Beyond the views in Malayalam Short Stories by Sanoj Kv books and stories PDF | കാഴ്ചകൾക്കപ്പുറം

Featured Books
Categories
Share

കാഴ്ചകൾക്കപ്പുറം

"ഒരു മിനറൽ വാട്ടർ "
എത്രയൊക്കെ ശ്രദ്ധിച്ചാലും ഓരോ തവണ വീട്ടീന്ന് ഇറങ്ങുമ്പോഴും എന്തെങ്കിലുമൊക്കെ മറക്കും. ഇന്നത് വെള്ളത്തിന്റെ ബോട്ടിലായിരുന്നു.
"ദാ, 5 രൂപ ചേഞ്ച്‌ ഇണ്ടോ? "
"ഇല്ല "
"ന്നാ ഇതു വച്ചോ "
കടലമിട്ടായി, ഓർമയിലിതിന് ഒരു രൂപയാണ് വില. പണ്ട് അമ്മയോടൊപ്പം കടയിൽ പോവുമ്പോൾ പതിവായിരുന്നു. അതിന് ഇതിനേക്കാൾ വലിവും ഉണ്ടായിരുന്നു. എത്രപെട്ടെന്നാണ് കാലം കടന്നുപോവുന്നത്, എന്തിനധികം ഒരു ലിറ്റർ വെള്ളത്തിന് പോലും പതിനഞ്ച് രൂപ പ്രൈസ് ടാഗ് ഇട്ടുകഴിഞ്ഞു കാലം. ഓരോതവണയും ഈ വെള്ളക്കുപ്പി വാങ്ങുമ്പോൾ അറിയാതെ മനസ്സിലേക്ക് വരുന്ന ഒരു കാഴ്ചയുണ്ട്: ഒരു പ്ലാസ്റ്റിക് കവറിൽ നിറച്ച ശുദ്ധവായു ശ്വസിക്കാനായി വാങ്ങുന്ന എന്റെ തന്നെ രൂപം. ഒരറ്റത്ത് മനുഷ്യൻ സർവ്വതും പിടിച്ചടക്കാൻ പായുമ്പോൾ, മറ്റേ അറ്റത്ത് എന്തൊക്കെയോ അവന്റെ കയ്യിൽനിന്നും കൊഴിഞ്ഞു പോകുന്നു.
രാത്രിയാത്രകൾ ബസിനേക്കാളും എന്തുകൊണ്ടും ട്രെയിനിലാവുന്നതാണ് എനിക്കിഷ്ടം. അതുകൊണ്ടാണ് മുൻകൂട്ടി ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പറ്റാത്ത ഇത്തരം അവസങ്ങളിൽകൂടി ഞാൻ രണ്ടാമതൊന്ന് ആലോചിക്കാത്തത്. പക്ഷേ പ്രശനം അവിടെയുമല്ല, ഒൻപതരയുടെ ട്രെയിനിന് ഒരുമണിക്കൂർ മുൻപ് എത്തിയതാണിവിടെ, ഒൻപതര കഴിഞ്ഞിട്ടിപ്പോ ഒരു മണിക്കൂറായി. ചിലപ്പോഴൊക്കെ സ്റ്റേഷനിലെത്താൻ അഞ്ചു മിനിറ്റ് വൈകിപ്പോയാൽ ട്രെയിൻ കൃത്യസമയത്ത് സ്റ്റേഷൻ വിട്ടിട്ടുണ്ടാവും. ഇന്ത്യൻ റയിൽവെയുടെ അൽഗൊരിതം കണ്ട് പിടിക്കാൻ എന്റെ ഐക്യു പോരാ. ഏതായാലും ഒരരമണിക്കൂർകൂടി നിങ്ങളൊന്ന് ക്ഷമിക്ക് അതിനുള്ളിൽ പരിഹാരം ഉണ്ടാക്കാം എന്ന അവരുടെ അപേക്ഷ അറിയിപ്പിലായി കിട്ടിയിട്ടുണ്ട് അതുകൊണ്ട് ഇരിപ്പ് തുടർന്നു.
ഒരു ജോലി നേടിയെടുത്തശേഷം ആദ്യമായി വീട്ടിൽവന്നു മടങ്ങുകയാണ്. പക്ഷേ വലിയ വ്യത്യാസം ഒന്നും അനുഭവപ്പെടുന്നില്ല. അല്ലെങ്കിലും നമ്മളൊന്നും ഒരിക്കലും മാറാത്തൊരിടം കുടുംബമാണല്ലോ. പിന്നെയും എന്തൊക്കെയോ ആലോചിച്ചിരുന്നപ്പോഴാണ് പെട്ടെന്ന് അയാളെയെന്റെ കണ്ണിൽ ഉടക്കിയത്.
കൂട്ടത്തിൽനിന്ന് എന്തോ അയാളെ വേർപെടുത്തുന്നു. ഒരുപക്ഷെ അയാളുടെ മുഷിഞ്ഞ വസ്ത്രമാവാം അങ്ങിങ്ങായി ധാരാളം കറകളുണ്ടതിൽ, അല്ലെങ്കിൽ ക്ഷീണിച്ചു മെലിഞ്ഞ അയാളുടെ ശരീരമോ, അതോ എനിക്ക് വെറുതെ തോന്നുന്നതോ. പലരെയും മാറിമാറി നിരീക്ഷിക്കുകയാണയാൾ. ഇതാ എന്റെ നേർക്കും, ഞാൻ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു. അയാൾ അവിടുന്നെഴുന്നേറ്റ് ഇങ്ങോട്ടാണോ വരുന്നത്, അതെ എന്റെ തൊട്ടടുത്ത് വന്നിരുന്നു. എന്താണിയാളുടെ ഉദ്ദേശം. ഞാൻ മെല്ലെ അയാളുടെ നേർക് കണ്ണുപായിച്ചു.
"ഫോൺ ഒന്നു തരാമോ? " അയാൾ ചോദിച്ചു
ഞാൻ മനസ്സിലായില്ലെന്ന മട്ടിൽ നോക്കി.
"വീട്ടിലേക്ക് വിളിക്കാനാണ്, എന്റെ ഫോൺ കളഞ്ഞുപോയി "
അതെങ്ങനെ കളഞ്ഞുപോയി, ചോദിക്കണം എന്നു വിചാരിച്ചെങ്കിലും വേണ്ടെന്ന് വച്ചു. ഏതായാലും ചേദമില്ലാത്ത ഒരുപകാരമല്ലേ, കൊടുത്തേക്കാം. ലോക്ക് ഓപ്പണാക്കി ഡയ്‌ലിങ് പാഡ് എടുത്തു കൊടുത്തു. അയാൾ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു. റിങ് ചെയ്യാൻ തുടങ്ങിയപ്പോഴാവണം, എഴുന്നേറ്റ് കുറച്ചകലേക്ക് നടന്നു.
ദൈവമേ എന്റെ ഫോണുംകൊണ്ട് മുങ്ങിക്കളയുമോ. ഞാൻ തെല്ലു ഭയത്തോടെയും വേണ്ടിവന്നാൽ ഒരോട്ടത്തിനു തയ്യാറായും അയാളെ നോക്കിനിന്നു. സംസാരിക്കുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ലെങ്കിലും അയാളുടെ മുഖഭാവത്തിൽനിന്ന് എന്തൊക്കെയോ പ്രശ്നങ്ങൾ എനിക്ക് വായിച്ചെടുക്കാം. മറുതലയ്ക്കൽ ചിലപ്പോളയാളുടെ ഭാര്യയാവാം അല്ലെങ്കിൽ ഒരമ്മ. അഞ്ചുമിനിറ്റ് നേരത്തെ സംസാരത്തിനൊടുവിൽ അയാൾ ഫോൺ തിരിച്ചേല്പിച്ചു, വീണ്ടും എന്റടുത്തു തന്നെ നിലയുറപ്പിച്ചു.
എന്തെങ്കിലും പ്രശ്നമുണ്ടോ? നിങ്ങളുടെ ഫോൺ എങ്ങനെയാ കളഞ്ഞുപോയത്? വേഷമൊക്കെ ആകെ മുഷിഞ്ഞിരിക്കുന്നല്ലോ എന്തുപറ്റി? മനസ്സിൽ ഇങ്ങനെ ഒരുനൂറു ചോദ്യങ്ങൾ വരിവരിയായി നിന്നെങ്കിലും, ഒരു ഇന്ട്രോവേർട്ടായ എനിക്ക് ഇത്തരം സ്വകാര്യകാര്യങ്ങൾ ഒരു പരിചയവുമില്ലാത്ത ഈ മനുഷ്യനോട് അങ്ങോട്ടുകയറി ചോദിക്കാൻ കഴിയില്ല. പക്ഷേ അയാൾ ഇങ്ങോട്ട് സംസാരിച്ചു തുടങ്ങി.
"വീട്ടിലേക്കാ വിളിച്ചത്, അവിടെ ഭാര്യേം മോളും തനിച്ചേയുള്ളു "
"എവിടെയാ വീട് " എന്റെ ആകാംഷ തിരക്കി
"പാലക്കാടാ, പുതുശ്ശേരി "
"ആഹ് കേട്ടിട്ടിണ്ട് "
"നാലഞ്ചസ്സായി വീട്ടീന്ന് എറങ്ങീട്ട് "
"ഇവിടെ? "
"ഒരു സുഹൃത്തിനെ കാണാൻ, അവൻവഴിയൊരു ജോലി.
വെള്ളൂണ്ടോ കയ്യില്? "
നേരത്തെ വാങ്ങിവെച്ച കുപ്പി അയാൾക്കുനേരെ നീട്ടി. അയാളുടെ ദാഹം എത്രത്തോളമുണ്ടെന്ന് എനിക്കീകാഴ്ചയിൽ അളക്കാം. മുഴുവൻ തീർക്കുന്നത് മോശമാണെന്നു കരുതിയാവണം കാൽഭാഗം ബാക്കിവച്ചത്.
അയാൾ തുടർന്നു.
"ചോദിക്കാൻ വിട്ടു നിങ്ങൾ എങ്ങോട്ടാ? "
"തൃശ്ശൂർക്ക് "
"അവിടെ പഠിക്ക്യാണോ, അതോ? "
"അല്ല വർക്ക്‌ ചെയ്യാണ്, ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ "
"ഓഹ് "
"ഫോൺ എങ്ങനെയാ മിസ്സായെ? " ചോദ്യങ്ങൾ ഓരോന്നായി പുറത്തുവരുന്നു.
"ഇങ്ങോട്ടേക്കുള്ള ട്രെയിനിൽ വച്ചായിരുന്നു. തിരക്ക് കുറവായിരുന്നു, ധാരാളം സീറ്റ്, ഒന്ന് മയങ്ങിപ്പോയി. അടുത്തിരിക്കുന്നയാൾ ഏത് സ്വഭാവക്കാരനാണെന്ന് തിരിച്ചറിയാൻ പറ്റണംന്ന് ഇല്ലല്ലോ, എഴുന്നേറ്റപ്പോ ഫോൺ കാണാനില്ല, അയാളേം. ഇനി അയാളുതന്നെയാണോ, അല്ലെങ്കിൽ വേറെ വല്ലവരും, അറിയില്ല."
"എന്നിട്ട് കംപ്ലയിന്റ് ഒന്നും കൊടുത്തില്ലേ? "
"ഇവിടെ റെയിൽവേ പോലീസിൽ പറഞ്ഞിട്ടുണ്ട്, വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് അവരുതന്നെ പറയുന്നു. ദിവസോം ഇതുപോലെ എത്ര കംപ്ലയിന്റുകൾ കിട്ടുന്നുണ്ടാവും"
"വന്നകാര്യം നടന്നോ എന്നിട്ട്? " ഞാൻ അയാളുമായി കുറേക്കൂടി അടുക്കുന്നു.
"ഇല്ല അവന്റെ നമ്പർ ആ ഫോണിലായിരുന്നു. അവനെ അന്വേഷിച്ചായിരുന്നു മൂന്നാലുദിവസം നടപ്പ്. കയ്യിലുണ്ടായിരുന്ന കുറച്ചു കാശും തീർന്നു. ഇനി തിരിച്ചുപോവാനുള്ള ടിക്കറ്റ് എടുക്കാൻപോലും പൈസയില്ല. കള്ളവണ്ടി കേറാനാണ് അവസാന തീരുമാനം. പാലക്കാട്‌ എത്തിപ്പെട്ടാൽ അവിടെ ആരോടെങ്കിലും ഇരന്നെട്ടെങ്കിലും വീട്ടിൽ പോണം"
ഒരു വിഡ്ഢിച്ചിരിയോടെ അയാൾ പറഞ്ഞവസാനിപ്പിച്ചു.
എന്റെ വണ്ടിയുടെ അവസാന അന്നൗൻസ്മെന്റും വന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ എത്തും.
"അപ്പൊ ഭക്ഷണൊക്കെ? "
അയാളുടെ തളർച്ച എന്നെ അലട്ടുന്നു.
"കയ്യിലുണ്ടായിരുന്ന അവസാനത്തെ കാശുകൊണ്ടാണ് ഇന്നലെ രാത്രി കഴിച്ചുകൂട്ടിയത്. വിശപ്പിനേക്കാൾ ഇപ്പൊ എനിക്ക് വലുത് വീടെത്തലാണ്, ഇനിയും മടങ്ങിയില്ലെങ്കിൽ ഒരുപക്ഷെ എന്റെ ഭാര്യേം മോളും പട്ടിണിയിലാവും. ഞാൻ ചെന്നിട്ട് ആരോടെങ്കിലും കടം വാങ്ങിച്ചിട്ട് വേണം..."
പുറമേയില്ലെങ്കിലും അയാളുടെ ഉള്ളിലെ കരച്ചിൽ എനിക്കിപ്പോൾ വ്യക്തമായി കേൾക്കാം.
എന്റെ വണ്ടി പ്ലാറ്റഫോമിൽ എത്തിക്കഴിഞ്ഞു.
അയാൾക്ക് പാലക്കാട്‌ വരെ പോവാനുള്ള ട്രെയിൻ ടിക്കറ്റ്, അവിടുന്ന് വീട്ടിലേക്കുള്ള ബസ്സ്, ഇപ്പൊ കഴിക്കാൻ എന്തെങ്കിലും ഭക്ഷണം എല്ലാം ഒരു ഏകദേശ കണക്ക് ഞാൻ കൂട്ടി. പേഴ്സിൽനിന്നും ഒരു മുന്നൂറു രൂപയെടുത്ത് അയാൾക്കുനേരെ നീട്ടി. പ്രതീക്ഷിച്ചപോലെതന്നെ ആദ്യം വാങ്ങിയില്ല. പക്ഷേ എന്റെ നിർബന്ധവും, അയാളുടെ അവസ്ഥയും അത് സ്വീകരിക്കാൻ അയാളെ നിർബന്ധിതനാക്കി.
വീട്ടിൽനിന്ന് ഇറങ്ങുമ്പോ അച്ഛൻ കയ്യിൽ വച്ചു തന്ന നോട്ടുകളായിരുന്നു അവ. ജോലിക്കാരനായാലും ആദ്യമാസം ശമ്പളം വാങ്ങിക്കുന്നവരെ ചിലവ് കഴിയണ്ടേ.
പുറപ്പെടാനുള്ള ചൂളത്തിന് തൊട്ടുമുൻപ് വണ്ടിയിൽ കയറിക്കൂടി, സീറ്റിനായി തിരഞ്ഞെങ്കിലും കിട്ടിയില്ല. ഈ രാത്രി ഉറക്കം വേണ്ടെന്ന് വെക്കണം. വണ്ടി കയറിയ കാര്യം അമ്മയെ വിളിച്ചുപറയാൻ ഓർത്തു. പറഞ്ഞുവച്ച ഉടനെ തിരിച്ചൊരു കാൾ, ആരാവും ഈനേരത്തൊരു അൺനൗൺ നമ്പർ.
"ഹലോ "
മറുവശത്തൊരു പുരുഷശബ്‍ദം ആയിരുന്നു.
"ഞാനത് അയാളുമായി സംസാരിച്ചു, പുള്ളിക്കാരൻ സമ്മതിച്ചിട്ടുണ്ട്, പിന്നെ രാവിലെ എവിടെവരാനായിരുന്നു പറഞ്ഞത്? "
എനിക്ക് എന്താണ് കാര്യമെന്ന് പിടികിട്ടിയില്ല.
"ഹലോ ഇതാരാണ്? "
"സതീശൻ അല്ലേ, കുറച്ചു മുൻപ് ഈ നമ്പറിന്ന് ആണല്ലോ വിളിച്ചത് "
"അല്ല അയാൾ എന്റെ ഫോണിന്നാ വിളിച്ചത് "
"അയ്യോ സോറി, ആളിപ്പോ അടുത്തുണ്ടോ? ഒന്ന് കൊടുക്കാമോ"
"ഇല്ല അയാൾ പോയി "
ഞാൻ ഫോൺ കട്ട്‌ ചെയ്തു. അയാൾ എന്നോട് പറഞ്ഞത് ഭാര്യയെ വിളിച്ചു എന്നല്ലേ. അപ്പോൾ ആ പറഞ്ഞതൊക്കെയും? നേരത്തെ അയാളുടെ മുഖത്തുകണ്ട ആ വിഡ്ഢിച്ചിരി ഇപ്പോൾ എനിക്കൊരു കണ്ണാടി നോക്കിയാൽ കാണാം.
എല്ലാം പിന്നിലാക്കി ട്രെയിൻ മുന്നോട്ടു കുതിക്കുകയാണ് ഒപ്പം ഞാനും. വാതിൽ ചാരി വെറുതെ പുറത്തോട്ടു നോക്കിനിന്നു. കുറേ വീടുകളിൽ ഇപ്പോഴും ലൈറ്റ് അണഞ്ഞിട്ടില്ല. അതിലേതെങ്കിലും ഒന്നിൽ ഒരു ഭാര്യയും കുഞ്ഞും ഉണ്ടാവുമോ? വീടുവിട്ടു ജോലിതേടിപ്പോയ ഒരു ഗൃഹനാഥനെയും കാത്ത്. അയാൾ പറഞ്ഞപോലെ അടുത്തിരിക്കുന്നയാളുടെ മനസ്സ് വായിക്കാൻ കഴിയണമെന്നില്ലല്ലോ. എല്ലാം ഓർക്കുമ്പോൾ വീണ്ടും ഒരു ചിരിയാണ് വരുന്നത്.
എങ്കിലും ഒരു സംശയം മാത്രം മനസ്സിൽ പിന്നെയും ബാക്കി, സത്യം പറയാതിരിക്കാൻ അയാൾക്കൊരായിരം കാരണങ്ങൾ കാണും, പക്ഷേ കള്ളം പറയാൻ എന്തായിരിക്കും കാരണം???