"അതിനു നിനക്ക് കഴിയുമോ..." ശ്രീക്കുട്ടി ഒരു സംശയത്തോടെ ചാരുവിനോട് ചോദിച്ചു
"തീർച്ചയായും.."
"എന്തിനാ നീ ഇങ്ങിനെ ഒരു തീരുമാനം.. ഇതിലൂടെ നീ ആ സുബിയേയും പറ്റിക്കുകയാണ് എന്ന് തോന്നുന്നില്ലെ..."
ശ്രീക്കുട്ടി പറഞ്ഞത് കേട്ടതും ചാരു അവളെ നോക്കി
"നീ പറഞ്ഞത് ശെരിയാ പക്ഷെ എനിക്ക് വേറെ വഴിയില്ല... നീ കേട്ടതല്ലേ ആസിഫിക്ക പറഞ്ഞത്... ആൾക്ക് എന്നോട് എത്രമാത്രം ഇഷ്ടം തോന്നുണ്ടോ അതിനേക്കാൾ കൂടുതൽ എനിക്കും ഉണ്ട്.. അദ്ദേഹത്തെ എനിക്ക് മറക്കാൻ കഴിയില്ല തിരിച്ചു ആളു എന്നെ മറക്കുന്നത് പോലെ ചെയ്യണം അല്ലാതെ വേറെ വഴിയില്ല... ഇത് ഞാൻ കടയിൽ നിന്നും ഇറങ്ങിയാലോ മരിച്ചാലോ ഒന്നും തീരില്ല... അപ്പോ പിന്നെ എനിക്ക് ഇത് മാത്രമേ വഴിയുള്ളു...."
"എന്തെങ്കിലും ചെയ്യ്.."
"എനിക്ക് എന്റെ ഇക്ക സന്തോഷത്തോടെ ജീവിക്കണം... അത്രയേ ഉള്ളു.. എനിക്ക് വേണ്ടി ഒരിക്കലും അദ്ദേഹം കഷ്ടപ്പെടരുത്.. ഇപ്പോൾ ഉള്ളതുപോലെ ഉള്ള സുഖസന്തോഷത്തോടെ അദ്ദേഹം തുടർന്നും ജീവിക്കണം എങ്കിൽ ഞാൻ ഇനിയും ആളുടെ ലൈഫിൽ ഒരു പ്രശ്നമറക്കരുത് അതിനായി ഞാൻ എന്തു ചെയ്യും... കാരണം I LOVE YOU..." അവൾ മനസ്സിൽ ഓർത്തുകൊണ്ട് വിതുമ്പി...
ഓരോരുത്തരും അവരവരുടെ ജോലിയിൽ മുങ്ങി...ശ്രീക്കുട്ടി പതിയെ ചാരുവിന്റെ കണ്ണുവെട്ടിച്ചുകൊണ്ട് ആസിഫിന്റെ അരികിൽ പോയി...
"ഇക്ക..."
"ആ...എന്താ... ശ്രീക്കുട്ടി"
"ഇക്ക അവൾ ഇന്ന് ആ സുബിൻ ഇക്കാക്ക് ഓർമയിലെ ഗോഡൗണിൽ വെച്ചു അവളെ പ്രൊപ്പോസ് ചെയ്ത ആ ചെക്കനെ..
"മം..."
"അവൻ ഇന്നാണ് അവളെ കാണാൻ വരും എന്ന് പറഞ്ഞ ആ ദിവസം... അവൾ അവനോടു ഇഷ്ടമാണ് എന്ന് പറയാൻ തീരുമാനിച്ചു..."
"നീ എന്താ പറയുന്നത്.. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്കു എന്നെ മനസിലായില്ലെ ശ്രീക്കുട്ടി.."
"എനിക്കറിയില്ല ഇക്ക ഒന്നും... പക്ഷെ അവൾ ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ... മാറില്ല എന്ന നിലയിൽ ആണ്.. ഞാൻ പലതും പറഞ്ഞു നോക്കി പക്ഷെ അവളുടെ തീരുമാനത്തിൽ മാറ്റമില്ല..."
ശ്രീക്കുട്ടി പറഞ്ഞതിന് ഒരു മറുപടിയും പറയാതെ ആസിഫ് തകർന്നു നിന്നു...അവൻ ആകെ തകർന്ന മനസോടെ വീട്ടിലേക്കു യാത്രയായി..
"എനിക്ക് എന്താ ഇങ്ങിനെ വേദനിക്കുന്നത്... പ്രണയത്തിനു കണ്ണില്ല അതുപോലെ പ്രണയത്തിനു ദിവസങ്ങളും ഇല്ല.. എത്ര പെട്ടന്നാ എന്റെ മനസ്സ് ചാരുവിന്റെ സ്നേഹത്തിനായി വിതുമ്പുന്നത്... എനിക്ക് അവളെക്കാൾ വലുതായി ഒന്നും തോന്നുന്നില്ലല്ലോ... എന്റെ അല്ലാഹ് ഞാൻ എന്തു ചെയ്യും ഇനിയും എന്റെ സ്നേഹം ഞാൻ എങ്ങനെ അവൾക്കു കാണിച്ചു കൊടുക്കും... "ആസിഫ് ഓരോന്നും ആലോചിച്ചു പോകുന്ന സമയം മുന്നിൽ ഉള്ള കുഴി ശ്രെദ്ധിക്കാതെ ബൈക്കിൽ നിന്നും താഴെ വീണു...ആ സമയം അവിടെ ഉണ്ടായിരുന്നവർ എല്ലാം അവന്റെ അടുത്തേക്ക് ഓടി വന്നു...
"അയ്യോ... ദൈവമേ..ബൈക്ക് എടുക്കു... കൂട്ടത്തിൽ ഒരാൾ അലറി..."
രണ്ടു മൂന്ന് പേര് ചേർന്നു ബൈക്ക് എടുത്തു നിർത്തി... എന്നിട്ടു ബൈക്കിന്റെ താഴെ കിടന്ന ആസിഫിനേയും എഴുനേൽപ്പിച്ചു..
"എന്തെങ്കിലും പറ്റിയോ..." ചുറ്റും ഉണ്ടായിരുന്നവർ ചോദിച്ചു
"ഏയ്യ് ഇല്ല..ഒന്നുമില്ല.." ആസിഫ് പറഞ്ഞു
" ഒന്നും പ്രേശ്നമില്ലലോ... " ചുറ്റും ഉള്ളവർ വീണ്ടും സംശയത്തോടെ ചോദിച്ചു
"ഏയ്യ്... ഇല്ല ചേട്ടാ.. താങ്ക്സ്.." ആസിഫ് എല്ലാവരോടും നന്ദി പറഞ്ഞ ശേഷം അവിടെ നിന്നും പോയി...
ആസിഫ് വീട്ടിൽ വന്നതും തേഹത്ത് ഉള്ള ചെളി കണ്ടതും.. അവന്റെ ഉമ്മ ഭയന്നു...
"എന്താ.. മോനെ.. എന്തു പറ്റി.."
"ഒന്നുമില്ല ഉമ്മ ജസ്റ്റ് വണ്ടിയിൽ നിന്നും ഒന്ന് വീണു..."
"ന്റെ റബ്ബേ.."
"ഏയ്യ് ഇങ്ങള് പേടിക്കണ്ട... ക്ക് ഒന്നുമില്ല... ഞാൻ കുളിച്ചിട്ടു വരാം... എനിക്ക് കഴിക്കാൻ ഉള്ളത് എന്തെങ്കിലും എടുത്തു വെയ്ക്കു..."
"ശെരി.."
ഉമ്മ അവനുള്ള ഭക്ഷണം എടുത്തു ടേബിളിൽ വെച്ചു...അവൻ അപ്പോഴേക്കും കുളിക്കാൻ പോയി... ഷവറിലെ വെള്ളം അവന്റെ മേൽ വീഴുന്ന സമയം അവന്റെ കൈയിലും വയറിന്റെ ഭാഗത്തായി ഉണ്ടായ മുറിവ് ചുട്ടു നീറി.. പക്ഷെ അതിനേക്കാളും നീറ്റൽ അവന്റെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്നു...
ആസിഫ് കുളി കഴിഞ്ഞു വന്നതിനു ശേഷം ഭക്ഷണം കഴിക്കാൻ വന്നിരുന്നു... നല്ല വിശപ്പ് ഉണ്ടായിട്ടും അവനു ഇഷ്ടമുള്ള ഭക്ഷണം ഉമ്മ വിളമ്പി വെച്ചിട്ടും എന്തോ അവനു അത് ഒന്നും തന്നെ തൊണ്ടയിൽ ഇറങ്ങിയില്ല.. അവനു വല്ലാതെ വിഷമിക്കുന്നത് പോലെ... ആസിഫ് കുറച്ചു ഭക്ഷണം മാത്രം കഴിച്ച ശേഷം അവിടെ നിന്നും എഴുന്നേറ്റു...
"ടാ.. എന്തെ അനക്ക് മതിയായോ..." ഉമ്മ ചോദിച്ചു
"മതി ഉമ്മ ഞാൻ കുറച്ചു കഴിഞ്ഞിട്ട് വന്നു കഴിച്ചോളാം..."
ഉച്ചയായതും അക്‌ബറും ഭക്ഷണം കഴിക്കാൻ വന്നു..അപ്പോൾ കടയിലേക്ക് ഉമ്മർ പോയിരുന്നു..
"ടാ.. ഇജ്ജ് കടയിൽ വരുന്നിലെ..." ഭക്ഷണം കഴിച്ചു കടയിൽ പോകുന്ന സമയം അക്‌ബർ ആസിഫിനോട് ചോദിച്ചു..
"ഇല്ല.. എനിക്ക് ചെറിയൊരു പനി.."
"ഹോസ്പിറ്റലിൽ പോകണോ.."
"അതിന്റെ ആവശ്യമില്ല.."
"മം.."
അക്‌ബർ കടയിൽ വന്ന ശേഷം.. ഉമ്മർ വീട്ടിലേക്കും പോയി..
അന്ന് വൈകുന്നേരം വരെ ചാരു ആസിഫിനെ കണ്ടില്ല... അവനെ കാണാതെ അവൾ ആകെ തകർന്നു...അവളുടെ മനസ്സ് അവനെ കാണാൻ വിതുമ്പി.. വൈകുന്നേരസമയം ആയതും ചാരുവും ശ്രീക്കുട്ടിയും കടയിൽ നിന്നും ഇറങ്ങി...
" ടാ... നീ കാര്യമായിട്ട് സുബിനെ കാണാൻ തീരുമാനിച്ചോ... അവനോടു ഇഷ്ടം ആണെന്നു പറയുമോ.."
"ഉം.. അത് ഞാൻ തീരുമാനിച്ചതാ.."
"എന്തെങ്കിലും ചെയ്യ്..." ശ്രീക്കുട്ടി ദേഷ്യത്തിൽ പറഞ്ഞു
അവർ ബസ്സ്റ്റാന്റിൽ എത്തിയതും സുബിൻ അവർക്കായി അവിടെ തന്നെ നിൽപുണ്ടായിരുന്നു...സുബിനെ കണ്ടതും ചാരു അവന്റെ അരികിലേക്ക് നടന്നു..അപ്പോഴെക്കും ശ്രീക്കുട്ടി അവളുടെ കൈയിൽ പിടിച്ചു..
"ഒന്നൂടെ ആലോചിച്ചുനോക്ക്... നീ ഇപ്പോഴും ആസിഫ്ക്കയെ ഒരുപാട് സ്നേഹിക്കുന്നില്ലെ... അപ്പോ പിന്നെ ഇത് നിനക്ക് തെറ്റായി തോന്നുന്നില്ലെ..."
"ആ ഉണ്ട് അദ്ദേഹത്തെ ഞാൻ വളരെയധികം സ്നേഹിക്കുന്നു... അതുകൊണ്ടാ ഈ തീരുമാനത്തിൽ എത്തിയതും.."
കൂടുതൽ ഒന്നും ശ്രീക്കുട്ടി സംസാരിക്കാൻ നിന്നില്ല... ചാരു പുഞ്ചിരിയോടെ സുബിന്റെ അരികിൽ ചെന്നു... അവന്റെ അരികിൽ ചെന്ന ശേഷം എങ്ങനെ തുടങ്ങും എന്നറിയാതെ അവൾ അവനെ നോക്കി പരിഭ്രമത്തോടെ നിന്നു
"എങ്ങനെ പറയും എന്ന ചിന്തയിൽ ആണോ..നീ പറയാതെ തന്നെ എനിക്ക് കാര്യം മനസിലായി.."
"എന്തു മനസിലായി..." ഒരു ഞെട്ടലോടെ ചാരു ചോദിച്ചു
" തനിക്കും എന്നെ ഇഷ്ടമാണ് എന്ന്.. "
സുബിൻ അങ്ങനെ പറഞ്ഞതും ചാരു സുബിനെ നോക്കി.. അവന്റെ മുഖത്തുള്ള ആ സന്തോഷം കണ്ടതും ചാരുവിന് വല്ലാതെ സങ്കടവും കുറ്റബോധം തോന്നി...
"ഇല്ല ഈ പാവത്തിനെ പറ്റിക്കണ്ട..സത്യം പറയാം... എന്റെ സ്വാർത്ഥതക്കു വേണ്ടി ഈ പാവത്തിനെ ഞാൻ ഭലിയാകുന്നത് ശെരിയല്ല..."ചാരു മനസ്സിൽ വിചാരിച്ചു
" ഞാൻ അത് പിന്നെ എനിക്ക്... എന്നോട് ക്ഷമിക്കണം എനിക്ക് നിങ്ങളോട് ഇഷ്ടം തോന്നുന്നില്ല.. അതായത് ഇഷ്ടമല്ല എന്നല്ല... ഒരു ഫ്രണ്ട് ആയി മാത്രമാണ് എനിക്ക്..."
"മതി..താൻ ഇനി ഒന്നും പറയണ്ട.."
"എന്നോട് ഒന്നും തോന്നരുത്.. "
"എന്തിനു ഡോ... താൻ വിചാരിച്ച പോലെ നീ എന്നും എനിക്ക് നല്ല ഫ്രണ്ട് തന്നെയാകും.. പിന്നെ ദേ ഇതാണ് എന്റെ നമ്പർ.. ഒരു നല്ല ഫ്രണ്ട് ആയി എന്നും ഞാൻ തന്റെ കൂടെ ഉണ്ടാകും..തന്നോട് ദേഷ്യമോ, അലെങ്കിൽ ഇതിനായി നിന്നെ പകരം വീട്ടുകയോ ഒന്നും ചെയ്യില്ല..." സുബിൻ ചിരിച്ചുകൊണ്ട് പറഞ്ഞു
" നിങ്ങൾക്ക് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടും..."
"കിട്ടട്ടെ... നിന്നെ എന്തായാലും എന്റെ കല്യാണത്തിന് വിളിക്കും ട്ടാ..അപ്പോ ശെരി.. കാണാം... എന്തു ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മറക്കണ്ട..." സുബിൻ അതും പറഞ്ഞുകൊണ്ട് പുഞ്ചിരിയോട് അവന്റെ ബൈക്കിൽ കയറി...
ബൈക്കിൽ പോകുന്ന സമയം അവന്റെ മിഴികൾ നിറഞ്ഞു... അവന്റെ കണ്ണുനീർ കാറ്റിൽ ഒഴുകി... ചുണ്ടിൽ ഒരു കൃത്രിമ പുഞ്ചിരി വരുത്തിയ ശേഷം അവൻ വീട്ടിലേക്കു വേഗത്തിൽ പോയി...
ശ്രീക്കുട്ടി ചാരുവിനെ കെട്ടിപിടിച്ചു...
"എനിക്കറിയാം നിനക്ക് സുബിനോട് ഇഷ്ടമാണ് എന്ന് പറയാൻ കഴിയില്ല..."
ഇരുവരും പുഞ്ചിരിയോടെ നിൽക്കുന്ന സമയം അങ്ങോട്ട് അവരുടെ ബസ്സ് വന്നു..എന്നാൽ ഇതേ സമയം ആസിഫ് ആകെ ടെൻഷനിൽ ആയിരുന്നു...
"അവൾ ആ സുബിനോട് ഇഷ്ടം എന്ന് പറഞ്ഞു കാണുമോ... എന്റെ സ്നേഹം അവൾക്കു മനസിലാകില്ലെ... ഇനി എനിക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ...." ആസിഫ് ഓരോന്നും ആലോചിച്ചുകൊണ്ട് അവന്റെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...
അന്ന് രാത്രി ചാരു വളരെ സന്തോഷത്തോടെ കിടന്നു... എന്തു വന്നാലും ശെരി... നാളെ ഞാൻ അദ്ദേഹത്തോട് എന്റെ സ്നേഹം പറയും.. ചാരു മനസിൽ ഓരോന്നും ആലോചിച്ചു നാളെയുടെ സൂര്യ വെളിച്ചത്തെയും പ്രതീക്ഷിച്ചുകൊണ്ട് മനസ്സിൽ കെട്ടി തുടങ്ങിയ പ്രണയ കൊട്ടാരത്തിൽ കിടന്നു..
പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ എഴുന്നേൽക്കുകയും അതീവ സുന്ദരിയായി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന സമയം
"മം... എന്തു പറ്റി ഇന്ന് അമ്മയുടെ മോളു ചുന്ദരിയായിട്ടുണ്ടല്ലോ..."കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന ചാരുവിനോട് അമ്മ ചോദിച്ചു..
"അപ്പോ അല്ലെങ്കിൽ അമ്മയുടെ മോൾ ചുന്ദരിയല്ലേ..അവൾ അമ്മയുടെ അരികിൽ വന്നു കെട്ടിപിടിച്ചുകൊണ്ട് ഒരു മുത്തം നൽകി ചോദിച്ചു..."
"മോളു വാ.. അമ്മ നിനക്ക് ഇഷ്ടമുള്ള ദോശയും തക്കാളി ചട്ണിയും ഉണ്ടാക്കിയിട്ടുണ്ട്..." അമ്മ പറഞ്ഞു
ചാരു പെട്ടന്ന് തന്നെ വളരെ വേഗത്തിൽ ഒരു ദോശയും ചട്ണിയും കഴിച്ചുകൊണ്ട് വീട്ടിൽ നിന്നും വളരെ സന്തോഷത്തോടെ ബസ്സ്റ്റോപ്പിലേക്ക് നടന്നു..
ബസ്സിൽ ശ്രീക്കുട്ടി ചാരുവിനെ കണ്ടതും ഞെട്ടി...
"ഏയ്യ്... ആരിത് ഇന്ന് എന്താ നിനക്കൊരു പ്രത്യേകത.."
" അത് പിന്നെ ഇത്തിരി മേക്കപ്പ് കൂടുതലാ..." ചാരു ഒരു ചിരി പാസാക്കി പറഞ്ഞു
"മം അത് മനസിലായി... എന്താണ് കാര്യം..."
"ഞാൻ ഇന്ന് അദ്ദേഹത്തോട് എന്റെ ഇഷ്ടം പറയും..."
"അടിപൊളി... അപ്പോൾ ചിലവുണ്ട്.."
"തീർച്ചയായും..."
വളരെ സന്തോഷത്തോടെ ചാരുവും ശ്രീക്കുട്ടിയും കടയിൽ പോയി... എന്നാൽ അന്ന് മുഴുവനും ആസിഫ് കടയിലേക്ക് വന്നില്ല...ചാരുവിന്റെ മനസ്സും കണ്ണുകളും ഒരുപോലെ അവനെ തിരഞ്ഞു...ഉച്ചയായതും ശ്രീക്കുട്ടി ചാരുവിനെ ഭക്ഷണം കഴിക്കാൻ വിളിച്ചു... എന്നാൽ അവൾ ഒഴിഞ്ഞുമാറി... അന്ന് വളരെ സങ്കടത്തോടെ ചാരു കടയിൽ നിന്നും ബസ്സ്റ്റാന്റിലേക്ക് നടക്കുന്ന സമയം
"ടാ.. നീ വിഷമിക്കണ്ട... ചിലപ്പോ ആൾ വേറെ എങ്ങോട്ടേങ്കിലും പോയി കാണും... നാളെ വരുമല്ലോ നമ്മുക്ക് അപ്പോൾ പറയാം ട്ടാ.. "ശ്രീക്കുട്ടി ചാരുവിനെ സമാധാനിപ്പിച്ചു
ചാരുവിന് സങ്കടം ഉണ്ടെങ്കിലും നാളെ പറയാം നാളെ കാണാം എന്ന് സ്വയം പറഞ്ഞുകൊണ്ട് സന്തോഷിക്കാൻ ശ്രെമിച്ചു..
എന്നാൽ പിറ്റേന്നും ആസിഫ് കടയിൽ വന്നില്ല... അന്ന് ശ്രീക്കുട്ടി പലതും പറഞ്ഞു എങ്കിലും ചാരുവിന് സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല... അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞു..
അന്ന് വൈകുന്നേരം.. ബസ് സ്റ്റാൻഡിലേക്ക് പോകുന്ന സമയം..
"സത്യത്തിൽ ആളു ഇനി തിരിച്ചുപോയോ... അതോ ഇനി കടയിലേക്ക് വരില്ലെ... എന്തായിരിക്കും...നീ സുബിയോട് ഇഷ്ടം ആണെന്നു പറയും എന്ന് ഞാൻ ഇക്കയോട് അന്ന് പറഞ്ഞിരുന്നു അതുകൊണ്ടാകുമോ..."ശ്രീക്കുട്ടി പറഞ്ഞു
"നീ എന്തു പണിയാ ശ്രീക്കുട്ടി കാണിച്ചത്... ദൈവമേ...എനിക്ക് അദ്ദേഹത്തെ കാണാൻ തോന്നുന്നു.. മനസ്സിൽ ഉള്ളതു പറയാൻ തോന്നു..."
"സോറി ടാ...അതിനു ഒരു വഴി മാത്രം.."
"എന്തു വഴി.."ചാരു അതിശയത്തോടെ ചോദിച്ചു
"ആളുടെ വീട്ടിലേക്കു പോകണം..
"
"നടന്നത് തന്നെ... നടക്കുന്ന കാര്യം വല്ലതും പറ ശ്രീക്കുട്ടി നീ..."
" നടക്കും.. വിശ്വാസം കളയാതെ നില്ക്കു... എന്തെങ്കിലും ഒരു വഴി തെളിയും... "
"നടന്നത് തന്നെ..അദ്ദേഹതെ ഒരു നോക്കു ഒന്ന് കണ്ടാൽ മതി ദൈവമേ....ചാരു മനസ്സിൽ ഓർത്തു..."
പിറ്റേന്ന് രാവിലേ അക്‌ബർ കട തുറന്ന സമയം ചാരുവും ശ്രീകുട്ടിയും ആണ് ആദ്യം കടയിൽ വന്നത്...
"ശ്രീക്കുട്ടി... "അക്‌ബർ വിളിച്ചു
"എന്താ.. ഇക്ക.."
"നീയും നിന്റെ കൂട്ടുകാരിയും ഇന്ന് ഷോപ്പിൽ വർക്ക് ചെയ്യണ്ട.."
"പിന്നെ.." ശ്രീക്കുട്ടി സംശയത്തോടെ ചോദിച്ചു
"അറിയാമല്ലോ... ന്റെ ബീവി പ്രസവത്തിനായി ഓളുടെ വീട്ടിലേക്കു പോയി.. അശോകേട്ടനും കുടുംബവും അവരുടെ ചേട്ടന്റെ മകന്റെ കല്യാണത്തിന് പോയി.. ഇനി രണ്ടു ദിവസം കഴിഞ്ഞേ വരൂ... അവർ വരുന്നത് വരെ നിങ്ങൾ രണ്ടു ദിവസം ഉമ്മയുടെ കൂടെ വീട്ടിലെ ജോലിക്ക് ഒന്ന് സഹായിക്കുമോ... നിങ്ങള്ക്ക് പറ്റിയില്ല എങ്കിൽ വേണ്ട...."
" ഞങ്ങൾ പോയേക്കാം.. വല്യക്ക... " ശ്രീക്കുട്ടി വളരെ സന്തോഷത്തോടെ പറഞ്ഞു
"മം... വീട്ടിൽ ജോലിക്ക് പോയാൽ ഉമ്മ എന്തെങ്കിലും തരും.. അഥവാ തന്നില്ല എങ്കിൽ ഞാൻ വൈകുന്നേരം വരുമ്പോൾ തരാം..." അക്‌ബർ പറഞ്ഞു
"അതിന്റെ ആവശ്യം ഇല്ല വല്യക്ക..."ശ്രീക്കുട്ടി അതീവ സന്തോഷത്തോടെ പറഞ്ഞു
ശ്രീക്കുട്ടി വളരെ സന്തോഷത്തോടെ മുകളിലേക്കു നടന്നു..
"എന്തിനാ വല്യക്ക വിളിച്ചത്..." ചാരു ശ്രീക്കുട്ടിയോടെ ചോദിച്ചു
"അതോ.. ഏയ്യ് ഒന്നുമില്ല..."
"മം.."
"ടാ ഒരു ഗുഡ് ന്യൂസ് നീയും ഞാനും ഇപ്പോൾ തന്നെ വല്യക്കയുടെ വീട്ടിലേക്കു പോകണം..."
"എങ്ങനെ... എന്തിനു.."
"അതോ.. വീട്ടിൽ ആരുമില്ല പോലും ഉമ്മ ഒറ്റക്കാണ് വീട്ടിലെ ജോലികൾ ചെയുന്നത് അതുകൊണ്ടു ആളെ സഹായിക്കാൻ.."
ചാരുവിന് അത് കേട്ടതും വളരെ സന്തോഷമായി... ഇരുവരും ഉടനെ തന്നെ വല്യക്കയോട് യാത്ര പറഞ്ഞ ശേഷം വീട്ടിലേക്കു നടന്നു..
അവർ വീടിന്റെ മുന്നിൽ എത്തിയതും... സെക്യൂരിറ്റി ഗേറ്റ് തുറന്നു.. കടയിൽ ജോലി ചെയ്യുന്ന കുട്ടികൾ ആണ് എന്ന് ആൾക്ക് മനസിലായി..സെക്യൂരിറ്റി ഗേറ്റ് തുറന്നതും ഇരുവരും അകത്തു കയറി... മുറ്റത്തു നിറയെ പൂക്കൾ കൊണ്ടു അലങ്കരിച്ചിരിക്കുന്നു.... എല്ലാ നിറ റോസാപൂവും അവിടെ ഉണ്ടായിരുന്നു... ഒത്തിരി പൂമ്പാറ്റകൾ അവിടെ ചുറ്റും പാറി കളിക്കുന്നു... ലവ് ബേർഡ്സും ആ വീട്ടിൽ ഉണ്ടായിരുന്നു... ചാരു അതെല്ലാം ഒരു നിമിഷം നോക്കി നിന്നു... ഇരുന്നില്ല ചുവന്ന ടെറസ്സ് വീടായിരുന്നു ആസിഫിന്റെ... അവർ ഉമ്മറത്ത് പോയി ഉമ്മയെ വിളിച്ചു..എന്നാൽ അകത്തു നിന്നു ആരും ഒന്നും മിണ്ടിയില്ല... ഇരുവരും വീടിന്റെ സൈഡിൽ കൂടി വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു ( വടുക്കോറം )
"ഉമ്മ"... ശ്രീക്കുട്ടി വിളിച്ചു
"മക്കള് വാ..."അവരെ കണ്ടതും ഉമ്മ വിളിച്ചു..
ഇരുവരും പുഞ്ചിരിയോട് അകത്തു കയറി...
" ബുദ്ധിമുട്ടയോ.. " ഉമ്മ ചോദിച്ചു
" എന്തിനു... "
"കടയിൽ ജോലി ചെയുന്നവരെ വീട്ടിലെ ജോലിക്ക് വിളിച്ചതിൽ സങ്കടം ഉണ്ടോ..."
"ഏയ്യ് ഇല്ല ഉമ്മ.. അത് സാരമില്ല.." ചാരു പറഞ്ഞു
"ചായ കൊണ്ടുവരാം കുടിച്ചിട്ട് നമ്മുക്ക് ജോലിയിൽ കടക്കാം..." ഉമ്മ പറഞ്ഞു
"ഞാൻ ഉണ്ടാക്കാം..."ചാരു അടുക്കളയിൽ കയറി..
ചായ ഉണ്ടാക്കിയ ശേഷം അടുക്കളയുടെ അടുത്തായി ഉള്ള തിണ്ണയിൽ ഇരുന്നു.. അപ്പോഴേക്കും ഉമ്മ കഴിക്കാനായി ബിസ്‌ക്കറ്റും മിക്ച്ചറും കൊണ്ടുവന്നു...മൂവരും ഒരുമിച്ചു ഇരുന്നു കുടിക്കുന്ന സമയം...
"ചാരു മോളെ ന്റെ മോൻ അകത്തുണ്ട്.. ഓന്ക്കും ചായ കൊണ്ടുപോയി കൊടുക്കുമോ...." ഉമ്മ ചോദിച്ചു
" മം... ഞാൻ പോകാം... "
"അവൻ മുകളിലെ മുറിയിൽ ഉണ്ടാകും..."
"മം... "ചാരു ശ്രീകുട്ടിയെ ഒന്ന് നോക്കി... ഇരുവരും പുഞ്ചിരി തൂകി...
ചാരു ചായയുമായി മുകളിലേക്കു നടന്നു.. അവളുടെ ശരീരത്തിൽ ഒരു വിറയൽ അപ്പോഴും അനുഭവപ്പെട്ടു.. കൈകൾ വിറ കൊണ്ടു അവൾ ഭയത്തോടെ അവന്റെ മുറി ലക്ഷ്യമാക്കി നടന്നു... മൂന്ന് മുറികൾ മുകളിൽ ഉണ്ടായിരുന്നു അതിൽ ഒരു മുറി മാത്രം അടഞ്ഞു കിടക്കുന്നു...അത് കണ്ടതും ആസിഫ് അതിനകത്തായിരിക്കും എന്ന് ചാരുവിന് മനസിലായി... ഒരു വിറയലോടെ അവൾ കതകിൽ തട്ടിയതും..
ആസിഫ് വന്നു വാതിൽ തുറന്നു... തന്റെ മുന്നിൽ നിൽക്കുന്ന ചാരുവിനെ കണ്ടതും ആസിഫ് ഞെട്ടി... അവന്റെ മനസ്സ് സന്തോഷത്തിൽ നിറഞ്ഞു എന്നാൽ അത് മുഖത്തു കാണിക്കാതെ അവൻ ചാരുവിനെ കണ്ടതും വാതിൽ കൊട്ടിയടച്ചു....
തുടരും..