എഴുത്തമ്മ കോലായിൽ , അറപ്പുരയുടെ പോളിഷിട്ട
കരിവീട്ടി ഭിത്തിയിൽ ചാരിയിരുന്നു കുലുങ്ങി കുലുങ്ങി ചിരിച്ചു . അപരിചിതൻ നടപ്പുര കടന്നു ഒരു ചെമ്പരത്തിപ്പൂവ് ഇറുത്തു ഞരടി എഴുത്തമ്മ കണ്ടന്നറിഞ്ഞു ജാള്യതയോടെ തലകുനിച്ചു നടന്നു . അയാൾ കുടംപ്പുളി മരത്തിൽ കെട്ടിയിരുന്ന ചുമലപ്പശുവിന്റെ ഇടതുത്തുടയിൽ തടവി ഇറയത്തേക്കു കയറി .
" ആരാ, മനസ്സിലായില്ലല്ലോ "
" ഞാൻ ഇവിടെയൊക്കെ തന്നെയുള്ളതാ "
അയാൾ പരിഭ്രമത്തോടെ പറഞ്ഞു .
" ഇരിക്കൂ " എഴുത്തമ്മ തടുക്കുപ്പായ നീക്കിയിട്ടു .
പിന്നെ ഈർഷ്യയോടെ ചോദിച്ചു . " പേരില്ലേ ?"
" മരണമെന്നൊക്കെ പറയും " പരിഭവത്തോടെ പറഞ്ഞു .
"ഓ , കണ്ടാൽ തോന്നുകയേയില്ല . ഇങ്ങിനെയൊക്കെയാണോ മരണം ഇരിക്കുക ?."
അയാൾ ആകെ വിളറിപ്പോയി . പരക്കെ കരിമ്പനടിച്ച തോർത്തു തോളിൽനിന്നെടുത്തു വിയർപ്പു തുടച്ചു .
പൊടുന്നനവേ കൈനറ്റിക്ക്‌ഹോണ്ട വന്നു നിന്നു . മായ, ഹായ് മുത്തിയമ്മയെന്നോതി അകത്തെ മുറിയിലേക്കു പറന്നു . അവൾ ജീൻസും ടോപ്പും വലിച്ചൂരി കട്ടിലേക്കു വലിച്ചെറിഞ്ഞു . പുറകെ ബ്രായും പാന്റീസും എറിഞ്ഞു .
" ഈ കുട്ടിക്കെന്താ . ഒരാളിവിടെ ഇരിപ്പുണ്ടന്നു കരുതണ്ടേ ?"
മനസ്സിലോർത്തതു എഴുത്തമ്മ ഉറക്കെ പറഞ്ഞു .
മരണം ചിരിച്ചു.
" എഴുത്തമ്മക്കല്ലാതെ ആർക്കും എന്നെ കാണാൻ സാധിക്കില്ല "
" പക്ഷേ അവളുടെ മൂടിവെക്കണ്ടതെല്ലാം നീ കാണുന്നില്ലേ ?"
" അതുപ്പിന്നേ ഞാൻ മരണമല്ലേ എഴുത്തമ്മേ . കാണാതിരിക്കാൻ ആവുമോ ?"
" അപ്പോൾ എന്റെ ടീച്ചർമോളുടേയും മരുമോന്റെയും വേദന നീ അറിയുമായിരിക്കുമല്ലോ ? . അവൾക്കു കല്ല്യാണം വേണ്ടത്രേ!. പഠിക്കുമ്പോൾ മിടുക്കി ആയിരുന്നവൾ .
ജോലി കിട്ടിക്കഴിഞ്ഞു തോന്ന്യവാസമായി . എന്നോടൊന്നും സംസാരിക്കാൻ പോലും നിൽക്കില്ല . ഏതുസമയത്തും അവളുടെ ലാപ്ടോപ്പിൽ കൊട്ടലാണ് . ചാറ്റ് ചെയ്യുകയാണത്രെ . പിന്നെ അലവല പാട്ടിനൊപ്പം താളംതുള്ളലും . ചിലപ്പോഴൊക്കെ ഓഫീസിൽ പോയാൽ മൂന്നും നാലും ദിവസങ്ങൾ കഴിഞ്ഞേ വരാറുള്ളൂ . എവിടെ , ആരുടെകൂടെ കറങ്ങുകയാണോ ആവോ ?"
" തലമുറകളുടെ വ്യത്യാസം നിങ്ങൾക്കു മനസ്സിലാവില്ല എഴുത്തമ്മേ , എനിക്ക് അതേ മനസ്സിലാവുകയുള്ളൂ ."
" എങ്കിലും മരണമേ , ഞങ്ങളുടെ മുള പൊട്ടുന്നതു അവസാനിച്ചില്ലേ !"
മരണം ഇഴഞ്ഞു ചത്ത നിശ്വാസത്തിൽ അലിഞ്ഞു .
ചുവന്ന പൂക്കൾ വിടർന്നുനിന്ന പൂവാകക്കിടയിൽ മഞ്ഞത്തുമ്പികളും നീലത്തുമ്പികളും ചിറകു വിടർത്തി . ആത്മാക്കളെ പേറി അവർ വെയിലിന്റെ പാളികളിൽ മുഖമുരസി വിലപിച്ചു . ആകാശത്തിന്റെ വെള്ളമേഘങ്ങളിൽ മുളപൊട്ടിയ വിത്തുകൾ കരിഞ്ഞടിഞ്ഞ വടുക്കളിൽ ഗാന്ധാരി മൂർച്ഛിച്ചു വീണു . മരണം എഴുത്തമ്മക്കുള്ള ഉത്തരവുമായി അവരിലേക്കു നിറഞ്ഞു . അന്ധനായ ഭർത്താവിന്റെ വേദനയിൽ നിന്നു കണ്ണുമൂടിക്കെട്ടിയ ഗാന്ധാരി നീറിയിരുന്നു . അർഹതപ്പെട്ട രാജഭരണം നിഷേധിക്കപ്പെട്ടു പാണ്ഡുവിന്റെ കീഴിൽ ഋതുരാഷ്ടർ ഒതുക്കപ്പെട്ടപ്പോൾ അവർ വിത്തുകൾക്കായി നോമ്പുന്നോറ്റു തപസ്സിരുന്നു . കാത്തിരുന്ന വിത്തുകളെ ഞെക്കി പാകമാക്കി . നൂറ്റൊന്നു വിത്തുകൾക്കു മുളപൊട്ടി . ആദ്യം മുളപൊട്ടിയ ദുര്യോധനന്റെ അധരങ്ങൾ മുലഞെട്ടുകളിൽ അമർന്നപ്പോൾ നിർവൃതി പൂത്തുലയുകയായിരുന്നു .ഹസ്തിനപുരിയുടെ വീരനായ രാജാവ് . അരുമയോടെ കുഞ്ഞിന്റെ തല തലോടി . ഇപ്പോളിതാ ദുര്യോധനനും ദുശ്ശാസനനും മറ്റുനൂറ്റവരും തുടയെല്ലുപ്പൊട്ടി മാറുപിളർന്നു ചോരയിൽക്കുളിച്ചു മണ്ണിലടിഞ്ഞു കിടക്കുന്നു !.
നൂറ്റൊന്നു മുളയും അവസാനിച്ച വേദന താങ്ങാനാവാതെ കുഴഞ്ഞു വീണു .
മറുവശത്തുകൂടി ചിതറിക്കിടന്ന കബന്ധങ്ങൾക്കിടയിലൂടെ കുരുക്ഷേത്രത്തിൽ യുധിഷ്‌ഠരൻ നടന്നു . കത്തുന്ന വെയിലും കെട്ട ചോരയുടെ ഗന്ധവും പടർന്ന അയാളിൽ എകാന്തതയുടെ വിരസവല്ലികൾ പിണഞ്ഞു മൂടിയിരുന്നു . അർജുനന്റെ ഗാണ്ഡീവമില്ലാതെ, ഭീമന്റെ ഗദയില്ലാതെ ധർമ്മപുത്രർ തനിയെ തനിയെ നടന്നു . തെല്ലകലെ കറുത്ത ഒരു പട്ടി
കഴുകരുടെ കൊക്കിൽ നിന്നു പൊഴിഞ്ഞ കരൾ , ഹൃദയ കഷണങ്ങളും കുടൽമാലകളും മണത്തു വേച്ചു വേച്ചു യുധിഷ്ഠരന്റെ പുറകെ നടക്കുന്നു . മരണത്തിന്റെ നിർജ്ജീവവും നിശ്ശബ്‌ദവുമായ കരിംകോട്ടക്കു മുൻപിൽ അവർ കിതച്ചേ തളർന്നു .
പാഞ്ചാലി വളരെ മുൻപേ വഴിയിൽ വീണു , പിന്നെ സഹദേവനും നകുലനും വീണു , തുടർന്നു അർജുനനും ഭീമനും വീണു . മഹായുദ്ധത്തിനൊടുവിൽ ധർമപുത്രരും നായയും മാത്രം കരിംകോട്ടയുടെ നിറവിനും ശൂന്യതക്കും
നടുവിൽ വിറങ്ങലിച്ചു നിമിഷങ്ങൾ അടരുന്നതു അറിഞ്ഞേ നിന്നു .
വിരസമായി മങ്ങി തെളിഞ്ഞു വെയിൽ കാലിൽ ചുറ്റവേ മരണം വിളറിയ ചിരിയോടെ പറഞ്ഞു .
" അശ്വത്ഥത്മാവ് മരിച്ചു."
" ആനയാണ് "
ദൂരേ ദൂരേ കിതപ്പടക്കിയ നായ നേരിയ ശബ്‌ദത്തിൽ മുരണ്ടു .
നിരാശ കൂമ്പിയ മിഴികളിൽ തളർച്ചയുമായി യുധിഷ്ഠരൻ മരണത്തിന്റെ നിർവൃതിയിൽ അലിഞ്ഞുകൊണ്ടേയിരുന്നു .
" നീ എന്തിനാണ് വെന്നും കൊന്നും മുന്നേറിയ എന്റെ പിതാവിനെ എന്റെ മരണത്തിന്റെ നുണ പറഞ്ഞു തളർത്തിയത് ?"
അഗാധതയിൽ നിന്നും അശ്വത്ഥത്മാവ് വിളിച്ചു ചോദിച്ചു .
അലകടൽ പോൽ ആർത്തലച്ചു അശ്വത്ഥത്മാവ് വന്നു . ദ്രോണരുടെ മരണം ഉണർത്തിയ കൊടുംങ്കാറ്റ് അയാളുടെ കൈകാലുകളിൽ ചുഴലിയായി . ശിബിരത്തിൽ വിശ്രമിക്കുകയായിരുന്ന പാണ്ഡവപട മുഴുവൻ അതിൽ കൂപ്പുകുത്തി . അച്ഛനെ ചതിച്ചു കൊന്ന പാഞ്ചാലപുത്രൻ , ധൃഷ്ടദ്യുമനനെയും അഞ്ചു പാഞ്ചാലീപുത്രന്മാരെയും ശിഖണ്ഡിയേയും അശ്വത്ഥത്മാവ് കൊന്നു തള്ളി .
" എല്ലാ മരണത്തിനും നിമിത്തം നീ മാത്രമാണെടാ ധർമ്മത്തിന്റെ പുത്രാ "
ദിക്കുകൾ പൊട്ടുമാറു അശ്വത്ഥത്മാവ് അലറി .
യുധിഷ്ഠരൻ ഞെട്ടി , നായ ഓരിയിട്ടു , മരണത്തിന്റെ കൊടുംക്കോട്ട വിറച്ചു .
" നോക്കൂ , എഴുത്തമ്മേ , എല്ലാം മായയാണ് .
ധർമവും അധർമ്മവും വിജയവും പരാജയവും സന്ധ്യയും പുലരിയും മരണവും ജീവിതവും എല്ലാം എല്ലാം പ്രഹേളികയായി മായയിൽ അലിയുന്നു ."
എഴുത്തമ്മ വെറ്റിലച്ചെല്ലം നീക്കി വെച്ചു . മരണം ഒരു തളിർവെറ്റിലയെടുത്തു ഞരമ്പു കളഞ്ഞുകൊണ്ടേയിരുന്നു .
" എന്നാൽ നമ്മുക്കു പോകാം " മരണം ചുണ്ണാമ്പു തേച്ച വെറ്റില അടക്കയിൽ പൊതിഞ്ഞു വായിലിട്ടു ചവച്ചിട്ടു പറഞ്ഞു .
" വിക്രമാത്യത്തിന്റെയും വേതാളത്തിന്റെയും കഥ അറിയുമോ ?"
പടിപ്പുര കടന്നപ്പോൾ മരണം ചോദിച്ചു .
" അറിയും "
" ഞാൻ ചിലപ്പോൾ ചില ചോദ്യങ്ങൾ ചോദിക്കാം . ഉത്തരം കൃത്യമെങ്കിൽ നിങ്ങൾക്കു രക്ഷപ്പെടാം . അല്ലെങ്കിൽ നിങ്ങടെ തോളിൽ ഞാനുണ്ടാവും എഴുത്തമ്മേ "
വെയിലിന്റെ ശാന്തതയിൽ എഴുത്തമ്മയുടെ മങ്ങിയ കണ്ണുകൾ കത്തിയടിഞ്ഞു . അനന്തതയോളം വേദനയുടെ നിറവിൽ വിശാലമായ ഭൂമി സീല്‍ക്കാരമിടുകയായി . ആഴിയിലെ കൊടുംക്കാറ്റിന്റെ ചീളുകൾ മലകളിലും താഴ്‌വാ രങ്ങളിലും പാറിനിറഞ്ഞു .
പൊടുന്നനവേ വാഴക്കൂട്ടത്തിനു ചുറ്റുവട്ടത്തുനിന്നു അഞ്ചാറു വയസ്സുള്ള കുട്ടി ചാടിവന്നു . ഓലപ്പീപ്പിയൂതി ചന്തിക്കീറി ബട്ടൺ പൊട്ടിയ നിക്കറു വീഴാതെ പിടിച്ചു അവൻ ഓടിയപ്പോൾ വാഴക്കൂട്ടത്തിൽ സർപ്പം ഫത്തി വീശി ആടിത്തിമർത്തു . അവനു ചുറ്റും പൂമ്പാറ്റകളും തുമ്പികളും പച്ചപ്പനംതത്തകളും നീലക്കുരുവികളും മഞ്ഞക്കിളികളും തിമർത്തു പറന്നു .
" എഴുത്തമ്മേ , എഴുത്തമ്മേ , എന്റെ ഒന്നാമത്തെ ചോദ്യം . ഈ പയ്യൻ ഫ്ലാറ്റിനുള്ളിൽ എ സി റൂമിൽ ഫസ്റ്റ് ക്രൈയുടെ ചെത്തു ഡ്രെസ്സുമിട്ടു മൊബൈൽ കളിച്ചു ടീവിയിൽ നഴ്സറി റൈമ്മ്സ് കേൾക്കാതിരുന്നത് എന്തിന് ? "
എഴുത്തമ്മക്ക് ഒന്നും പറയാനായില്ല .
“എങ്കിൽ ശരി , നമ്മുക്കു രണ്ടാമത്തെ ചോദ്യത്തിലേക്കു നടക്കാം . "
വട്ടക്കായലിനോരത്തു മടവീഴാതിരിക്കാൻ ചാത്തൻപുലയന്റെ പിടക്കുന്ന ജീവനു മീതെ വാരിയും ചെളിക്കട്ടയും താഴ്ത്തിക്കെട്ടിയ വരമ്പിലൂടെ നടന്നു . കാറ്റിന്റെ ശക്തിയറിഞ്ഞു നടന്നു . പിന്നെ ചൊക്കനെ കണ്ടു നിന്നു .
മൊട്ടത്തലയൻ ചൊക്കൻ തീപ്പെട്ടിക്കമ്പുകൊണ്ട് പല്ലിടക്കുത്തി , ബോട്ടടുത്തപ്പോൾ പൊട്ടിവീണ ഓളങ്ങളിൽ കാലുകളാട്ടി വെറുതെ വെറുതെ കടവിൽ ഇരുന്നു ചിരിച്ചു . പൊടുന്നനവെ നെഞ്ചത്തു കയറ്റിയുടുത്ത കൈലിക്കു താഴെയുള്ള കുടവയറിനെ കുറിച്ചു അയാൾ ബോധവാനായി . ആറ്റിലേക്കിറങ്ങി കുടവയർ മുക്കി പോളകൾക്കു മുകളിൽ തലപൊക്കി മഞ്ഞപ്പല്ലുകൾ മുഴുവനുംകാട്ടി ചിരിച്ചു നീണ്ട കൈകാലുകൾ വെള്ളത്തിൽ ഇളക്കി കൊണ്ടേയിരുന്നു . ബോട്ടിറങ്ങി നടന്ന സന്ധ്യക്കു പിറകേ അയാളുടെ കണ്ണുകൾ തുടിച്ചു . ഹൗസ് ബോട്ടിലെ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയാവും . അവളടുത്തു വന്നപ്പോൾ ഹൃദയത്തുടിപ്പുകളോടെ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു .
" പതിനായിരം രൂപാ ഞാൻ ആക്കിയിട്ടുണ്ട് . അപ്പ , എപ്പഴാ തരമാവുക "
സന്ധ്യ കാർക്കിച്ചു തുപ്പി .
" പരട്ടുകിളവാ , നിന്റെ കുടവയറിനു താഴെ അനങ്ങുന്ന എന്തെങ്കിലുമുണ്ടോ ?"
നേർത്ത ടോപ്പിനുള്ളിലെ തുടിക്കുന്ന മുലകളും ഇറുകിയ ജീൻസിനടിയിൽ ഇളകുന്ന മാംസദളങ്ങളും നിരാശയോടെ നോക്കി അയാൾ തല മുക്കി .
" എങ്ങോട്ടാ അമ്മാമ്മേ ഇത്ര രാവിലെ ?"
" വെറുതെ . ചുമ്മാ ഒന്നു നടക്കാൻ "
അമ്പലത്തിലേക്കല്ലാതെ എഴുത്തമ്മ പുറത്തിറങ്ങുമോ !. സന്ധ്യ അമ്പരന്നു .
അവളോട് കൂടുതൽ ലോഹ്യം പറയാൻ നിൽക്കാതെ വിളറിയ ചിരിയോടെ എഴുത്തമ്മ നടന്നു . ആറ്റിൽ മുങ്ങിപ്പൊങ്ങുന്ന ചൊക്കനെ കണ്ടപ്പോൾ എഴുത്തമ്മക്കു ചിരിപൊട്ടി .
" ഒരിക്കലും കുളിക്കാത്ത നീയെന്താടാ ചൊക്കാ രാവിലെത്തന്നെ ആറ്റിൽ കളിക്കുന്നത് ?"
" എഴുത്തമ്മേ , ജീവിതത്തിൽ എല്ലാം ആഗ്രഹിച്ചുവെങ്കിലും ഒന്നും നേടാനാവാതെ പൊട്ടനെപ്പോലെ പല്ലിളിച്ചു ചുമ്മാ ചുമ്മാ കിതക്കുന്ന ചൊക്കനെ കണ്ടുവോ നീയ്യ് ? . മൊട്ടത്തല തടവി വിയർപ്പൊഴുക്കി വഴികളത്രയും താണ്ടിയിട്ടും കൂത്താടികൾ പിണയുന്ന ചെളിവെള്ളത്തിൽ അടിയാനല്ലേ അവനു വിധി. അവന്റെ സ്വപ്‍നത്തിലെ രതി സായൂജ്യമായി സന്ധ്യ വിരിയുകയായി . പുരുഷന്റെ ചൂടു നിശ്വാസങ്ങൾ വിടർത്തുന്ന പെണ്ണിന്റെ ചുണ്ടുകൾ പൂവിതളുകൾ പോലെ മദനലാസ്യത്തിൽ കലരവേ അവളിൽ നിർവൃതി നിറയുന്നു . സന്ധ്യക്ക് എന്നും വിഭിന്നഗന്ധത്തിലുള്ള നിശ്വാസങ്ങളുടെയടിയിൽ കിതക്കുവാനായിരുന്നു ഇഷ്ടം . അതുകൊണ്ടുകൂടിയാണ് അവൾ നക്ഷത്ര ഹോട്ടലുകളിലും ഹൗസ്ബോട്ടുകളിലും നിന്നും വിളി വന്നാൽ ഒഴിവാക്കാത്തത് .
മരണത്തിന്റെ കരിംക്കോട്ടക്കു മുൻപിൽ കിതക്കുന്നതു ചൊക്കനാണോ സന്ധ്യയാണോ ?
എന്തെങ്കിലും പറയൂ എഴുത്തമ്മേ ."
എഴുത്തമ്മ ഒന്നും മിണ്ടിയില്ല .
"ഞാൻ പറഞ്ഞതു സംഭവിക്കാതിരിക്കില്ലല്ലോ എഴുത്തമ്മേ "
വേതാളത്തെപ്പോൽ മരണം എഴുത്തമ്മയുടെ തോളിൽ തൂങ്ങി .
വേദനിക്കുന്ന കഴുത്തു നിവർത്തി എഴുത്തമ്മ നോക്കി .
ആകാശം വിവിധ വർണ്ണങ്ങളിൽ പ്രകാശിച്ചു കൊണ്ടേയിരുന്നു . ഭൂമിയാകട്ടെ ദുരൂഹമായ ഇരുളിൽ പുതഞ്ഞു മാമരങ്ങളിൽ ചേക്കേറി . കിളികൾ പാടുവാൻ പേടിച്ചു ചില്ലകൾക്കിടയിൽ വിറയാർന്ന കൊക്കുകൾ പൂഴ്ത്തി . കൂവലൊതുക്കിയ പൂവങ്കോഴികൾ കണ്ണുകൾ തറപ്പിച്ചു , കഴുത്തു വീർപ്പിച്ചു , മുരടലുകൾ മുറിഞ്ഞ ഈണങ്ങളായി ആകാശത്തിന്റെ ചാര നിറത്തിലുള്ള പായയിൽ കൊക്കുകൾകൊണ്ടു വരച്ചുകൊണ്ടിരുന്നു . എല്ലാവർക്കും എല്ലാറ്റിനും എന്തു പറ്റി ?!.
മരണത്തിന്റെ വഴികളിൽ തിരക്കേറി . കുമാരൻ കുത്തിക്കീറിയ ശരീരം ചുമന്നു വേച്ചു വേച്ചു നടക്കുന്നു . പാപ്പച്ചായൻ മാസ്ക്കു നിറയെ കട്ടച്ചോരയുമായി സ്‌ട്രോക്ക് തളർത്തിയ ശരീരവുമായി വരുന്നു . ചതഞ്ഞ മുലഞെട്ടുകളിൽ കരുവാളിച്ച കുഞ്ഞിനെയുറക്കി സുശീല ഉഴറി .
ഏകാന്തതയുടെ വിരസവും നിർജ്ജീവവുമായ വ്യഥയുടെ ചീളുകളാൽ തറയ്ക്കപ്പെട്ടു ഒടുങ്ങാത്ത വേദനയുടെ നിറവിൽ എഴുത്തമ്മ തേങ്ങി . ഒന്നു പൊട്ടിക്കരയുവാൻ പോലുമാവാതെ ഹൃദയത്തിന്റെ ഞരമ്പുകൾ വരിഞ്ഞുമുറുകി . ഒരു ചാവാലിപ്പട്ടി പോലുമില്ലാതെ മരണത്തിന്റെ കറുപ്പിൽ അലിഞ്ഞേ നിറഞ്ഞു . ദൂരെ , ദൂരേ കറുത്ത പട്ടിയുമായി ധർമ്മപുത്രർ നിന്നു . വേദനയിൽ വിരിഞ്ഞ പുഞ്ചിരിയുമായി യുധിഷ്oരൻ കാത്തുനിന്നു . കാലത്തിന്റെ വെളിച്ചവും മോഹത്തിന്റെ നിറവുമായി കുരുക്ഷേത്രപ്പതി വിടർന്നു .
------000------
Sent from my iPhone