Manjupeyyunna marubhumikal in Malayalam Short Stories by Sarangirethick books and stories PDF | മഞ്ഞുപെയ്യുന്ന മരുഭൂമികൾ

Featured Books
Categories
Share

മഞ്ഞുപെയ്യുന്ന മരുഭൂമികൾ

മഞ്ഞുപെയ്യുന്ന മരുഭൂമികൾ


സുജാത അന്ന് പതിവിലും നേരത്തെ എഴുന്നേറ്റു. ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ ചക്രവാളത്തിൽ തലകാണിച്ചിട്ടുണ്ടായിരുന്നില്ല. ചെറിയ മൂടൽമഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന പുലരിയിൽ എങ്ങും നിറയുന്ന നൈർമല്യം നുണഞ്ഞ് അകലേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ ഉള്ളം പതിവിലും ശാന്തമായിരുന്നു. പെയ്യാൻ വെമ്പി നിൽക്കുന്ന മേഘശകലങ്ങൾ അപ്പോഴും തിരനീന്തി കിഴക്കോട്ട് പറക്കുന്നു. ചിങ്ങകുളിരിൽ തെളിഞ്ഞ ആ പ്രഭാതം ലാസ്യവിലസിതയായി നിന്നപ്പോൾ അവളുടെ മനസ്സും ലോലമായി, എവിടെ നിന്നോ ഒഴുകിയെത്തുന്ന ഭക്തിഗാനസുധയ്ക്കൊപ്പം അവളും പ്രാർത്ഥിച്ചു കൃഷ്ണാ.. എല്ലാം നല്ലപടി നടക്കണേ.

എന്നും രാവിലത്തെ പോലെ ആവിപറക്കുന്ന കാപ്പിയുടെ കപ്പ് അവളുടെ കയ്യിൽ ഭദ്രമായിരുന്നു, ചിന്തകൾക്കിടയിൽ അതിൻറെ രുചി നുണയുമ്പോലെ കപ്പിൽ ഇടയ്ക്കിടക്ക് മൊത്തി, ചെറിയ തുള്ളികൾ അകത്താക്കി, തൻറെ മനസിനെ ഇന്നലെകളുടെ തള്ളിവരുന്ന ഓർമ്മകളെ അവയുടെ പാട്ടിന് വിട്ടിട്ട്, കണ്ണുകളെ പ്രകൃതിയിലേക്ക് തന്നെ മേയാൻ വിട്ടു. നഗരത്തിലെ മുന്തിയിനം കെട്ടിട സമുച്ചയത്തിന്റെ പത്താം നിലയിൽ കിഴക്കേ ഭാഗത്തായിരുന്നു അവളുടെയും ഫ്ലാറ്റ്. വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ അവളുടെ ആഗ്രഹം അറിഞ്ഞു വിനോദ് ബുക്ക് ചെയ്തത് പോലെ ആണ് എന്നും സുജാതയ്ക്ക് തോന്നിയിട്ടുള്ളത്, അല്ല, അവൾ എന്നും അങ്ങനെ ആണ് ചിന്തിക്കാൻ ശ്രമിച്ചത്.

ജനിച്ചു വളർന്ന ഗ്രാമത്തിൽ, വയലേലകൾക്ക് പിന്നിലായി, അവളുടെ തറവാട് മുറ്റത്തും പ്രഭാതം ഇങ്ങനെ ഒക്കെ ആയിരുന്നു. ഉയരത്തിൽ നിന്ന് അല്ലെങ്കിലും, നോക്കത്താദൂരം കടന്ന് തെങ്ങി൯ തലപ്പുകൾക്ക് മുകളിൽ തെളിയുന്ന ചക്രവാളത്തിൽ, ചിരിച്ചുകൊണ്ട് ഉയരുന്ന സുര്യനെ അവൾക്ക് നേരത്തെ കാണാമായിരുന്നു. ആകെ ഉള്ള വ്യത്യാസം, മാസങ്ങൾക്ക് അനുസരിച്ച് നിറം മാറുന്ന നെൽവയലുകൾ മാത്രം. ചിങ്ങം മുതൽ കർക്കടകം വരെ ആ വയലേലകൾക്ക് വിവിധ വർണ്ണകാഴ്ചയാണ്. ചിലപ്പോൾ പച്ചപ്പട്ടിന്റെ ധാരാളിത്തം ആണെങ്കിൽ, ചിലപ്പോൾ നെൽച്ചെടിയും കതിർക്കുലയും ചേർന്ന് നിറയുന്ന സമൃദ്ധിയുടെ വരവറിയിച്ച് തവിട്ട് നിറം എടുത്തണിയും, ചിലപ്പോൾ അത് തികച്ചും പുന്നെല്ലിന്റെ സ്വർണ്ണവർണ്ണവും.

അത് പോലെ തന്നെ ആണ്, പ്രകൃതിയുടെ ഗന്ധവും, മഴക്കാലത്ത് നിറയുന്ന ജലവും, അതിൽ പട്ട്, അലിയുന്ന ചെടികളുടെ മണവും കൂടി പേറുന്ന ചേറിന്റെ ഗന്ധമാണെങ്കിൽ, മറ്റൊരിക്കൽ, ധാന്യങ്ങളുടെ പുതുമ നിറയുന്ന ഗന്ധമായിരിക്കും. മറ്റുചിലപ്പോൾ ചിരിക്കുന്ന പൂക്കളുടെയും, വേനലിൽ വീശിയടിക്കുന്ന കാറ്റിൽ പൊടിയുടെ മണം. പുതുമഴ ചാറിപ്പോയാൽ മണ്ണിന്റെ പുതുഗന്ധം. അങ്ങനെ പ്രകൃതിയുടെ ചാംക്രിക സംക്രമണങ്ങളുടെ ഓർമ്മകൾ ആണ്, എന്നും നാട്ടിൻപുറത്തെ കാഴ്ച്ചക്കും ഗന്ധത്തിനും. പുതുമയും ആവേശവും നിറക്കുന്ന, പശിമരാശിയുടെ കൊതിപ്പിക്കുന്ന, മനസ്സിനെ മദിപ്പിക്കുന്ന ഓർമയുടെ കുത്തിറക്കങ്ങൾ.

നഗരത്തിന് എന്നും ഒരേ ഗന്ധമാണ്, കാഴ്ചക്ക് ഒരേ നിറവും ഭാവവും. കഴിഞ്ഞ കുറെ വർഷങ്ങളായി അവൾ കണ്ടുകൊണ്ടിരിക്കുന്നു. ആകെ ഉള്ള മാറ്റം, കുതിച്ചുയരുന്ന ഫ്‌ളാറ്റുകളുടെ സമൃദ്ധി മാത്രമാണ്. ആദികാലങ്ങളിൽ അംബരചുംബികൾ വിരലിൽ എണ്ണാവുന്നവ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ, അവറ്റകൾ തന്റെ പ്രഭാത കാഴ്ചകൾക്ക് വിഘ്‌നം വരുത്താൻ തുടങ്ങിയിരിക്കുന്നു, ചൂടുകാപ്പിയുടെ എതിർ റിയാക്‌ഷൻ ആയ പുളിച്ചു തികട്ടിയ ഏമ്പക്കത്തിനിടയിലും, അവൾ പരിഭവം സ്വയം അയവിറക്കി.

ഇവിടെ പിന്നിട്ട ഇരുപത്തിൽപ്പരം വർഷങ്ങൾ സമ്മാനിച്ചത് എന്താണ്, ഒരു നെടുവീർപ്പിന്റെ അകമ്പടിയോടെ ചിന്തകളെ ആ ആംഗിളിലേക്ക് തിരിച്ചപ്പോൾ അവളുടെ വികാരം പ്രവചനാതീതം ആയിരുന്നു. നഗരജീവിതം നഷ്ടങ്ങളുടേതാണ് എന്നൊരു ക്ളീഷെയിൽ അത് അവസാനിപ്പിച്ച്, സുജാത ഉള്ളിലേക്ക് നോട്ടം എറിഞ്ഞു. കഴിഞ്ഞകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇന്ന് കിളിക്കൂട്‌. ഒരു പക്ഷേ അവസാനത്തേത്. നഗരത്തിലെ ആദ്യത്തെയും, ജീവിത യാത്രയിലെ രണ്ടാമത്തേതും ആയ ഈ അഭയസ്ഥാനം ഈ പകലും രാത്രിയും ഇരുളി വെളുക്കുമ്പോൾ അന്യമാകും, എന്നെയ്ത്തേക്കും ആയി.

ഈ കഴിഞ്ഞ രാത്രി ആഘോഷത്തിന്റെ ആയിരുന്നു, ശ്രുതിയുടെ വിവാഹത്തലേന്ന് ആയിരുന്നതിനാൽ, അവളുടെ സുഹൃത്തുക്കളും, ഫ്ളാറ്റിലെ അയൽവാസികളും, ചുരുക്കം ബന്ധുക്കളും ചേർന്നൊരുക്കിയ ആഘോഷരാവ്. എല്ലാം അവസാനിച്ചപ്പോൾ രാവേറെ ചെന്നിരുന്നു. കഴിഞ്ഞുപോയ ദിവസങ്ങൾ വരെ അവളും താനും മാത്രമായിരുന്ന ലോകത്ത് ഈ ബഹളങ്ങൾ ഒരു അത്ഭുതമായി പെയ്തിറങ്ങി.

വിവാഹം കഴിഞ്ഞു നഗരത്തിലേക്ക് വന്ന് അധികം കഴിയും മുൻപ് ഇവിടേക്ക് കയറി വന്നതാണ്. ശ്രുതിയെ പ്രസവിക്കാൻ വേണ്ടി മാത്രമാണ് മാറി നിന്നത്, എന്നാൽ അത് അൽപ്പം നീണ്ടുപോയി. ആ അകൽച്ചക്ക് ശേഷം വിനോദിനെ മനസിലാക്കാൻ തനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. അതോ തിരിച്ച് ആണോ എന്ന് തീർച്ചയില്ല. പ്രസവം കഴിഞ്ഞു നഗരത്തിലേക്ക് തിരികെ വന്നപ്പോൾ ശ്രുതിക്ക് നാല് വയസ്സ് കഴിഞ്ഞിട്ടുണ്ടായിരുന്നു. വിനോദ് മനസ്സില്ലാമനസ്സോട് കൂടെ കൂട്ടിയപ്പോൾ, കഴിഞ്ഞ നാളിലെ ഒറ്റപ്പെടലിൽ നിന്നും, ചുറ്റുപാടുകളുടെ കുത്തിയ നോട്ടങ്ങളിൽ നിന്നും ഉള്ള രക്ഷപ്പെടലിനപ്പുറം തനിക്ക് വേറെ വഴിയില്ലായിരുന്നു. രണ്ട് അപരിചിതരെപ്പോലെ ഒരു വീട്ടിൽ കുറേനാൾ. എവിടെയാണ് പിഴച്ചത് എന്നറിയാതെ, അതോ അയാൾ സ്വയം സൃഷ്ടിച്ച യവനികയാണോ എന്ന് ഇന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, ഒരു തരം ഒളിച്ചോട്ടം.

ഇതിനിടയിൽ ശ്രുതിയുടെ വളർച്ച, പഠനം, പെട്ടെന്നൊരുനാൾ ഒന്നും മിണ്ടാതെ വിനോദ് ഇറങ്ങിപോയപ്പോൾ, തന്നെ ഭരിച്ചത് നിർവികാരത ആയിരുന്നു, അയാൾ എന്നേ, തന്നിൽ നിന്ന് ഇറങ്ങിപോയിരുന്നു. ഒരു സ്ത്രീക്ക് മൂന്ന് നേരം ഉണ്ണുക മാത്രമാണ് ആവശ്യം എന്ന് ധരിച്ചു കഴിഞ്ഞാൽ, അയാൾ എങ്ങനെ ഒരു ഇണയായി പരിഗണിക്കപ്പെടും, അത് മനസ്സിനെ ധരിപ്പിക്കാൻ ആദ്യമൊക്കെ വളരെ പാടുപെട്ടിരുന്നു. കാരണം, അയാളുടെ സ്നേഹവും, പരിഗണനയും പ്രണയവും ചടുലതയും, നിശ്വാസവും വിയർപ്പും, ഒരിക്കൽ ആവോളം ഏറ്റുവാങ്ങിയവൾ ആയിരുന്നല്ലോ.

ആദ്യമൊക്കെ വീർപ്പുമുട്ടൽ തന്നെ ആയിരുന്നു, ഒന്നും മിണ്ടാതെ, ഒന്നും നോക്കുകപോലും ചെയ്യാതെ, പരസ്പരം ഒരു ആവശ്യവുമില്ലാതെ രണ്ടു മനുഷ്യ ജീവികൾ ഒരു കൂരയ്ക്ക് കീഴെ, അതും ഒരിക്കൽ മറകളില്ലാതെ മാറാടിയവർ, ആ ശ്വാസം മുട്ടൽ, മാടിവിളിക്കുന്ന വിയർപ്പിൻറെ ഗന്ധം, ഇഴുകിച്ചേർന്ന വീടിന്റെ മുറികളും ഇടനാഴികളും. പതിയെപ്പതിയെ എല്ലാം മനസിന്റെ വിചാരങ്ങൾക്ക് അന്യമായപ്പോൾ, നിർവികാരത ഒരു മൂടുപടമായി, കട്ടിയുള്ള പുറംതോടായി പൊതിഞ്ഞപ്പോൾ അങ്ങനെ ഒരു വ്യക്തിത്വം തന്നെ തന്റെ ചുറ്റുപാടുകളിൽ നിലനിൽക്കുന്നില്ല, എന്ന് മനസ്സ് ശരീരത്തിനെ പഠിപ്പിച്ചു.

ഭക്ഷണത്തിന് ഒരു മുട്ടും ഇല്ലായിരുന്നു, അയാൾ ഇറങ്ങി പോകുന്നത് വരെ. ശ്രുതിയുടെ കാര്യങ്ങൾക്കും. പിന്നെ അച്ഛനയയ്ക്കുന്ന, പെ൯ഷനിൽ നിന്ന് ബാക്കി വയ്ക്കുന്ന ചെറിയ തുകയിൽ തന്റെ ആഗ്രഹങ്ങൾ ഒതുക്കിയപ്പോൾ, ജീവിതം ഒരു വെല്ലുവിളി ആയില്ല. പെട്ടെന്ന് അയാൾ ഉണ്ടാക്കിയ ശൂന്യത, അത് വളരെ വലുതായിരുന്നു, കടൽക്ഷോഭത്തിലെ യാനം പോലെ ആടിയുലഞ്ഞ ജീവിതം, ഒന്ന് പിടിച്ചുനിർത്താൻ കുറെയേറെ സമയം എടുത്തു. മുന്നിൽ തന്റെ ഭാവിയിൽ അപ്പുറം, ശ്രുതിയുടെ ഭാവി തന്നെ ആയിരുന്നു, ഒരു ചോദ്യചിഹ്നം.

ആയാത്രഇപ്പോൾഇവിടെഎത്തിനിൽക്കുന്നു, ഇന്ന് പത്തിനും പത്തരക്കും ഇടയ്ക്കാണ് മുഹൂർത്തം, നഗരത്തിലെ മുന്തിയ ആഡിറ്റോറിയത്തിൽ തന്നെ. സമയം ആകുമ്പോൾ അങ്ങോട്ട് പോയാൽ മതി, എല്ലാം പണം കൊടുത്താൽ ചെയ്യാൻ റെഡിയായി നിൽക്കുന്ന ഇവന്റ്റ് മാനേജ്‍മെൻറ്കാർ ഉള്ളപ്പോൾ കാര്യങ്ങൾ എത്ര സുഗുമമാണ്. ചിന്ത അവിടെ എത്തിയപ്പോൾ ഒരു ആശ്വാസ നിശ്വാസമാണ് അവളിൽ നിന്ന് ഉയർന്നത്.


ആഡിറ്റോറിയത്തിലേക്ക് പോകാൻ പത്ത് വണ്ടികൾ എങ്കിലും തയ്യാറാക്കിയിട്ടുണ്ട്, തിരികെ വരാൻ, തന്റെ വാഹനം മാത്രമായിരിക്കും. രാവിലെ പോകണം നാട്ടിലേക്ക്, അച്ഛൻ ബാക്കിവച്ചുപോയ ആ പഴയ വീട്ടിലേക്ക്. എല്ലാം തൂത്തും തുടച്ചും ഇടാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ബാക്കിയുള്ള കാലം, ഗ്രാമത്തിന്റെ കാഴ്ചകളിൽ അഭിരമിച്ച്, തനിക്ക് വേണ്ടി മാത്രം ജീവിക്കണം. എല്ലാം പറഞ്ഞുവച്ചിട്ടുണ്ട് ശ്രുതിയോടും ശ്യാമിനോടും.

അവളെ അറിഞ്ഞും, അവൾ തിരഞ്ഞെടുത്തതായത് കൊണ്ടും, ശ്യാമിന് എല്ലാം മുൻപേർ അറിയാം. വിവാഹം കഴിഞ്ഞാൽ ഉടനെ അവർ അവന്റെ നാട്ടിലേക്ക് തിരിക്കും, തിരികെ തന്നെ കാണാൻ ഗ്രാമത്തിലേക്ക് വന്നാൽ മതി എന്ന് പറഞ്ഞപ്പോൾ, അപ്പോൾ ഫ്ലാറ്റോ എന്ന് നെറ്റി ചുളിക്കാതെയിരുന്നില്ല, വിറ്റിട്ട് പൊയ്ക്കൂടേ എന്ന് ശ്യാം ചോദിക്കാതെയും.

ആദ്യം മറുപടി പറഞ്ഞത് ശ്രുതി ആയിരുന്നു, എന്തിന്? നമുക്ക് ഇവിടെ തന്നെ താമസിക്കാം, ജോലിക്ക് പോകാനും അതായിരിക്കും സൗകര്യം. പിന്നെ എന്റെ ഓർമ്മകൾ ഇവിടെ ആണല്ലോ ഉള്ളത്.

മറുപടി പറയുമ്പോൾ താൻ ശാന്തയായിരുന്നു, ഏതായാലും നിങ്ങൾ ഇവിടെ താമസിക്കേണ്ട, അത് ശരിയാവില്ല, ആ മറുപടിയിൽ തന്റെ ഭാഗ്യനിർഭാഗ്യങ്ങളുടെ ആകെ തുകയുണ്ട് എന്ന് പറയാതെ പറഞ്ഞത് അവർക്ക് മനസിലായി എന്ന് അവരുടെ മുഖഭാവത്തിൽ തിരിച്ചറിഞ്ഞു, ബാക്കി കൂടി പറഞ്ഞപ്പോൾ ശ്യാം തലകുലുക്കി.

നോക്ക് മോനെ.. ഇതിന്റെ അവകാശി ആരെന്ന് പോലും എനിക്ക് അറിയില്ല, ഒരിക്കലും അതിന്റെ ഡോക്യൂമെന്റുകൾ ഞാൻ നോക്കിയിട്ടില്ല, ഒരു പക്ഷേ നിലയില്ലാ കയത്തിൽ പലവുരു അകപ്പെട്ടപ്പോൾ പോലും. ഒരു പക്ഷേ.. ഇത് വാടകക്ക് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അന്ന് പിടിച്ചു നിൽക്കാൻ കഴിഞ്ഞേനേ.. ഇനി എന്തിന്? എന്റെ ആവശ്യങ്ങൾ ഇപ്പോൾ പരിമിതമാണ്, അത് നിർവഹിക്കാൻ ആ ഗ്രാമത്തിന് കഴിയും. എന്നെങ്കിലും അയാൾ തിരികെ വരുകയാണെങ്കിൽ എന്തെങ്കിലും ചെയ്യട്ടെ.. ഇല്ലെങ്കിൽ എന്റെ കാലശേഷം കഴിഞ്ഞ് നിങ്ങൾ ചെയ്തോളു. ഏതായാലും നിങ്ങൾ ഇവിടെ താമസിക്കേണ്ട.. ഒരു പക്ഷേ... ആ വാക്കുകളിൽ സുജാത എല്ലാം ഒളിപ്പിച്ചിരുന്നു..

വിവാഹ ചടങ്ങും, ആഡിറ്റോറിയവും വർണാഭമായിരുന്നു, തിങ്ങിനിറഞ്ഞ സദസ്സ് പ്രൗഢ ഗംഭീരവും. കൊടുത്ത പണത്തിന്റെ.. സേവനം, അവർ നന്നായി ചെയ്‌തിരുന്നു, സുജാതയെ അറിയാവുന്നത്‌ കൊണ്ട്, ക്ഷണിച്ചവരും, അവരുടെ റോളുകൾ ഭംഗിയാക്കി. ചടങ്ങിന് ഓടിനടക്കാൻ വല്യമ്മാവനും, ആങ്ങളയും നേരെത്തെ എത്തിയിരുന്നതിനാൽ, അവിടെയും, കാര്യങ്ങൾ സുഗമമായി. ദക്ഷിണയും കെട്ടുമേളവും മുഴങ്ങുമ്പോൾ സുജാത വേറെ ഏതോ ലോകത്തിൽ എന്നപോലെ തരിച്ചു നിന്നു.

ആരാണ് കൈപിടിച്ച് കൊടുക്കുക, എന്ന ചോദ്യം ഒരു വെള്ളിടിപോലെ ആണ് തോന്നിയത്, അത് ചിന്തയിൽ പോലും വരാത്ത കാര്യവുമായിരുന്നു, അത് മനസിലായെന്നപോലെ ആങ്ങള, അവളെ നോക്കി ബാക്കിയായ ചോദ്യം മുഖത്ത് അവശേഷിപ്പിച്ച്, വല്യമ്മാമയും.

മണ്ഡപത്തിൻറെ മുന്നിൽ നിരന്ന് നിന്ന ക്യാമറക്കാരെ വകഞ്ഞു മാറ്റി മുഴുവൻ നരകയറിയ കഷണ്ടിക്കാരൻ കടന്നു വന്നപ്പോൾ ഞെട്ടിയത് അവൾ മാത്രമായിരുന്നില്ല, മറ്റുള്ളവരും കൂടിയാണ്. യാന്ത്രികമായി വേദിയിൽ കയറി, ചടങ്ങുകൾ നിർവഹിച്ച് കന്യാദാനം ചെയ്യുന്ന അയാളെ നോക്കി സുജാത നിർനിമേഷയായി. എല്ലാം കഴിഞ്ഞു വധുവരന്മാരെ അനുഗ്രഹിച്ച് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി നടന്ന വിനോദിനെ, സുജാത തിരഞ്ഞു, സദ്യാലയത്തിൽ ഉൾപ്പെടെ.

ശ്രുതി യാത്ര ചോദിക്കുമ്പോൾ, സുജാതയുടെ കാഴ്ച്ച മറച്ച് കണ്ണുകൾ സജലങ്ങളായി. അധികം താമസിയാതെ ഓരോരുത്തരായി യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ, ആഡിറ്റോറിയം പൂരം കഴിഞ്ഞ പറമ്പ് പോലെ വിജനവും. അവസാനം, ആങ്ങളയും നാത്തൂനും അവരുടെ തിരക്കിലേക്ക് യാത്രപറഞ്ഞ് ഊളിയിട്ടപ്പോൾ വല്ലാത്ത നഷ്ടബോധത്തോടെ അവൾ തന്റെ വാഹനത്തിൻറെ അടുത്തേക്ക് നടന്നു.

ശൂന്യമായ മനസിനെ അലയാൻ വിട്ട്, വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ, മറുസൈഡിലെ ഡോർ തുറന്ന് ആ ചോദ്യം അവളിലേക്ക് എത്തി.

ഞാനും കൂടി വരട്ടെ.. തിരികെ പോകാൻ വാഹനം വേറെ ഇല്ല..

അപ്പോൾ സുജാതയുടെ ഉള്ളിൽ ഉയർന്ന വികാരം, സമ്മിശ്രമായിരുന്നു, ഇയാൾ എത്ര ലാഘവത്തോടെയാണ് ഇപ്പോഴും പെരുമാറുന്നത്, അഗ്നി പാറിയ അവളുടെ മിഴികളെയോ, സമ്മതമോ കാക്കാതെ അയാൾ കടന്നിരുന്നു.. എപ്പോഴൊ ബാക്കി വച്ച അവകാശം പോലെ.. അത് നിഷേധിക്കാൻ കഴിയാതെ തൊണ്ടയിൽ കുരുങ്ങിയ വാക്കുകളോടെ അവളുടെ കാലുകൾ ആക്‌സിലേറ്ററിൽ അമർന്നു.

വാഹനം ഓടുമ്പോൾ അവർക്കിടയിൽ തിങ്ങി നിറഞ്ഞ മൗനവും വളർന്നു. സുജാതയുടെ മനസ്സ് അപ്പോൾ കൂട്ടിലടച്ച കിളിയെപ്പോലെ പിടക്കുകയായിരുന്നു. ഫ്ളാറ്റിലെ പാർക്കിങ്ങ് സ്ലോട്ടിൽ വണ്ടി നിർത്തിയപ്പോൾ, അയാൾ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു ലിഫ്റ്റിലേക്ക്.. ഇനി എന്തെന്നറിയാതെ പിന്നാലെ സുജാതയും.