അതെ, അതുവരെയെ ഓർത്തെടുക്കാൻ പറ്റുന്നുള്ളു. അമ്മ തന്നെ ചേർത്ത് പിടിച്ചു കരയുന്നതൊഴിച്ചാൽ പിന്നീടുള്ള രംഗങ്ങൾ ഒന്നും മനസ്സിൽ തെളിയുന്നില്ല. അവന്റെ വെള്ള പുതച്ച ശരീരത്തോട് എങ്ങനയാവും താൻ പ്രതികരിച്ചിട്ടുണ്ടാവുകയെന്ന് ഇപ്പോൾ ഊഹിക്കാൻ പോലും സാധിക്കുന്നില്ല.

ബന്ധുക്കളുടെ നടുവിൽ ഒരാഴ്ച കടന്നുപോയി, പിന്നെ ഓരോരുത്തരായി ഒഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
അവൻ ഇല്ലാത്ത വീട് പൂർണമായും അന്യമായി തോന്നിത്തുടങ്ങി. അച്ഛനോടും അമ്മയോടും അപ്പോഴാദ്യമായി അയാൾക്ക് സഹതാപം തോന്നി, അവർക്ക് ആകെ ഉണ്ടായിരുന്ന ഒരു മകനെക്കൂടി നഷ്ടമായിരിക്കുന്നു.
യാന്ത്രികമായി പിന്നെയും രണ്ട് ആഴ്ചകൾ കൂടി കടന്നുപോയി. നാട്ടുനടപ്പ് അനുസരിച്ചു കുറച്ചുദിവസം കൂടി നിന്നിട്ട് പോകൂ എന്ന് ചിലർ അഭിപ്രായപ്രകടനം നടത്തി. തന്റെ സാന്നിധ്യം ഒരുതരത്തിലും അവരെ സഹായിക്കില്ല എന്ന ബോധ്യമുള്ളതുകൊണ്ടാവാം അമ്മാവൻ തിരിച്ചുപോകാൻ അനുവാദം നൽകി. പിന്നീട് കുറച്ചുനാൾ അവനെ കുറിച്ച് മനപ്പൂർവം ഓർക്കാതിരിക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെയും അവൻ കൂടുതൽ ശക്തമായി തന്നിലേക്കടുത്തുകൊണ്ടിരുന്നു.
അവൻ എന്തിനാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്ന് അപ്പോഴാണ് അയാൾ ചിന്തിച്ചുതുടങ്ങുന്നതുതന്നെ. ആദ്യത്തെ കുറെ നാളുകളിൽ, കുടുംബക്കാരുടെയും നാട്ടുകാരുടെയും പല വിശദീകരണങ്ങളും ചുറ്റും ഒഴുകി നടക്കുമ്പോഴും, അവൻ ഇനി ഇല്ല എന്ന യഥാർഥ്യത്തോട് പൊരുത്തപ്പെടാൻ പാടുപെടുകയായിരുന്നു. അതുകൊണ്ട് തന്നെ ആ ഊഹാപോഹങ്ങൾക്കൊന്നും ശ്രദ്ധ കൊടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. എന്നാൽ ഹോസ്റ്റൽ മുറിയിലെ നാലു ചുവരുകൾക്കപ്പുറവും തുടർന്ന ഏകാന്തത ഒടുവിലയാളെ ആ ചോദ്യത്തിനു മുന്നിൽത്തന്നെ കൊണ്ടുചെന്നുനിർത്തി,
അപ്പു എന്തിനത് ചെയ്തു...?


ബസ്സ്‌ വഴിയരികിലെ ഒരു റെസ്റ്റോറന്റിന്റെ മുന്നിലേക്ക് നിർത്തുകയാണ്. വേറെയും രണ്ടുമൂന്നു ബസ്സുകൾ കൂടി അവിടെ പാർക്ക് ചെയ്തിട്ടുണ്ട്. ചുറ്റുപാടുകൾ നൽകുന്ന സൂചനകൾ വച്ചു നോക്കുമ്പോൾ ബോർഡർ താണ്ടിയിരിക്കണം. ഹോട്ടലിന്റെ നെയിം ബോർഡിൽ പക്ഷേ കന്നടയും തമിഴും ഹിന്ദിയുമെല്ലാമുണ്ട്. തണുപ്പിന്റെ കഠിന്യം കുറയ്ക്കാൻ ആളുകൾ ചായ കുടിക്കാനും സിഗരറ്റ് വലിക്കാനും ഇറങ്ങുകയാണ്, ചിലരാണെങ്കിൽ നല്ല ഉറക്കത്തിലാണ്. ടി-ഷർട്ടിനുള്ളിലേക്ക് തണുപ്പ് അരിച്ചുകയറുന്നുണ്ട്. ജാക്കറ്റ് കരുതേണ്ടതായിരുന്നു. സമയം രണ്ടുമണി കഴിഞ്ഞതേയുള്ളു. രാവിലെ അവിടെച്ചെന്നിറങ്ങുമ്പോൾ തണുപ്പ് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കും എന്നയാൾ ഓർത്തു.
എല്ലാവരും കയറി ബസ്സ് എടുക്കാൻ പോവുകയാണ്. പെട്ടെന്നാണ് തൊട്ടപ്പുറത്തെ സീറ്റിലെ ആൾ കയറിയിട്ടില്ലെന്ന് ശ്രദ്ധിച്ചത്. കണ്ടക്ടറെ വിളിക്കാൻ തുനിയുമ്പോഴേക്കും അയാൾ കൂകി വിളിച്ചുകൊണ്ടു ഓടിവരുന്നുണ്ടായിരുന്നു. ബസ്സ് നിർത്തി അയാളെ കയറ്റി. എല്ലാവരും കയറിയെന്ന് ഉറപ്പുവരുത്താതെ ബസ്സ് എങ്ങനെ എടുക്കും എന്നയാൾ കണ്ടക്ടരോടും, ബാക്കി എല്ലാവരും കയറിയിട്ടും തനിക്ക് മാത്രം എന്താ പ്രേത്യേകത എന്ന് കണ്ടക്ടർ തിരിച്ചും ചോദിച്ചുകൊണ്ട് ഒരു വാക്കുതർക്കത്തിനു തുടക്കമായി. യാത്രക്കാരിൽ ചിലർ ഇടപെട്ടതുകൊണ്ട് കയ്യാങ്കളിയിലേക്ക് നീളാതെ അത് പെട്ടെന്ന് അവസാനിച്ചു.


ചില ചോദ്യങ്ങൾ അങ്ങനെ ഉത്തരം തരാതെ കാലങ്ങളോളം നമ്മെ വേട്ടയാടും, പിന്നെ ഒരു ദിവസം പെട്ടെന്നൊരു ദിവസം അതിനെ മറികടക്കാൻ പോന്ന മറ്റെന്തെങ്കിലും ജീവിതത്തിലേക്ക് വന്നുകയറും. പതിയെ നമ്മൾ പഴയ ചോദ്യങ്ങൾ മറക്കും, ഉത്തരങ്ങൾ ഇനി വേണ്ടായെന്നാകും. അപ്പുവിന്റെ വേർപാട് ഇറങ്ങിപ്പോവുന്നതും അങ്ങനെ ഒരാളുടെ കടന്നുവരവിലാണ്.

കോളേജിൽനിന്ന് ഇറങ്ങിയശേഷം ജോലി തേടിയുള്ള അലച്ചിൽ ആയിരുന്നു. കൂട്ടുകാരുടെ വീട്ടിലും ജൂനിയേർസിന്റെ കൂടെ ഹോസ്റ്റലിലുമായി കഴിഞ്ഞ് തിരുവന്തപുരത്തു പല കമ്പനികളുടെയും ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തു. ദിവസങ്ങളും ആഴ്ചകളുമായി ആറുമാസം എങ്ങനെയൊക്കെയോ കടന്നുപോയി. ഒടുവിൽ ഒരു ഓഫർ ലെറ്റർ വരുന്നു. സുഹൃത്തിന്റെ അഡ്രെസ്സ് ആണ് എല്ലായിടത്തും കൊടുത്തിരുന്നത്. വിവരം എന്നിലെത്താൻ രണ്ട് ദിവസമെടുത്തു. പ്രതീക്ഷകൾ മങ്ങിത്തുടങ്ങിയ ദിവസങ്ങളിലൊന്നിൽ ഒരു വൈകുന്നേരം സുഹൃത്തിനെ വിളിക്കുന്നു. പലപ്പോഴായി വാങ്ങിയ മുന്നൂറ്‌ രൂപയ്ക്ക് പുറമെ ഒരു അൻപത് രൂപകൂടി കടം ചോദിക്കാനാണ് വിളിക്കുന്നത്. അപ്രതീക്ഷിതമായി കേട്ട വാർത്തയിൽ ഒരു നിമിഷം സ്തംഭിച്ചുനിന്നുപോയി. അങ്ങോട്ട് വിളിക്കുകയല്ലാതെ, തന്നെ ബന്ധപ്പെടാൻ അവനു മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്കകം ജോയിൻ ചെയ്യണമെന്നായിരുന്നു കത്തിൽ. പോയ രണ്ടുദിവസം കുറച്ചാൽ അഞ്ചു ദിവസം കൂടി ബാക്കി. അഞ്ചു ദിവസത്തിൽ ഈ അലച്ചിൽ അവസാനിക്കാൻ പോകുന്നു.
വീട്ടിലേക്ക് വിളിക്കണം. കഴിഞ്ഞ ആറുമാസത്തിനടയിൽ അമ്മയെ വിളിച്ചത് മൂന്ന് തവണ മാത്രം. ജീവനോടെ ഇരിക്കുന്നു എന്നറിയിക്കുകയല്ലാതെ പുതുതായി നൽകാൻ തന്റെ കയ്യിൽ വാർത്തകൾ ഒന്നും ഉണ്ടായിരുന്നില്ല. നാട്ടിലെ വിശേഷങ്ങൾ കേൾക്കാൻ മനസ്സും. ഇപ്പോൾ ഇതാ ഒരു സന്തോഷവാർത്ത, മകൻ ജോലിക്കാരനാകാൻ പോകുന്നു. തന്നെക്കുറിച്ചോർത്ത് ഇനിയും വിഷമിക്കണ്ടായെന്ന് പറയണം.
പഠിച്ച പഠിപ്പിനും പത്രാസിനുമുള്ള ജോലിയൊന്നുമല്ല, ഒരു സാദാ ജൂനിയർ ക്‌ളാർക്ക്. പക്ഷെ ജീവിതം കഴിച്ചുകൂട്ടാൻ അത് ധാരാളമായിരുന്നു.

അവിടെവച്ചാണ് അവളെ പരിചയപ്പെടുന്നത്. അതെ ജീവിതം എല്ലാം കൊണ്ടും മറ്റൊരു ദിശയിലേക്ക് തിരിയുന്നത് അവിടെനിന്നായിരുന്നു. ഗായത്രി, അയാൾക്ക് അഞ്ചു മാസം മുന്നേ അവൾ ആ കമ്പനിയിൽ എത്തിയതാണ്. ഒരേ പോസ്റ്റാണെങ്കിലും ആ അഞ്ചുമാസത്തിന്റെ സീനിയൊരിറ്റി അവൾക്കുണ്ട്. ആദ്യമാദ്യം ജോലിയിലെ സംശയങ്ങൾ തീർക്കാൻ ഒരാൾ. പെട്ടെന്നാണ് അവർക്കിടയിൽ ഒരു സുഹൃത്ബന്ധം രൂപപ്പെട്ടത്. അത് എപ്പഴോ, പിന്നീട് ഒരിക്കലും കണ്ടെത്താനായിട്ടില്ലാത്ത ഒരു പോയിന്റിൽ എപ്പഴോ പ്രണയത്തിലേക്ക് വഴിമാറുന്നു. അവൾ സ്വപ്‌നങ്ങളെ പിന്തുടരുന്നവളായിരുന്നു, തനാകട്ടെ ജീവിതത്തിൽനിന്നുപോലും ഒളിച്ചോടിക്കൊണ്ടിരുന്നവനും. സമാനതകളല്ല, വൈരുധ്യങ്ങളാണ് പലപ്പോഴും ബന്ധങ്ങളെ ദൃഢപ്പെടുത്തുന്നത്.

പുറകിൽ എവിടെയോ ഒരു കൊച്ചു കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു. സഹയാത്രികരുടെ ഉറക്കം മുറിഞ്ഞതിന്റെ പിറുപിറുപ്പുകളും കുട്ടിയെ സമാധാനിപ്പിക്കുന്ന മാതാപിതാക്കളുടെ ശ്രമങ്ങളും അതിനോടൊപ്പം ഉയർന്നു. എന്റെ സൈഡ് സീറ്റിൽ ഇരുന്ന കക്ഷിയും കൂട്ടത്തിൽ എന്തോ കമന്റ് അടിച്ചു.

കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽനിന്ന് കുട്ടികൾ ഉണ്ടാവില്ല എന്ന യാഥാർഥ്യത്തിലേക്ക് എത്ര വർഷങ്ങളുടെ ദൂരമുണ്ടായിരുന്നു? ആ യാത്രയിൽ എവിടെവച്ചാണ് നമ്മുടെ വഴികൾ പിഴച്ചത്?



"സാർ... സാർ...ഇറങ്കവും സാർ, ഇതുതാൻ ലാസ്റ്റ് സ്റ്റോപ്പ്‌"

യാത്രയിൽ എപ്പഴോ മയക്കത്തിലേക്ക് വീണുപോയിരുന്നു. കണ്ടക്ടർ വന്ന് വിളിച്ചപ്പോഴാണ് ബാംഗ്ലൂർ എത്തിയത് അറിഞ്ഞത്.
ആറുമണി ആവുന്നതേ ഉള്ളു. ഒരു ചായ കുടിക്കാനുള്ള സമയമുണ്ട്. ഓഫീസ് ഉള്ള ദിവസമാണെങ്കിൽ അവൾ പുറപ്പെടുന്നതിന് മുൻപ് അവിടെ എത്തണമെന്നുണ്ട്.
അയാൾ വിറച്ചുകൊണ്ട് അരികിലെ ചായക്കടയിലേക്ക് നീങ്ങി. ഫോണെടുത്ത് ഊബർ ആപ്പിൽ ഓർമ്മവച്ച കോളേജിന്റെ പേര് അടിച്ചുനോക്കി. ഏകദേശം നാൽപത് കിലോമീറ്റർ, ഓന്നേകാൽ മണിക്കൂറിന്റെ യാത്ര. മെട്രോയിൽ പോയാൽ ചിലവ് കുറയ്ക്കാം. എങ്കിലും മെനെക്കെടാൻ വയ്യ. അയാൾ ട്രിപ്പ്‌ ബുക്ക്‌ ചെയ്ത് ഒരു ചായയ്ക്ക്‌ ഓർഡർ കൊടുത്തു. പത്തുമിനുട്ടിൽ ടാക്സി എത്തി. യാത്രയുടെ മധ്യത്തിൽ ഒരു ട്രാഫിക് സിഗ്നലിൽ വണ്ടി നിന്നു. തന്റെ ജീവിതവും ഇപ്പോൾ അത്തരമൊരു സിഗ്നലിൽ എത്തിനിൽക്കുകയാണെന്ന് അയാൾക്ക് തോന്നി. മുന്നോട്ടുള്ള യാത്ര എവിടേക്കാണ് എന്നുപോലും നിശ്ചയമില്ല, മുന്നോട്ടാണ് എന്നുമാത്രം അറിയാം.
കാത്തിരിപ്പിനൊടുവിൽ സിഗ്നലിൽ പച്ച തെളിഞ്ഞു, ഞങ്ങളുടെ വണ്ടിയാണ് മുൻനിരയിൽ. പെട്ടെന്ന് സിഗ്നൽ തെറ്റിച്ചുവന്ന ഒരു ബൈക്കിനെ ഇടിക്കാതിരിക്കാൻ ഡ്രൈവർ ഇടത്തോട്ട് വെട്ടിച്ചതും സൈഡിൽ വന്ന ലോറിയിലേക്ക് ഇടിച്ചതുമെല്ലാം വളരെ പെട്ടെന്നായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് തെറിച്ച അയാളുടെ തല എവിടെയോ ചെന്നിടിച്ചു. ആരെക്കൊയോ ഓടിക്കൂടി. എന്തൊക്കെയോ ശബ്ദങ്ങൾ ചുറ്റും അലച്ചുകൊണ്ടിരുന്നു.

അപ്പൂ... നീ എപ്പൊഴാ വന്നേ?
ഇത് നിന്റെ ഏടത്തിയാണ്, ഗായത്രി.
ഇല്ലടാ, ഞാൻ... നിനക്കെന്നെ അറിയില്ലേ...
ഗായത്രീ നിൽക്കൂ... നമുക്ക് സംസാരിക്കാം.
ഞാനിവിടെ തനിച്ചാണ്... ഇത് കേൾക്കൂ...

"ഹലോ, ഹലോ എഴുന്നേൽക്കൂ..."
നേഴ്‌സുമാരിൽ ഒരാൾ അയാളെ തട്ടിവിളിച്ചു.

"ഞാൻ... ഞാനിതെവിടെയാണ്"
അയാൾക്ക് പെട്ടെന്ന് ഓർമ്മ നഷ്ടപ്പെട്ടതുപോലെ തോന്നി.

"ചെറിയൊരു ആസിഡന്റ്, പേടിക്കാനൊന്നുമില്ല. വലതുകയ്യിൽ ഒരു ഫ്രാക്ചർ ഉണ്ട്. അതല്ലാതെ വേറെ കുഴപ്പമൊന്നുമില്ല"

അയാൾ പതിയെ സ്വബോധം തിരിച്ചെടുത്തു. ആസിഡന്റിന്റെ ചിത്രം ഒരു മിന്നൽ പോലെ വീണ്ടും മനസ്സിൽ തെളിഞ്ഞു.

"ഉറക്കത്തിൽ നിങ്ങളുടെ മലയാളം കേട്ടാണ് ഡ്യൂട്ടിനേഴ്സ് എന്നെ വിളിച്ചത്. നാട്ടിൽ എവിടെയാ?"

"എനിക്ക് പോണം സിസ്റ്റർ"

"അതിനെന്താ, റിലേറ്റീവ്സൊ ഫ്രണ്ട്‌സോ അങ്ങനെ ആരെയെങ്കിലും വിളിക്കൂ. ഇന്നുതന്നെ ഡിസ്ചാർജ് ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞത്"

"അതു കുഴപ്പമില്ല, ഞാൻ തനിച്ച് പൊയ്ക്കോളാം"

"അത് പറ്റില്ല. ഡോക്ടർ പ്രേത്യേകം പറഞ്ഞിട്ടുണ്ട്"

"ബില്ലിന്റെ കാര്യമാണെങ്കിൽ, എന്റെ കയ്യിൽ പണമുണ്ട് ഞാൻ അടച്ചോളാം"
അയാൾ പേഴ്സിൽ നിന്നും കാർഡ് എടുക്കാൻ തുനിഞ്ഞു.

"അതുകൊണ്ടല്ല, നിങ്ങളെ തനിച്ച് വിടാൻ പറ്റില്ല, യു നീഡ് ഹെല്പ്"

അയാൾ ഒന്നും മിണ്ടിയില്ല.

"എന്തുപറ്റി, പരിചയക്കാറാരുമില്ലേ? അങ്ങനെയാണെങ്കിൽ രണ്ടുമൂന്നു ദിവസം ഇവിടെ അഡ്മിറ്റ് ആവു. ബെറ്റർ ആണെന്ന് തോന്നുമ്പോൾ പോവാം"

അയാൾ മൗനം തുടരുന്നത് കണ്ടപ്പോൾ നേഴ്സ് അവിടെനിന്നും പോവാൻ ഭാവിച്ചു.

"സിസ്റ്റർ, ഒരു നിമിഷം"

അവർ തിരിഞ്ഞു നോക്കി.

"എനിക്കൊരു ഹെല്പ് വേണം" അയാൾ പറഞ്ഞു.

"പറഞ്ഞോളൂ അതല്ലേ ഇത്രനേരം ഞാൻ ചോദിച്ചതും"

മാസ്ക് ഉണ്ടായിട്ടും അവരുടെ പുഞ്ചിരി തെളിഞ്ഞു കാണാമായിരുന്നു.

"പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചില്ലേ, എന്റെ ഭാര്യ ആണ്, നിങ്ങൾക്ക് അവളെ ഒന്ന് വിളിച്ചു വിവരം പറയാമോ?"

അയാൾ തന്റെ ഫോണിലെ നമ്പർ കാണിച്ചുകൊണ്ട് ചോദിച്ചു.
നേഴ്സിന്റെ മുഖത്ത് സംശയം പടരുന്നത് ശ്രദ്ധിച്ചുകൊണ്ടുതന്നെ അയാൾ തുടർന്നു.

"ചിലപ്പോൾ മറുപടി ഒന്നും പറയാതെ ഫോൺ കട്ട് ചെയ്‌തെന്ന് വരാം. അല്ലെങ്കിൽ മോശമായി പ്രതികരിച്ചെന്നു കൂടി വരാം. അതിന് മുൻകൂട്ടി ക്ഷമ ചോദിക്കുന്നു"

അവർ അൽപനേരം സംശയിച്ചുനിന്നു. ശേഷം ഫോൺ നമ്പർ വാങ്ങിക്കൊണ്ട് പുറത്തേക്ക് പോയി.
അല്പനിമിഷത്തിനുശേഷം സിസ്റ്റർ തിരിച്ചെത്തി.

"നിങ്ങൾ പറഞ്ഞതുപോലെത്തന്നെ, ഞാൻ എല്ലാം പറഞ്ഞിട്ടും അവര് മറുപടി ഒന്നും തരാതെ കട്ട് ചെയ്തു"

"It's ok sister, അവൾ വരില്ലെന്ന് എനിക്കറിയാം. Anyway thank you for your help. പിന്നെ, കഴിയുമെങ്കിൽ എന്നെ ഡിസ്ചാർജ് ചെയ്യാമോ. എനിക്ക് തിരിച്ചു പോകാതെ പറ്റില്ല"
അയാൾ അപേക്ഷ രൂപത്തിൽ പറഞ്ഞുവച്ചു.

"അയ്യോ അത് ഡോക്ടർ തന്നെ പറയണം, കൂടെ ആരുമില്ലാതെ ഒറ്റയ്ക്ക് വിടുമെന്ന് തോന്നുന്നില്ല. എങ്കിലും ഞാൻ പറഞ്ഞുനോക്കാം"

"Thank you sister"


കുറച്ചുമണിക്കൂറുകൾക്ക് ശേഷം.
മരുന്നുകളുടെ ആലസ്യത്തിൽ അയാൾ വീണ്ടും മയക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു. പെട്ടെന്നാണ് ആ ശബ്ദം കേട്ടത്.

"ഹരി..."

അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവൾ വരണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും വരുമെന്ന് വിചാരിച്ചതല്ല.

"ഗായത്രി, എനിക്ക്... എനിക്ക് സംസാരിക്കണം"
കാണുമ്പോൾ മറ്റെന്തൊക്കെയോ ചോദിക്കാൻ വിചാരിച്ചു വച്ചിരുന്നു. പക്ഷേ മനസ്സിൽനിന്ന് ആദ്യം വന്നത് ഇത് മാത്രമാണ്.

"സംസാരിക്കാം, ഇവിടെവച്ച് വേണ്ട. എന്റെ ഫ്ലാറ്റിലേക്ക് പോകാം, ഡോക്ടർ ഡിസ്ചാർജ് എഴുതിത്തന്നിട്ടുണ്ട്."

"നിനക്കത് ബുദ്ധിമുട്ട് ആവില്ലേ?"
അയാൾ ഒരു ഫോർമാലിറ്റി എന്നപോലെ ചോദിച്ചു.

"ഇല്ല"

ഫ്ലാറ്റിലെത്തി. മാസങ്ങൾക്ക് ശേഷമാണ് തന്റെ ഭാര്യ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത്. അയാൾക്ക് എന്തെന്നില്ലാത്തൊരു കുറ്റബോധം അനുഭവപ്പെട്ടു. അപ്പോഴും മൗനത്തിന്റെ കാർമേഘം അവർക്കിടയിൽ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. അതിനെ മുറിച്ചുകൊണ്ട് അവളാണ് സംസാരിച്ചു തുടങ്ങിയത്.

"നമുക്ക് പിരിയാം ഹരി. ഒരുപാട് ആലോചിച്ച് തന്നെയാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിയത്"

അവൾ തുടരാൻ ഭാവിക്കുമ്പോഴേക്കും അയാൾ ഇടയ്ക്ക് കയറി,

"എന്റെ തെറ്റാണ്, അറിയാം. ഒരിക്കൽക്കൂടി നീ ക്ഷമിക്കണം"

"അല്ല ഹരി, തെറ്റ് നമുക്ക് രണ്ടുപേർക്കും പറ്റിയിട്ടുണ്ട്. അത് സമ്മതിക്കാത്തതാണ് നമ്മൾ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഇപ്പോഴെങ്കിലും നമുക്ക് അത് സമ്മതിക്കാം"

"പ്ലീസ്‌, ഒരിക്കൽക്കൂടി... നീ ഒന്നുകൂടി ആലോചിച്ചിട്ട്"

"ആലോചിച്ചു, പറഞ്ഞല്ലോ ഒരുപാട് തവണ ആലോചിച്ചു. ഇനി ആലോചിക്കേണ്ടത് ഹരി ആണ്. നമ്മൾ എങ്ങനെ ഒരുമിച്ചോ അതുപോലെ തന്നെ നമുക്ക് പിരിയാം, നല്ല സുഹൃത്തുക്കളായി, അതല്ലേ നല്ലത്"

അവൾ തന്റെ പാത്രം എടുത്തുകൊണ്ട് എഴുന്നേറ്റു.

"ഞാൻ ഇപ്പോൾ തന്നെ വളരെ വൈകി, വൈകിട്ട് കാണാം. ഹരി റസ്റ്റ്‌ എടുക്കു"

അവൾ ഓഫീസിലേക്ക് പോകാൻ ധൃതി കൂട്ടിക്കൊണ്ട് പറഞ്ഞു.

"ഞാൻ ഇനി എന്താണ് വേണ്ടത്, അതുകൂടി പറഞ്ഞു തരൂ"
അയാൾ നിസ്സഹായനായി ചോദിച്ചു.

"ഹരിയ്ക്കിവിടെ താമസിക്കാം, എത്ര നാൾ വേണമെങ്കിലും. പോകാനാകും എന്ന് തോന്നുമ്പോൾ മാത്രം പോയാൽ മതി"
അല്പം ഇടവിട്ട് അവൾ തുടർന്നു.

"പക്ഷേ പോവുമ്പോൾ ആ നോട്ടിസിൽ ഒപ്പുവച്ചിട്ടുവേണം പോവാൻ"

വാതിൽ ചാരിക്കൊണ്ട് അവൾ പുറത്തേക്ക് പോയി.
അടഞ്ഞ ആ വാതിൽ തള്ളി തുറന്ന് തന്നെ ആശ്വസിപ്പിക്കാൻ അപ്പു വരുന്നതും കാത്ത് അയാൾ അവിടെത്തന്നെ ഇരുന്നു.