അയ്യാളും ഞാനും എന്നും കണ്ടിരുന്നു. സംസാരിച്ചിരുന്നു. ഒരുമിച്ച് യാത്ര ചെയ്തിരുന്നു. ഒരുമിച്ചു കളിച്ചു നടന്നിരുന്നു. ബാല്യവും കൗമാരവും പിന്നിട്ടതും ഒരുമിച്ചായിരുന്നു. അതിനിടയിൽ എപ്പോഴോ എന്റെ മനസ്സിൽ അയ്യാളോട് പ്രണയത്തിന്റെ പുൽനാമ്പുകൾ മോട്ടിട്ടു തുടങ്ങിയിരുന്നു. അയ്യാളെ കാണാതെ മിണ്ടാതെ ഒന്നു പുഞ്ചിരിക്കാതെ എന്നിലെ ഒരു ദിവസം പോലും കടന്നുപോയില്ല. "എനിക്കു നിന്നോട് പ്രണയമാണ്" എന്നുപറയാൻ എന്റെ മനസ് വല്ലാതെ കൊതിച്ചു. ഞാൻ അതു പറഞ്ഞാൽ എപ്പോഴും കളിയാക്കുന്ന അയ്യാൾ അതും തമാശ ആയി എടുത്താലോ എന്നു ഞാൻ ഭയന്നു. ഒരുപക്ഷെ ഇപ്പോഴുള്ള ഈ സൗഹൃദം പോലും നിലച്ചാലോ. അതെനിക്ക് മാനസികമായി ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലോ എന്നൊക്കെയുള്ള ചിന്തകൾ എന്നെ എന്റെ ഇഷ്ടത്തെ മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ പ്രേരിപ്പിച്ചു... എന്റെ പൊട്ടമനസ്സിൽ തോന്നിയ ആ ഇഷ്ടത്തെ ആരുമറിയാതെ എന്നിൽ തന്നെ കുടിയിരുത്തി.. അയ്യാൽപോലും അറിയാതെ ഞാനെന്റെ മനസ്സിൽ അയ്യാളുമൊത്തുള്ള ജീവിതം വരെ സ്വപ്നം കണ്ടു. വർഷങ്ങൾ ഞങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ പാഞ്ഞു. കാലം എന്നിലും അയ്യാളിലും മാറ്റങ്ങൾ വരുത്തി. ജീവിതത്തോട് ഓടി ജയിക്കാനുള്ള പാച്ചിലിനിടയിൽ അയ്യാൾ എന്നെകുറിച്ച് അന്വേഷിക്കാൻ മറന്നു. ജീവിത തിരക്കുകൾക്കിടയിലും അയ്യാളെ പറ്റി ഞാൻ ഇടക്കൊക്കെ അന്വേഷിച്ചിരുന്നു. അയ്യാൾ ജോലി നേടിയതും കുടുംബത്തെ നല്ല നിലയിലേക്ക് ഉയർത്തിയതും വിവാഹിതനായതും എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. കൂടി കാഴ്ചകൾക്ക് കിട്ടിയ അവസരങ്ങളൊക്കെ ഞാൻ മനഃപൂർവം ഒഴിവാക്കി. അയ്യാൾ സന്തോഷവാനായിരിക്കാൻ ഞാനും ആഗ്രഹിച്ചു.
വർഷങ്ങൾക്കിപ്പുറം അവിചാരിതമായി അയ്യാൾ എന്നെ കണ്ടു. അയ്യാൾ അതീവ സന്തോഷവാനായിരിക്കുന്നു. ഈ ഞാനോ? ജീവിതത്തോട് മല്ലിട്ട് തോറ്റ് സ്വയം എല്ലാത്തിൽ നിന്നും ഭീരുവിനെ പോലെ ഒളിച്ചോടാൻ തുടങ്ങിയിരിക്കുന്നു. ദുഃഖം എന്നെ കാർന്നു തിന്നുന്നുണ്ടായിരുന്നു. ഒറ്റപ്പെടലിന്റെ തീ ചൂളയിൽ ഞാൻ ഉരുകുന്നുണ്ടായിരുന്നു. അയ്യാൾ പെട്ടെന്ന് തന്നെ എന്നിലെ ആ മാറ്റങ്ങൾ തിരിച്ചറിഞ്ഞു. പണ്ട് വായാടി എന്നു അയ്യാൾ ഉൾപ്പെടെ പലരും വിളിച്ചു കളിയാക്കിയിരുന്ന ഞാൻ അയാളോട് സംസാരിക്കാൻ വാക്കുകൾ പരതുന്നുണ്ടായിരുന്നു. അത്രമേൽ മൗനം എന്നെ കീഴ്പ്പെടുത്തി. പിന്നെയും അയ്യാൾ എന്നിലേക്ക് പഴേ സൗഹൃദത്തിന്റെ ഇടനാഴികൾ തുറന്നു തന്നു. എന്നെ മാറ്റിയെടുക്കാൻ ശ്രമിച്ചു. നമുക്കിടയിലൂടെ കടന്നുപോയ ബാല്യവും കൗമാരവും അയ്യാൾ എന്റെ ഓർമകളിലേക്ക് കൊണ്ട് വന്നു. പരസ്പരം അറിയാതെ കടന്നു പോയ 14 വർഷങ്ങളെ കുറിച്ച് അയ്യാൾ വാചാലനായി. അതിനിടയിൽ നേരിട്ട സന്തോഷങ്ങളും വേദനകളും നേട്ടങ്ങളും എന്നോട് പറയുമ്പോൾ എനിക്കു നഷ്ടമായ ആ പഴേ ബാല്യകാല സുഹൃത്തിനെ തിരികെ കിട്ടിയതായി തോന്നി. എന്റെ ജീവിതത്തെ കുറിച് അയ്യാൾ ചോദിച്ചപ്പോൾ ഞാൻ മൗനം പാലിച്ചു. കാരണം എല്ലാം എന്നിൽ അടഞ്ഞ അധ്യായങ്ങൾ ആയിരുന്നു. പിന്നീട് അതിനെ പറ്റി അയ്യാൾ ചോദിച്ചിട്ടില്ല. ഞാൻ പറയാതെ തന്നെ അയ്യാൾ അറിഞ്ഞിട്ടുണ്ടാവണം. പിന്നീടുള്ള ലീവുകളിളെല്ലാം അയ്യാൾ എന്നെ കാണാൻ വന്നു തുടങ്ങി. പതിയെ എന്നിലും മാറ്റങ്ങൾ വന്നു തുടങ്ങി... ഞാൻ ദുഖത്തിന്റെയും നിരാശയുടെയും ഭാണ്ടങ്ങൾ എവിടെയോ വെച്ചു മറന്നു. ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും എല്ലാവരിലേക്കും ഇറങ്ങി ചെല്ലാനും അയ്യാൾ എനിക്കു പ്രചോദനം നൽകി. എവിടെ വെച്ചോ നഷ്ടമായ എന്നെ എനിക്കു തന്നെ തിരികെ കിട്ടി. എന്നിട്ടും അയ്യാളോട് പണ്ട് പറയാൻ മറന്ന ഇഷ്ടത്തെ കുറിച് ഒരു തമാശ രൂപേണ പോലും ഒന്നും പറഞ്ഞില്ല. അതൊരു തെറ്റായി എനിക്കു തോന്നി.
പലപ്പോഴും എന്റെ വഴികാട്ടിയും മാർഗ്ഗ ദർശിയുമായി അയ്യാൾ മാറി. ഞാൻ അറിയാതെ എന്റെ പല ഇഷ്ടങ്ങളും നടത്തിത്തന്നു. ഞാൻ അത്ഭുതപെട്ടിട്ടുണ്ട് എങ്ങിനെയാണ് ഞാൻ പറയാതെ എന്റെ ആഗ്രഹങ്ങളെ ഇത്ര കൃത്യമായി അയ്യാൾ തിരിച്ചറിയുന്നത്? എന്റെ മനസ് വായിച്ചെടുക്കാൻ അയ്യാൾക് എങ്ങിനെയാണ് കഴിയുന്നത്? ഒരു ഉത്തരമില്ലാത്ത പല സന്ദർഭങ്ങളിലും അയ്യാൾ നല്ല നിർദ്ദേശകനായി കൂടെ നിന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. വർഷങ്ങൾ പിന്നെയും നമുക്കിടയിലൂടെ ഇഴഞ്ഞു നീങ്ങി. അതു നമ്മുടെ സൗഹൃദത്തെ കൂടുതൽ ദൃഢമാക്കിയതേ ഉള്ളൂ. പതിയെ അയ്യാൾ എന്നിൽ ആഴത്തിൽ സ്വാധീനിക്കാൻ തുടങ്ങി. മിക്കപ്പോഴും എന്റെ ദിനം തുടങ്ങുന്നതും ഒടുങ്ങുന്നതും അയ്യാളുടെ മെസ്സേജുകളിലൂടെ ആയി.
മിനിറ്റുകൾ കൊണ്ട് അവസാനിച്ചിരുന്ന നമുക്കിടയിലെ സംഭാഷണം മണിക്കൂറുകളിലേക്ക് കടന്നപ്പോൾ അയ്യാൾ ഒരിക്കെ എന്നോട് പറഞ്ഞു "അന്നു നിന്നോട് തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഇന്നു നീ ജീവിതത്തിൽ തനിച്ചാകില്ലായിരുന്നു." ഞാൻ ഒന്നും പറയാനാകാതെ വിറങ്ങലിച്ചു നിൽക്കേ മറ്റൊന്നും പറയാതെ അയ്യാൾ ഫോൺ വെച്ചു. അതൊരു തമാശ ആയിട്ടാണോ പറഞ്ഞതെന്ന് എനിക്കിന്നും വ്യക്തമല്ല. പിന്നീട് ഞാൻ അതിനെ പറ്റി ചോദിച്ചതുമില്ല. ചോദിക്കാനുള്ള ധൈര്യം ഇല്ലാതിരുന്നു എന്നു പറയുന്നതാവും ശെരി. പിന്നെയും പല ആവർത്തി അയ്യാൾ എന്നെയും ഞാൻ അയ്യാളെയും വിളിച്ചു. പരസ്പരം കണ്ടു. എന്നിട്ടും ഞാൻ അന്വേഷിച്ചില്ല ശെരിക്കും എന്നെ അയ്യാൾ സ്നേഹിച്ചിരുന്നോ എന്ന്. എനിക്കത് അറിഞ്ഞിട്ട് ഒന്നും നേടാനില്ല എന്നതായിരുന്നു സത്യം. പലപ്പോഴും സുധീർഘമായ സംഭാഷണം നമ്മിൽ അവസാനിക്കുമ്പോൾ അയ്യാൾ നമ്മുടെ ബാല്യത്തിലേക്ക് തിരികെ പോകാൻ കൊതിക്കുന്നു എന്ന് പറയും. കുറെ തിരുത്തലുകൾ ജീവിതത്തിൽ വരുത്തേണ്ടിയിരുന്നു എന്നയാൾ പറഞ്ഞപ്പോൾ ഞാനും അതിനെ പറ്റി ചിന്ദിക്കാതിരുന്നില്ല. മിക്കപ്പോഴും ഒരു ദീർഘ നിശ്വാസത്തോടെ അയ്യാളെ കേട്ടിരിക്കാനെ എനിക്കയുള്ളൂ.
ഓരോ തവണയും അയ്യാൾ എന്നെ കണ്ട് യാത്ര പറഞ്ഞു തിരികെ നടക്കുമ്പോഴൊക്കെയും എന്റെ മനസ് മന്ത്രിക്കുന്നുണ്ടാരുന്നു "നിന്നെ ഞാനും അത്രമേൽ സ്നേഹിച്ചിരുന്നു......