"നിങ്ങൾക്ക് പേടിയില്ലേ?"
നിഷ്ക്കളങ്കമായ കുഞ്ഞു സ്വരം കേട്ട് തിരിഞ്ഞു നോക്കിയ രാക്കി അഴുക്കും കറയും കലർന്ന മുഷിഞ്ഞ ഷർട്ടിന്റെ കൈകൾ തെറുത്തുകയറ്റിക്കൊണ്ട് ഗൗരവത്തിൽ അവളെ നോക്കി... അല്പം മുൻപ് കത്തിയെരിഞ്ഞു തുടങ്ങിക്കാണും അവളുടെ അമ്മ, ഒരു തരം നിർവികാരതയോടെ പന്ത്രണ്ട് വയസ്സുകാരൻ ചേട്ടൻ ചെയ്യുന്നതൊക്കെ സസൂഷ്മം ശ്രദ്ധിച്ചു നിൽക്കുന്നത് കണ്ടിരുന്നു.
പത്തു വയസ്സ് പ്രായം ലൂസ്സായ ഫ്രോക്കിനുള്ളിൽ മെലിഞ്ഞുണങ്ങി നിൽക്കുന്നു.
"ഞാനെന്തിനാ പേടിക്കുന്നെ, നിന്റമ്മ എന്നെ ഒന്നും ചെയ്യില്ല."
താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു നിർത്തി...
"എന്റമ്മ ആരേം ഒന്നും ചെയ്യില്ല. എപ്പോഴും ഉറങ്ങും ഇടയ്ക്കു എണീറ്റ് കരയും..."
ചോദ്യം കേൾക്കും മുൻപേ മറുപടി കരുതിവച്ചപോലെ അവൾ പറഞ്ഞു നിർത്തി, കുഞ്ഞിമുഖം എന്തൊക്കയോ വികാരങ്ങൾ വറ്റിയ കണക്കെ തന്നെ നോക്കിനിൽക്കുന്നത് കണ്ടു.
"എന്താ നിന്റെ അമ്മേടെ അസുഖം?"
"അറിയാമ്മേലാ, അച്ഛനെ അറിയൂ... കുറേ നാളായിട്ട് അമ്മ ഞങ്ങളോട് മിണ്ടത്തില്ല, എന്നെ എടുക്കത്തില്ല ഉമ്മ വക്കത്തില്ല, മുടി കെട്ടിത്തരത്തില്ല."
അവളെ ശ്രദ്ധിച്ചുകൊണ്ട് കുടിക്കാൻ കൊണ്ടുവന്ന വെള്ളം നിറച്ച കുപ്പി കയ്യിലെടുത്തു.
അനുഭവങ്ങൾ വിധിയാക്കിയ ചെറു ജീവിതത്തിൽ ഇനി ആരുമൊരു ഉപദ്രവമാകില്ല എന്ന് മനസ്സിലാക്കി തന്ന ചുവരുകളിലേക്ക് നോക്കിനിന്നു.
മെച്ചങ്ങളൊന്നുമില്ലെങ്കിലും ആർക്കൊക്കയോ വേണ്ടി താനിതു ചെയ്യുന്നുന്നു. ആരുടെയൊക്കെയോ കണ്ണീരിൽ ഉപ്പ് കലർത്തുന്നു. വിങ്ങലുകൾ നിലവിളികളാക്കുന്നു. അതെ ജീവനില്ലാത്ത ശവങ്ങളെ എരിച്ചില്ലതാക്കുന്നു. മോക്ഷം...
വായിൽ കയ്ച്ച വാക്കുകൾ തുപ്പിക്കളയാതെ തരമില്ലെന്നായി....
"എന്താ നിന്റെ പേര്?"
"ശില്പാ..."
കരച്ചിലിന്റെ ശക്തിയിൽ ശോഷിച്ചുപോയ മുഖവും പൊക്കമുള്ള എല്ലുന്തിയ ശരീരവുമുള്ള മനുഷ്യൻ അങ്ങോട്ട് കടന്നു വന്നു. അവളുടെ കൈക്ക് പിടിച്ച് നടത്തിച്ചു കൊണ്ടുപോയി... പുകക്കുഴലിലൂടെ കറുത്ത പുക കട്ടി കട്ടിയായി പോകുന്നത് കണ്ടു, പെട്ടെന്ന് എരിഞ്ഞെന്ന് തോന്നുന്നു, കിടപ്പിലായവരല്ലേ എല്ലും മാത്രമേ കാണൂ...
കുട്ടിയേയും കൊണ്ട് പോയ അയാൾ ഒറ്റയ്ക്ക് തിരിച്ചു വന്നപ്പോൾ രാക്കി വിറക് നുറുക്കനായി കോടാലി എടുത്തു നിന്നിരുന്നു. ചുരുട്ടിപ്പിടിച്ച ഏതാനും നോട്ടുകൾ നീട്ടി, അപ്പോഴാണ് അയാളുടെ മുഖം കൂടുതൽ ശ്രദ്ധിച്ചത്... മെലിഞ്ഞുണങ്ങിയ പേക്കോലം... ജീവിതം കൊടുത്ത വലിയ താഡങ്ങൾ ഇറക്കിവച്ച ആശ്വാസം അയാളിൽ കാണുന്നുണ്ട്...
"ഇതുവച്ചോളൂ..."
വാങ്ങാൻ കൈ നീട്ടിയില്ലെങ്കിലും അയാൾ പിടിച്ചേല്പിച്ചു.
"നാളെ കഴിഞ്ഞ് വന്നാൽ മതിയല്ലോ അല്ലേ? "
"മതി... എന്തായിരുന്നു അസുഖം...?"
പെട്ടന്നുള്ള രാക്കിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ലെങ്കിലും തിരിഞ്ഞ് നിഷ്കളങ്കമായി നോക്കിനിൽക്കുന്ന ശില്പയെ നോക്കിക്കൊണ്ട് അയാളുടെ മറുപടി വന്നു.
"ക്യാൻസർ... ലാസ്റ്റ് സ്റ്റേജ്, അറിഞ്ഞപ്പോൾ ഒരുപാട് വൈകിപ്പോയി..."
ദൈവത്തിന്റെ നീതിന്യായതിൽ മനുഷ്യന് തീരുമാനങ്ങൾ എടുക്കാനാവില്ലെന്ന് വീണ്ടും വീണ്ടും തെളിയുന്നു. അകത്ത് വെണ്ണീറാവുന്നത് താനാണെന്ന് സ്വയം തോന്നിപ്പോയി... അവസാന നാളുകളിൽ അവർക്ക് തുണയായതിന്റെ ബാക്കിപത്രമായ എല്ലുന്തിയ പേക്കോലം മകളുടെ കൈപിടിച്ച് പുറത്തേക്ക് പോകുമ്പോൾ അവൾ തിരിഞ്ഞോന്ന് നോക്കി, കവിളുകളിൽ ഒരു ചിരി വിരിഞ്ഞോ എന്ന സംശയം ബാക്കി...
വിറക് വാശിയോടെ വെട്ടിക്കീറുമ്പോൾ മനസ്സിൽ ഒരായിരം ശവമഞ്ചങ്ങൾ തനിക്കു നേരെ വരുന്നതവർ കണ്ടു. എല്ലാത്തിലും തന്റെ മുഖമുള്ള സ്ത്രീ രൂപം ശാന്തമായി ഉറങ്ങുന്നു. അല്ല മരണം വരിച്ചു കിടക്കുന്നതാണ്... ഉണങ്ങിയ തൊണ്ടും രാമച്ചവും ചന്ദനത്തിരിയും വിറകും കത്തിയതിന്റെ മിശ്രിത ഗന്ധം കാറ്റിൽ കലർന്നു.
കാറ്റ് ഒറ്റത്തുള വീണ മൺകുടവുമായി പട്ടടയ്ക്ക് വലം വച്ചു. പടർന്നു പന്തലിച്ചു ഇലഞ്ഞിപൂമരം ചില്ലകൾ കൂട്ടിയിരുമ്മി കരച്ചിലടക്കി, ദുഃഖം പൂക്കളായി നിലത്തേക്ക് പൊഴിച്ചു. ആദിത്യൻ സ്വയം അഗ്നിയായി തന്റെ ദേഹത്തേക്ക് പടരുന്നു.
വേദന സഹിക്കാൻ കഴിയാതെ അലറിവിളിച്ചു. എണീക്കാൻ ശ്രമിച്ചു, ഓടിമാറാൻ കൊതിച്ചു. പക്ഷെ കത്തിയമരുന്ന വിറകിനുള്ളിൽ പെട്ടന്നു തന്നെ ശുഷ്‌കിച്ചു പോയ തന്റെ ശരീരം വെണ്ണീറാവാൻ തുടങ്ങി... ആയിരം നിലവിളികൾ, ഒപ്പം ആയിരം തലകൾ പുറത്തേക്ക് നോക്കി അലറി. രക്ഷ... രക്ഷപ്പെടണ്ടാ എനിക്കിനിയും രക്ഷപ്പെട്ട് പോകണ്ടാ...
വിറകിലേക്ക് പതിച്ച കോടാലി ഊരിത്തെറിച്ച് മണ്ണിൽ തറച്ചു. കിതപ്പ് ക്രമാതീതമായി, നിലത്തേക്ക് കുത്തിയിരുന്ന് ശ്വാസം ഉള്ളിലേക്ക് ആവാഹിച്ചു. പുകക്കുഴലിലൂടെ പുകയുടെ നേർത്ത പാട മാത്രമേ ഇപ്പോൾ കാണാനൊള്ളൂ, അവൾ അഗ്നിയിൽ ലയിച്ചു തീർന്നിരുന്നു. നിശ്വാസത്തോടെ മണ്ണിലേക്ക് ചാഞ്ഞിരുന്ന് രാക്കി ചിതറിക്കിടക്കുന്ന വിറകിലേക്ക് നോക്കി...
ദൂരെ അലമുറയിടുന്നതിന്റെയും ദുഃഖങ്ങൾ സഹിക്കുന്നതിന്റെയും വീർപ്പുമുട്ടലുകൾ നിറഞ്ഞ മരിച്ചു മരവിച്ച ശവശരീരത്തിന്റെ രോദനം കാതിൽ വീഴുന്നു. ചെവിപൊത്തി നിലത്തേക്ക് മുഖമമർത്തിയിരുന്നു. കണ്ണുകൾ ചാലിട്ടൊഴുകി മണ്ണിലേക്ക് ലയിച്ചു ചേർന്നു. ദൂരെ കറുത്ത പുക വാനിൽ അകന്നകന്നു പോയിരുന്നു.
🔴🔴
രണ്ടു ദിവസത്തിന് ശേഷമുള്ള പകൽ ശിൽപയുടെ കയ്യും പിടിച്ച് എല്ലുന്തിയ ശരീരവും വഹിച്ചു കടന്നു വന്ന മനുഷ്യൻ ശ്മശാനത്തിലെ അടഞ്ഞു കിടന്ന ഷട്ടറിലേക്ക് നോക്കിനിന്നു. കറുത്ത കട്ടി പുക ആകാശത്തേക്ക് തള്ളിവിടുന്നുണ്ട്... ഭൂതം പുകയെടുക്കുന്ന രംഗമാണ് അയാൾക്കപ്പോൾ തോന്നിയത്... ഭാര്യയുടെ പേരെഴുതിയ കടലാസ്സിന്ന് മുകളിൽ വച്ചിരുന്ന മൺകുടം ശ്രദ്ധയോടെ കയ്യിലെടുത്ത് ഒരുവേള അവർ വരുമെന്ന് പ്രതീക്ഷിച്ച് അവിടെ നിന്നു.
അച്ഛനൊപ്പം കുഞ്ഞി കണ്ണുകളും അവരെ അവിടെയാകെ അന്വേഷിച്ചു. എവിടെപ്പോയി...?
അകത്ത് അഗ്നിശയ്യയിൽ വെണ്ണീറായിക്കൊണ്ടിരുന്ന രാക്കിയുടെ ശരീരത്തിന്റെ അസ്ഥികൾ പെറുക്കാൻ ഇനിയൊരു ദാഹി ബാക്കിയില്ലാതെ അവിടെ എല്ലാം അവസാനിക്കുന്നു.
കാലം കരുതിവച്ചതും കാത്തിരിപ്പും വേദനയും സന്തോഷവും എല്ലാം ആളുന്ന അഗ്നിയിൽ ലയിച്ചു ചേരുന്നു. ശുദ്ധിയാകുന്നു ശാന്തി ലഭിക്കുന്നു.
ചില കാഴ്ചകൾ മറക്കാനുള്ളതാണ്, ചിലവ ഓർത്തുകൊണ്ടേയിരിക്കാനും, എന്നിരുന്നാലും മാഞ്ഞുപോകുന്ന ചുവർചിത്രം പോലെ അതങ്ങനെ ഇല്ലാതാകുന്നു.
ശരശിവ