റസ്റ്റോറണ്ടിന്റെ ചുമരുകളിൽ കാണാൻ പറ്റാത്ത വിധം ഒളിപ്പിച്ചുവെച്ച സ്പീക്കറിലൂടെ ഒഴുകി വന്ന നേർത്ത സംഗീതത്തിൽ അലിഞ്ഞ് ഞങ്ങൾ രണ്ടുപേരും നിശബ്ദരായി ഇരുന്നു.
നെയിൽ പോളിഷിട്ട നീണ്ട നഖങ്ങളുള്ള വിരലുകൾ കൊണ്ട് മേശമേൽ അദൃശ്യ ചിത്രങ്ങൾ വരച്ച്, കർച്ചീഫ് പിടിച്ച വലതു കൈ കൊണ്ട് കവിൾ താങ്ങി അവളെന്നെ നോക്കി പതിയെ പുഞ്ചിരിച്ചു.
"ലയ.. "
"ഹമ്മ്.."
"നീയെന്താ ആലോചിക്കുന്നേ?"
അവൾ ഒന്നുമില്ലെന്ന് തലയാട്ടി.
ഭക്ഷണത്തിനുള്ള ഓർഡർ കൊടുത്ത് കുറച്ച് സമയത്തിനു ശേഷം അവൾ പറഞ്ഞു.
"ഇത് അവസാനത്തെ തവണയാണ്.. ഇനി ഞാൻ നിന്റെ കൂടെ വരില്ല!"
അവൾ താടിയിൽ നിന്നും കൈയെടുത്തു.
"ഓഹ്.." ഞാൻ ചോദിച്ചു. "കാരണം?"
"കാരണം... എനിക്ക് പേടിയാണ് "
അവളുടെ നയനങ്ങൾ എന്റെ മുഖത്തു നിന്ന് അവൾ തെന്നിമാറ്റി.
"പേടിയോ? എന്നെയാണോ പേടി?"
"അല്ല..ഞാൻ നീയുമായി പ്രണയത്തിലാകുമോയെന്ന്!"
അവളുടെ സ്വരം പതിഞ്ഞതായിരുന്നു.
"അത് എന്താ പ്രണയിക്കുന്നത് അത്ര വലിയ തെറ്റാണോ?"
"നിനക്ക് നല്ലൊരു പെൺകുട്ടിയെ കിട്ടും.."
"അപ്പോൾ നീ നല്ല പെൺകുട്ടിയല്ല എന്നാണോ?"
ഞാൻ കളിയാക്കി ചിരിച്ചു.
"ഞാൻ.. ഞാൻ ഒരു ഡിവോഴ്സീയല്ലേ..!"
അവളുടെ ഇടർച്ചയേറിയ ശബ്ദം എന്റെ ചിരിയെ നിഷ്പ്രഭമാക്കി.
" ന്റെ ലയ... അതൊക്കെ എനിക്കറിയാവുന്ന കഥകളൊക്കെയല്ലേ? അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് നിന്നെ ഞാൻ ഇഷ്ടപ്പെട്ടതും സ്നേഹിച്ചതുമെല്ലാം.. "
"വേണ്ട.. നമ്മൾ തമ്മിൽ ഒരു ബന്ധം വേണ്ട.. അത് ശരിയാവില്ല..."
"എന്തുകൊണ്ട് ശരിയാവില്ല?"
ഞാൻ രോഷം കൊണ്ടു.
"ഞാൻ കാരണം നിന്റെ നല്ല ഭാവി.. "
അവൾ ഒന്ന് നിർത്തിയശേഷം വീണ്ടും പറഞ്ഞു.
" എന്നെ വിവാഹം ചെയ്താൽ എല്ലാവരും നിന്നെ പരിഹസിക്കും.."
"ലയ.. എന്റെ വീട്ടുകാരുടെ കാര്യം മാത്രമേ ഞാൻ നോക്കുന്നുള്ളൂ.. അവർ സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പാ, എന്റെ ഇഷ്ടത്തിനവർ ഏതിര് നിൽക്കില്ല.. മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട ആവശ്യം എനിക്കില്ല.."
ചുറ്റുമുള്ളവരുടെ കണ്ണുകൾ ഞങ്ങൾക്ക് നേരെ വരുന്നത് കണ്ടപ്പോൾ കുറച്ചുനേരം നിശബ്ദനായ ശേഷം ഞാൻ പതിയെ അവളോട് പറഞ്ഞു.
"നീ കാരണം എനിക്ക് ഒരു ഭാവിയും നഷ്ടപ്പെടാൻ പോകുന്നില്ല.. അങ്ങനെ പോകുകയാണെങ്കിൽ പോട്ടെന്നു വയ്ക്കും ഞാൻ..
നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.. എനിക്ക് നിന്നെ ഇഷ്ടമാണ് അതിനി ഇല്ലാതാകാൻ പോകുന്നില്ല"
അവൾ ഒന്നും പറയാതെ തലകുനിച്ചിരുന്നു.
സ്പീക്കറിൽ നിന്നും അലയടിച്ചു വന്ന നേർത്ത സംഗീതം നിലച്ചതെപ്പോഴാണെന്ന് ഞാനറിഞ്ഞില്ല.
ഇരുണ്ട സിനിമാഹാളിലെ ആളൊഴിഞ്ഞ ഒരു കോണിൽ ഇരിക്കുമ്പോൾ അവളുടെ കൈകൾക്കുമേൽ ഞാൻ എന്റെ വിരലുകൾ വെച്ചു.
അവൾ എന്റെ ചുമലിൽ ചാഞ്ഞു കൊണ്ട് കുറേയേറെ സമയമിരുന്നു. യഥാർത്ഥത്തിൽ സിനിമ തീരുംവരെ അങ്ങനെ തന്നെയാണ് ഇരുന്നത്.
സിനിമ തീർന്ന് ഹാളിൽ വെളിച്ചം വന്നപ്പോൾ ലയയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നത് കണ്ടു.
"മണ്ടിപ്പെണ്ണേ നീ എന്തിനാ കരഞ്ഞേ..?"
അവൾ ചിരിച്ചു. ആ ചിരിയിൽ വേദനയുണ്ടായിരുന്നെന്ന് എനിക്ക് തോന്നി.
കാറിൽ ഫ്ലാറ്റിലേക്ക് പോകുമ്പോൾ അവൾ നിശബ്ദയായിരുന്നു. ഇടയ്ക്ക് കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ അവൾ മധുരമായി പുഞ്ചിരിച്ചു, ശേഷം വീണ്ടും അവളുടെതായ ചിന്തകളുടെ ലോകത്തിലേക്ക് തിരിച്ചുപോയി.
ലിഫ്റ്റിൽ ഞങ്ങൾ തനിച്ചായിരുന്നു. അവളുടെ അരക്കെട്ടിൽ പിടിച്ചെന്നിലേക്ക് അടിപ്പിച്ചു. ഞാൻ ഉമ്മ വയ്ക്കാൻ ശ്രമിച്ചപ്പോൾ അവൾ കുണിങ്ങി ചിരിച്ചുകൊണ്ട് കുതറിമാറി.
ലിഫ്റ്റിനു തൊട്ടടുതായിരുന്നു ഫ്ലാറ്റ്. ഫ്ലാറ്റിനകത്തുകടന്നു..
"ലയ.. ഇതാണ് എന്റെ റൂം.. എങ്ങനെയുണ്ട്?"
അവൾ ചിരിയോടെ ചുറ്റും കണ്ണോടിച്ചു കൊണ്ട് ബാൽക്കണിയിൽ പോയി നിന്നു.
ഞാൻ പിറകിലൂടെ അവളെ കെട്ടിപിടിച്ചു. ഇപ്രാവശ്യം അവൾ കുതറിയില്ല.
"ലയ.. "
"ഹമ്മ്.."
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ?"
പിടി വിടാതെ തന്നെ ഞാൻ അവളോട് ചോദിച്ചു.
"ഹാ.. "
"എന്നെ നിനക്ക് ഇഷ്ടമല്ലേ? വിവാഹം കഴിക്കാൻ.. എന്റെ കൂടെ ജീവിക്കാൻ?"
അവളുടെ നിശബ്ദത എന്നെ മുറിവേൽപ്പിച്ചു.
"ലയ.. എന്താ ഒന്നും പറയാത്തേ?"
ഞാൻ ചോദിച്ചു.
"നിന്റെ സ്നേഹം വിലപിടിച്ച ആഭരണത്തെ പോലെയാണ്.. സ്വന്തമാക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ്..
പക്ഷേ വിലപിടച്ച ആഭരണങ്ങൾ വാങ്ങാൻ എനിക്ക് കഴിവില്ല.. ഞാൻ പാവപ്പെട്ട പെൺകുട്ടിയാണ്. അവയെ സ്വന്തമാക്കാൻ ഞാൻ അർഹയല്ല.. "
ഞാനവളെ തിരിച്ചു നിർത്തി. അവൾ കരയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ തുടച്ചു.
"നീ എന്തൊക്കെയാ ഈ പറയുന്നേ ലയ? നീ അർഹയല്ലെന്ന് ആരാ പറഞ്ഞേ? എല്ലാം നിന്റെ തോന്നലുകളാണ് തോന്നലുകൾ മാത്രം!"
"ഞാൻ ഏറെ ഇഷ്ടപ്പെട്ടവയൊക്കെ എന്നെ വിട്ടു പോയിട്ടെയുള്ളൂ... നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യാ.. എനിക്കത് സഹിക്കില്ല.. പ്ലീസ് നമ്മൾ തമ്മിൽ ഒരു പ്രണയബന്ധം വേണ്ട.. അത് ശരിയാവില്ല.. "
"നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നറിയോ? നിനക്കെന്നോടുള്ള ഇഷ്ടം നിന്റെയുള്ളിൽ മൂടി വയ്ക്കുന്നതെന്തിനാണ്.. എന്നെ നഷ്ടപ്പെടുമെന്നോർത്താണോ?"
അവളൊന്നും മിണ്ടിയില്ല..
"ഞാൻ നിന്നെ ഒരിക്കലും നഷ്ടപ്പെടുത്തില്ല ലയ.. എന്നോടുള്ള ഇഷ്ടം തുറന്ന് കാണിച്ചു കൂടെ.. നിനക്ക്..
എന്നെ അകറ്റരുത് പ്ലീസ്.. എനിക്ക് നീയില്ലാതെ പറ്റില്ല.. ഞാൻ അത്രത്തോളം നിന്നെ സ്നേഹിക്കുന്നു..
I Love You Laya.. I'm Really Love You So Much... "
അൽപനേരം അവളെന്റെ കണ്ണുകളിലേയ്ക്ക് നോക്കി. അവളുടെ കണ്ണുകളിൽ എന്നോടുള്ള സ്നേഹം ഞാൻ കണ്ടു.
അടുത്ത നിമിഷം എന്റെ മുഖം കൈക്കുളളിൽ പിടിച്ച് കവിളിൽ അവൾ മൃദുവായി ചുംബിച്ചു.
"ശ്ശേ.. ഇങ്ങനെയല്ല ഞാൻ പ്രതീക്ഷിച്ചത്.."
നിരാശാഭാവം വരുതിക്കൊണ്ട് ഞാനവളോട് പറഞ്ഞു.
"പിന്നെ?"
അവൾ പതിയെ ചിരിച്ചു.
"കുറച്ചുകൂടി ഇന്റിമേറ്റ് ആയത് "
അവൾ നെറ്റിചുളിച്ചപ്പോൾ ഞാൻ എന്റെ ചുണ്ടുകൾ തൊട്ടു കാണിച്ചു കൊടുത്തു.
അവൾ കുറച്ച് നേരം എന്നെ കൂർപ്പിച്ച് നോക്കി ശേഷം ചിരിച്ചു കൊണ്ട് സമ്മതിച്ചു.
നീണ്ട ചുംബനം!
മൃദുലത നിറഞ്ഞ അധരങ്ങൾ... നിശ്വാസം ഉഷ്മളവും സുഗന്ധപൂരിതമായിരുന്നു...!
"ഞാൻ എത്ര ശ്രമിച്ചെന്നോ നിന്നിൽ നിന്നകലാൻ വേണ്ടി! പക്ഷെ നിന്റെ സ്നേഹം എന്നെ ബലഹീനയാക്കി.. എനിക്കിനി നിന്നെ കൂടാതെ പറ്റില്ല..
ഒന്ന് ചോദിക്കട്ടെ.. എന്റെ കൂടെ ഉണ്ടാകില്ലേ? നീ എന്നെ വിട്ടു പോകുമോ?"
എന്നോടവൾ ചോദിച്ചു.
"ഒരിക്കലും നിന്നെ വിട്ടു പോകില്ല.. ഞാൻ എന്നും കൂടെ ഉണ്ടാകും.. ഉറപ്പ്!"
അവൾ പുഞ്ചിരിച്ചു.
കടപ്പുറത്ത് ജനത്തിരക്കുണ്ടായിരുന്നു.. നിലാവ് നിറഞ്ഞ കടൽ നോക്കി ഒഴിഞ്ഞ ഒരു കോണിൽ ഞങ്ങളിരുന്നു. പതുക്കെപ്പതുക്കെ തിരക്കൊഴിഞ്ഞു കടപ്പുറം വിജനമായി.
ആകാശവും ചന്ദ്രനും നക്ഷത്രങ്ങളും, നിലാവും കടലും ഞാനും അവളും മാത്രമായി.
മഞ്ഞുപൊഴിഞ്ഞുകൊണ്ടിരുന്നു.
നല്ല തണുപ്പനുഭവപ്പെട്ടു.
"രാത്രി, വിജനത, നിശ്ശബ്ദത, തരിതരിയായി പൊഴിയുന്ന മഞ്ഞ് അതിന് ആക്കം
കൂട്ടിയുള്ള കടപ്പുറത്തെ കാറ്റ്, നമ്മൾ രണ്ടു പേരും മാത്രം തനിച്ച്...
ഇപ്പോൾ ഒരു ഉമ്മ ചോദിച്ചാൽ നീ തരുമോ??"
ഞാൻ ജ്യാളത നിറഞ്ഞ ചിരിയോടെ ചോദിച്ചു.
"ഇല്ലാ തരില്ല.. "
ഒട്ടും വൈകാതെ അവൾ മറുപടി പറഞ്ഞു.
കൂടെ അവൾ ചിരിക്കുന്നുണ്ടായിരുന്നു.
അലയൊടുങ്ങാത്ത കടലിനെ നോക്കി കുറച്ചുനേരം നിശബ്ദതയോടെ ഞാനിരുന്നു.
"തെറ്റിയിരിക്കാണോ?" അവൾ ചോദിച്ചു.
"നിനക്ക് വല്ല്യ ഡിമാന്റ് അല്ലേ? ഒരു ഉമ്മ ചോദിച്ചാൽ തരാൻ വയ്യാ.. "
"നീ ഒന്ന് എന്നൊക്കെ പറയും എന്നിട്ട് അതിൽ ഒന്നും നിൽക്കില്ല എനിക്ക് അറിയാം, അതുകൊണ്ട് ഇപ്പോ തരുന്നില്ല.. "
"പ്രണയിക്കുന്ന പെൺകുട്ടിയിൽ നിന്നും ഒരു ഉമ്മ ചോദിച്ചു വാങ്ങുന്നത് വലിയ തെറ്റാണോ?"
"തരാൻ ഇഷ്ടമില്ലെങ്കിൽ നിർബന്ധിക്കുന്നത് തെറ്റല്ലേ.. "
"ഓഹ് ശരി.. ഇഷ്ടമല്ലെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല.. "
"ഗുഡ് ബോയ്.. "
ലയ എന്റെ തോളിൽ തട്ടി.
"അല്ലെങ്കിലും... നമ്മളെയൊന്നും... "
ഞാൻ ചുണ്ട് പിളർത്തി കടലിലേക്ക് നോക്കിയിരുന്നു.
അത് കണ്ട് ലയ പൊട്ടിചിരിച്ചു.
****
കടലിൽ വേലിയിറക്കമായിരുന്നു.
നനഞ്ഞ മണൽ സൂര്യരശ്മികൾ തട്ടി തിളങ്ങി. ചെരുപ്പുകൾ വെടിഞ്ഞ് നഗ്ന പാദമായി കുറച്ച് നേരം നനഞ്ഞ മണലിലൂടെ നടന്നു..
ബീച്ചിലെ മണൽതരികളിൽ ഇരിക്കുമ്പോൾ അവൾ ചോദിച്ചു.
"ഞാൻ മരിച്ചു പോയാൽ നീ എന്താണ് ചെയ്യുക?"
എനിക്ക് ദേഷ്യം വന്നു.. ഞാൻ ഒന്നും പറയാതെ മുഖം തിരിഞ്ഞിരുന്നു.
അവൾ വീണ്ടും ചോദിച്ചു.
"പറയ്.. നീ എന്താ ചെയ്യാ?"
"ഞാൻ എനിക്കിഷ്ടം ഉള്ളത് ചെയ്യും.. "
എനിക്ക് അതിയായ ദേഷ്യം വന്നിരുന്നു. ഞാൻ ദേഷ്യത്തോടെ എഴുന്നേറ്റ് അവിടെ നിന്നും പോയി.
രണ്ടു ദിവസം അവളോട് മിണ്ടിയില്ല.. എനിക്ക് അത്ര ദേഷ്യം വന്നിരുന്നു.. മൂന്നാം ദിവസം എനിക്ക് അവളെ കാണാൻ തോന്നി.. അവളുടെ ഫ്ലാറ്റിൽ പോയി. എന്നെ കണ്ടതും അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞു. ശരിക്കും പറഞ്ഞാൽ ഞാനും കരഞ്ഞുപോയി.
നമുക്ക് ഏറ്റവും കൂടുതൽ സങ്കടം വരുന്നത് നമുക്ക് വേദനിക്കുമ്പോഴല്ല, നമ്മുടെ പ്രിയപ്പെട്ടവർക്ക് വേദനിക്കുമ്പോഴാണ്.. അത് നമ്മൾ കാരണമാണെങ്കിൽ സങ്കടം ഇരട്ടിക്കും!
**
ലയ ഫോൺ കോൾ ചെയ്തു.
"ഞാൻ കുറേനേരം കാത്തിരുന്നു"
അവളുടെ സ്വരത്തിൽ പരാതിയില്ലായിരുന്നു.. പ്രതീക്ഷകൾ തകർന്നതിന്റെ നിരാശ മാത്രം, അത് എന്നെ വേദനിപ്പിച്ചു.
"ഞാൻ നിന്നോടു പറഞ്ഞിരുന്നതല്ലേ ലയ.. ഓഫീസിൽ ഇപ്പോൾ കൂടുതൽ വർക്കുകളാണ്"
"ഇന്ന് വരുമോ.. "
"ശ്രമിക്കാം"
"ഞാൻ കാത്തിരിക്കും "
" ആഹ്.. "
വൈകിയാണ് ഓഫീസിൽ നിന്നിറങ്ങാൻ കഴിഞ്ഞത്.. കൂടുതൽ വൈകാതെ ലയയുടെ ഫ്ലാറ്റിലേക്ക് പോയി.
"എനിക്കറിയാമായിരുന്നു"
അവളുടെ മുഖത്ത് അത്ഭുതം കാണാം.
"എന്തറിയാമായിരുന്നെന്ന്?"
ഞാൻ ചോദിച്ചു.
"നീ വരുമെന്ന്.. "
അവൾ ചിരിച്ചു കൊണ്ട് എന്റെ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച്ച് ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.
അവളുടെ പ്രേമപ്രകടനങ്ങൾ
ശാന്തമായിരുന്നെങ്കിലും അവൾക്കൊപ്പമെത്താൻ എനിക്ക് കഴിഞ്ഞില്ല.
നീണ്ടൊരു സംഭോഗാലാസ്യത്തിൽ തളർന്ന് മയങ്ങുന്ന ലയയുടെ നെറ്റിയിൽ ഞാൻ ഉമ്മ വെച്ചു. ഉറങ്ങിക്കിടക്കുമ്പോൾ
നഗ്നസൗന്ദര്യം നോക്കി നിൽക്കുന്നത് തെറ്റാണ്.. ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ചു.
അടഞ്ഞു കിടന്ന ജനൽ പാളികൾ തുറന്നു ഞാൻ പുറത്തേക്കു നോക്കി.
ജാലകത്തിനും വിജനമായ റോഡിലെ വഴി വിളക്കിനും ഇടയിൽ ഇരുട്ട് കട്ടപിടിച്ച് കിടന്നിരുന്നു.
അടുത്തദിവസം നേരത്തെ ഓഫീസിൽ നിന്നിറങ്ങി. നേരെ ലയയുടെ ഫ്ലാറ്റിലേക്ക് പോയി.
പുറത്ത് ആൾക്കൂട്ടം കണ്ടു. ആളുകളുടെ പതക്കം പറച്ചിൽ കേൾക്കാം..
എല്ലാവരും അകത്തേയ്ക്ക് പോകാൻ എനിക്ക് വഴിയൊരുക്കി..
"ആക്സിഡന്റ് ആയിരുന്നു.."
ആരോ പറയുന്നത് ഞാൻ കേട്ടു.
എരിയുന്ന ചന്ദനത്തിരികൾക്കിടയിൽ കോടി പുതപ്പിച്ചു കിടത്തിയിരിക്കുന്ന ലയയുടെ മൃതദേഹം കണ്ടപ്പോൾ നിന്നനിൽപ്പിൽ ഞാൻ വിറച്ചു പോയി.
ഞാൻ നുകർന്ന അവളുടെ ചുണ്ടുകളിൽ ഈച്ച അരിച്ചു നടന്നത് കണ്ടു. മരവിച്ച കവിളുകളിൽ ഞാൻ കൈകൾ ചേർത്തപ്പോൾ എന്റെ രക്തം ഊറഞ്ഞെന്നു തോന്നി. അവളുടെ നെറ്റിയിൽ ചുംബിച്ചപ്പോൾ കൺകോണിൽ ഉരുണ്ടു വന്ന ഒരുതുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി.
അവളുടെ ആ ചോദ്യം വീണ്ടും എന്റെ കാതുകളിൽ കേട്ടു.
"ഞാൻ മരിച്ചു പോയ നീ എന്താണ് ചെയ്യുക?"
നിശബ്ദമായൊരു അലർച്ചയോടെ എങ്ങോട്ടെങ്കിലും ഓടി പോകാൻ ഞാൻ വെതുമ്പി.
*(അവസാനിച്ചു)*
°°തിരക്കിനിടയിൽ പ്രിയപ്പെട്ടവർക്ക് നൽകാൻ മറന്ന സ്നേഹം ആവോളം അവർക്ക് നൽകുക. കഴിയുന്നതും അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെ സാധിപ്പിച്ചു കൊടുക്കാൻ ശ്രമിക്കുക. നാളെ ഒരുപക്ഷെ അവർ നമ്മുടെ കൂടെ ഇല്ലെങ്കിൽ.......°°
-വിച്ചു
Can follow me on instagram:
insta id - vichu_writer