brestmilk in Malayalam Short Stories by CHERIAN books and stories PDF | മുലപ്പാൽ

The Author
Featured Books
Categories
Share

മുലപ്പാൽ

വണ്ടിയിൽ നല്ല തിരക്കാണ് . എങ്കിലും അമ്മക്കു അസൻസോളിൽനിന്നു തന്നെ സീറ്റ് കിട്ടിയിരുന്നു . സീറ്റിന്റെ ഒരു മൂലയിൽ അവർചുരുണ്ടുകൂടി . നേർത്ത നിലാവിൽ തെളിഞ്ഞ , അവിടവിടെ കുറ്റിമരങ്ങൾ നിന്ന വരണ്ടുനിരന്ന ഭൂമി നോക്കി അവർകണ്ണീരൊഴുക്കി . മോൻ അവിടെയെവിടെയോ ഉറക്കെനിലവിളിക്കുന്നതു പോലെ .


വില കുറഞ്ഞ, കറുപ്പുപൂക്കളുള്ള വെള്ളസാരിയിൽ തല പുതച്ചിരിക്കുന്ന അമ്മആദ്യമായാണു ട്രെയിനിൽ യാത്ര ചെയ്യുന്നത് . താക്കൂർസാഹിബിന്റെ ഗോതമ്പു പാടത്തിനു നടുവിലൂടെ പാഞ്ഞുപോകുന്ന വണ്ടികൾ ചെറുപ്പം മുതലേ അവർക്കു അത്ഭുതമായിരുന്നു . അടുത്തിരിക്കുന്ന , കടവായിൽ നിന്നുതുപ്പലൊപ്പിച്ചു ഉറങ്ങുന്ന തള്ളയോ , എതിർവശത്തു കുത്തിയിരുന്നു പുകയില ചവക്കുന്ന മൊട്ടത്തലയനോകലപില ചിലക്കുന്ന പെണ്ണുങ്ങളോ അവരുടെ മിഴിനീരിനു മുൻപിൽ തെളിഞ്ഞതേയില്ല . മണ്ണു പുതച്ച തറയിലൂടെനീന്തി നീന്തി ഇറയത്തെത്തി വിശാലമായ ഗോതമ്പു പാടത്തേക്കു കണ്ണുമിഴിച്ച മോന്റെ മുഖം മാത്രം തെളിഞ്ഞു .

രാജേഷ് ശുക്ല പോക്കറ്റിൽ നിന്നു എഴുതിയ പേപ്പർ എടുത്തുനോക്കി . പൻവേലിൽവണ്ടിയിറങ്ങണം . അവിടെനിന്നു പെൻ, അലിബാഗ് വഴി തളിൽ . അവിടെയെത്തിയപ്പോൾ രാവിലെഎട്ടുമണിയോളം ആയി . എങ്കിലും RCF ഫാക്ടറിയുടെ കൂറ്റൻ ഗേറ്റ് പൂട്ടികിടന്നു . എന്തെങ്കിലും കഴിക്കാൻപോകാൻ അമ്മയെ നിർബന്ധിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല . യാത്ര തുടങ്ങിയപ്പോൾ മുതൽ അവർ ഒന്നുംകഴിച്ചിരുന്നില്ല . സഹതാപം ജനിപ്പിക്കുന്ന രൂപമായി അവർ ഗേറ്റിനുവെളിയിൽ, മരച്ചുവട്ടിൽ ചുരുണ്ടുകൂടി .

തനിക്കു ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു . വീട്ടുകാരെയും മതവാദികളെയും പേടിച്ചു ഒളിച്ചാണ്അവരുടെ കൂടെ പുറപ്പെട്ടത് . ഞാൻ ജനിച്ചപ്പോൾ മുതൽ അവർ വീട്ടിൽ ഉണ്ടായിരുന്നു . വേലക്കാരിയായിരുന്നുവെങ്കിലും അമ്മയായിട്ടു മാത്രമേ കരുതിയിട്ടുള്ളു . ബാർബറി മസ്ജിദ് പൊളിച്ചതിൽപിന്നെയുണ്ടായ കലാപം ബന്ധങ്ങളെല്ലാം തകിടം മറിച്ചു . ബാപ്പുജി അവരെ ജോലിയിൽ നിന്നു പറഞ്ഞുവിട്ടു .


കമ്പനിയിൽ നിന്നു എന്റെ മൊബെലിൽ വിളിച്ചാണ്‌ അവർ മഹബൂബിന്റെ മരണം അറിയിച്ചത്‌ . അവൻ ആദ്യം ധൻബാദിൽ വെൽഡിങ്ങു പണിയായിരുന്നു . അങ്ങനെയിരിക്കെ പശുവിറച്ചി തിന്നെന്നു പറഞ്ഞുനാട്ടിൽ ഒരു കൂട്ടർ അവനെ കൊല്ലാൻ പരിപാടിയിട്ടു . അന്നു തന്നെ കണ്ടപ്പോൾ അവൻ മട്ടൻ മാത്രമേ കഴിച്ചുള്ളൂഎന്നു പറഞ്ഞു കരച്ചിലായിരുന്നു . എന്റെ നിർദേശം അനുസരിച്ചാണ് അവൻ ജോലിക്കായി മുംബൈക്കു വണ്ടികയറിയത് . ഇപ്പോൾ വെൽഡിങ്ങിനു ഇടയിൽ ടൗറിൽ നിന്നു വീണു മരിച്ചെന്നു ഫോണും കിട്ടി .


കാത്തിരിപ്പിനു അവസാനമായി . RCF ന്റെ കൂറ്റൻ ഗേറ്റ് സെക്യൂരിറ്റി തുറന്നു . മുഷിഞ്ഞ വേഷവും തളർന്നകണ്ണുകളും ചോറ്റുപാത്രവുമായി പണിക്കാർ ഗേറ്റു കടന്നു . സൈറ്റിൽ എന്തെല്ലാമോ കൺസ്ട്രക്ഷൻ വർക്ക്നടക്കുന്നുണ്ടന്നു തോന്നുന്നു . പത്താകാറായപ്പോൾ ഫാക്ടറി ജീവനക്കാർ ലക്ഷറി ബസുകളിലും കാറുകളിലുംആയി വന്നു തുടങ്ങി .എൻക്വയറി കൗണ്ടറിൽ നിർദേശിച്ചതുപോലെ അമ്മയെയും കൂട്ടി ജി എം ഓഫീസിലേക്കുനടന്നു .


കംപ്യൂട്ടറിൽനിന്നു മുഖമെടുക്കാതെ സ്വന്തം ആട്ടിൻതാടിയിൽ വലിച്ചുകൊണ്ടിരുന്നചെറുപ്പക്കാരൻ ഇരിക്കാൻ കൈകാണിച്ചു . ജി എം ന്റെ മുറിക്കുമുൻപിലെ സോഫയിലേക്കു നടന്നു . എ സി യുടെമുരൾച്ചയും ജീൻസുകാരിയുടെ കീ ബോർഡിന്റെ താളവും ഒഴിവാക്കിയാൽ ഓഫീസിനുള്ളിൽ എല്ലാംനിശബ്‌ദമായിരുന്നു . കറുപ്പു മിഡി ഇട്ട പുഞ്ചിരിക്കുന്ന പെൺകുട്ടി ഇടക്കിടെ ജി എം ന്റെ റൂമിൽകയറിയിറങ്ങുന്നു . മണിക്കൂറിന്റെ കാത്തിരിപ്പിനൊടുവിൽ പെൺകുട്ടി റൂമിലേക്കു വിളിപ്പിച്ചു .

മുറിയിൽ കടന്നയുടൻ അമ്മയുടെ അതുവരെ മിണ്ടാതിരുന്ന , ഏതെങ്കിലും മൂലയിൽചുരുണ്ടുകൂടിയിരുന്ന , വിളറിയ രൂപം പൊട്ടിക്കരഞ്ഞു .

"എന്റെ മോന്റെ മുഖം ഒന്നു കാണണം സാറേ , അതിനായി മാത്രമാ ഞാൻ വന്നത് , കാണിക്കില്ലേ സാറേകാണിക്കില്ലേ ?"

ജി എം ന്റെ നിസ്സംഗമായ മുഖത്തു അന്താളിപ്പ് ഇരച്ചുകയറി .

" എന്താണിതു സംഭവം ?" അയാൾ കസേരയിൽ ഒന്നു കറങ്ങി കോട്ടു വലിച്ചു ചോദിച്ചു .

മഹബൂബിന്റെ മരണം അനേഷിച്ചപ്പോൾ ഉദാസീനഭാവത്തിൽ പറഞ്ഞു .

" നോക്കൂ സുഹൃത്തേ , ഈ സംഭവുമായി R C F നു യാതൊരു ബന്ധവുമില്ല . ചില വർക്കുകൾ ചിലകമ്പനികൾക്ക് കൊടുത്തിട്ടുണ്ട് . ഈ സംഭവം ഈസ്റ്റേൺ ഇന്ത്യ എറെക്ടേസിൽ ആണെന്നു തോന്നുന്നു . ഒന്നന്വേഷിക്കൂ .


പുറത്തു വെയിൽ കത്തികാളുകയായിരുന്നു . കോമ്പൗണ്ടിനുള്ളിൽ ഒരു കൂറ്റൻകെട്ടിടത്തിന്റെ സ്കെൽട്ടൻ ഉയരുന്നു .

കമ്പി മുറിക്കുന്നതിന്റെയും മെറ്റൽ തൂത്തുകൂട്ടുന്നതിന്റെയും കോൺഗ്രീറ്റ് മിക്സിറിന്റെയും വെൽഡിങ്ങിന്റെയും ശബ്‌ദം പൊടിക്കുള്ളിൽ ഉയരുന്നു . മെഹബൂബിന്റെ അവസാനം ഇവിടെയായിന്നിരിക്കണം . കമ്പനി ഓഫീസ്അവിടെ അടുത്തു തന്നെയായിരുന്നു .

തകരപ്പാട്ടകളും ഇഷ്ടികകളും കൊണ്ടു നിർമ്മിച്ച താൽകാലിക കെട്ടിടമായിരുന്നു ഓഫീസ് . അതിനകത്തു നന്നായി ഫർണിഷ് ചെയ്‍ത എ സി റൂമിൽ ആയിരുന്നു മാനേജർ മഡ്കി. മഡ്കി സാർഒന്നിരിക്കാൻകൂടി പറഞ്ഞില്ല .

അയാളുടെ മേശയിൽ ഒരു താലത്തിൽ ലഡു , ജിലേബി , മധുരസേവ തുടങ്ങിയ മധുരപലഹാരങ്ങൾനിരത്തിയിരിക്കുന്നു . എല്ലാം കേട്ടു കഴിഞ്ഞു സാർ ഒരു ലഡു വായിലിട്ടു ആസ്വദിച്ചു തലയിളക്കി .

"നോക്കൂ , വിധി വളരെ ക്രൂരമായിരിക്കുന്നു . ഒരു നോക്കു നോക്കാൻ മുഖം പോലും കിട്ടിയില്ലല്ലോ ."

അപ്പോൾ കറുത്ത ഒരു തടിയൻ , ഫയലുമായി മുറിക്കുള്ളിലേക്കു കടന്നുവന്നു . വസൂരിക്കുത്തു നിറഞ്ഞഅയാളുടെ മുഖത്തെ തടിയൻ ചുണ്ടുകൾക്കു മീതെയുള്ള കൊമ്പൻമീശയും ചുവന്ന ഉണ്ടക്കണ്ണുകളുംമഞ്ഞപല്ലുകളും കഴിഞ്ഞ ആഴ്ചയിൽ കണ്ട സിനിമയിലെ വില്ലനെ ഓർമ്മിപ്പിച്ചു .


" മിസ്റ്റർ മൂർത്തീ , ഇവർ മഹമൂദിന്റെ അമ്മയും സുഹൃത്തുമാണ് . വേണ്ട സഹായങ്ങൾ ചെയ്യണം ."

" മൂർത്തി , മഹബൂബിന്റെ സൂപ്പർ വൈസറായിരുന്നു . എല്ലാം അയാൾ പറഞ്ഞു തരും ."

മഡ്കി സാഹിബ് എല്ലാം മൂർത്തിയേ ഏല്പിച്ചു സമാധാനത്തോടെ ഒരു ജിലേബി എടുത്തു ചവച്ചു .


" ഒരു ലൈഫ് ബെൽറ്റ് പോലും കൊടുക്കാതിരുന്ന പന്നി . ഇപ്പോൾ വാചകമടിക്കുന്നു ."

തിരികെ നടക്കുമ്പോൾ മൂർത്തി പിറുപിറുത്തു .

പൊള്ളുന്ന വെയിലിൽ അവർ പണിസ്ഥലത്തേക്കു നടക്കുന്നതിനിടയിൽ ശുക്ല എല്ലാം വിശദമായിപറഞ്ഞുകൊണ്ടിരുന്നു . ഒരു വാടിയ ചേമ്പിൻ തണ്ടു പോലെ സാരികൊണ്ടു തല പുതച്ചു പിറകിൽ വേച്ചുനടക്കുന്ന അമ്മയെ മൂർത്തി സഹതാപത്താടെ നോക്കി .

"ബോഡി എങ്ങിനെയെങ്കിലും നാട്ടിൽ എത്തിക്കണമെന്നാണ് അമ്മയുടെ ആഗ്രഹം "

സ്വരം താഴ്ത്തി പറഞ്ഞു . മൂർത്തി ശൂന്യത നിറഞ്ഞ മിഴികൾ ടൗറിനു മുകളിൽ ഉയർത്തി . പിന്നെ ഇന്നലെ തേച്ചുവൃത്തിയാക്കിയ സിമിന്റ് തറയിലേക്കും ചാലിലേക്കും നോക്കി .

" ഈ ചാലിലാണ് സ്വപ്‌നങ്ങളും പ്രിതീക്ഷകളും നിറഞ്ഞ മഹബൂബിന്റെ തലച്ചോർ ചിതറികിടന്നത് . ഈതറയിലാണ് അവന്റെ മാംസങ്ങളും എല്ലുകളും രക്തവും പരന്നുകിടന്നത് ."

ഇടറിയ സ്വരത്തിൽ മൂർത്തി പറഞ്ഞു .

" അവരതെല്ലാം തൂത്തുവാരി പ്ലാസ്റ്റിക്ക് ചാക്കിലാക്കി , തറ കഴുകി ചന്ദനം പുരട്ടി , സാംബ്രാണി കത്തിച്ചു പൂജനടത്തി പണി തുടർന്നു ."

വാടി തളർന്നു നിന്ന അമ്മ ഒന്നും കേൾക്കാതിരിക്കാൻ ശുക്ല ശ്രദ്ധിച്ചു .

"ഒരുപക്ഷെ ചാക്കോടെ അവർ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്‌തിട്ടുണ്ടാവും . അല്ലെങ്കിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടാകും . "

പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു നിർത്തി .

"ഇനിയിപ്പോൾ നിങ്ങൾക്കു ചെയ്യാൻ സാധിക്കുന്നത് കോമ്പൻസേഷൻ മേടിച്ചെടുക്കുക മാത്രമാണ് ."


സാധരണ മറാഠി പെണ്ണുങ്ങളെ പോലെ സാരി താറുടുത്ത ഒരു യുവതി മൂർത്തിയുടെഅരികിലെത്തി . അവർ മാറിനിന്നു സംസാരിക്കുന്നു . അവസാനം ഒച്ചയുയർത്തി അയാൾ പറഞ്ഞു .
"നീ പോ പെണ്ണേ പോ "
കറുത്ത ചിരിയോടെ അയാൾ തിരികെയെത്തി പറഞ്ഞു .
"മൂന്നു മാസമായി മണ്ണു പണിക്കു വരുന്ന പെണ്ണാണവൾ . അവളുടെ കെട്ടിയവൻ മുൻപ് ഇവിടെ വാർപ്പുപണിക്കുണ്ടായിരുന്നു . ഒരിക്കൽ അയാൾ മുകളിൽ നിന്നു വീണിട്ടു കാലുകൾ തകർന്നു പോയി . ഇപ്പോൾവളരെ കഷ്ടമാണ് അവരുടെ കാര്യം . ഇവളുടെ പണികാശു കൊണ്ട്‌ കുടുംബം കഷ്ടിച്ചു കഴിഞ്ഞുകൂടും . മരുന്നു കാശോ ?.
കഴിഞ്ഞ ആഴ്‌ച എന്നോടു നൂറുരൂപ വാങ്ങിയിരുന്നു . അതിപ്പോൾ തിരിച്ചുതരാൻ നിവൃത്തിയില്ലത്രേ. പകരം അവൾ വീട്ടിലേക്കു വിളിച്ചതാണ് . കുട്ടികളെ അടുത്ത വീട്ടിൽ വിടാം പോലും . ഒരു മുറിയെ ഉള്ളൂ . അതിൽ കെട്ടിയവൻ കിടക്കുന്നു . കഞ്ഞി വെച്ചതു അടുക്കളയിൽ ഇരിക്കുന്നു . അവിടെ എവിടെയെങ്കിലുംകിടന്നു തരാം പോലും ."
."പാവപ്പെട്ടവരുടെ കാര്യം ഇങ്ങനെയൊക്കെയാണു ശുക്ലാജി "
ആകാശത്തേക്ക് ചുണ്ടുകൾ വക്രിച്ചു ചിരിച്ചുകൊണ്ടു മൂർത്തി പറഞ്ഞു .

"പാവമായിരുന്നു മഹബൂബ്‌ . ശുക്ലജി , നിങ്ങളെ കുറിച്ചെല്ലാം അവൻ പറഞ്ഞിട്ടുണ്ട് . അവൻ എല്ലാം എന്നോടുപറഞ്ഞിട്ടുണ്ട് . അവന്റെ മരിച്ചുപോയ ബാപ്പായെക്കുറിച്ചു അമ്മയെക്കുറിച്ചു പെങ്ങന്മാരെക്കുറിച്ചു എല്ലാം എല്ലാംപറഞ്ഞിട്ടുണ്ട് .

വരണ്ട ഭൂമിക്കു നടുവിലെ കുടിലിനെക്കുറിച്ചും കുട്ടികാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും അവൻ ഓർമ്മിക്കുന്നു . റയിൽപാതക്കപ്പുറത്തുനിന്നു

പാറിയെത്തിയ തുമ്പികൾ വെയിൽ വാടിയ ഗോതമ്പുപാടത്തു നെടുകയും കുറുകയും തുള്ളികളിച്ചപ്പോൾ വിടർന്നസ്വപ്നങ്ങൾ മാത്രമായിരുന്നു അവനു സ്വന്തം ."

അമ്മ ഒന്നും ശ്രദ്ധിക്കുന്നില്ല . മൂർത്തിയുടെ വാക്കുകളൊന്നും അവർ കേട്ടിട്ടൂണ്ടാവില്ല . വെയിൽ തളർന്നു ചാലിൽപിടഞ്ഞു വീണു . മഹബൂബിന്റെ സ്വപ്നങ്ങൾ ഉറകെട്ട് അതിൽ അലിഞ്ഞേതീർന്നു .

മൂർത്തി പറഞ്ഞതുപോലെ മഹബൂബിന്റെ മൃതുദേഹത്തിന്റെതായി ഒന്നും കിട്ടാനില്ല .

സൈറൺ മുഴങ്ങി . പണിക്കാർ സെക്യൂരിറ്റി ചെക്കപ്പ് കഴിഞ്ഞു കുഴിഞ്ഞകണ്ണുകളുമായി കിലുങ്ങുന്ന ചോറ്റുപത്രങ്ങളോടെ ഗേറ്റ് കടന്നു .

ഇനി പോവുക തന്നെ . വെറുതെ നിന്നിട്ടു കാര്യമില്ല . അമ്മയെയും വിളിച്ചു നടന്നു . ഗേറ്റിനു പുറത്തുതന്നെമൂംബൈ ബസ്സ് സ്റ്റാർട്ട് ചെയ്യത് നിർത്തിയിരിക്കുന്നു .

"മോൻ പോയിക്കോളൂ . ഞാൻ വരുന്നില്ല ." ബസിൽ കയറുമ്പോൾ അമ്മ പിറകിൽ നിന്നു പറഞ്ഞു .

"എന്താണമ്മ പറയുന്നത് ? അമ്മയില്ലാതെ ഞാൻ എങ്ങിനെ നാട്ടിൽ ചെല്ലും ?"

അമ്മ റോഡ് മുറിച്ചുകടന്ന് അപ്പുറത്തുള്ള മൈതാനത്തിലൂടെ നടന്നു വയൽക്കരയിൽ ഇരുന്നു .

മൈതാനത്തു ആരോ ഉപേക്ഷിച്ച ചാവാലിപ്പശു

ചുവന്ന മേഘങ്ങളെ നോക്കി അമറി . അതിന്റെ കാലുകൾക്കിടയിലെ കൊക്ക് അതുകേട്ട് പറന്നകന്നു . മൈതാനത്തു ചുറ്റിപറ്റി നടന്നിരുന്ന തെണ്ടിപ്പട്ടികൾ അമ്മക്കുചുറ്റും കൂടി മുറുമുറുത്തു .

RCF ന്റെ കൂറ്റൻ ഗേറ്റ് പൂട്ടിക്കഴിഞ്ഞു . അമ്മയുടെ അടുത്തേക്കു നടന്നു . നിലക്കടലകൾ മുളച്ച പാടത്തേക്കുകണ്ണുകൾ തുറുപ്പിച്ചു തളർന്നിരിക്കുകയാണ് അമ്മ .

"സഹായിച്ച എന്നെ എന്തിനാണ്‌ ഉപദ്രവിക്കുന്നത് ?"

അമ്മ ഒന്നും മിണ്ടിയില്ല . കുറേ കഴിഞ്ഞു പറഞ്ഞു .

"എനിക്കെന്റെ മോനേ കാണണം . കണ്ടിട്ടേ ഞാൻ എവിടേക്കും പോകുകയുള്ളൂ ."

പിന്നെ അമ്മ അണപൊട്ടി കരഞ്ഞു .

"ഇറ്റു മുലപ്പാൽ പോലും മര്യാദക്കു കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല ."

അവർ കരച്ചിലിനിടയിലൂടെ പറഞ്ഞുകൊണ്ടേയിരുന്നു .

" പലപ്പോഴും പണിക്കിടെ ഓടിവന്നു മണ്ണു പുരുണ്ട മുഖം തുടച്ചു മുലക്കണ്ണുകൾ തിരക്കിട്ടു തിരുകികൊടുക്കുമായിരുന്നു ."

"വളർന്നപ്പോൾ ചിലപ്പോഴൊക്കെ റോട്ടിയില്ലാതെ വിശന്നു കരഞ്ഞ അവനു പശുവിനു കരുതിയ പിണ്ണാക്കുകൊടുത്തിട്ടുണ്ട് ."

ഇടറിയ സ്വരത്തിൽ തുടർന്നു .

"ബാപ്പ മരിച്ചുകഴിഞ്ഞു അവൻ പഠനം നിർത്തി പാടത്തുപണിക്കു പോയപ്പോൾ പൊട്ടികീറിയ കൈവെള്ളയിൽകണ്ണുനീരിന്റെ ഉപ്പു വിളമ്പിയ അമ്മയാണു ഞാൻ .

ചേക്കേറാൻ പറന്ന കിളികൾ ദുഃഖ ഗാനമാണു പാടിയത് . ഇരുൾ മെല്ലെ മെല്ലെ നിറഞ്ഞു തുടങ്ങി .

" ഞാൻ ഇവിടെയിരുന്നോളാം മോനേ . ഇവിടെയിരുന്നു നീറി നീറി തീർന്നോളാം . പിന്നെ അമ്മിഞ്ഞയായി മാറിഎന്റെ മോന്റെ ഹൃദയത്തിൽ നിറഞ്ഞോളാം ."

പാടത്തിനു നടുവിലെ കുറ്റി മരത്തിൽ മിന്നാമിന്നുകൾ കത്തി കത്തി പടരുകയായിരുന്നു .


------------//---//------------


ചെറിയാൻ കെ ജോസഫ്