പുലരിക്കപ്പുറം ഒരു പോക്കുവെയിൽ
ചെറിയാൻ കെ ജോസഫ് ,
കുടക്കച്ചിറ house
പള്ളിക്കുന്ന് P O
കണ്ണൂർ
PH NO 9446538009
പണ്ടു , ഒരു ദിവസം രാവിലെ , അപൂർവ്വമായി മാത്രം വണ്ടികളെത്തുന്ന റബ്ബറിലകൾ മൂടിയ മൺവഴിയിൽഉച്ചഭാഷിണിയുമായി ഒരു ജീപ്പെത്തി . പള്ളിപ്പെരുന്നാൾ ദിവസം ഫാത്തിമ സ്കൂൾ മൈതാനിയിൽ നാടകംഅരങ്ങേറുമത്രേ . സാധാരണയുള്ള നാട്ടുകാരുടെ നാടകമല്ല ; കായംകുളം പീപ്പിൾസ് തീയറ്റേർസിന്റെകുരുതിക്കളം എന്ന നാടകം !. കുഞ്ഞിപൈലോയുടെ മാടപ്പീടികയ്ക്കു മുൻപിൽ ബീഡി വലിച്ചു കുത്തിയിരുന്നമുണ്ടൻ വാസു കേട്ടപാടെ വാ പൊളിച്ചുപോയി . നാട്ടിലെ നാടകങ്ങളിലെ സ്ഥിരം ഹാസ്യനടനായിരുന്നല്ലോ വാസു.
" ഹും , കായംകുളത്തിന്റേയും എറണാകുളത്തിന്റേയും നാടകമൊന്നും ഈ മല കയറില്ല മക്കളേ "
പൊളിഞ്ഞ വാ അടഞ്ഞപ്പോൾ വാസു പ്രവചിച്ചു .
" കാണാം മുണ്ടാ , നിന്റെ പരട്ടു നാടകമെല്ലാം തീർന്നെടാ "
തളിപ്പറമ്പിനു പോകാനുള്ള വാനിനുള്ളിൽ വേൻക്കുന്നു കയറ്റം വലിച്ചു കയറ്റാനുള്ള വടംവലിച്ചെറിയുന്നിതിടയിൽ കോറനന്തോണി വെല്ലുവിളിച്ചു .
കുഞ്ഞിപൈലോ പൊട്ടിച്ചിരിച്ചു വെറുതെ വൈതലിന്റെ പള്ളക്ക് നോക്കി . ഇരുണ്ട കാടിനിടയിൽ വെള്ളവരകൾപോലെയുള്ള വെള്ളച്ചാട്ടങ്ങളിൽ ഇളവെയിൽ മുങ്ങി കുളിച്ചു .
മൈക്ക് കേട്ടപ്പോൾ രാമൻകുട്ടി ആവേശം കൊണ്ടു തുള്ളിച്ചാടി . പുസ്തകങ്ങൾ റബ്ബർബാൻഡിൽ കെട്ടിചളുങ്ങിയ ചോറ്റുപാത്രവുമെടുത്തു നന്നെ രാവിലെ അവൻ സ്കൂളിലേക്കു പുറപ്പെട്ടതാണ് . സ്കൂളിൽഎത്തുന്നതിനു മുൻപേ ഒരുപാടു പണിയുണ്ട് .
മുളംക്കാട്ടിൽ കെണിവെച്ച കാവിക്കൂട്ടിൽ മുയലു വീണോയെന്നു നോക്കണം .
തോട്ടിനുള്ളിലെ ഇലന്തമരത്തിലെ പഴം പറിക്കണം .
മരുതിലെ ഇരട്ടവാലൻക്കിളിയുടെ മുട്ട വിരിഞ്ഞോ എന്നറിയണം . താന്നിമരത്തിലെ പന്നിമക്ഷി അടർത്തണം, കായ പൊട്ടിവീണതുണ്ടെങ്കിൽ പെറുക്കണം . മഞ്ഞിന്റെ കുളിർമ്മയിൽ പുതഞ്ഞ ഇലഞ്ഞിപ്പൂ നെഞ്ചോടുചേർക്കണം , മഷിത്തണ്ടു പൊട്ടിക്കണം . ചെരിതണ്ടിൽ പീപ്പി തീർക്കണം . എല്ലാം കിട്ടുമ്പോൾ കൂട്ടുകാർക്കുഎന്തൊരു സന്തോഷമായിരിക്കും . പറ്റുമെങ്കിൽ മഞ്ഞുതുള്ളിയുള്ള പുൽക്കൊടിത്തുമ്പും സൂക്ഷിച്ചുഇറുത്തെടുക്കണം .
അനൗൺസ്‌മെന്റ് ജീപ്പിൽ നിന്നും പാറിവന്ന നോട്ടീസ് കൈയിലെത്തി . നല്ല ചുവന്ന നോട്ടീസ് . സിനിമാനടൻ കോട്ടയം ചെല്ലപ്പൻ അഭിനയിക്കുണ്ടത്രെ . അപ്പോഴാണു വാൻ കണ്ടത് . വാൻ എന്നുംഒരാവേശമായിരുന്നു . പുകക്കുഴലിന്റെ അടുത്തു വന്നു നിന്നു . റബ്ബർഷീറ്റിന്റെയും പുൽതൈല പാട്ടകളുടെയുംഅപ്പുറം അട്ടിയിട്ട കുരുമുളകു മുതൽ ചുക്കു വരേയുള്ള ചാക്കുകെട്ടുകൾക്കു മുകളിൽ ആളെ ഇരുത്തിയുംകിടത്തിയും വാൻ തയ്യാറെടുക്കുന്നു . ഇസഡ് ആകൃതിയുള്ള കമ്പി വാനിന്റെ മൂക്കിൽ കറക്കി കോറൻഅന്തോണി മൂളിക്കുമ്പോൾ കട്ടപുകയിലൂടെ നിറയുന്ന മണം കൊതിച്ചു അവിടെ തന്നെ നിന്നു .
ഒരിക്കൽ ഈ മണ്ണുവഴിയിലൂടെ കരിയിലകൾ പറപ്പിച്ചു വാനിൽ തളിപ്പറമ്പിൽ പോകണം . ഒരിക്കലുംകാണാത്ത ബസും കാറും കാണണം . കുടിയാന്മലക്കപ്പുറം ചെമ്പേരിവരെ മാത്രമേ രാമൻകുട്ടി പോയിട്ടുള്ളൂ .
തലയിൽ തട്ടു കിട്ടി തിരിഞ്ഞുനോക്കി .
" നീയെന്താടാ പുകക്കുഴലു തിന്നാൻ നിക്കുവാ ?"
കോറൻ അന്തോണീ താടിരോമത്തിൽ തീപ്പെട്ടി കമ്പു താഴ്ത്തി ചിരിക്കുന്നു .
വേഗം നടന്നു .
വാവച്ചൻ കതിനാവെടി മുഴക്കിയും ആട്ടപ്പാടൻ
ചെണ്ടകൊട്ടിയുറഞ്ഞും കാത്തിരുന്ന മഹാദിവസത്തിന്റെ വരവറിയിച്ചു . തോരണങ്ങൾ തൂക്കി അലങ്കരിച്ചപള്ളിയുടെ മുഖവാരത്തിലേക്കു വിശുദ്ധ സെബസ്റ്റാനിയോസും പാമ്പിനെ കുന്തത്തിൽ കോർത്ത ഗീവർഗ്ഗീസ്പുണ്യാളച്ചനും എഴുന്നള്ളി നിന്നു . അവർക്കു മുൻപിൽ വറുത്ത അരിയും ജമന്തി പൂക്കളും നേർച്ചയുടെസ്മൃദ്ധിയായി നിറഞ്ഞു . പീലീസിൽ കഴുന്നു നിരത്തിയ മേശക്കു മുൻപിൽ മുത്തികുടയുമായി ജോയിയുംകൊട്ടിത്തുടങ്ങിയ ചെണ്ടയുമായി ആട്ടപ്പാടനും ഭക്തരെ കാത്തു നിന്നു .
എന്നാലോ താഴെ മൈതാനത്തു കെട്ടിപ്പൊക്കിയ പെരുന്നാൾ കടകളിൽ ജനങ്ങൾ നിറയുകയായിരുന്നു . വളകളും മുത്തുമാലകളും കമ്മലുകളും റിബ്ബണുകളും ചാന്തുപൊട്ടുകളും നിറഞ്ഞ കടകളിൽ തുടുത്തകവിളുകളുമായി പെൺകുട്ടികൾ തിക്കിത്തിരക്കി, ആയതിനാൽത്തന്നെ ആണുങ്ങളും . അവിടെയെല്ലാം പടർന്നുപൊട്ടാസു തോക്കുകൾ പൊട്ടി, പ്ലാസ്റ്റിക്ക് പീപ്പികൾ മൂളി , വർണ്ണ ബലൂണുകൾ തമ്മിൽ ഉരസിയും പൊട്ടിയുംനിറഞ്ഞു . പെരുന്നാളിനു മാത്രം കുടിയാന്മല കയറുന്ന ആപ്പിളിന്റെയും ഓറഞ്ചിന്റെയും മുന്തിരിയുടെയുംഈന്തപ്പഴത്തിന്റെയും കടകളും ബഹളങ്ങളിൽ ആറാടി . അതിനപ്പുറം പുതുതായി എത്തിയ കോൽ ഐസ്‌പെട്ടിക്കു മുൻപിലായി പിള്ളേർ ആവേശത്തോടെ തള്ളിക്കൂടി ബഹളമായി !.
പായ തെറുത്തു കക്ഷത്തിൽ ഇറുക്കിയും അവലോസുണ്ടയും ചുരുട്ടും കുഴലപ്പവും സഞ്ചിയിലെടുത്തുംറോസാചേട്ടത്തി നിന്നു . മത്തൻ മുതൽ എൽസി വരെയുള്ള പിള്ളേരെയും പൂവരണിയിൽ നിന്നും മിനക്കെട്ടുഎത്തിയ അനുജത്തിയേയും അവളുടെ പിള്ളേരെയും കൂട്ടി നാടകം കാത്തേനിന്നു . കുറച്ചുകഴിഞ്ഞു പിള്ളേരുംഅനുജത്തിയും പെരുന്നാളു കറങ്ങാൻ പോയി . അച്ചായനും പൂവരണി മത്തായിച്ചനും നാടകം തുടങ്ങും മുൻപേഎത്താമെന്നാണു പറഞ്ഞത് . വീട്ടിൽ ഒരു കുട്ടിഹന്നാസ് നിറയെ കശുമാങ്ങാറാക്കുണ്ട് . അടുക്കളയിൽചെണ്ടക്കപ്പയും മൂരിയിറച്ചി ഉലർത്തിയതും പന്നി വറ്റിച്ചതുമുണ്ട് .
ആശാന്മാർ അതു തീർക്കുമോ ?!
പൊടുന്നനവേ പള്ളിമണികൾ മുഴങ്ങി . കൂട്ടവെടി പൊട്ടി . ഉടൻ തന്നെ ആട്ടപ്പാടനും കൂട്ടരും ചെണ്ടകൾഉറഞ്ഞു കൊട്ടി . ' വിശുദ്ധനായ സെബാസ്റ്റാന്യോസേ ' രാഗത്തിൽ ബാൻഡ് മേളങ്ങൾ ഉണർന്നു . പ്രദിക്ഷണംഇറങ്ങുകയായി .
പ്രദിക്ഷണം തിരിച്ചുവന്നാൽ കരിമരുന്നു കലാപരിപാടിയായി . പിന്നെ നാടകം തുടങ്ങണമല്ലോ .
എന്നാലോ നമ്മുടെ കോട്ടയം ചെല്ലപ്പൻ വന്നില്ലത്രേ. അതിൻ ഫലമായി കായംകുളം പീപ്പിൾസ്തീയേറ്റേഴ്സിന്റെ വണ്ടി കൂടിയാന്മല കയറിയില്ലല്ലോ . ആകയാൽ നാടകം കളിച്ചതുമില്ല .
ആകെ പ്രശനമായി . നാടക മൈതാനിക്കു ചുറ്റും വലിച്ചു കെട്ടിയ ഓല മറ മഞ്ഞിൽ കുതിർന്നു വിളറിനിന്നു . പെട്രോമാക്സ് മാന്റിലുകൾ ബലൂണിന്റെ കാറ്റ് പോകുന്നപോലെ ചുങ്ങി ഇരുളിലലിഞ്ഞു . ബഹളമായി. ജനത്തിനൊപ്പം രാമൻകുട്ടിയും ഓലമറകൾ വലിച്ചുക്കീറി , ബഞ്ചുകൾ തകർത്തെറിഞ്ഞു സമാധാനിച്ചു .
നാടകം ഇടപാടു ചെയ്തിരുന്നകമ്മിറ്റിക്കാരായ ചൂരക്കുന്നേൽ സാറും ദേവസിയാച്ചനും മുങ്ങി . അവർപിറ്റേദിവസം രാവിലെ തന്നെ വാനിൽക്കയറി കണ്ണൂരിൽ നിന്നും മലബാർഎക്സ്പ്രസിൽ കായംകുളത്തെത്തി .
വിശ്വാസവഞ്ചന കാണിച്ച പീപ്പിൾസ് തിയേറ്റർക്കാരെ തെറി കൊണ്ടവർ അഭിഷേകം നടത്തി . പണം വാങ്ങിനെറികേടു കാണിച്ചതിനെ കുറിച്ചവർ ഹൃദയംപൊട്ടി വിലപിച്ചു . എന്തായാലും അതേറ്റു . രണ്ടാഴ്‍ച്ചകംഒന്നിനുപകരം രണ്ടു നാടകവുമായെത്തുമെന്നു നാടകസമിതി ഉറപ്പു പറഞ്ഞു .
അങ്ങിനെ നാടകത്തിനു മുന്നോടിയായി കുടിയാന്മലയിൽ ജനറേറ്റർ എത്തി . ചരിത്രത്തിൽ ആദ്യമായിവൈദ്യുതി വിളക്കുകൾ അവിടെ മിഴിതുറന്നു. പുലരുവോളം അനത്തുവാനുള്ള കാപ്പിപ്പൊടിയും ചായപ്പൊടിയുംകെറ്റിലുകളും പഞ്ചസാരയുമായി മാത്തുണ്ണിയെത്തി . തോട്ടിൻക്കരയിലെ പൊന്തക്കാട്ടിൽ വിൽക്കുവാനുള്ള റാക്ക്ഒളിപ്പിച്ചു ലോനാപ്പി കാത്തു നിന്നു . മറക്കുമുകളിൽ റബ്ബർ മരത്തിന്റെ കവരയിൽ ടിക്കറ്റില്ലാതെ നാടകം കാണാൻകുമാരൻ ബീഡി വലിച്ചു കാത്തിരുന്നു .
അവസാനത്തെ ബെല്ലോടുകൂടി തിരശ്ശീല ഉയർന്നു . കുരുതിക്കളത്തിനു മുൻപേ പുലരിക്കപ്പുറം എന്ന പുതിയനാടകം അരങ്ങേറുകയായി . ആറ്റിലേക്കുള്ള വഴി എന്നെഴുതിയ പുല്ലുകളും മരങ്ങളും പക്ഷികളും നിറഞ്ഞകർട്ടനു മുൻപിൽ ഒരു പടുകിളവി തളർന്നിരിക്കുന്നു . നേർത്ത സംഗീതത്തിനൊടുവിൽ അണിയറ മുരളുന്നു .
' ഒരു സന്ധ്യയിൽ അവളുടെ ഇണ വരണ്ട കുന്നു കയറി പോക്കുവെയിൽ നിറഞ്ഞ ആകാശച്ചെരുവിൽ അലിഞ്ഞേതീർന്നു . ഇനിയും ജനിക്കാത്ത കുഞ്ഞിന്റെ തേങ്ങൽ തേടി തേടി അവൾ കാലങ്ങൾ കടന്നു . അമ്മയായിമുത്തശ്ശിയായി മുതുമുത്തച്ചിയായി വേദനയായി അങ്ങിനെയങ്ങിനെ .....'
പിന്നെ സ്റ്റേജ് നീല വെളിച്ചത്തിൽ നിറഞ്ഞു . നീല വെളിച്ചത്തിലൂടെ ഒരു ചെറുപ്പക്കാരൻ ഇടംകയ്യിൽഅഴുകിയ ഹൃദയവും വലംകയ്യിൽ വിഷക്കുപ്പിയുമായി കടന്നുവന്നു .
കിളവി - തകർന്ന ഹൃദയവുമായി നീ എവിടേക്കാണ് ?
ചെറുപ്പക്കാരൻ- (പൊട്ടിച്ചിരിച്ച്) കാലങ്ങൾക്കിപ്പുറം നിരങ്ങിയും ഞരങ്ങിയും ജീവിക്കുന്ന നിങ്ങൾക്കുംചോദ്യങ്ങൾ ബാക്കിയോ ?. നീണ്ട കാലങ്ങളുടെ വ്യഥ മുഴുവൻ നിങ്ങളുടെ ചുക്കിചുളുങ്ങിയ കവിളുകളിൽകാണാമല്ലോ
കിളവി - ജീവിതവും മരണവും എന്റെ കൈയിലല്ലോ കുട്ടീ . നവകാലഘട്ടത്തിൽ ലാപ്‌ടോപ്പിലൂടെ ജീവിതം നുകരുന്നവരെയും പണ്ടത്തെ തണൽമരച്ചുവട്ടിൽ
കിനാവു നുണയുന്നവളെയും ഞാൻ അറിയുന്നു .
ചെറുപ്പക്കാരൻ - കിനാവു നുകർന്നവളെ കളയുക .
ലാപ്ടോപ്പിലെ ചാറ്റ് റൂമിൽ ക്യാമിനു മുൻപിൽ നഗ്നയായി തുടുത്തു മിനുത്ത തുടകൾ കവച്ചിരുന്നു ലഹരിനുണഞ്ഞു ചിരിച്ചവളെ അറിയുക .
സ്പർശനഷമതയും കൈവന്ന ചാറ്റ് റൂമിൽ അവൾ ഇറ്റലിക്കാരൻ ഫ്രഡിയുടേയും നൈജീരിയക്കാരൻനീഗ്രോയുടെയും ബ്രസീലുകാരന്റേയും ലിംഗങ്ങളുടെ വലിപ്പവും കരുത്തും അറിഞ്ഞു ഊറി ചിരിക്കുന്നു .
കിളവി -കലികാലം !
ചെറുപ്പ - കലികാലമില്ല തള്ളേ , ഉള്ളതു രതിതാളവും മൃതിതാളവും മാത്രം .
കിളവി - മൂന്നാം മഹായുദ്ധ ടാങ്കറുകളുടെ മുരൾച്ചയും അണുബോംബ് മിസൈലുകളുടെ മൂളിച്ചയും എന്റെ ചെവിചെകിടിപ്പിക്കുന്നു .
ചെറുപ്പ (പൊട്ടിച്ചിരിച്ചു ) - എല്ലാം മറക്കാൻ നീ മഹാമാരിയുടെ മടിത്തട്ടിൽ തലചായിക്കുക . സുനാമിയുടെസംഗീതം നുകരുക .
കിളവി - മുലപ്പാലിനു പകരം എന്റെ മുലഞെട്ടുകൾ ഇപ്പോൾ ചുരത്തുന്നതു ചീഞ്ഞ ചോരയാണു മകനേഅതുകൊണ്ടാവും അഴുകിയ ഹൃദയവുമായി വിഷം നുകരുവാൻ നീ പുഴയുടെ കുളിർമ്മ തേടുന്നത് .
ഇത്രയുമായപ്പോൾ വെടിയൻ തോമ്മാക്കു സഹിച്ചില്ല . അവൻ ഇരുന്നിരുന്ന ബെഞ്ചിൽ ചാടി എഴുന്നേറ്റുനിന്നു അലറി .
" ഇതെന്തു കോണകത്തിലെ നാടകമാടാ മൈരന്മാരേ "
പിന്നെയവൻ കയ്യിലിരുന്ന റാക്കുക്കുപ്പി സ്റ്റേജിലേക്കു വലിച്ചെറിഞ്ഞു പൊട്ടിച്ചു സമാധാനമടഞ്ഞു .
അപ്പോൾ ഉണ്ടകണാരൻ , ലോതർ പാപ്പി , പനംമ്പള്ളി , ഇമ്പിച്ചിബാവ, കഞ്ചുക്കുറുപ്പ് ,നത്തോലിവാസു, മീശവറീത് , കപ്പലണ്ടി കറിയാ മുതൽപ്പേർ സടകുടഞ്ഞണീറ്റു
കിട്ടിയതെല്ലാം ഉല്ലാസത്തോടെ തല്ലിപൊളിക്കുവാൻ തുടങ്ങി . മരമുകളിൽ നിന്നു ചാടിയിറങ്ങിയ കുമാരനുംഅവരോടൊപ്പം ചേർന്നു നിർവൃതിയണഞ്ഞല്ലോ .
രാമൻകുട്ടി നോക്കുമ്പോൾ ചെറുപ്പക്കാരിയായി മാറിയ കിളവിയും തൈക്കിളവനായ ചെറുപ്പക്കാരനുംകൈകൾ കോർത്തു സ്റ്റേജിന്റെ പുറകിൽ നിന്നും ചാടി ഓടുന്നു . ടീച്ചർമാരുടെ മൂത്രപ്പുരയും കടന്നവർമുകളിലേക്കു ഓടി . എവിടേക്കാണാവോ ? സെമിത്തേരിലേക്കോ ?! . രാമൻകുട്ടി മാന്യനും ദയയുള്ളവനുംആകയാൽ ആളെക്കൂട്ടി കാണിച്ചുകൊടുത്തില്ല .
പെരുന്നാൾപിറ്റേന്നു വരണ്ട വെയിൽ പള്ളിപ്പറമ്പിലും സ്കൂൾ അങ്കണത്തിലുംമരച്ചില്ലകൾക്കിടയിലൂടെ പതറി വീണു . വെയിലിന്റെ ആലസ്യത്തിലൂടെ രാമൻകുട്ടി ചിതറി നടന്നു . പൊട്ടിവീണതോരണത്തിന്റെ വർണ്ണക്കടലാസ്സുകൾ പൊടിപുരണ്ടു കുതറി പറക്കുന്നു . പൊട്ടിയ ബലൂൺ കഷ്ണങ്ങളുംവളപ്പൊട്ടുകളും വെടിതീർന്ന പൊട്ടാസുകളും ഓറഞ്ചുത്തൊലികളും ഒരു പെരുന്നാൾ ആവേശത്തിന്റെ വാടിയതണ്ടുകളായി വെയിലിൽ കുതിർന്നു കൊണ്ടേയിരുന്നു . തച്ചുത്തകർത്ത നാടക സ്‌റ്റേജ് പിന്നിട്ടു പിന്നെയുംരാമൻകുട്ടി തനിയെ നടന്നു . കതിനാവെടി മുഴക്കിയ കുറ്റികൾ ഉണക്കപ്പുല്ലുകൾക്കിടയിൽ അനാഥമായിചിതറിക്കിടക്കുന്നു . അതിനപ്പുറം പൊന്തക്കാട്ടിൽ ആരോ കമുകിൻത്തഴപ്പു വിരിച്ചു തീർത്ത മെത്തഅലംങ്കോലമാക്കിയിരിക്കുന്നു . ഏതോ പെണ്ണിന്റെ മുലക്കച്ച കെട്ടുപൊട്ടി അതിൽ തളർന്നു കിടന്നു .
" നീ ഏതാടാ ചെറുക്കാ ? ഒറ്റെക്കെന്തിനാ കറങ്ങി തിരിയുന്നേ ?"
സ്കൂൾ വരാന്തയിൽ ഇരുന്നയാൾ വിളിച്ചു ചോദിച്ചു . രാമൻകുട്ടി മെല്ലെ അയാളുടെ അരികിലേക്കു നടന്നു .
അയാൾ ഒരു പടുകിഴവൻ ആയിരുന്നു .
ശരീരം മുഴുവൻ ചുക്കിച്ചുളിഞ്ഞ അയാളുടെ
വെളുത്ത താടിരോമങ്ങൾ മണ്ണിൽ ഇഴഞ്ഞുകൊണ്ടേയിരുന്നു . താടിരോമങ്ങൾക്കിടയിൽ കൂടുകെട്ടിയതേനീച്ചകൾ ചുറ്റും മൂളി പറന്നു കളിച്ചു . മുടിയിഴകളിൽ പാറിയ വിവിധ വർണ്ണത്തിലുള്ള പൂമ്പാറ്റകൾ പത്തുമണിപൂക്കളിൽ നൃത്തമാടി. വരണ്ടകുന്നേറി പോക്കുവെയിലിൽ അലിഞ്ഞ നാടകത്തിലെ ഇണ ഈ മുത്തപ്പൻആയിരിക്കുമോ ?!.
" ഓ ... അന്നെ അനക്കു മനസ്സിലായി . ചിറക്കൽ കൊട്ടാരത്തിൽ നിന്നും പടിയിറക്കിയ ( 1) ദേവിത്തമ്പുരാട്ടിക്കു കരിമ്പാലൻ ചാമനുണ്ടായ മകന്റെ മകന്റെ മകളുടെ മകനല്ലേ നീയ്യ് ? കുടിയാട്ടിമലയിലെചെക്കൻ ?. "
രാമൻകുട്ടിയെ കണ്ടപ്പോൾ അയാൾ ചോദിച്ചു .
" അല്ല മുത്തപ്പാ , ങ്ങളേ ഈടയൊന്നും കണ്ടിട്ടേയില്ലാലോ . ങ്ങള് ഏടന്നാണപ്പാ ? "
കിഴവൻ പൊട്ടിച്ചിരിച്ചു . മുടികൾ ഇളക്കി കൈകാലുകൾ കുലുക്കി ചുളിഞ്ഞ ശരീരം ഉലച്ചു ആർത്താർത്തുചിരിച്ചു .
പിന്നെ ചിരി നിർത്തി അവനോടു ചോദിച്ചു .
" നീ വൈതൽമല കയറിയിട്ടുണ്ടോ ?"
" ഉം "
"ആടെ നീയൊരു കൂറ്റൻ വെട്ടുകല്ലു തറ കണ്ടിട്ടുണ്ടോ ? പൂപ്പൽ പിടിച്ചു കാടു മൂടിയ തറ ?"
" ഉം "
" അതെന്റെ കൊട്ടാരത്തിന്റെ തറയാണെടാ . ഇപ്പോഴും ഞാനവിടെ ഉറങ്ങുന്നു . പുലരിയിൽ മഞ്ഞു പൊതിയുമ്പോൾ മലയിറങ്ങുന്നു ."
" (2) വൈതൽകോൻ ?!"
" തന്നെ . "
" പിന്നെ നിനക്കറിയാത്ത ഒരു മഹാ സംഗതിയുണ്ട് . അതു ഞാൻ പറയാം ."
" അതെന്താ മുത്തപ്പാ "
" ചരിത്രം വൈതൽമലയിൽ തുടങ്ങുന്നു . പിന്നെയതു നിഗൂഢതയുടെ കോടമഞ്ഞിൽ കലർന്നു പ്രപഞ്ചമാകെനിറയുന്നു ."
രാമൻകുട്ടി പിളർന്ന വായോടെ വൈതൽക്കോനേ നോക്കിയിരുന്നു . അവനൊന്നും മനസ്സിലായില്ല . പിന്നെയും അയാൾ തുടർന്നു .
" ചരിത്രം ജീവിതമാകുന്നു . ജീവിതം ചരിത്രവും .
ആയതിനാൽ ജീവിതം നാടകമാകുന്നു . നാടകം ജീവിതവും ."
ഈ വയസ്സനു വട്ടാണോ ?. ഇയാൾ എന്തൊക്കെയാ പറയുന്നത് .
ഇപ്പോൾ അയാളുടെ മുടിയിഴകൾക്കിടയിൽ പൂമ്പാറ്റകൾക്കും തേനീച്ചകൾക്കുമൊപ്പം നീലത്തുമ്പികളുംരാപ്പാടികളും പാറിക്കളിക്കുന്നു .
പെട്ടെന്നു വൈതൽകോന്റെ മുഖം മുറുകി . ചുമന്നുതുടുത്തു വിറക്കുന്ന മുഖത്തോടെ അയാൾ അലറി .
"എന്തിനാടാ ഇന്നലെ നാടകം അലമ്പാക്കാൻ നീയും കൂടിയത് ?"
----@0&----
(1)- പിഴച്ചതിനു കുടിയാട്ടിയ ചിറക്കലിലെ രാജകുമാരി .
(2)- വൈതൽ വാണിരുന്ന രാജാവ് .