മരണമെത്തുന്നനേരത്ത്
"സുഹൃത്തേ ഇനി ഈ ജനാല തുറക്കാം "
ഞാൻ തുരുമ്പിച്ച കുറ്റിയിളക്കി ജനാല തുറന്നു .
കുറച്ചു ഇളംവെയിലും ഒരു നീലത്തുമ്പിയും മുറിക്കുള്ളിൽ പാറിവീണു . തുമ്പി ശവമഞ്ചത്തിനു ചുറ്റും പാറി പരേതന്റെ മൂക്കിലെ പഞ്ഞിക്കു മീതെ ചിറകു ഉറപ്പിച്ചു . പുറത്തു ഇലകളിൽ മഞ്ഞു പൊഴിയുന്ന ശബ്‌ദം .
രാത്രി മുഴുവൻ തന്നോടപ്പം ശവത്തിനു കൂട്ടായി അയാൾ മാത്രമേ ഉണ്ടാകുകയുള്ളു എന്നു കരുതിയേയില്ല . മുറിക്കുള്ളിൽ കനത്ത മൂകതയായിരുന്നു . തികച്ചും
അപരിചിതനായ അയാളോട് സംസാരിക്കാൻ തോന്നിയില്ല . വെറുതെ അയാളുടെ നിസംഗത
നിറഞ്ഞ മുഖത്തു നോക്കിയിരുന്നു . ചുവരിലെ ഫോട്ടോക്കു പിന്നില്‍നിന്നു തല നീട്ടിയ പല്ലിയോ മൂക്കിൽ കടിച്ച കൊതുകോ പാദങ്ങൾക്കിടയിലൂടെ പുളഞ്ഞു പോയ പഴുതാരയോ അയാളെ അലോരസപ്പെടുത്തിയില്ല . അയാൾ ആരായിരിക്കും ? . കോട്ടും തൊപ്പിയും ധരിച്ച വട്ടനോ കോമാളിയോ ആണന്ന് ആദ്യം കരുതി .
പിന്നീടാണ് പരേതന്റെ അടുത്ത ബന്ധുക്കളിൽ ആരോ ആണെന്ന് മനസിലായത് . ഇടക്കെപ്പോഴോ പരേതന്റെ ഭാര്യ കരഞ്ഞുകലങ്ങിയ കണ്ണും പാറിപ്പറന്ന മുടികളുമായി മുറിക്കുള്ളിൽ എത്തി ജഡത്തെ ഉറ്റുനോക്കി . പിന്നെ എന്തെല്ലാമോ ഉറക്കെ പുലമ്പി മുടി വലിച്ചു തലയിളക്കി പൊട്ടിക്കരഞ്ഞു . അയാൾ മെല്ലെ അവരുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു ,പിന്നെ താങ്ങി ഉള്ളിലേക്ക് തന്നെ നടത്തി . അയാൾ മുറ്റത്തേക്ക് നടയിറങ്ങുന്നതാണ് പിന്നെകണ്ടത് . പാന്റ്സിന്റെ വലിയ പോക്കറ്റിൽനിന്നും അയാൾ അരകുപ്പിയെടുത്തു വായിലേക്ക് കമഴ്‌ത്തി ഒരു സിഗരറ്റ് കത്തിച്ചു നക്ഷത്രങ്ങളെ നോക്കി പുകവിട്ടു .
തിരികെവന്ന അയാൾ റമ്മിന്റെ മണം പരത്തി ചോദിച്ചു "നിങ്ങൾ ഇയാൾക്കൊപ്പം കള്ളു കുടിക്കാനും ചീട്ടുകളിക്കാനും ഉണ്ടായിരുന്നില്ലേ ?"
ചുവരിൽ ഒരു പ്രാണി പല്ലിയുടെ നാവിൽ കുരുങ്ങി .
ഒന്നുംപറയാതെ അതു നോക്കിയിരുന്നു .
അന്ന്, ഇയാളെ തിരക്കി റബ്ബർത്തോട്ടത്തിൽ പോയിരുന്നു . തോട്ടത്തിൽ പള്ള വയക്കിയിട്ടിരിക്കുന്നതിന്റെ മീതെ റബ്ബർകുരുവും സൂര്യനാമ്പുകളും പൊട്ടിവീഴുന്നു . വാടിയ കമ്മ്യൂണിസ്റ്റ് പച്ചകളുടെ മണം മത്തുപിടിപ്പിക്കുന്നതാണ് .പാറക്കെട്ടുകൾക്കിടയിൽ ചീട്ടുകളിയുണ്ട് . രാജീവ് അവിടെകാണും .
"ഇണക്കുരുവിയെ തിരയുകാണോ ? ഷാപ്പിൽ കാണും . വണ്ടിയിവിടം വിട്ടു "
കുണുക്ക് വെച്ച ചെവിമാന്തി കുഞ്ഞപ്പു പറഞ്ഞു .
"നീ ചീട്ടിറക്കെടാ " ബീഡി ആഞ്ഞുവലിച്ച അനിക്കു ക്ഷമ കെട്ടു .
ഷാപ്പിലേക്കു പോകുന്ന വഴി സുഗതന്റെ ചായക്കടയിൽ നോക്കി , അവിടെയില്ല . ഷാപ്പുകാരൻ നാരായണേട്ടൻ ദൂരെനിന്നേ ചിരിച്ചുകൊണ്ട് വിളിച്ചു .
"വാ മോനേ വാ . നല്ല ഞണ്ടിറച്ചിയും കരിമീൻമാപ്പസുമുണ്ട് . പോരെങ്കിൽ പന്നിയും . കള്ളിത്തിരി മൂത്തുപോയി ."
രാജീവ് ഇന്നു വന്നില്ലാപോലും . പിന്നെയെവിടെകാണും ?
പുഴക്കരയിൽ തികച്ചും അവിചാരിതമായാണ് കണ്ടത് .അവൻ മണൽതിട്ടയിൽ എന്തെല്ലാമോ പോറികൊണ്ടിരിക്കുന്നു . കദനം നിറഞ്ഞ മുഖം .കലങ്ങിചുമന്ന കണ്ണുകൾ .
"രാജീവാ , അനക്കെന്തു പിണഞ്ഞു ?"
അവൻ തലയാട്ടി ."വൈകിട്ടു കാണുമ്പോൾ
പറയാം ".
വൈകിട്ടു കണ്ടപ്പോൾ രാജീവൻ വലിയ സന്തോഷത്തിലായിരുന്നു .
"മോനേ , ഇന്നു ഇരുപത്തിയാറു ഷീറ്റ് ഉണ്ടായിരുന്നു . ഉറകൂട്ടി ഇപ്പം അടിച്ചുതീർത്തതേയുള്ളു ."
കൈയിൽ നിന്നും റബ്ബർകറ ചുരണ്ടി പറഞ്ഞു .
കരഞ്ഞത് എന്തിനെന്നു ചോദിക്കണമെന്നുണ്ടായിരുന്നു .അവന്റെ ഉത്സാഹം കണ്ടപ്പോൾ ചോദിക്കാൻ തോന്നിയില്ല .
നീണ്ട മൗനത്തിനു ശേഷം അവൻ മെല്ലെ പറഞ്ഞു
"ഇന്നു രാത്രി ഗ്രീഷ്മയെ കാണണം . ഒരു കൂട്ടിനു നീയും വരുമോ ?."
ഒന്നും മിണ്ടിയില്ല . അവനോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല . വല്ലാത്ത പ്രേമമാണു അല്ല ,ദാഹമാണ് ഗ്രീഷ്മയോട് . മൂന്നുനാലു വയസ്സുള്ള മിടുക്കൻ കുട്ടിയുണ്ട് അവൾക്ക് . ഭർത്താവ് തികഞ്ഞ മദ്യപാനിയും . ഈ ബന്ധം വേണ്ടായെന്ന് അവനോട് എത്ര പറഞ്ഞാലും കേൾക്കില്ല . പല രാത്രികളിലും അവൻ അവളെ തേടിപോകും . ഭർത്താവ് ബോധംകെട്ടു ഉറക്കമായിരിക്കുമത്രേ . ഇപ്പോൾ അയാൾക്കെന്തോ സംശയം തുടങ്ങിയിരിക്കുന്നു . കഴിഞ്ഞ ദിവസം അവൻ ചെന്നപ്പോൾ അയാൾ ടോർച്ചുമായി കാത്തിരിക്കുകയായിരുന്നു . എങ്ങിനെയോ മറപറ്റി ഒരു കശുമാവുമരത്തിൽ കയറി ഇലകൾക്കിടയിൽ ഒളിച്ചു രക്ഷപ്പെട്ടു .
അവൻ ചോദിച്ചപ്പോൾ എന്തോ നിരസിക്കാൻ തോന്നിയില്ല . അവൻ അവളുടെ വീട്ടിൽ പോയപ്പോൾ അയൽപക്കത്തു പണിയുന്ന ടോമിയുടെ വീട്ടിൽ കയറിയിരുന്നു . സമയം കുറേയേറെയായപ്പോൾ അവിടെകിടന്നു ഉറങ്ങിപ്പോയി . അവൻ വന്നു തട്ടിവിളിച്ചപ്പോഴാണു ഉണർന്നത് . അവൻ വല്ലാതെ കിതക്കുകയും ഭയപ്പെടുകയും ചെയ്യുന്നു .
"ചങ്ങാതീ ,വേഗം പോകാം "
വെളുപ്പാൻകാലത്തു തണുത്ത കാറ്റ് വീശുമ്പോൾ അവന്റെ നെറ്റിത്തടത്തിൽ ഉരുണ്ടുകൂടിയ വിയർപ്പുതുള്ളികൾ സ്ട്രീറ്റ് ലൈറ്റിൽ തെളിഞ്ഞു കണ്ടു .
പിന്നെ രണ്ടു ദിവസം കഴിഞ്ഞു അവന്റെ മരണം അറിഞ്ഞു . എന്തിനു മരിച്ചു ,എങ്ങിനെ മരിച്ചു ? ആർക്കും ഒന്നും അറിയില്ലായിരുന്നു .
മരണകിടക്കുമുൻപിലെ സാമ്പ്രാണി എരിഞ്ഞുതീരാറായി . അയാൾ ഒരുകെട്ട് തിരി നീട്ടി , കത്തിക്കാൻ ആംഗ്യം കാണിച്ചു .
രോഷം ഇരച്ചുകയറി .
" വേണമെങ്കിൽ തനിയേ കത്തിക്കെടോ "
അടികിട്ടിയപോലെ അയാൾ ഉടനെ മുറ്റത്തേക്കിറങ്ങി . അയാളുടെ ഭാവവും പെരുമാറ്റവും വെറുപ്പ് ജനിപ്പിക്കുന്നു .
പതിവുപോലെ അയാൾ കുപ്പി തുറന്നു ,സിഗററ്റും കത്തിച്ചു . രാപ്പാടികൾ പാടി പാടി രാവേറെ കറുപ്പിച്ചിരിക്കുന്നു .എവിടെനിന്നോ പറന്നെത്തിയ കറുത്ത നിശാശലഭം പരേതന്റെ ചുണ്ടുകൾക്ക് മീതെ ചിറകുപൂട്ടി . കൈവീശി അതിനെ ഓടിച്ചു . അത് പറന്നുയർന്നു തിരുമ്മിയടച്ച മിഴികൾക്കുമീതെ ഇരുന്നു . വീണ്ടും ഓടിച്ചപ്പോൾ നെറ്റിക്കു മുകളിലായി . ഒരിക്കലും ഒടുങ്ങാത്ത പ്രതിഭാസമായി മരണവും ശലഭവും കളിക്കവേ രാത്രിയുടെ യാമങ്ങൾ ദുരൂഹതയുടെ ചരടുകളിൽ വിറപൂണ്ടു . രാജീവന്റെ ഭാര്യയും മക്കളും മരണകിടക്കക്കു മുൻപിലിരിക്കാത്തതും ദുരുഹതയായി . കണ്ണുകളടച്ചു നാളത്തെ കാര്യങ്ങൾ മനസ്സിലൂടെ ഓടിച്ചു . വടക്കേപുറത്തെ മാവു വെട്ടാം . ചായക്കു ആരെയെങ്കിലും ഏർപ്പാടാക്കണം .
ഒരു ഭയങ്കര അലർച്ച കേട്ട് ഞെട്ടി കണ്ണുകൾ തുറന്നു . നിശാശലഭം പരേതന്റെ നെറ്റിയിൽ ഇരുന്നു വായപൊളിച്ചു . വായ നിറയെ ചോരനിറഞ്ഞ കൂർത്ത പല്ലുകൾ ! അയാൾ മുറ്റത്തുനിന്ന് പുക വലിക്കുകയായിരുന്നു .
ചുറ്റുപാടും നായ്ക്കൾ ഓരിയിടുന്നു . അറിയാതെ അലറിപ്പോയി .അയാൾ വലിതീർത്തു കയറിവന്നു .
" ശലഭത്തെ നോക്കിക്കേ "
"എന്തിനെയാ "
കുഴഞ്ഞ ശബ്‌ദത്തിൽ അയാൾ ചോദിച്ചു . പിന്നെ
വേച്ചു വേച്ചു നടന്നു പഴയ കസേരയിൽ ഇരിപ്പായി .
അയാൾ ബോധം മറയുവോളം പൂസായിരിക്കുന്നു .
എങ്കിലും പറഞ്ഞതു ശരിയായിരുന്നു . അവിടെയൊന്നും ഒന്നിനേയും കാണാനില്ലായിരുന്നു . എല്ലാം മനസ്സിന്റെ വിഭ്രാന്തികളായി പുറത്തെ രാവിനിഴകളിൽ അലിഞ്ഞുചേരുന്നു .
ഒന്നു മയങ്ങിയെന്നു തോന്നുന്നു . എന്തോശബ്‌ദം കേട്ടു ഞെട്ടി എണീറ്റു . അയാൾ കാലുകൾ നീട്ടി കൈകൾ വിടർത്തി വായപിളർത്തി ഉറങ്ങുന്നു , അല്ല ബോധംകെട്ടു കിടക്കുകയാണ് .
പിന്നെയാണു കണ്ടത് ,പരേതൻ കിടക്കയിൽ ഇരിക്കുന്നു !
"ഒരു സിഗരറ്റ് താടാ " അയാൾക്കു നേരേ കൈനീട്ടി .
മറുപടിയുണ്ടാവാത്തപ്പോൾ വായപ്പൂട്ടി കെട്ടിയ ചരടഴിച്ചു പരേതൻ പൊട്ടിച്ചിരിച്ചു . പിന്നെയവൻ ചുവരിൽ കയറുന്ന പല്ലിയെയും മച്ചിൽ പറ്റിയിരിക്കുന്ന ശലഭത്തെയും നോക്കി ഗാഢമായി ചിന്തിച്ചു .ഒടുവിൽ ആദ്യത്തെ പോലെ ശാന്തമായി , സ്വസ്ഥമായി മരിച്ചേകിടന്നു .
---//---
ചെറിയാൻ കെ ജോസഫ്
9446538009
Sent from my iPhone