വളപ്പൊട്ടുകൾ
കൊച്ചിൻ എയർപോർട്ടിൽ സന്ധ്യയുടെ സിന്ദുരച്ഛവി മാഞ്ഞുതീർന്ന നേരത്ത് വന്നിറങ്ങുമ്പോൾ അനീഷ് രാജിന്റെ മനസ്സ് ആകാശത്ത് മേക്കാറ്റ് പിടിച്ച, പിടികിട്ടാ പട്ടംപോലെ അടിയുലയുകയായിരുന്നു. അമ്മ അരുന്ധതിദേവി അവനെ നാട്ടിലേക്ക് വിളിക്കാൻ തുടങ്ങിയിട്ട് നാളുകളേറേയായി. ജോലിയുടെ തിരക്കും പുതിയ മഹാമാരി തീർത്ത ആഗോള തടവറയും കാരണം അതങ്ങു നീണ്ടുപോയി. അമ്മ പറയുംപോലെ അലക്ക് കഴിഞ്ഞു നിനക്ക് ഇനി എന്നാണ് കുട്ടി… കാശിയിൽ പോകാൻ നേരം കിട്ടുക. പരിഭവം കൊട്ടിക്കയറി അങ്ങ് ഉച്ചസ്ഥായിൽ ആകുമ്പോൾ ആവും ഇങ്ങനെ പറയുക, നോക്ക് ഉണ്ണി, നിനക്ക് പ്രായം ഏറുകയാണ്, എനിക്കും, മൂക്കിൽ പല്ല് മുളച്ചിട്ടല്ല ജീവിക്കാൻ തുടങ്ങുക, എല്ലാത്തിനും കാലവും നേരവും ഉണ്ട്, ജീവിതാനുഭവം കൊണ്ട് പറയുന്നതാണ് എന്ന് കൂട്ടിക്കോളൂ, ഇനിയും തുടർന്നാൽ പിന്നെ കരച്ചിലിലും മൂക്ക് പിഴിയലിലും ഒക്കെ ആവും അവസാനിക്കുക എന്നറിയാവുന്നതിനാൽ സമ്മതിക്കുകയേ തരമുണ്ടായിരുന്നുള്ളു.
ജീവിതാനുഭവങ്ങൾ ഏറെ ഉണ്ടായിരുന്നു അമ്മക്ക്, ഒരു പക്ഷേ ഓർക്കാനും, പറയാനും ഇഷ്ട്ടപ്പെടാത്ത ഏടുകൾ ആണ് അധികവും. കിഴക്കൻ മലയോരത്തെ കുഗ്രാമത്തിൽ ജനിച്ച തലമുറയിൽ നിന്ന് മൈഗ്രെഷൻ എന്ന പലായനം തുടങ്ങിയ തലമുറയുടെ മൂന്നാമത്തെ അല്ലെങ്കിൽ നാലാമത്തെ കണ്ണിയായിരുന്നു അവൻ, എന്നാൽ അവന്റെ അമ്മ, ആദ്യത്തേതും. ലോകം ചുറ്റി കൗതുകത്തിന് മുത്തശ്ശിയെ കാണാനും പപ്പയുടെ അപ്പനപ്പൂപ്പൻമാരുടെ നൊസ്റ്റുവായ നാട് ഒന്ന് കാണുവാനും വന്ന പച്ച പരിഷ്കാരി രാജന്റെ മനസ്സിലേക്ക് കടന്നു കയറിയ ഗ്രാമീണ അനാക്രകുസുമമായിരുന്നു അരുന്ധതി. അവസാനം താലോലിക്കാൻ മടിയിൽ ഒരു പൈതലിനെ നൽകി അകാലത്തിൽ അന്തതയിലേക്ക് നടന്ന അയാളുടെ സ്മൃതിപഥങ്ങളെ ഓർത്ത് വിറങ്ങലിച്ചു നിൽക്കുമ്പോൾ, അവർ ആകെ പരിഭ്രമിച്ചിരുന്നു, എന്നാൽ തളർന്നില്ല.
ഇന്ന് കൊച്ചിനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭിമാനമായി തലയുയർത്തി നിൽക്കുന്ന അഞ്ചോളം ബ്യുട്ടിക്ക് നെറ്റ്‌വർക്കിന്റെ ഉടമയാണ് അവർ, ഒപ്പം നിരവധി മറ്റ് സംരംഭങ്ങളും. എല്ലാം ഒറ്റക്ക് നെയ്തെടുത്തത്, ആ വഴിയിൽ താങ്ങായത്, ബാക്കിവച്ച പപ്പയുടെ സമ്പാദ്യങ്ങളും, അമ്മയുടെ കർമ്മകുശലതയും, ചങ്കുറ്റവും. ഇതിനിടയിൽ മകനെ പഠിപ്പിച്ചു നേർവഴിയിലൂടെ വലുതാക്കാനും മറന്നില്ല. വേണമെങ്കിൽ അമ്മയുടെ വഴിയിൽ തന്നെ നിൽക്കാമായിരുന്നു, എന്നാൽ ജീവിതം ആരുടെയും വഴികളിലൂടെ അല്ല, സ്വന്തം പാതയിലൂടെ ആവണം എന്നത് അമ്മയുടെ നിർബന്ധം ആയിരുന്നു, അതാണ് കടൽകടന്നത്.
ലേയ്ക്ക് അവന്യു പ്ലാസ, എന്ന വലിയ ബോർഡ് വച്ച ഗെയ്റ്റ് കടന്ന് എയർപോർട്ട് ടാക്സി അകത്തേക്ക് കടന്നപ്പോൾ, അവന്റെ കണ്ണുകൾ പരതി. മുന്നിൽ വന്ന സുരക്ഷാഭടനോട് എന്തോ ചോദിച്ച് ഡ്രൈവർ വേർതിരിക്കപ്പെട്ട പോളിത്തീൻ ഷീറ്റിന്റെ അപ്പുറത്ത് ഇരുന്ന് അവനോട് പറഞ്ഞു, സർ, ഇറങ്ങിയാലും, താങ്കളുടെ അപ്പാർട്ട്മെന്റ് ഇവിടെ അടുത്ത് തന്നെ ആണ്.
മുൻപേ പറഞ്ഞ കൂലി, എടുത്ത് ഒപ്പം അൽപ്പം ടിപ്പ് കൂട്ടി കൊടുത്തപ്പോൾ ഡ്രൈവർ നിരസിച്ച് കൂലി മാത്രം വാങ്ങി, അഭിവാദനം ചെയ്ത് മടങ്ങി. കാവൽക്കാരൻ, സ്നേഹത്തോടെ ലിഫ്റ്റിലേക്ക് ആനയിച്ചപ്പോൾ അവൻ അനുസരിച്ചു. 11എ, മുന്നിൽ കണ്ട അംബരചുംബിയായ ഫ്ലാറ്റ് സമുച്ചയത്തിന്റെ, പതിനൊന്നാം നിലയിലെ ലിഫ്റ്റിന് അഭിമുഖമായ അമ്മയൊരുക്കിയ അപ്പാർട്ട്മെന്റ്. ഇനിയും പതിനാല് ദിവസം, ഒരു ഏകാന്ത തടവറയിൽ എന്നപോലെ, തികച്ചും അപരിചിതമായ ചുറ്റുപാട്. കാവൽക്കാരൻ നൽകിയ താക്കോൽ കൂട്ടത്തിൽ നിന്ന് പ്രധാനവാതിലിന്റെ താക്കോൽ തിരഞ്ഞെടുത്ത്, തുറന്ന് അകത്തേക്ക് കയറുമ്പോൾ അവൻ തികച്ചും നിർവികാരൻ ആയിരുന്നു.
അകത്തേക്ക് കയറിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി, വളരെ മനോഹരമായ പുതുമ നഷ്ടപ്പെടാത്ത, അപ്പോഴും പെയ്ന്റിന്റെ മണം തങ്ങി നിൽക്കുന്ന പുതുപുത്തൻ സ്റ്റുഡിയോ അപ്പാർട്ടമെന്റിൽ എല്ലാം പുതിയതാണ്, മാത്രവുമല്ല, വളരെ നന്നായി ചിട്ടപ്പെടുത്തിയിരിക്കുന്നു. വർണ്ണാഭമായ കർട്ടനുകളും, ചുവരുകളിൽ നിറയുന്ന പെയ്റ്റിംഗുകളും എല്ലാം തന്റെ അഭിരുചി അറിഞ്ഞു ചെയ്തുവച്ചിരിക്കുന്നു, ഇത്രയും മനോഹരമാക്കാൻ ഒരാൾക്കേ കഴിയൂ, ദി ഗ്രെറ്റ് അരുന്ധതിദേവി, അവൻ മനസ്സിൽ ഉരുവിട്ടു.
ചൂട് നഷ്ടപ്പെടാത്ത പാത്രങ്ങളിൽ, ഊണുമേശയുടെ മുകളിൽ വച്ചിരുന്ന ഭക്ഷണം തുറക്കുന്നതിന് മുൻപ്, അതിന്റെ അടിയിൽ വച്ചിരുന്ന കുറിപ്പ് അവൻ കണ്ടു.
ഉണ്ണി, അമ്മയുടെ കൈപ്പടയാണ്, ഇന്നത്തെ അത്താഴം ഇതിൽ ഉണ്ട്, നാളെ മുതൽ എല്ലാം സ്വന്തമായി ഉണ്ടാക്കി കഴിക്കണം, വേറെ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലല്ലോ. വിവാഹത്തിന് മുൻപ് അൽപ്പം പാചകം ഒക്കെ പഠിക്കുന്നത് നല്ലതാണ്, നിന്റെ അച്ഛൻ ഒരു നല്ല കുക്ക് കൂടി ആയിരുന്നു, എന്തെന്കിലും പചക സംശയം ഉണ്ടെങ്കിൽ, അമ്മയെ വിളിച്ചാൽ മതി, അല്ലെങ്കിൽ യൂ ട്യൂബിൽ കിട്ടും. അടുത്ത പതിനാല് ദിവസത്തേക്കുള്ള എല്ലാം അടുക്കളയിൽ വാങ്ങി വച്ചിട്ടുണ്ട്. അപ്പോൾ ശുഭരാത്രി.
ശരീരം തണുക്കെ കുളിച്ച്, ഭക്ഷണം കഴിക്കുന്നതിന് മുൻപ് അമ്മയെ വിളിച്ച്, എല്ലാത്തിനും നന്ദിയും പറഞ്ഞു, ഫോൺ വയ്ക്കുമ്പോൾ അമ്മയുടെ തൊണ്ട ഇടറുന്നത് അറിയുന്നുണ്ടായിരുന്നു, എങ്കിലും, കടിച്ചു പിടിച്ച്, അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ രുചിക്കൂട്ട് അകത്താക്കി, കിടക്കയിലേക്ക് മറിയുമ്പോൾ, ഒന്ന് ഉറപ്പിച്ചു, അച്ഛൻ ചുമ്മാതല്ല, അമ്മയുടെ മുൻപിൽ മുട്ട് മടക്കിപ്പോയത്. തനിക്കും, വേണം അമ്മയെപ്പോലെ ഒരു പെൺകുട്ടി. അതിന് ഇനി എത്രകാലം കാത്തിരിക്കേണ്ടി വന്നാലും തീരുമാനത്തിന് മാറ്റമില്ല.
രാവിലെ ഉറക്കമുണർന്നപ്പോൾ സൂര്യൻ ചക്രവാളം വിട്ട് മുകളിലേക്ക് കയറിയിരുന്നു. ജനൽകർട്ടൻ നീക്കി പുറത്തേക്ക് നോക്കിയപ്പോൾ, അത്ഭുതപ്പെട്ടുപോയി, നീണ്ടുനിവർന്ന് കിടക്കുന്ന വേമ്പനാട്ട് കായൽ, അതിന്റെ കുഞ്ഞോളങ്ങളിൽ തെന്നിത്തെറിക്കുന്ന സൂര്യരശ്മികൾക്ക് എന്ത് സൗന്ദര്യമാണ്. അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി കുറേ നേരം ആ കാഴ്ച നോക്കി നിന്നു. പിന്നെ ഉൾവലിഞ്ഞു, പ്രഭാത കൃത്യങ്ങളിലേക്ക് ഊളിയിട്ടു. ഇതിനിടയിൽ, കിച്ചണിൽ കയറി, പ്രഭാത ഭക്ഷണം തയ്യാറാക്കാ൯ തുടങ്ങുന്നതിനിടയിൽ അമ്മയുടെ വിളിയും വന്നു.
ജോലി ഒക്കെ ഒന്നൊതുങ്ങിയപ്പോൾ കയ്യിൽ കരുതിയ പുസ്തകവും എടുത്ത്, അൽപ്പം പ്രകാശം തേടി, കർട്ടനുകൾ നീക്കി കിഴക്കേ ജനാല മലർക്കെ തുറന്നു. അധികം ദൂരെ അല്ലാതെ അടുത്ത ഫ്ലാറ്റ് സമുച്ചയം, എങ്കിലും, പാളിവീഴുന്ന സൂര്യരശ്മികൾ, ഒപ്പം കായൽക്കാറ്റും. പിന്നിൽ എന്തോ മിന്നിമറയുന്നത് പോലെ തോന്നിയപ്പോൾ ആണ് വായന അവസാനിപ്പിച്ച് ജനലിൽക്കൂടി പുറത്തേക്ക് നോക്കിയത്. അടുത്ത ഫ്ളാറ്റിലെ ജനാലയും തുറന്നിരിക്കുന്നു. അതിന്റെ പിന്നിൽ ഉയർത്തിവച്ച ക്യാൻവാസിൽ ചിത്രം വരക്കുന്ന ഒരു പെൺകുട്ടി.
അനീഷ് അവിടെ നിന്ന് എഴുന്നേറ്റ്, ബെഡ്‌റൂമിലേക്ക് പോയി. ഉച്ചഭക്ഷണവും ഉറക്കവും കഴിഞ്ഞ്, ഫോൺ റിംഗ് അടിച്ചപ്പോൾ ആണ് അവൻ ഉണർന്നെഴുന്നേറ്റത്. അമ്മയുടെ കുശലവും, പരിഭവവും ഒക്കെ കഴിഞ്ഞപ്പോൾ, പടിഞ്ഞാറ് സൂര്യൻ ചായാൻ തുടങ്ങിയിരുന്നു.
നോക്ക് ഉണ്ണീ, സന്ധ്യ മയങ്ങും മുൻപേ ജനാല ചാരിക്കോളു, അവിടെ ആകെ കൊതുകാണ്, കിടക്കയിൽ നിന്ന് എടുത്തുകൊണ്ട് പോകാൻ വലിപ്പമുള്ളവ. കായലിന്റെ സൗന്ദര്യമൊക്കെ കൊള്ളാം, പക്ഷേ... കൊതുകുകൾ "ഹോ" അസഹനീയം. അമ്മയുടെ കരുതൽ എന്ന് മനസ്സിൽ പറഞ്ഞ്.
പിന്നെ ഒരു വലിയ ചിരി മറുപടിയായി കൊടുത്ത് അവൻ ജനലുകൾ ചേർത്തടക്കാൻ തുടങ്ങി, അവസാനമാണ് അവിടേക്ക് എത്തിയത്, ആ പെൺകുട്ടി അപ്പോഴും വരക്കുകയാണ്, അവൻ ഉദാസീനമായി കണ്ണെറിഞ്ഞ്, ജാലകവാതിലുകൾ അടക്കാൻ ശ്രമിച്ചു, അവളുടെ സ്വരം കാതിൽ വീണപ്പോൾ അവന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.
ഹേയ്, നല്ല ആളാണ്, നിങ്ങളെ കണ്ടുകൊണ്ടാണ് ഞാൻ ഈ പ്രൊജക്റ്റ് തുടങ്ങിയത്, എഴുന്നേറ്റ് പോകുന്നതിന് മുൻപ് ഒന്ന് പറഞ്ഞു കൂടെ?അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
അപ്പോൾ ആണ് അനീഷിന്റെ കണ്ണുകൾ ആ ചിത്രത്തിലുടക്കിയത്, കണ്ണാടിയിൽ നോക്കുംപോലെ ആണ് അവന് തോന്നിയത്, തന്റെ ജീവസുറ്റ പ്രതിബിംബം ആ ക്യാൻവാസിൽ, അവൻ അത്ഭുതത്തോട് അവളെ നോക്കി, അപ്പോൾ അവൾ വരച്ചുകൊണ്ടിരുന്നത് തന്നെ ആയിരുന്നു, അതും എത്ര, സൂഷ്മമായി. അവൻ ആ ചിത്രത്തിലേക്കും, അവളിലേക്കും മാറിമാറി നോക്കി.
അവൻ മറുപടിയായി ഉറക്കെ പറഞ്ഞു, അതിനിപ്പം എന്താ കുഴപ്പം, ചിത്രം വളരെ നന്നായിട്ടുണ്ട്, കണ്ണാടിയിലെപ്പോലെ.. കൊള്ളാം.
അവൾ മറുപടിയായി പറഞ്ഞു, ഏയ് എനിക്ക് തൃപ്തിയായില്ല, എന്തൊക്കയോ, പൂർണ്ണത ബാക്കിയായപോലെ, എന്റെ വാട്ട്സ് ആപ്പ് നമ്പർ തരാം, ഒരു ക്ലോസപ്പ് ഒന്ന് അയച്ചു തരുമോ?
മറുപടി ഒരു മൂളലിൽ ഒതുക്കി, അവൻ അവളുടെ നമ്പർ കുറിച്ചെടുത്തു.
അതൊരു തുടക്കമായിരുന്നു, രാവിലത്തെ ഗുഡ് മോർണിംഗിൽ തുടങ്ങി, പിന്നെ പതിയെ പതിയെ അവർ സംസാരിക്കാനും പരസ്പരം ചിന്തകൾ പങ്കുവയ്ക്കാനും തുടങ്ങി. ഇതിനിടയിൽ ആ ചിത്രം മാത്രമായിരുന്നില്ല, അവൾ വീണ്ടും അവന്റെ ചിത്രങ്ങൾ വരച്ചുകൊണ്ടേ ഇരുന്നു, ഒന്നിലും തൃപ്തി വരാതെ വീണ്ടും.
ഇതിനിടയിൽ സ്വയം അത്ഭുതപെട്ടുപോയത് അനീഷാണ്, അവളുടെ മാനറിസവും, ചിന്തകളും, അത് അവന്റെ അമ്മയുമായി വല്ലാതെ അടുത്തുനിൽക്കുന്നു, എന്തിന് സംസാരരീതിയും, ഭാവങ്ങളും പോലും. അവളെപ്പറ്റി കൂടുതൽ അറിയണം എന്ന് അവൻ ഉറപ്പിച്ചു, എല്ലാം ശരിയായാൽ ഇനി, അധികം തേടേണ്ടി വരില്ല, ഒരു പക്ഷെ അമ്മയ്ക്കും തൃപ്തിയായേക്കും, അവന്റെ ചിന്ത കാടുകയറി.
ഇപ്പോൾ ദിവസങ്ങൾക്ക് വേഗത പോരാ എന്നവന് തോന്നി, ഇഴയുന്ന നിമിഷങ്ങൾ, തങ്ങി നിൽക്കുന്ന മണിക്കുറുകൾ. ക്വാറന്റിന് എന്നത് ഒരു ശാപമായി എന്ന് തോന്നിയ ദിവസങ്ങൾ, ആദ്യം അതിനെ ശ്ലാഖിച്ച, അവന്റെ മനംമാറ്റം പെട്ടെന്നായിരുന്നു. അവൻ തടവറയിലെ വെരുകിനെപ്പോലെ മുറിയിൽ ചുറ്റിനടന്നു. അപ്പോൾ അവൾ ഇതെല്ലാം ഒരു ക്യമറയിൽ എന്നപോലെ ക്യാൻവാസിലേക്ക് ഒപ്പിയെടുക്കുകയായിരുന്നു.
പന്ത്രണ്ടാം ദിവസം പുലർന്നെപ്പോൾ അനീഷിന്റെ മനസ്സിൽ ആശ്വാസത്തിന്റെ തിരയിളക്കം അലയടിച്ചു, ഇനി രണ്ട് പുലരികൾ കൂടി കഴിഞ്ഞാൽ, അവളുടെ അടുത്തേക്ക് ഓടിയെത്താം, ഓരോ നിമിഷങ്ങളും അവൻ എണ്ണിയെണ്ണി അവസാനിപ്പിക്കുന്ന പിരിമുറുക്കത്തിൽ അവൻ സ്വയം മറന്നിരുന്നു. അടുത്ത ദിവസം അവന് എഴുനേൽക്കാൻ മനസ്സ് വന്നില്ല, അവൾ പലപ്പോഴും വിളിച്ചപ്പോൾ ഫോൺ എടുക്കാനും, ജാലകവാതിലിലേക്ക് വിളിച്ചുകൊണ്ട് അവൾ അയച്ച മെസ്സേജുകൾ കണ്ടില്ല എന്ന് നടിച്ച് പുതപ്പിന്റെ അടിയിൽ ചുരുണ്ട് കൂടി.
പതിനാലാം നാൾ അവൻ ജാലകം തുറന്നപ്പോൾ അപ്പുറത്ത് വാതിലുകൾ ചേർത്ത് അടച്ചിരിക്കുകയായിരുന്നു, ഒരു പക്ഷേ, ഇന്നലത്തെ പരിഭവം ആയിരിക്കാം എന്ന് ഉറപ്പിച്ച്, ആ ദിവസത്തെ അവൻ ആട്ടിയോടിച്ചു, നാളെ പുലർച്ചെ തന്നെ വാതിലിൽ കാണുമ്പോൾ അവൾ ഞെട്ടാതിരിക്കില്ല, എന്ന് മനസിലോർത്ത് അവൻ പുഞ്ചിരിച്ചു, ആ നിമിഷങ്ങളെ മനസ്സിൽ താലോലിച്ച് ആ രാത്രി അവൻ സുഖമായി ഉറങ്ങി.
അനീഷ് ആ പുലരിയിലേക്ക് ഉണർന്നത്, പതിവിലും നേരത്തെ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ എല്ലാ ആലസ്യവും കുടഞ്ഞെറിഞ്ഞ്, മുഖം മിനുക്കി, പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു, കുളിച്ച് നല്ല വസ്ത്രങ്ങളും അണിഞ്ഞു, ലിഫ്റ്റിലേക്ക്. പതിനാല് ദിവസത്തിന് ശേഷം ലോകം കാണുന്നതിന്റെ ഒരു കൗതുകവും പ്രകടിപ്പിക്കാതെ അവൻ, അടുത്ത ഫ്ലാറ്റിന്റെ ലിഫ്റ്റിലേക്ക് ഓടിക്കയറി.
പതിനൊന്നാം നിലയിലെ അവളുടെ ഫ്ലാറ്റ് എന്നുറപ്പിച്ച ഡോറിൽ എത്തി തുടർച്ചയായി കോളിങ് ബെൽ അടിച്ചു, അവിടെ അക്ഷമനായി കറങ്ങി നിന്നു.
പിന്നിൽ കുഞ്ഞ് എന്താ ഇവിടെ എന്ന ചോദ്യം കേട്ടപ്പോൾ, അവൻ തിരിഞ്ഞു നോക്കി, മുന്നിൽ ചിരിതൂകി നിൽക്കുന്ന പഴയ ഡ്രൈവർ ദാമോദരൻ ചേട്ടനെ കണ്ടപ്പോൾ അവൻ വിക്കി വിക്കി പറഞ്ഞു, അത്.. അത്.
അമ്മയെ കാണാൻ ധൃതിയായി അല്ലേ? അയാൾ ചിരിച്ചു കൊണ്ട് എതിരെയുള്ള ഡോർബെല്ലിൽ അമർത്തി, അവിടെ നിന്ന് അവന്റെ അമ്മ വന്ന് കതക് തുറക്കും മുൻപ് അയാൾ പറഞ്ഞു, നല്ല കുട്ടിയായിരുന്നു, അസാധ്യ ചിത്രകാരിയും, വിദേശപര്യടനം കഴിഞ്ഞു മോൻ വരുന്നതിന് രണ്ട് നാൾമുമ്പ് ആണ് വന്നത്. പക്ഷേ... വിധി.. അത് ആർക്കാണ് തടുക്കാൻ കഴിയുക. അയാൾ അർധോക്തിയിൽ നിർത്തുന്നപോലെ തോന്നി അവന്.
അത് പൂർത്തിയാക്കിയത് അവന്റെ അമ്മയായിരുന്നു...
വല്ലാത്ത ശ്വാസമുട്ടലായിരുന്നു അവൾക്ക്.. രക്ഷപ്പെടുത്താൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചു, കഴിഞ്ഞില്ല, ഇവിടേക്ക് വന്നിട്ട് ആറുമാസമേ ആയിട്ടുള്ളു, നമ്മൾ ഇവിടെ ഫ്ലാറ്റ് വാങ്ങുന്നതിന് ശേഷം. നല്ല കുട്ടി, എനിക്ക് വല്ലാത്ത ഇഷ്ട്ടവുമായിരുന്നു, നിന്നെ കണ്ടിട്ടും ഇല്ല, പക്ഷേ.. മരിക്കും മുൻപ് ഡോക്ടറോട് പറഞ്ഞു പോലും, നിന്നെ ഒന്ന് നേരിട്ട് അടുത്ത് കാണണം എന്ന് ഉണ്ടായിരുന്നു എന്ന്.
അനീഷ് ഒരു കൊടുംകാറ്റ് പോലെ അവളുടെ മുറിയിലേക്ക് പാഞ്ഞു, ഡീ-- കണ്ടാമിനേറ്റ് ചെയ്ത ആ മുറിയിൽ ചിതറിവീണ വളപ്പൊട്ടുകൾ പെറുക്കിയെടുക്കുമ്പോൾ അവന്റെ മനസ്സ് വിങ്ങുകയായിരുന്നു, ചെവിയിൽ വീണ ശ്വാസം കിട്ടാതെ പിടയുമ്പോഴും അവളയച്ച വോയ്‌സ് മെസ്സേജിൽ അവൻ സ്വയം മറന്ന് പൊട്ടിക്കരയുമ്പോൾ, ആശ്വസിപ്പിക്കാൻ കഴിയാതെ എല്ലാവരും തരിച്ചു നിന്നു. പിന്നിൽ ഒരു സ്മാരകം പോലെ അവർ ഇഴചേർന്ന് നിൽക്കുന്ന പകുതി പൂർത്തിയായ ചിത്രവും.