ആളുന്ന തീ....
അതിലേക്ക് കൈ നീട്ടാൻ ശ്രമിച്ചതും ആരോ തട്ടിമാറ്റി... ദേവേട്ടാ....
ഞെട്ടിയുണരുമ്പോൾ നേരം പുലർന്നിരുന്നു.... തുറന്നുകിടന്ന ജനാലയിലൂടെ പ്രകാശം കണ്ണിലേക്കടിച്ചു കയറി.... മുഖം തിരിക്കുമ്പോൾ തലയണയിൽ നല്ല കാച്ചെണ്ണയുടെ മണം..... ആവോളം വലിച്ചുകയറ്റി.... ഇനിയൊരിക്കലും ലഭിക്കാത്ത അവളുടെ മുടിയുടെ നറുമണം... ഓർമ്മകൾ തീച്ചൂള കൂട്ടി അതിൽ തന്നെ നീറ്റുന്നു....
സേതു....
ജനാലകമ്പിയിൽ കൈ വച്ച് പുറത്തേക്ക് നോക്കി..... പൂർണ്ണമായും കത്തിയമർന്ന പട്ടട.... ചുറ്റും പൂക്കളും വിറക് കഷ്ണങ്ങളും....
നുണക്കുഴി നിറഞ്ഞ വട്ടമുഖം ഇടനെഞ്ചിലെവിടെയൊ നീറ്റലുണ്ടാക്കി....
അവിടെ കത്തിയമർന്നതൊരു പെണ്ണുടൽ മാത്രമല്ല.... ഒരു ലോകം തന്നെയാണ്.... ഭാര്യ, അമ്മ, കൂട്ടുകാരി അങ്ങനെ നിർവചിക്കാൻ പറ്റാത്ത ഒരുപാട് സ്ഥാനങ്ങൾ.... ഓരോ സ്ത്രീക്ക് പിന്നിലും മറഞ്ഞു കിടക്കുന്ന അവളുടെ നിർവചിക്കാനാവാത്ത മറ്റു പലതും.....
നോക്കിനിൽക്കുന്തോറും ചാരമായിപ്പോയ അവൾ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമെന്ന് വെറുതെ പ്രത്യാശിച്ചു....
കാക്കകൾ കൂട്ടത്തോടെ അപ്പുറത്തെ മരച്ചുവട്ടിൽ പറന്നിറങ്ങുന്നു.... വെന്ത് കരിഞ്ഞ ചോറ് ആരോ തെങ്ങിൻ ചുവട്ടിൽ കളഞ്ഞിരിക്കുന്നത് കൊത്തിപ്പെറുക്കുകയാണ്....
എല്ലാ ദിവസത്തെയും പോലെ ചോറ് വയ്ക്കാനായി അരികഴുകിയിട്ട് കറിക്കരിയുന്നതിനിടയിൽ പെട്ടന്നൊരു നെഞ്ചുവേദന.... നിശബ്ദമായി എല്ലാം അവസാനിച്ചു....
ജീവിതം പലതും പഠിപ്പിക്കും അതേപോലെ പലതും കണ്മുന്നിൽ നിന്ന് പിടിച്ചെടുക്കും....
ചിന്തകളുടെ നെരിപ്പോടിൽ വീണ പുൽക്കൊടി പോലെ ദേവൻ വല്ലാതെ ഞെളിപിരി പൂണ്ടു.....
അടുക്കളയിൽ പാതി നുറുക്കിയ ക്യാരറ്റും ചേനയും ചക്കക്കുരുവും പ്രതീക്ഷയോടെ നോക്കുന്നപോലെ... ഞങ്ങളെ നുറുക്കി തണുത്ത വെള്ളത്തിൽ കുളിപ്പിച്ച് കറിയാക്കിയെടുക്കൂ....
തൊട്ടടുത്ത് തേങ്ങാമുറി പാതി പല്ലൊടിഞ്ഞ കുട്ടിയെപ്പോലെ പല്ലിളിക്കുന്നു... ഷെൽഫിൽ നിന്ന് ഉറുമ്പുകൾ താഴേക്ക് നിരനിരായി പോകുന്നു സൂക്ഷിച്ചു നോക്കുമ്പോൾ തട്ടിന്റെ അറ്റത്തായി എണ്ണ വീണു കിടക്കുന്നു.... വീണ്ടും കാച്ചെണ്ണയുടെ മണം.... കുപ്പിയുടെ അടപ്പ് മുഴുവനായും അടച്ചു വച്ചു....
കറുത്ത ദൃഡമായ നീളമുള്ള മുടി വിടർത്തി കുളിപ്പിന്നലിട്ട് തുളസിയും തിരുകി മന്ദം മന്ദം നടന്നകലുന്ന സേതുവിനെ ആദ്യം കണ്ട വർഷങ്ങൾക്ക് മുൻപുള്ള പുലരി.... നിതംബത്തിൽ തട്ടി ആടിയുലയുന്ന കെട്ടിയിട്ട മുടിത്തുമ്പ്....
വിട്ടുകളയാൻ മനസ്സ് അനുവദിച്ചില്ല.... കെട്ടി സ്വന്തമാക്കിയപ്പോൾ ലോകം കീഴടക്കിയ സന്തോഷം തോന്നി....
ആകാശമിരുണ്ടു.... മഴ പൊടിച്ചു തുടങ്ങി....
"ആ തുണിയൊന്ന് എടുക്ക് ഏട്ടാ ഞാൻ കുളിക്കാൻ കേറി...."
ബാത്‌റൂമിൽ നിന്ന് വിളിച്ചു പറയുമ്പോൾ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയ ഈ ചുമട്ടുകാരന് നാളേക്ക് കരുതാൻ ഒരു രൂപയുടെയെങ്കിലും സമ്പാദ്യം നേടാനുള്ള വ്യഗ്രത ഓഫീസ് ഫയലിൽ നിന്ന് കണ്ണെടുക്കാതെ കേട്ടില്ലെന്ന് നടിച്ചു....
മഴ ഇരച്ചു വന്നതും ഓർമ്മകൾ കുടഞ്ഞെറിഞ്ഞ് ദേവൻ അയയിൽ വിരിച്ചിരുന്ന പാന്റും ഷർട്ടും മോന്റെ നിക്കറും ഉടുപ്പുമായി അകത്തേക്ക് കയറി....
ഒരിക്കലും പരാതിയും പരിഭവവും കണ്ടിട്ടില്ല... അങ്ങനെ തോന്നിപ്പിക്കാതെ വീടെന്ന സ്വർഗത്തെ മിനുക്കിയെടുത്തു നിലനിർത്തി... സമയാസമയം ഭക്ഷണം അലക്കിയ വസ്ത്രം വൃത്തിയുള്ള വീടും ചുറ്റുപാടും.... സ്നേഹം.... ഒന്നും കുറച്ചിട്ടില്ല....
തുണിയുമായി അകത്തേക്ക് നടന്നു ഇടത്തെ മുറിയിൽ സീമയെ കെട്ടിപ്പിടിച്ചു കിടക്കുന്ന അരുൺ.... അവന്റെ അഞ്ചു വയസ്സിലെ ഈ നഷ്ടം ഇനിയൊരിക്കലുമൊരു പകരം വയ്ക്കാനാവാത്ത വിടവായി ബാക്കിനിൽക്കും....
കുഞ്ഞുമനസ്സിനോട് പെട്ടെന്ന് പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്തത്....
സീമയുടെ പള്ളയിലേക്ക് അള്ളിപ്പിടിച്ചു കിടക്കുകയാണവൻ.....
സേതുവിന്റെ കൂടെ കിടക്കുമ്പോഴുള്ള ശീലം.... വയറിൽ അള്ളിപ്പിടിച്ച് മാറിലേക്ക് മുഖം പൂഴ്ത്തിയെ അവൻ കിടക്കു.... മയക്കത്തിലും പതിയെ അവന്റെ പുറത്ത് തട്ടുന്നുണ്ടാവും അവൾ....
സീമയുടെ കവിളിൽ ഉണങ്ങിപ്പിടിച്ച കണ്ണുനീർ... രാത്രി ഒരുപാട് കരഞ്ഞിട്ടുണ്ടാവണം.... വയസ്സറിയിച്ച പെണ്ണിന്റെ വളർച്ചയെ അവൾക്കൊള്ളു..... എന്തിനുമേതിനും അമ്മ വേണം..... രാവിലെ വിളിച്ചുണർത്തി മുടിയിൽ എണ്ണ തേച്ചിപിടിപ്പിച്ച് കുളിക്കാൻ പറഞ്ഞു വിടും.... സേതുവിനെപ്പോലെ നല്ല ദൃഢമായ നീളമുള്ള മുടിയുണ്ടവൾക്ക്.....
രാത്രി ഭക്ഷണം കഴിക്കാൻ കുട്ടാക്കാതെ അരുൺ അമ്മയെ കാണണമെന്ന് പറഞ്ഞ് വാശിപിടിച്ചു....
"കഴിക്ക് മോനെ...."
"വേണ്ടാ എനിക്ക് അമ്മേ കാണണം...."
മറുപടി പറയാൻ കഴിയാതെ കുഴങ്ങിയ അവളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന പിഞ്ചുമുഖത്തേക്ക് നോക്കാൻ ആർക്കും കഴിഞ്ഞില്ല.... അവനെ വാരിപ്പിടിച്ചവൾ കരഞ്ഞു....
"ഞാനാ ഇനി മോന്റെ അമ്മ...."
ഒന്നും മനസ്സിലാവാതെ അവൻ സീമയോട് പറ്റിച്ചേർന്നിരുന്നു...
മുൻവാതിൽ തുറന്ന് പുറത്തേക്ക് നോക്കി.... എങ്ങും മങ്ങിയ വെളിച്ചം മാത്രം.... മനസ്സിന്റെ മങ്ങൽ ചുറ്റും കാണും പോലെ.... ദിക്കറിയാതെ നിൽക്കുന്ന കുട്ടിയെപ്പോലെ അയാൾ ചുറ്റും പകച്ചു നോക്കി....
മധുവിധുനാളിൽ ഏറെനേരത്തെ സുഖനിമിഷത്തിൽ തന്റെ നെഞ്ചിലേക്ക് ചാഞ്ഞുകിടക്കുന്ന കവിളുകൾ തണുത്തിരുന്നു... ദേവേട്ടാ നമുക്കുണ്ടാവുന്ന മോൾക്ക് എന്ത് പേരാ വയ്ക്കുന്നെ.... നമുക്ക് സീമ എന്ന് വയ്ക്കാം ഏട്ടന്റെ അമ്മേടെ പേര്....
ഓ ആയിക്കോട്ടെ....
മാനം വീണ്ടും കറുത്തിരുണ്ട മേഘത്തെ പെയ്യാൻ തയ്യാറാക്കി.... കാറ്റ് വീശിത്തുടങ്ങി.....
"അച്ഛാ..."
പിന്നിൽ സീമ....
"മോളെ.... അച്ഛൻ കവലയിൽ പോയി കഴിക്കാനെന്തെങ്കിലും വാങ്ങി വരാം....".
മറുപടിക്ക് കാത്തുനിൽക്കാതെ മുറ്റത്തേക്കിറങ്ങുമ്പോൾ പിന്നിൽ സീമയുടെ അടക്കിപ്പിടിച്ച കരച്ചിലിന് ചെവികൊടുക്കാതെ ദേവൻ നടന്നു....
പെയ്തു തുടങ്ങിയ മഴയിൽ തന്റെ കണ്ണീരിനെ അലിയിക്കാൻ....
അവസാനിച്ചു
ശരശിവ
Shivassara6@gmail.com
copyright protected