I AM THE GODD in Malayalam Classic Stories by Cherian Joseph books and stories PDF | അഹം ബ്രമ്മസ്മി

Featured Books
Categories
Share

അഹം ബ്രമ്മസ്മി

അഹം
ബ്രഹ്മാസ്മി
 
 
ചെറിയാൻ
കെ
ജോസഫ്
 

 

ഇവൻ ഏതാ ? ഈ കിഴവൻ ? .

കാലു മടക്കി എന്റെ വയറിൽ കുത്തി എന്റെ കിടക്കയിൽ ചെരിഞ്ഞു കിടന്നു എത്ര ശാന്തമായാണിപ്പോൾ ഉറങ്ങുന്നത് . അയാളുടെ കൂർക്കംവലി പുറത്തേക്കു തള്ളിയ ചീഞ്ഞ നാറ്റം എന്റെ അവശേഷിച്ച ഉറക്കവും വടിച്ചു നീക്കി . രാത്രി മുഴുവൻ അയാൾ എന്തൊരു ബഹളമായിരുന്നു . രമ്യയുടെ മോൾക്ക് തൊട്ടിലാടാൻ കെട്ടിയിരുന്ന കയറിൽ പിടിച്ചു കയറി മച്ചിന്റെ പലകയിൽ താളമിട്ടു . മച്ചിന്റെ വിടവുകളിലൂടെ വഴുതി വീണ നിലാവിന്റെ തുണ്ടുകൾ പല്ലില്ലാത്ത മോണയിലാക്കി വെകിടൻ ചിരിയോടെ തലയിളക്കി . മച്ചിന്റെ തട്ടിലൂടെ ഇഴഞ്ഞു നാവു നീട്ടി പല്ലികളെയും എട്ടുകാലികളെയും പിടിച്ചു അലറിക്കൂവി . ഒരു പോള കണ്ണടക്കാൻ കഴിഞ്ഞതേയില്ല .

 

 

അച്ഛച്ചോ , അച്ഛച്ചോ ,കട്ടൻ കുടിക്കാം "

മുറിയിൽ കടന്നുവന്ന രമ്യ ഗ്ലാസ് ചുണ്ടോടു ചേർത്തു .

തല പുറകോട്ടു വലിച്ചു പറഞ്ഞു .

" നീയാദ്യം ആ കിളവനെ ഓടിച്ചുവിട് ."

"ഏതു കിളവൻ " അവൾ അമ്പരപ്പോടെ ചോദിച്ചു .

" എന്റെ കട്ടിലിൽ കയറി കിടക്കുന്നവനേ .... എന്തൊരു ശല്യമാ . ഈ പരട്ടുകിളവനെ ചവിട്ടി പുറത്താക്ക് "

" ഇവിടെയൊന്നും ആരുമില്ല . എല്ലാം അച്ഛാച്ചന്റെ തോന്നലാ .ചുമ്മാ കാടുകയറി ചിന്തിക്കാതെ വല്ലതും പ്രാത്ഥിക്കെന്റെ അച്ഛച്ചോ "

അവൾ പുറത്തേക്കു നടന്നു .

 

മരണമടുക്കുമ്പോൾ വെറുതെ ഓരോ ചിന്തകൾ മനസ്സിൽ ജീവനെടുക്കും . അച്ഛാച്ചന്റെ ഓരോ കാര്യങ്ങൾ !. അവൾക്കു ചിരി പൊട്ടി . ഇറയത്തു അച്ഛാച്ചന്റെ വടിയിൽ കൂടി ചിതൽ നടക്കുന്നു . ചുവട്ടിൽ മണ്ണു പുരുണ്ടു തുടങ്ങിയിരിക്കുന്നു !. മാസങ്ങളായി വടി വിശ്രമത്തിലായിരുന്നല്ലോ . ഇനിയുമതു ഉണരുമോ ?! . ഇപ്പോൾ , ചെത്തിപ്പൂക്കൾ നുകർന്നു പാറിയെത്തിയ പൂമ്പാറ്റകൾ വടിക്കു വട്ടം ചുറ്റിയ ആത്മാക്കളെ പേറിയ മഞ്ഞത്തുമ്പികളോട് കിന്നാരം പറയുന്നു .

 

 

അങ്ങിനെയിരിക്കെ , ഒരിക്കൽ അച്ഛാച്ചൻ ഉറക്കമുണർന്നു ഉമ്മറത്തെ പുലരൊളിയിലേക്കു ഓടിയിറങ്ങി . പിന്നെ , വടിയില്ലാതെ ഒതുക്കുക്കല്ലുകൾ ചാടിയിറങ്ങി നിരത്തിലേക്കു പകർന്നു .

 

" അല്ലാ മാഷേ ഇങ്ങള് എപ്പ നടക്കാനായിനി ? ഇപ്പ എങ്ങടാ ?"

പണിക്കു പോകുന്ന മുക്കാളി ജാനു അമ്പരപ്പോടെ ചോദിച്ചു .

ജാനുവിന്റെ നനഞ്ഞു വിടർന്ന ചുണ്ടുകളിൽ കാമം ഫത്തി വിടർത്തിയാടി . നിറഞ്ഞ മാറോ, നിർവൃതി പകരാൻ വെമ്പി . മുട്ടറ്റം കയറ്റിയുടുത്ത കൈലിമുണ്ടിനു മീതെ താഴത്തെ ബട്ടൺ ഇടാത്ത ഷർട്ടിനുള്ളിൽ ഏതോ കാവ്യചിത്രമായി പൊക്കിൾക്കൊടി വിതുമ്പി .

" ഒന്നു ഡി ഇ ഓ ആപ്പീസു വരെ പോണു മോളേ "

വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു .

എട്ടാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്നപ്പോൾ തന്നെ അവൾ അത്യാവശ്യം പേരുകേൾപ്പിച്ചിരുന്നു !.

 

ബസ്സ് തിരിക്കുന്ന ശബ്ദം കേട്ടു . കോഴിക്കോടിനുള്ള ഏക ബസ്സ് പോകാറായിക്കാണും . നത്തു സുരയുടെ ചായക്കടയിൽ ഇരുന്നു കുടവയറൻ ഡ്രൈവർ ചായക്കൊപ്പം സിഗരറ്റ് വലിക്കുന്നു . അതുല്യ ബസ്സിനെ നന്മണ്ടയിൽ വച്ചു ഓവർ ടേക്ക് ചെയ്തതിന്റെ സാഹസ കഥ വിളമ്പുകയാണയളാൾ . ആരാധനയോടെ കെട്ടുക്കൊണ്ടിരുന്ന ഇരുമ്പു ഹാഷിം തല വെളിയിലേക്കു നീട്ടി പുകയില തുപ്പിയപ്പോൾ മാഷേ കണ്ടു തലേക്കെട്ടഴിച്ചു .

" എങ്ങടാ നായർ സാറേ ?"

" ഒന്നു സ്കൂളുവരെ . കുറേ വെകിടന്മാർ ഭിത്തിയിൽ അശ്ലീലം വരക്കുകയും എഴുതുകയും ചെയ്യുന്നു . "

" അല്ലാ ശങ്കരൻമാഷേ , ഇങ്ങള് പെൻഷൻ പറ്റിട്ടു പത്തിരുപതു കൊല്ലമായില്ലേ ? കഴിഞ്ഞ മഴയത്തു സ്കൂൾ തകർന്നത് മറന്നുപ്പോയോ ?"

വട്ടവട തോമ്മാ ചോദിച്ചു സ്വയം വായ പിളർത്തി .
" പോട്ടെ മാഷേ , വാ ഒരു ചായ കുടിക്കാം "
നത്തു സുര വിളിച്ചു .
മാഷ്‌ കടയിലേക്കു നോക്കാതെ നേരേ നടന്നു .
 

അപ്പുവേട്ടന്റെ ഒറ്റമുറി വീടിനു മുൻപിലെത്തി മാഷ് നിന്നു .

" എത്ര നാളായി മാഷേ കണ്ടിട്ടു , വാ വാ ഇരിക്ക് "

കയറിയിരുന്നു അപ്പുവേട്ടനെ ആദരവോടെ നോക്കി . തൊണ്ണൂറുകളിലും ഉള്ളിലെ തീ കെടുത്താതെ ആഞ്ഞടിച്ചവൻ . നിലമ്പൂർ കാടുകളിൽ നിരപരാധികളായ എട്ടു മാവോയിസ്റ്റുകളെ നിഷ്കരുണം വെടിവച്ചു കൊന്നപ്പോൾ അപ്പുവേട്ടന്റെ ആത്മരോഷം ചിറപൊട്ടി . കോടതിവളപ്പിൽ , നട്ടെല്ലുവളഞ്ഞവന്റെ കെട്ട വിയർപ്പുനാറ്റം മുറ്റിയ തൊപ്പിയിട്ടു മുഖം മൂടിയിട്ടും ഭരണകൂടം താങ്ങുന്ന കൈകൾ മുദ്രാവാക്യം തടഞ്ഞിട്ടും അപ്പുവേട്ടൻ ആഞ്ഞടിച്ചു .

 

 

" എല്ലാം അറിഞ്ഞു ." മാഷ് തുടക്കമിട്ടു .

" മകനും മകൾക്കും കോടികളുടെ ബിസ്‌നസ്സ് സാമ്രാജ്യം ഉണ്ടാക്കി കൊടുത്ത വലതുപക്ഷ പിന്തിരിപ്പൻ ഭരിക്കുന്നയിടത്തു ഇതേ നടക്കൂ എന്നറിയാം . അവനും ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ആണത്രേ !. തിരുനെല്ലി കാടുകളിൽ ഒളിപ്പോരിനിടയിൽ എന്റെ കാലിൽ അട്ട കുടിച്ച ചോരയുടെ ചുവപ്പു പോലും അവനറിഞ്ഞിട്ടുണ്ടാവില്ല "

അപ്പുവേട്ടന്റെ രോഷം അലയടിച്ചു .

" അല്ലാ മാഷേ , മാഷ് കിടപ്പു തന്നെയാണെന്നാണല്ലോ ഞാൻ കേട്ടത് "

" ഒക്കെ ആരോ പടച്ചുവിടുന്ന കരക്കമ്പി "

പുറത്തു വെയിലിനു കട്ടിയേറുന്നു .

" ഇനി ഞാൻ ഇറങ്ങാം ."

 

 

നടന്നു നടന്നു അമ്പലമുറ്റത്തെത്തി . അരയാൽത്തറയിൽ കയറിയിരുന്നു വിയർപ്പാറ്റി . ചൊറിപിടിച്ച ഒരു പട്ടി എന്തെല്ലാമോ മണപ്പിച്ചുകൊണ്ട് അലയുന്നു . കഴിഞ്ഞുപ്പോയ ഉത്സവത്തിന്റെ ബാക്കിപത്രമായി കീറിയ വർണ്ണക്കടലാസ്സുകളും ബലൂൺ കഷ്ണങ്ങളും വളപ്പൊട്ടുകളും ഉണങ്ങിയ ഓറഞ്ച് തൊലികളും അവിടാകെ ചിതറി കിടക്കുന്നു . വെയിൽ ശകലങ്ങൾ ഇടക്കിടെ തറയിൽ ചിതറിവീഴുന്നു . മുകളിലേക്കു നോക്കി , അരയാലിലകൾ തുള്ളികളിക്കുകയാണ് . കൊമ്പുകളിൽ അവ്യക്തമായ ഒരു രൂപം പടരുന്നതായി തോന്നി .

 

 

ആരാണ് മൈതാനത്തിന്റെ പിറകിൽ പൊട്ടിയ പടക്ക ഓലകൾക്കിടയിൽ പരതുന്നത് ?.

ഏഴു ബിയിലെ തലത്തെറിച്ച റിജേഷും കൂട്ടരുമല്ലേയത് ?

" എടാ " സ്വരമുയർത്തി വിളിച്ചു .

"എടാ കിഴങ്ങാ , റിജേഷിപ്പോൾ സൗദിയിലാ . തന്റെ സ്റ്റുഡന്റ്‌ അല്ല ."

പിന്നെ മുഴങ്ങുന്ന പൊട്ടിച്ചിരിയും കേട്ടു തലയുർത്തി . അരയാൽ വേരുകളിൽ അയാൾ ചാടികളിക്കുന്നു !!.

രാത്രി മുഴുവൻ ശല്യപ്പെടുത്തിയ ഈ കിഴവൻ ഇവിടെയും എത്തിയോ ?!

" കാലങ്ങൾ വേർത്തിരിച്ചറിയാനാവാത്ത അവസ്‌ഥയിലാണ്‌ താനിപ്പോൾ ."

അയാൾ മൊഴിഞ്ഞു .

" പോടാ പരട്ട കിളവാ "

" നീയും കിളവനാടാ, കിളവാ ."

അയാളും രോഷം കൊണ്ടു . പിന്നെ തണുത്തു .

 

 

ഏറെ നേരം കട്ടപ്പിടിച്ച മൗനത്തിനു ശേഷം അയാൾ പറഞ്ഞു .

" നിങ്ങൾ ഇതുവരെ തളർന്നു കിടക്കുകയായിരുന്നു . എന്നാൽ ഇപ്പോൾ ചിന്തിക്കുന്ന എവിടെയും ചിന്തിക്കുന്ന സമയത്തു എത്തുവാനുള്ള അവസ്ഥയായി . ഞാനും വരാം . വരൂ , നമ്മൾക്കു പോകാം ."

 

 

ഇപ്പോൾ ഈ കെട്ടിടത്തിന്റെ പൊളിഞ്ഞ അസ്ഥി കോലങ്ങൾ മഞ്ഞുപൊഴിഞ്ഞു ധവളമയമായിരിക്കുന്നു . ഹിറ്റ്ലറുടെ കോൺസ്‌ട്രേഷൻ ക്യാമ്പ് ആണിത്‌ . ഇവിടെ ഈ തണുത്ത വായുവിൽ വിഷവായുവിനിടയിൽ ശ്വാസം തേടി പിടഞ്ഞു പരസ്പരം മാന്തിപ്പൊളിച്ചു മരിച്ചവർ നീറിപ്പിടയുന്നു . നമ്മൾക്കു ഇനിയും പറക്കാം . വിണ്ടുക്കീറിയ തലയോട്ടികൾ ഭരണവർഗത്തിന്റെ ചൂക്ഷണത്തിനും ക്രൂരതക്കുമെതിരെ തേങ്ങിയ കംബോഡിയായുടേയും ഉത്തരകൊറിയയുടെയും ആകാശത്തുക്കൂടി പറന്നു ഹിരോഷിമയിൽ എത്താം . സ്വപ്നം നുകർന്നവരെ ചാമ്പലാക്കിയ ഹിരോഷിമ .

 

 

അന്നു ഹിരോഷിമയിൽ അണുബോംബ് എരിഞ്ഞെങ്കിൽ ഇന്നു യുക്രയിനിൽ ഫോസ്‌ഫറസ്‌ ബോംബ് വീഴുന്നു . റഷ്യൻ സാമ്രാജ്യ ശക്തിയുടെ ക്രൂരതയിൽ ഉരുളക്കിഴങ്ങു പാടത്തു മുറിവേറ്റുവീണ പെൺകുട്ടി അലറിക്കരയുന്നതു കണ്ടോ ?. വർഷങ്ങളായി ഒരു ജനതയിൽ അധിനിവേശം അടിച്ചേൽപ്പിക്കുവാൻ അവർ ശ്രമിക്കുന്നു . ജീവിക്കാനുള്ള അവകാശത്തിനായി അവസാന നിമിഷം വരെ യുക്രയിൻ ജനത പോരാടുന്നു .

 

 

നിങ്ങൾ ഗാസയിലെ പാലസ്റ്റീൻ ജനതയെ കണ്ടോ ?. ജനിച്ച തുണ്ടു ഭൂമിയിൽ നിന്നും വീണ്ടും ആട്ടിയോടിക്കപ്പെടുന്നു . ഇപ്പോൾ തീമഴപോൽ പൊഴിയുന്ന ഷെല്ലുകൾക്കിടയിലൂടെ ഒരിറ്റു ജലം തേടിയവർ പരക്കം പായുന്നു . റോക്കറ്റ് അക്രമത്തിൽ തകർന്ന ആസ്പത്രി കെട്ടിടമൂലയിൽ , മരുന്നില്ലാതെ , വെളിച്ചമില്ലാതെ , കാറ്റില്ലാതെ മുറിവേറ്റ മക്കൾ നിലവിളിക്കുന്നു .

രണ്ടാം ലോക മഹായുദ്ധ വിജയത്തിനു ശേഷം സഖ്യ കക്ഷികൾ ഇസ്രേയലിൽ താമസിച്ചിരുന്ന ജനതയെ പുറത്താക്കി യഹൂദർക്കൊരു രാജ്യം പതിച്ചു നൽകി . തങ്ങളുടെ ഭൂമിയിൽനിന്നു പുറത്താക്കപ്പെട്ടവർ വേദനയോടെ ഇടക്കിടെ പ്രതികരിക്കുമ്പോൾ ഇസ്രായേല്യർ ക്രൂരമായി കൊന്നൊടുക്കും . ഇപ്പോൾ മനുഷ്യർ എന്ന ചിന്ത പോലുമില്ലാതെ കീടങ്ങളെ പോലെ അവരെ കൈകാര്യം ചെയ്യുന്നു . ജീവനായി അവസാന അഭയം പ്രാപിച്ച ആശുപത്രിക്കു മീതെ ഇസ്രായേൽ ബോംബറുകൾ മുരളുകയാണ് .

റാഹേൽ ചോരയൊലിക്കുന്ന തന്റെ കുഞ്ഞിനെ ചേർത്തുപിടിച്ചു തേങ്ങുകയായിരുന്നു . പൊടുന്നനവെ ഒരു മിന്നൽ , കാതടപ്പിക്കുന്ന ശബ്‌ദം ; റാഹേൽ അനന്തതയിൽ അലിയുകയായി .

 

 

" നോക്കൂ , ഈ ലോകം എത്ര സുന്ദരം അല്ലേ ?"

എന്റെ കണ്ണുകളിൽ ഉറ്റു നോക്കി വൈകൃതത്തോടെ ചുണ്ടുകോട്ടി അയാൾ പറഞ്ഞു .

എന്തോ ഇപ്പോൾ അയാളോടുള്ള വെറുപ്പ് മാഞ്ഞു സ്‌നേഹം തോന്നുന്നു

" അല്ലാ , നിങ്ങൾ ആരാ ? എന്താ പേര് ? "

" ഒക്കെ വഴിയേ അറിയാം . ഇനി ഹിമവാന്റെ മടിത്തട്ടിൽ ഗോമുഖത്തു ശാന്തമായിരുന്നു ഋഷിവരന്മാർ അനുഭവിച്ച അലൗകികമായ അനുഭൂതിയിൽ നിറയാം . ദേവദാരുമരത്തിന്റെ ഇലകളിൽ മഞ്ഞു ശകലങ്ങളിലൂടെ സൂര്യനാമ്പുകൾ പിടയുന്നു . താഴെ ഗംഗോത്രിയിൽ ഭഗീരഥി വെളുത്ത നുര ചിതറി പാറകളിൽ തട്ടി തെളിനീരായി ഒഴുകുന്നു .

ജാതകയോലകളില്ലാതെ മണ്‍ക്കുടങ്ങളില്ലാതെ കർപ്പൂരദീപങ്ങളില്ലാതെ ഇനി നമ്മുക്കും ഒഴുകാം ."

ഋഷികേശും ഹരിദാറും പിന്നിട്ടപ്പോൾ തന്നെ തെളിനീർ മറഞ്ഞു . കാൺപൂർ , അലഹാബാദ് , ലക്‌നൗ പിന്നിട്ടപ്പോൾ വെള്ളത്തിന്റെ ഭാവം മാറി .

എണ്ണക്കറുപ്പാർന്ന ജലത്തിൽ മഞ്ഞ നുരകൾ മുള പൊട്ടി . ബദരിനാഥിൽ നിന്നും അളകാനന്ദയിൽ കൂടി ഒഴുകിയെത്തിയ ദർഭയും പുണ്യതീർത്ഥവും എവിടെയോ പോയിമറഞ്ഞു . അയോധ്യയിൽ പുതിയ മന്ദിരത്തിൽ പുതിയ ദൈവത്തെ കുടിയിരുത്തിയപ്പോൾ കുടിയിറക്കപ്പെട്ട പഴയ ദൈവത്തിന്റെ നിശ്വാസം സരയൂവിലൂടെ അലയടിച്ചെത്തി . ആഗ്രയിൽ ചാട്ടവാറടിയേറ്റ നടുവു കുനിച്ചു കൂറ്റൻ വേണ്ണങ്കല്ലു ചുമന്നു താജ്മഹൽ തീർത്തവന്റെ നിസ്സഹായത യമുനയിലൂടെ നുരയിട്ടു . വാരണാസിയിൽ എത്തിയപ്പോൾ ദ്രവിച്ച ജാതകയോലകളും കബന്ധങ്ങളും നിറഞ്ഞു തുടങ്ങി . പാറ്റ്നയും പിന്നിട്ടപ്പോൾ രാഷ്ട്ര പുരോഗതിക്കായി നിർമ്മിച്ച കൂറ്റൻ പ്രതിമകളെയോർത്തു നിർവൃതി പൂണ്ടു .

അവസാനം കൊൽക്കൊത്തയിൽ തളം കെട്ടിയ അഴുക്കിനു മീതെ പിടക്കുമ്പോൾ മാഷേ , നിങ്ങൾക്കു എന്നെ മനസ്സിലാവില്ല .

" ഞാൻ നീ തന്നെയാവുന്നു . നീ ഞാനും "

" അഹം ബ്രഹ്മാസ്മി . തത്ത്വമാസ്മി "

 

 

-------@------

 

 

Sent from my iPhone