Nagalakshmi in Malayalam Spiritual Stories by Sarangirethick books and stories PDF | നാഗലക്ഷ്മി

Featured Books
Categories
Share

നാഗലക്ഷ്മി

നാഗലക്ഷ്മി


അവൾ ആരെയും മയക്കുന്ന സൗന്ദര്യമുള്ളവൾ ആയിരുന്നു, നാഗലോകത്തിന്റെ രാജകുമാരി. അതിലുപരി പ്രജാപതിയുടെ മകൾ എന്ന പ്രൗഢിയും. ആ നിബിഢ വനത്തിന്റെ ഇലച്ചാർത്തുകൾക്കിടയിൽ, കാടിന്റെ സൗന്ദര്യത്തിലും ജലോപരിതലത്തിലൂടെയും ഒക്കെ ഒരു ചാട്ടുളി പോലെ മിന്നി തിളങ്ങി, ആ അനാഘ്രകുസുമം. അച്ഛന്റെ പ്രതാപവും, അമ്മയുടെ അനുഗ്രഹവും മുതലാക്കി, നാഗസ്ഥലിയുടെ ഗഹ്വരങ്ങളിൽ ഭയരഹിതയായി അവൾ അങ്ങോളമിങ്ങോളം സഞ്ചരിച്ചു കൊണ്ടേ ഇരുന്നു.


കൗമാരം തുടിക്കുന്ന അംഗങ്ങളും, ആരെയും ആകർഷിക്കുന്ന മിഴിയിണകളും, മുഖകാന്തിയും സ്വായത്തമാക്കിയ അവൾ, കാമോദ്വീപങ്ങളായ അംഗചലനങ്ങളിലൂടെ കാഴ്ചക്കാരുടെ ഹൃദയത്തുടിപ്പുകൾക്ക് പ്രകമ്പനം നൽകി ദേശസഞ്ചാരം നടത്തി. എന്നാൽ നാഗദേവതയായ അമ്മയുടെ സംരക്ഷണവും, പ്രജാപതിയുടെ കർമ്മകുശലതയും സ്വന്തമായ അവളെ തടുക്കാനോ എന്തിന് ഒന്ന് കടാക്ഷം കൊണ്ടുപോലും ശല്യം ചെയ്യാനോ ആ നാട്ടിലെ യുവാക്കൾ ഭയന്നിരുന്നു, അഥവാ അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുന്ന വരുംവരായ്കകൾ അവർക്ക് ആലോചിക്കാൻ കഴിയുന്നതിനും അപ്പുറമാണ് എന്ന് അറിയാമായിരുന്നു.


നാഗസ്ഥലി, നാഗദേവതയുടെ അനുഗ്രഹം കൊണ്ട് കേൾവികേട്ട നാട്, നാഗന്മാരുടെ ജന്മഗേഹം. നിബിഢ വനങ്ങളും, കുന്നുകളും, മലകളും വലിയ മാമരങ്ങളും ഒക്കെയായി പകൽപോലും സൂര്യ കിരണങ്ങൾ കടന്ന് ചെല്ലാൻ ഭയക്കുന്ന ഉൾഭാഗങ്ങൾ. കരിയിലക്കാടുകളും, അടിക്കാടുകളും ചതുപ്പ് നിലങ്ങളും ഒക്കെ നിറയുന്ന ഭൂമിക. പകൽ ഇരുട്ട് നിറഞ്ഞ അതിന്റെ ഉൾഭാഗങ്ങളിൽ സഞ്ചരിക്കാൻ പരിചിതരായവർക്ക് പോലും അത്ര എളുപ്പമല്ല. അഥവാ അപരിചിതർ എങ്ങാനും വന്നു പെട്ടാൽ.. ഹിംസ്ര ജന്തുക്കൾക്ക് ആഹാരമായില്ലെങ്കിൽ ഈ ചതുപ്പുകളിൽ അപ്രത്യക്ഷമാകും തീർച്ച.


വർഷത്തിൽ ഏറിയകാലവും മഴയുടെ ധാരാളിത്തത്തിനാലും, വീശിയടിക്കുന്ന കുളിർകാറ്റിനാലും നിറഞ്ഞു നിൽക്കുന്ന പൂക്കളും ഫലങ്ങൾ കൊണ്ടും സമൃദ്ധമായ നാട്ടിൽ, വറ്റാത്ത ജലസ്രോതസ്സുകൾ നിരവധി. കിഴക്കേ വലിയ പർവ്വതങ്ങൾ ചുരത്തുന്ന ഉറവവറ്റാത്ത ജലധാരകൾ കുന്നുകളെയും മലകളെയും തഴുകി, അടിക്കാടുകളിൽ ആശ്രയം തിരഞ്ഞ്, മലയിടുക്കുകളെയും മഴനിഴൽകാടുകളെയും സമതലങ്ങളെയും പിന്നിട്ട്, വലിയ ജലാശങ്ങൾക്കും, കുഴികൾക്കും തോടുകൾക്കും, കുളങ്ങൾക്കും ജലസമൃദ്ധിയേകി, നാടിനെ ആകെ ഹരിതപട്ടാംബരം അണിയിച്ച് നേരെ പടിഞ്ഞാറേ സാഗരത്തിലേക്ക് ലയിക്കുമ്പോൾ ഒരു ചാംക്രിക സംക്രമണം തീർക്കുന്നു.


എന്നും കുളിരും സമൃദ്ധിയും ഈർപ്പവും നിറയുന്ന ആ നാടിന്റെ സ്വാഭാവിക അവകാശികൾ നാഗന്മാരാണ്. ഒരു കാലത്ത് ഗരുഡന്മാരുടെ ആക്രമണത്തിൽ നിന്ന് അവർ രക്ഷപെട്ടത് പോലും, ഈ വലിയ കാടിന്റെ സംരക്ഷ കുടക്കുള്ളിൽ ആണ്. ജന്മകാലം മുതൽ നിലനിൽക്കുന്ന ആ ശത്രുത ഇന്നും തുടരുന്നത് കൊണ്ട്, ഉൾക്കാടുകൾക്കുള്ളിൽ നാഗന്മാർ സുരക്ഷിതരാണ്. ആ നാട് ഒരു ഗർഭഗൃഹം എന്നോണം അവരെ ചേർത്ത് പിടിക്കുന്നു. ഇരതേടലും, ജലക്രീഡകളും ഇടയിൽ പ്രകൃതിയുടെ സ്വാഭാവിക ജീവസന്ധാരണമായ ഇണചേരലും വംശവർധനയുമായി അവർ സ്വൈര്യവിഹാരം നടത്തുകയാണ് ആ മനോഹരമായ നാട്ടിൽ.


അവരുടെ എല്ലാം കുമാരിയായി നാഗദേവതയുടെ അനുഗ്രഹം കൊണ്ട് നാഗലക്ഷ്മിയും. അവളുടെ ഒരു കടാക്ഷം കൊതിക്കുന്ന നാഗയുവാക്കൾ മാത്രമല്ല.. വൃദ്ധന്മാർ വരെ ഉണ്ട്. എന്നാൽ ആർക്കും പിടികൊടുക്കാതെ, തികഞ്ഞ യൗവ്വനത്തിന്റെ പടിവാതിക്കലേക്ക് കാൽവയ്ക്കാൻ വെമ്പുന്ന ശരീരത്തികവും, അതിലുപരി പിടക്കുന്ന ജലകന്യകയുമായ അവൾ സ്വൈര്യവിഹാരിണിയായി.


കിഴക്ക് മാമല മുതൽ പടിഞ്ഞാറേ താഴ്വാരം വരെയും വടക്ക് ഗോകർണ്ണം മുതൽ തെക്കേ ജലാശയം വരെയും. എന്നാൽ കടൽത്തീരങ്ങൾ എന്നും നാഗന്മാർക്ക് അപ്രാപ്യം ആണ്. ഒന്ന് അവിടെ നിബിഢ വനം ഇല്ലാ എന്ന പോരായ്മ. അത് തങ്ങളുടെ പ്രതിരോധം കുറയ്ക്കും, രണ്ട്.. ഗരുഡന്മാരുടെ ആവാസവ്യവസ്ഥയും ഇരതേടലിനും അനുയോജ്യമായ കാലാവസ്ഥയും, പിന്നെ ഉപ്പ് വെള്ളം നാഗന്മാർക്ക് നിഷിദ്ധവുമാണ് എന്നതും തന്നെ.


പതിവ് പോലെ ആ പ്രസന്നമായ പുലരിയിൽ, കുമാരി തന്റെ സ്വതസിദ്ധമായ ദേശാടനത്തിന് ഒപ്പം ക്രീഡകൾക്കുമായി ഇറങ്ങി. കൊടുംമഴയുടെ പഞ്ഞകാലം കഴിഞ്ഞു കിഴക്കേ ദിക്കിൽ സൂര്യൻ ചിരിച്ചതും, പൂക്കൾ എത്തിനോക്കിയതും എല്ലാം ഒരു നല്ല ലക്ഷണമായി തോന്നിയപ്പോൾ, അവളുടെ മനസ്സിലും ചാഞ്ചല്യം ചുരമാന്തി. എത്രനാളായി ആ വലിയ വടവൃക്ഷത്തിന്റെ കൊമ്പുകളിൽ അഭയം പ്രാപിച്ചിട്ടിട്ട്. ശക്തമായ മഴയിലും കാറ്റിലും ആ വൃക്ഷം പോലും കടപുഴകി വീഴുമോ എന്ന് ഭയന്നിരുന്നു. അത്രക്ക് ഭീകരമായിരുന്നു ആ നാളുകൾ. വീശി അടിക്കുന്ന പിശറൻ കാറ്റും. മഴയുടെ ഘോരമായ കടുംതുടി മേളവും, കുത്തിയൊഴുകുന്ന അരുവികളും നദികളും പ്രകൃതി സംഹാരതാണ്ഡവം ആടുകയായിരുന്നു, അതിൽ ഒലിച്ചുപോയ നിരവധി ജീവജാലങ്ങൾ, അവളിൽ നിന്ന് ഒരു നെടുവീർപ്പ് ഉയർന്നു.


എല്ലാം കഴിഞ്ഞ് പ്രകൃതി ചിരിക്കാൻ തുടങ്ങിയത് ഇന്നാണ്, വസന്തത്തിന്റെ വരവറിയിക്കുന്ന ഈറൻ വെയിൽ, ഒപ്പം തെളിഞ്ഞ ആകാശവും, ഭൂമിയും. പ്രകൃതിയുടെ പ്രസന്നത തന്നിലേക്കും ആവേശിച്ചപ്പോൾ, അവൾ ഒന്ന് പുളഞ്ഞു, അത് മനസ്സിലേക്കും പടർന്നപ്പോൾ, അവൾ ആഹ്ലാദഭരിതയായി.. തന്റെ താൽക്കാലിക രക്ഷാസ്ഥാനം വിട്ട്, താഴ്ത്തേക്ക് ഊർന്നിറങ്ങി. പിന്നെ സഞ്ചാരത്തിനായി തയ്യാറായി.


നാഗത്താലി അണിഞ്ഞ്, കാതിൽ തോടയും, തലയിൽ ഓടയും അരയിൽ ആടയും ചാർത്തി, നാഗഫണത്തിന്റെ സൗകുമാര്യം വരുത്തി, താഴം പൂവിന്റെ സുഗന്ധം ഉടലിൽ ചേർത്ത്, തന്റെ യൗവനത്തെ കൂടുതൽ പ്രോജ്വലിപ്പിച്ച് അവൾ നടന്നു.


ഭൂമി അത് പ്രതീക്ഷിച്ചെന്നപോലെ, പതിവിലും കൂടുതൽ അണിഞ്ഞൊരുങ്ങിയിരുന്നു, എങ്ങും നിറയുന്ന പൊൻവെയിൽ ആഭരണം ചാർത്തി, ചിരിച്ചുല്ലസിക്കുന്ന പൂക്കളും, വിടരാൻ വെമ്പുന്ന മൊട്ടുകളും, ഇലത്തുമ്പുകളിൽ നിന്ന് ഇറ്റ് വീഴുന്ന നനുത്ത ജലകണങ്ങളും അതിൽ തട്ടി തെറിക്കുന്ന സൂര്യകിരണങ്ങളുടെ ശോഭയും, നിറച്ച് ഭൂമിദേവി കൂടുതൽ മനോഹരിയായി അവളെ വരവേറ്റു.


നാഗസ്ഥലി ആകെ തിളങ്ങുകയാണ്.. അതിന്റെ ആഘോഷത്തിൽ പക്ഷിമൃഗാദികളും, സസ്യലതാദികളും വൃക്ഷങ്ങളും നൃത്തം വച്ചു. ആകാശത്ത് പാറിക്കളിക്കുന്ന പൂത്തുമ്പികൾ.. പൊൻവെയിലിൽ തിളങ്ങുന്ന ജലാശയങ്ങൾ, അവിടെ കളിച്ചു പുളക്കുന്ന മൽസ്യങ്ങൾ... പ്രകൃതി മനോഹരി ആയി ഇന്നലെകളുടെ കാലുഷ്യം കുടഞ്ഞു കളയുകയാണോ അതോ നാഗലക്ഷ്മിയെ വരവേൽക്കുകയാണോ എന്ന് സംശയിക്കാവുന്ന അന്തരീക്ഷം.


പൊൻകിരണങ്ങൾ നിറച്ച പുലരിയെയും, തുടിക്കുന്ന ജലാശയങ്ങളെയും, ചിരിക്കുന്ന പൂക്കളെയും തലയാട്ടുന്ന ഇലച്ചാർത്തുകളെയും പിന്നിൽ ഉപേക്ഷിച്ചു, ലാസ്യവിലാസിനിയെപ്പോലെ നാഗലക്ഷ്മി മുന്നോട്ട് നടന്നു. ആ കാഴ്ച കണ്ട്, അതിൽ സ്വയം മറന്ന് നിൽക്കുകയാണ് സർവ്വചരാചരങ്ങളും. മരപ്പൊത്തിൽ ഒളിച്ചിരിക്കുന്ന പക്ഷികൾ, ചില്ലകളിൽ ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാർ മുതൽ വൃദ്ധരും യൗവ്വനയുക്തരുമായ നാഗന്മാർ വരെ.


നാഗകന്യകൾ അവളുടെ തീഷ്ണസൗന്ദര്യത്തിൽ വശായി അസൂയപൂണ്ട് നിന്നു. ഇവൾ ഇങ്ങനെ സർവതന്ത്ര സ്വതന്ത്രയും, ഭയരഹിതയുമായി വിരാജിച്ചാൽ നമ്മൾ ഇനി ആഗ്രഹങ്ങൾ അടങ്ങാത്ത ജീവിതം ഹോമിക്കേണ്ടിവരും എന്നവർ പരസ്പരം ചെവിയിൽ കുശുകുശുത്തു. ചിലർ ഭയന്നത്, അവരുടെ കാന്തന്മാർ അവരെ ഉപേക്ഷിച്ചു പോകുമോ എന്നായിരുന്നു. അത്രക്ക് സുന്ദരിയായിരുന്നു, ഒരു തീനാളം പോലെ, പുലരിയിലെ പൊൻകിരണം പോലെ, അതിനൊക്കെ ഉപരിയായിരുന്നു അവളുടെ അംഗലാവണ്യം.


എന്നാൽ നാഗലക്ഷ്മി ഇതൊന്നും അറിയുന്നതേ ഉണ്ടായിരുന്നില്ല, പ്രസന്നമായ അന്തരീക്ഷത്തിൽ അലസഗമനയായ അവൾ തന്റെ കടന്നുവരുന്ന യൗവനവും, കഴിയാൻ പോകുന്ന കൗമാരവും ആവോളം ആസ്വദിക്കുകയായിരുന്നു. പിന്നിലെ സംഭവങ്ങൾ ഒന്നും അറിയാതെ മുന്നിലെ കാഴ്ചകളിലും, ഭംഗിയിലും അഭിരമിച്ച്, കാടുകളും, പൊന്തകളും അരുവികളും, തോടുകളും ജലാശങ്ങളും കടന്ന്, വിശന്നപ്പോൾ ഭക്ഷിച്ചും ദാഹിച്ചപ്പോൾ കുടിച്ചും ക്ഷീണിച്ചപ്പോൾ വിശ്രമിച്ചും അവൾ മുന്നോട്ട് പോയി. നെഞ്ചിലെ തുടിപ്പും, ഉടലിലെ പിടപ്പും അറിയാതെ വർത്തമാനത്തിൽ അഭിരമിച്ചും, ജീവിച്ചും ഭാവിയെപ്പറ്റി അൽപ്പംപോലും ആശങ്കയില്ലാതെ മുന്നോട്ട്.


തണുത്ത ജലകണങ്ങൾ ഭൂമിയിലേക്ക് ചിതറി വീണപ്പോൾ അവൾ ഒന്ന് ഞടുങ്ങി, വീണ്ടും മഴയുടെ ഭയങ്കരത ഭൂമിയെ മൂടാൻപോകുകയാണോ എന്നവൾ ഭയന്നു. രക്ഷക്കായി ഒരു മാമരം അവൾ ചുറ്റും തേടി, ഗുഹകൾ അപ്പോൾ സുരക്ഷിതമല്ല എന്നവൾക്ക് മുൻകാല അനുഭവങ്ങളിൽ നിന്ന് ബോധ്യമുണ്ട്. ഈ കാലത്ത് രക്ഷ ചുറ്റിപ്പിടിക്കാൻ കഴിയുന്ന വടവൃക്ഷങ്ങൾ തന്നെ.. വലിയ കാറ്റുകളെപ്പോലും അവറ്റകൾ തരണം ചെയ്യും, ചുവട് കടപുഴകി ഇല്ലെങ്കിൽ. ഒരു പതർച്ചയോടെ ചുറ്റും നോക്കി, ഹതാശയായി.


കുറെ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു, നിബിഢ വനവും അടിക്കാടുകളും പിന്നിട്ട് കുറേ ദൂരെ. ഇപ്പോൾ അവളുടെ മുന്നിൽ ചെറിയ കുന്നുകളും, പൊന്തക്കാടുകളും, ചെറുതും വലുതുമായ ജലാശയങ്ങളും അതിൽ ചെളികലങ്ങിയ വെള്ളവും മാത്രം, പിന്നെ കണ്ണെത്താ ദൂരത്തിൽ ജലം നിറഞ്ഞ ചതുപ്പ് പാടങ്ങളും.. അതിൽ ജലോപരിതലത്തിലേക്ക് തലനീട്ടുന്ന ചെറിയ പുൽനാമ്പുകൾ. ഇപ്പോൾ പ്രകൃതി ക്ഷോഭിച്ചാൽ പിന്നെ രക്ഷയില്ല നേരെ കടലിലേക്ക്.. ഉപ്പുവെള്ളത്തിൽ നീറി, വലിയ മത്സ്യങ്ങൾക്ക് ഭക്ഷണമാകുകയേ നിവൃത്തിയുള്ളു. അവൾ പരിഭ്രാന്തയായി ഓടി.


അധികം ദൂരെയല്ലാതെ ചെറിയ കാടും നിറഞ്ഞ വള്ളിപ്പടർപ്പും കണ്ടപ്പോൾ അവളുടെ ഉള്ളം അൽപ്പം ശാന്തമായി. തൽക്കാലം ഈ കാട്ടിൽ ഒരു ദിവസം എങ്കിലും കഴിയാം, മഴ അൽപ്പം ശമിച്ചാൽ, കൂടുതൽ മെച്ചപ്പെട്ട ഇടത്തേക്ക് മാറാവുന്നതേ ഉള്ളു. ആ വള്ളിപ്പടർപ്പുകളുടെ ഇടയിലേക്ക് നീങ്ങി നിന്ന് അവൾ പരിസരം വീക്ഷിച്ചു.


ഇപ്പോഴും നീർത്തുള്ളുകൾ ചന്നം പിന്നം ചിതറി വീഴുന്നുണ്ട്, ചെറിയ കാറ്റും, അപ്പോഴും ചിരിക്കുകയാണ് സൂര്യൻ, ചാഞ്ഞുവീഴുന്ന വെയിലിൽ ചിതറി വീഴുന്ന മഴത്തുള്ളികൾ കണ്ടപ്പോൾ അവളുടെ ഉള്ളവും തുള്ളി തുടിച്ചു. അതുപോലെ തുടിക്കുന്ന ഇലച്ചാർത്തുകൾ കണ്ടപ്പോൾ, അതിന്റെ പ്രവേഗം കൂടി. ആ ചെറിയ തണുപ്പ് ശരീരത്തേക്ക് പ്രവേശിച്ചപ്പോൾ അവൾ ഒന്ന് പിടഞ്ഞു, സഹിക്കാൻ കഴിയാതെ വന്നപ്പോൾ, വള്ളിപ്പടർപ്പിന്റെ ഉള്ളിലേക്ക് അവൾ, കൂടുതൽ കടന്നു.


അകത്തേക്ക് പോകുമ്പോൾ അത് ഒരു വള്ളികുടില് പോലെ മനോഹരമായി തോന്നി, ഒട്ടും ഈർപ്പം തങ്ങി നിൽക്കാത്ത എന്നാൽ ചെറിയ ചൂട് പകരുന്ന അന്തരീക്ഷം. അത് അവളെ കൂടുതൽ നിർമ്മലയാക്കി, അവൾ ഒരു രക്ഷക്കെന്നപോലെ അകത്തേക്ക്, സഞ്ചരിച്ചു. അവിടെ പുഷ്പിച്ചു നിൽക്കുന്ന ചെടികൾ, അവൾ അന്നുവരെ കണ്ടിട്ടില്ലാത്ത അവയുടെ ഗന്ധം മാസ്മരികമായിരുന്നു, അത് മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ, അതിൽ മയങ്ങി അവൾക്ക് പരിസരം തന്നെ മറക്കുന്നപോലെ. ആ പൂക്കളുടെ ഗന്ധം ആ വലിയ വള്ളിക്കുടിലിൽ ആകെ തങ്ങി നിൽക്കുകയാണ്, പുറത്തെ ചെറിയ മഴയും, വെയിലും, പൂക്കളുടെ ഗന്ധവും ആകെ ചേരുമ്പോൾ ഒരു സ്വർഗീയ അനുഭവം പ്രദാനം ചെയ്യുന്നു.


മുന്നിൽ കരിവീട്ടിയിൽ തീർത്ത ഒത്ത ആൾരൂപം കണ്ടപ്പോൾ അവൾ ആദ്യം ഞടുങ്ങി, ദിഗംബര രൂപത്തിൽ തീർത്ത അതിന്റെ ദൃശ്യം ആകെ ജീവൻ തുടിക്കുന്നത് തന്നെ. അടിമുതൽ മുടിവരെ നിറയുന്ന ജീവചൈതന്യം. അത് ഒരു പ്രതിമയാണ് എന്ന് ആദ്യം തോന്നിയതേ ഇല്ല. അതാണ് ആദ്യം ഒന്ന് ഞടുങ്ങിയത്. പിന്നെ ശ്രദ്ധയോടെ നോക്കി, ഇല്ല ഇത് ഏതോ കർമ്മകുശലനായ ശില്പി തീർത്ത കലാരൂപം തന്നെ. അവൾ ചുറ്റിലും നോക്കി.. ഇല്ല അവിടെയെങ്ങും ഒരു ജീവജാലത്തിന്റെയും അടയാളം പതിഞ്ഞിട്ടില്ല, വർഷങ്ങളായി, വിജനമായ ആരുടെയും സ്പർശമേറ്റിട്ടില്ലാത്ത പ്രദേശം.


അവൾ ആ പ്രതിമയെ സൂക്ഷിച്ചു നോക്കി, അസാമാന്യ അഴകളവുകളും അംഗപ്രത്യഗംങ്ങളും സമഞ്ചസമായി സമ്മേളിപ്പിച്ചു ഏതോ ശിൽപ്പി നിർമ്മിച്ച രൂപമാണ്. അഴിഞ്ഞുലഞ്ഞ പാദത്തെ ചുംബിക്കുന്ന ജടാഭാരം, പൊക്കിൾക്കൊടി മറഞ്ഞു നീണ്ട താടി.. കടഞ്ഞെടുത്തപോലെയുള്ള പാണികളും കാലും പാദങ്ങളും. ഉയർന്നു വിരിഞ്ഞ മാറിടങ്ങൾ, ഒതുങ്ങിയ അരക്കെട്ട്, അതിന്റെ താഴ്ത്തേക്ക് ദൃഷ്ടി ഉറച്ചപ്പോൾ അവൾ ചെറിയ ലജ്ജയോടെ കണ്ണുകൾ പൊത്തി, പിന്നെ വിരലുകൾക്കിടയിലൂടെ നോക്കി കണ്ടു. എന്തോ ഒരു ഉൾപ്രേരണയിൽ എന്നപോലെ അവൾ ചുറ്റിലും പരതി.. പിന്നെ ഒരിക്കൽക്കൂടി ഉറപ്പിച്ചു അവിടെമാകെ ആരുടെയും സാന്നിധ്യമില്ല എന്ന്.


ആ നിലയിലും ദൃഷ്ടിയുടെ ആഘോഷത്തിലും അധികനേരം നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല, മഴയുടെ സംഗീതവും, കുളിരും, പൂക്കളുടെ ഗന്ധവും, അവളിൽ എന്തൊക്കയോ മാറ്റങ്ങൾ സൃഷ്ട്ടിക്കുന്നുണ്ടായിരുന്നു, അവൾ ആകെ തരളിതയായി, ഏതോ അദൃശ്യശക്തിയുടെ പ്രേരണ എന്നപോലെ അവൾ ആ ശിൽപ്പത്തിലേക്ക് കൂടുതൽ അടുത്തു. മനസ്സിൽ കുസൃതി തലനീട്ടിയപ്പോൾ തന്റെ കരപല്ലവങ്ങൾ ഉയർത്തി അതിന്റെ മാറിൽ തടവി, അത് പിന്നെ കൈകളിലേക്കും കഴുത്തിലേക്കും മുന്നേറി. അവളുടെ ഉടൽ വിറക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു, ശരീരം വല്ലാതെ തളരുന്നതും ശ്വാസഗതി ഉയരുന്നതും, അതിൽ തന്റെ ശരീരം ആടിയുലയുന്നതും പിന്നെ നിലയില്ലാതെ കയത്തിലേക്ക് പതിക്കുന്ന തോന്നലും ഉണ്ടായപ്പോൾ, അവൾ ആ പ്രതിമയെ ഇറുകി പിടിച്ചു,, ഒരു ഗാഢാലിംഗനത്തിൽ എന്നപോലെ.


ഒരു വലിയ മോഹാലസ്യത്തിലെന്നപോലെ തളർന്ന് പ്രതിമയുടെ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്ന അവളുടെ ശരീരത്തിൽ ആകെ എന്തോ പരതുന്നപോലെ തോന്നിയപ്പോൾ അവൾ തലയുയർത്തി, വിയർപ്പ് പൊടിഞ്ഞ നെറ്റികളിൽ പ്രതിമയുടെ അധരങ്ങൾ അമർന്നപ്പോൾ അവൾ ആകെ വിറച്ചു, ഏതോ അതുവരെ അറിയാത്ത ആ സുഖത്തിൽ ഒരു നിമിഷം മുഴുകിയപ്പോൾ, അത് കണ്ണുകളിലേക്കും നാസികയിലേക്കും പടർന്നു. ദാഹാർത്തമായ അവളുടെ ചുണ്ടുകളെ ചുടുചുംബനങ്ങൾ കൊണ്ട് മൂടി ആ അധരങ്ങളാൽ അവ രണ്ടും കവർന്നു നുണഞ്ഞപ്പോൾ അവൾ വീണ്ടും തളർന്നു, അത് പിന്നെ ശംഖിന് സമാനമായ കഴുത്തിലേക്കും, ഉടയാത്ത കുചങ്ങളിലേക്കും തുടർന്ന് വയറിലെ ആഴങ്ങളിലേക്കും പടർന്നപ്പോൾ അവൾ വേറെ ഏതോ ലോകത്തേക്ക് എടുത്തുയർത്തപ്പെടുകയായിരുന്നു.


അതുവരെ അറിയാത്ത ആ സുഖത്തിൽ ആറാടി തളർന്ന അവളെ, കരിവീട്ടിക്ക് സമമായ രൂപം ജീവൻ വച്ച് തന്റെ കൈകളിൽ എടുത്തുയർത്തി, ഓരോ രോമകൂപത്തിലും, ചെറിയ ചൂടാർന്ന നിശ്വാസങ്ങളുടെ അകമ്പടിയോടെ കുളിര് നിറച്ചു. അത് ശരീരമാകെ പടർന്നപ്പോൾ, അതിന്റെ സുഖത്തിലോ സഹനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചപ്പോഴൊ, അവളിൽ നിന്നറിയാതെ ശീൽക്കാരം ഉയർന്നു. അവൾ ആകെ തളർന്നിരിക്കുന്നു, അർദ്ധബോധാവസ്ഥയിൽ പുലമ്പി, ആ രൂപത്തിന്റെ രണ്ടുകൈകളിലും നെഞ്ചിലുമായി അവൾ അള്ളിപ്പിടിച്ചിരിക്കുകയാണ്, അവളറിയാതെ അവളുടെ അധരങ്ങൾ അയാളുടെ നെഞ്ചിൽ മുലപ്പാൽ തേടുന്ന പൈതലിനെപ്പോലെ നുണഞ്ഞു മുന്നേറുന്നുണ്ട്. അതിൽ അയാളും കൂടുതൽ ഉത്തേജിതനാകുന്നു.


പുറത്ത് അപ്പോഴും കുളിരുപടർത്തി പെയ്തിറങ്ങുന്ന ചാറൽ മഴ, പ്രപഞ്ചത്തിന്റെ സന്ധാരണത്തിന് മറപിടിക്കുന്നപോലെ തോന്നി, ചിരിച്ചു നിന്ന പൂക്കൾ നാണംകൊണ്ട് കുമ്പാനും, സായാഹ്ന സൂര്യൻ മഴമേഘങ്ങളെ കൊണ്ട് മുഖം മറയ്ക്കാനും വ്യഗ്രതപ്പെട്ടു. ആ വള്ളിക്കുടിലിനുള്ളിൽ നാഗലക്ഷ്മി.. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ, ആ രൂപത്തെ കൂടുതൽ തന്നിലേക്ക് അടുപ്പിക്കാനും, അയാളുടെ പ്രവർത്തിയെ പ്രോത്സാഹിപ്പിക്കാനുമുള്ള തിരക്കിൽ ആയിരുന്നു. അതിന്റെ ഉച്ചസ്ഥായിയിൽ അവൾ അയാളിലേക്ക് പടർന്ന് കയറി, ഇറുകി പിടിച്ചു, അതിൽ കൂടുതൽ ഉത്തേജിതനായ അയാൾ, ഒരു കരുത്താർന്ന കുതിരയെപ്പോലെ അവളിലേക്ക് ഓടിക്കയറി.


എല്ലാം അവസാനിക്കുമ്പോൾ അവരുടെ ജഘനങ്ങളിൽ അഗ്നിവിസ്‌ഫോടനം നടക്കുകയും അത് താങ്ങാൻ ആവാതെ അവൾ മോഹാലസ്യപ്പെട്ട് തറയിൽ കിടന്നു, എന്നാൽ ആ കാരിരുമ്പിന്റെ കരുത്താർന്ന രൂപം ശരിക്കും ഉണർന്നത് അപ്പോൾ ആയിരുന്നു, മുന്നിൽ പരിരംഭണത്തിന്റെ ആലസ്യത്തിൽ, സൃഷ്ടിയുടെ ഉന്നത കർമ്മത്തിൽ എല്ലാം മറന്ന് നഗ്നയായി കിടക്കുന്ന സ്ത്രീ രൂപത്തെ കണ്ട് അവൻ ഒന്ന് ഞെട്ടി, ആ കാഴ്ച മറക്കാൻ എന്നോണം, വിരിഞ്ഞ കൈത്തലം മുഖത്ത് ചേർത്ത് അവൻ വള്ളിക്കുടിലിന്റെ പുറത്തേക്ക് ഓടി.


അപ്പോൾ അവന്റെ മുഖം ക്രൗര്യമാർന്ന വ്യാഘ്രത്തിന്റെ പോലെ ഭീകരമായിരുന്നു, എന്തോ തിരിച്ചറിഞ്ഞ പോലെ, അവൻ ചുറ്റും പരതി, ആ കാഴ്ചയിൽ പ്രകൃതി ഞടുങ്ങി, ചുറ്റും തിരമാലപോലെ കാറ്റ് ആഞ്ഞുവീശി, ദിഗന്തങ്ങളിൽ പ്രതിധ്വനി പോലെ ഇടിമുഴക്കവും, ഒപ്പം മിന്നലും, അന്തരീക്ഷം ആകെ കലുഷമായപ്പോഴും, ആ വള്ളികുടിലിൽ അവൾ ഒരു സുഖാലസ്യത്തോടെ മയങ്ങി.


പുറത്ത് അവന്റെ ക്രോധാഗ്നിയിൽ പ്രകൃതിയാകെ തിളച്ചു, അത് സഹിക്കാൻ ആകാതെ.. അവൾ തന്നിൽ ഒളിച്ച കാമനെ അവന്റെ മുന്നിലേക്ക് എറിഞ്ഞു, ആ കാഴ്ചയിൽ ഇരയെ മുന്നിൽ കിട്ടിയ പോലെ അവൻ മുരണ്ടു, പിന്നെ നിമിഷനേരം മതിയായിരുന്നു, എല്ലാം അവസാനിക്കാൻ. എങ്കിലും കോപം തീരാതെ അവൻ അലറി, എല്ലാ ചരാചരങ്ങളും വിറങ്ങലിച്ചു നിന്ന നിമിഷം, ചെവിയിൽ ഒരു മൂളൽ വീഴുന്നു എന്ന് തോന്നിയപ്പോൾ അവൻ ആകാശത്തേക്ക് നോക്കി അലറി..


അതിന്റെ പ്രതിധ്വനി രുദ്രാ.. എന്ന നീട്ടി വിളിയായി കാതിൽ വീണപ്പോൾ അവൻ തുറിച്ചു നോക്കി.. അതിൽ ആ പ്രദേശമാകെ വെന്തെരിഞ്ഞു.. ഒരു കാട്ടുതീയായി പടർന്നപ്പോൾ.. ജീവികൾ നെട്ടോട്ടമോടി.. അതിന്റെ മുകളിൽ പെരുമഴ പതിക്കാൻ തുടങ്ങിയപ്പോൾ രുദ്രൻ മുന്നിൽ കണ്ടു, ആ വെളുത്ത മുടിയിഴകളും, നീണ്ട താടി രോമങ്ങളും നിറച്ച് പുഞ്ചിരിയോടെ ചിരിക്കുന്ന ആ രൂപത്തെ..


ആദ്യം തിരിച്ചറിയാൻ ബുദ്ധിമുട്ടിയെങ്കിലും ആളെ തിരിച്ചറിഞ്ഞപ്പോൾ അവൻ വിസ്മയിച്ചു പോയി, അത് അമ്പരപ്പായും, ഉള്ളിൽ തെളിഞ്ഞ ആർദ്രതക്കും വഴിമാറിയപ്പോൾ അവന്റെ ക്രോധം ലയിച്ചില്ലാതെയായി. അവൻ നിറഞ്ഞ സ്നേഹത്തോടെ വിളിച്ചു, ഗുരുദേവാ...


വേദസംഘൻ ചിരിക്കുന്ന മുഖത്തോടെ അവനെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചപ്പോൾ രുദ്രൻ ആ പഴയ കൊച്ചുകുട്ടിയായി, ശക്തിയായി ആലിംഗനം ചെയ്ത് ചോദിച്ചു.. രുദ്രാ.. നീ ഇതുവരെ നിന്നെ തിരിച്ചറിഞ്ഞില്ലേ? സംഹാരത്തിന്റെ പർവ്വം കഴിഞ്ഞിരിക്കുന്നു, ഇനി സൃഷ്ടിയുടെയാണ്. ഒരു പുതിയ ലോകത്തിന്റെ. അമരാവതം ഒരു പഴങ്കഥയാണ്, അവിടെ സംഭവിച്ചതെല്ലാം. കുമാരി ഉമ ഒരു നിമിത്തവും. ലോകമാതാവിനും പുരുഷനും അന്ത്യമില്ല എന്ന് ഞാൻ പറയാതെ നീ മനസ്സിലാക്കിയിരിക്കുന്നു, പിന്നെയും എന്തേ സന്ദേഹം. നിന്റെ ക്രോധത്തെ അടക്കുക. നാഗലക്ഷ്മി വെറും ഒരു പെൺകുട്ടി അല്ല എന്ന് ത്രികാലജ്ഞാനിയായ നിനക്ക് അറിവുള്ളത് അല്ലേ.. അവൾ സ്വയം ലോകമാതാവാണ്. പുതിയ ലോകത്തെ ഗർഭത്തിൽ പേറേണ്ടവൾ, അടുത്ത യുഗം അവളിൽ നിന്ന് തുടങ്ങുന്നു.


രുദ്രൻ ഗുരുവിന്റെ ആലിംഗനത്തിൽ നിന്ന് മോചിതനായി തലകുനിച്ചു നിന്നു, നിറഞ്ഞൊഴുകിയ കണ്ണുകളെ തടുക്കാതെ അവൻ പറഞ്ഞു.. ഗുരോ എല്ലാം മനസിലാക്കുന്നു, ഈയുള്ളവൻ, എങ്കിലും ഉമയെ മനസ്സിൽ നിന്ന് മായിക്കാൻ കഴിയുന്നില്ല... നമുക്ക് അറിയാം സംഹാരത്തിന്റെ കാണ്ഡം അവസാനിച്ചു എന്ന്.. എങ്കിലും സ്വയം സ്ഥിതിയിലേക്ക് മടങ്ങാൻ നമുക്ക് ആവുന്നില്ല, പിന്നെ എങ്ങനെ സൃഷ്ട്ടി നടത്തും. നമുക്ക് കുറച്ചുകൂടി സമയം ഇങ്ങനെ ഏകാഗ്രമായി ഇരിക്കണം, മനസിനെ ജയിച്ചു സ്വയം സ്ഥിതിയിൽ വന്നാൽ എല്ലാം പഴയ പടിയിലേക്ക് കൊണ്ടുവരാം.


രുദ്രാ.. നിനക്കായി ഇതിൽ കൂടുതൽ കാക്കാൻ ലോകക്രമത്തിന് ആവില്ല. എല്ലാം ഒരു ബിന്ദുവിൽ കേന്ദ്രികരിച്ച്.. സാലഭംഞ്ജിക പോലെ എങ്ങനെ, എത്രനാൾ എന്നറിയാതെ തുടരും. കാലചക്രം ചലിച്ചേ മതിയാവു, സൃഷ്ടിയും സ്ഥിതിയും സംഹാരവുമായി, പകലും രാത്രിയും, മഴയും കാറ്റും വെയിലും ഒക്കെയായി അത് മുന്നോട്ട് പോകണം. അതിന് നീ സൃഷ്ട്ടി നടത്തിയേ മതിയാവു. നിന്നിൽ നിന്നാണ് എല്ലാം തുടങ്ങുക.. അവിടെയാണ് അവസാനിക്കുക. ഏതായാലും സൃഷ്ട്ടി സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.. ഇനി നിനക്ക് നിന്റെ ഏകാഗ്രത തുടരാം.. നിനക്ക് കാവലാളായി നാം ഇവിടെ ഉണ്ടാകും, എന്നും, നമുക്ക് ഒരു പിൻഗാമി വരും വരെ.. ലോകഗുരുവിന്റെ പരമ്പരയിലെ അവസാനകണ്ണിയായി, നിന്റെ പർണ്ണശാലക്ക് ചുറ്റും, നാം അലയും. നിന്റെ ഏകാഗ്രതക്ക് ഭംഗം വരുവാൻ നാം അനുവദിക്കില്ല..


ഗുരോ... ആ നീട്ടിയുള്ള വിളിയിൽ എല്ലാം അടങ്ങിയിരുന്നു, അവൻ സ്വയം ചെറുതാകുകയാണോ എന്നറിയാതെ കണ്ണിൽ നിന്ന് ധാരയായി ഒഴുകുന്ന ജലത്തുള്ളികളെ ശ്രദ്ധിക്കാതെ.. ഗുരുവിന്റെ കാൽപ്പാദത്തിലേക്ക് അവൻ സാഷ്ടാംഗം പ്രണമിച്ചപ്പോൾ വേദസംഘൻ അവനെ പിടിച്ചെഴുനേൽപ്പിച്ചു.. പിന്നെ പതിയെ കാതിൽ മൊഴിഞ്ഞു.


രുദ്രാ.. നാം ലോക ഗുരുവാണ്.. നിന്റെ മാത്രമല്ല.. നിന്റെ പരമ്പരകളുടെയും, ഞാൻ കാത്തിരിക്കുന്നത്, ഇവിടെ അലയുന്നത് നിനക്ക് വേണ്ടി ആണ് എന്ന് തെറ്റിദ്ധരിച്ചോ? ഇല്ല.. നമുക്ക് നാഗലക്ഷ്മിയിൽ ജനിക്കുന്ന നിന്റെ മകളെ കാണണം, പിന്നെ അവളിലൂടെ ഇന്ദ്രാംശമായി പിറവിയെടുക്കുന്ന കുമാരനെ. അവനിലൂടെ ആണ് ഈ നാഗദേശം പടർന്ന് പുഷ്പിക്കാൻ പോകുന്നത്. പുതിയ ജീവിതക്രമം ഉരുത്തിരിയാൻ പോകുന്നത്. അത് നിനക്കും അറിവുള്ളതാണ്. ക്രോധം എല്ലാം മറച്ചാലും, നിനക്ക് തിരിച്ചറിയാൻ കഴിയും. ഇപ്പോൾ നീ നിന്റെ തപം തുടർന്നാലും.


പിന്നിൽ കാൽപ്പെരുമാറ്റം കേട്ടപ്പോൾ അവർ രണ്ടുപേരും ഒരുപോലെ തിരിഞ്ഞു. പർണ്ണശാലക്ക് മുന്നിൽ അവർക്ക് പിന്നിൽ അവരെ തന്നെ നോക്കി നിൽക്കെയാണ്, നാഗലക്ഷ്മി. ചിതറി, പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി, ചതഞ്ഞരഞ്ഞ താഴം പൂ ഇടംകൈയിൽ പിടിച്ച് നിർനിമേഷയായി അവൾ രുദ്രനെ ആപാദചൂഢം വീക്ഷിക്കയാണ്. ഒന്നും മനസിലാകാതെ ഉള്ള ആ നിൽപ്പിൽ പന്തികേട് തോന്നിയപ്പോൾ വേദസംഘൻ ചിരിച്ചുകൊണ്ട് സംസാരിച്ചു.


മാതേ.. നാഗലക്ഷ്മി. ഗുരുവിന്റെ പ്രണാമം സ്വീകരിച്ചാലും, ലോകമാതാവായ നീ ഇപ്പോൾ കാണുന്നത് സാക്ഷാൽ ഓംകാരമൂർത്തിയെ തന്നെ ആണ്. പശുപതിയുടെ നേർ അവതാരം. യുഗപുരുഷൻ ആയ അവനെ നീ ഒരു പ്രതിമയായി ദർശിച്ചത് നിന്റെ തെറ്റല്ല.. ലോകക്രമത്തിന്റെ മായിക കാഴ്ച ആയിരുന്നു. ശരിയായ രൂപത്തിൽ നീ അവനെ ദർശിച്ചിരുന്നെങ്കിൽ എല്ലാം നടക്കില്ലായിരുന്നു.

ഇവിടെ നടന്നത് നിയതിയുടെ നിയമം, ഇപ്പോൾ നിന്റെ ഉള്ളിൽ പുതിയ ലോകത്തിനുള്ള വിത്ത് പാകപ്പെട്ടിരിക്കുന്നു, അത് സംരക്ഷിക്കേണ്ടതും വളർത്തേണ്ടതും നിന്റെ ഉത്തരവാദിത്വമാണ്. അവിടെ നിന്നാണ് നവലോകത്തിന്റെ തുടക്കം. ആ ജനനത്തിനായി നാം കാത്തിരിക്കുന്നു. നിന്റെ മകളായി പിറക്കുന്ന കുമാരിക്കായി തേടിവരുന്ന ഇന്ദ്രാംശമായ ചന്ദ്രവംശ കുമാരനെയും പ്രതീക്ഷിച്ചു. ഇപ്പോൾ നീ പുതിയ പിറവിക്കായി തയ്യാറെടുത്താലും, രുദ്രന്റെ അംശം ഉദരത്തിൽ സ്വീകരിച്ച, നീ വെറും ഒരു നാഗകന്യക അല്ല.. ലോകമാതാവിന്റെ അവതാരം ആണ്.. അത് മറക്കാതെ ഇരിക്കുക.


നാഗലക്ഷ്മി ഏതോ ലോകത്ത് നിന്ന് വന്ന അശരീരിപോലെ എല്ലാം ശ്രവിച്ചു, രണ്ടുപേരെയും മാറിമാറി നോക്കി, ഒന്നും മനസിലാവാത്തപോലെ ദൃഷ്ടി രുദ്രനിൽ തന്നെ ഉറപ്പിച്ചു. കഴിഞ്ഞുപോയ അനുഭവത്തിന്റെ ലഹരിയിൽ ലയിച്ചു ചേർന്നിരുന്ന അവൾ, രുദ്രനിൽ നിന്ന് മിഴിയെടുക്കാൻ തുനിഞ്ഞതേ ഇല്ല. അത് കണ്ട് കൊടുംകാറ്റ് പോലെ പർണ്ണശാലക്ക് ഉള്ളിലേക്ക് പോയ രുദ്രനെ പിൻവിളിക്ക് പോലും തയ്യാറാകാതെ അവളുടെ കണ്ണുകൾ പിന്തുടർന്നു..