നീണ്ട പ്രവാസത്തിന്റെ അഞ്ചു വർഷം.കൊറോണ എന്ന മഹാ മേരി ഞങ്ങളെ പോലെയുള്ള എത്ര പ്രവാസികളുടെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞത്. നാട്ടിൽ വരാൻ കഴിയാതെ മാനസികമായ പിരിമുറുക്കവും പേറി റൂമിലെ ഇരുട്ടിൽ ഉറക്കമില്ലാത്ത രാവിൽ നാട്ടിലെത്തിയാൽ ചെയ്തു തീർക്കാനുള്ള ഓരോ കാര്യങ്ങളും സ്വപ്നം കാണുമ്പോഴായിരുന്നു പഴയ കുട്ടിക്കാലം ഓർമയിൽ വന്നത്. അതെ ഇപ്പോൾ നാട്ടിൽ മഴക്കാലമാണ്..
മഴക്കാലം ഓർമകളിൽ എന്നും മാനത്തെ മഴവില്ലുപോലെ തെളിഞ്ഞു നിൽക്കുന്ന മഴക്കാലം. വീണ്ടും ആ മഴക്കാലം ഈ മരുഭൂമിയിലെ കോൺക്രീറ്റ് ബിൽഡിങ്ങിൽ എസി യുടെ മുരൾച്ചയിൽ. എങ്ങോ നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തിന്റെ വർണ ശബളമായ നെടുവീർപ്പുകളിൽ നിന്നും. ചരടുപൊട്ടിയ പട്ടം പോലെ എന്നെ ആ പഴയ അഞ്ചു വയസ്സുകാരനായി തറവാട് വീടിന്റെ ഉമ്മറപ്പടിയിൽ എത്തിച്ചു.
ഒരു കർക്കിട മാസത്തിലെ വൈകുന്നേരം
മാനത്തെ കാര്‍മേഘങ്ങള്‍ പെടുന്നനെ സിന്തൂര ചുവപ്പാർന്ന സൂര്യനെ മറച്ചു. നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു ഉണങ്ങാനായ് ഇട്ടിരുന്ന തെങ്ങിന്റെ കൊതുമ്പലും മടലും മറ്റും വാരിവെക്കാനായ് ഉമ്മ ജോലിക്കാരത്തിയോട് പറയാനായി പുറത്തേക്ക് ഓടിവന്നു. താഴെ തൊടിയിലെ പ്ലാവിന്‍ ചുവട്ടില്‍ നിന്നും ആട്ടിന്‍ കുട്ടിയുടെയും പശുവിന്റെയും നിലവിളി. ഇപ്പോൾ അതുങ്ങൾ കയറുപൊട്ടിക്കും എന്ന തോന്നൽ ഉണ്ടാക്കി.
പൂക്കളോട് കിന്നാരം പറഞ്ഞു കൊണ്ടിരുന്ന തുമ്പികളെ കാണുന്നില്ല. അവ എങ്ങോട്ട് പോയി.ആകാശത്തു നിരനിരയായി പറന്നുപോകുന്ന പക്ഷിക്കൂട്ടങ്ങളെ കാണാതായി. മരങ്ങള്‍ ആടിത്തുടങ്ങി. പടിഞ്ഞാറ് നി ന്നും തണുത്ത കാറ്റു വീശുന്നു. മുറ്റം നിറയെ ഉണങ്ങിയ ഇലകള്‍ പാറി വീണു. കാറ്റില്‍ വൃക്ഷത്തലപ്പുകള്‍ ഊഞ്ഞാലാടുന്നതു കാണുമ്പോൾ ഭംഗിയോടപ്പം ഭയവും മനസ്സിൽ ഒരു ഉൾപുളകമായി ഓടിയെത്തി. വലിയ നാട്ടുമാവിന്റെ ചുവട്ടില്‍ ചരൽപോലെ മാങ്ങ വീഴുന്ന ഒച്ച. അങ്ങോട്ട് ഓടാന്‍ തുടങ്ങിയപ്പോഴേക്കും കയ്യില്‍ ഉമ്മയുടെ പിടി വീണു. "മഴ വരുന്നു.വേഗം അകത്തേക്ക് കേറിപ്പോ." മാനം നോക്കിയുള്ള ഉമ്മയുടെ ശബ്ദം ഉച്ചത്തിലായി
ഉമ്മയുടെ കൈ തട്ടിമാറ്റി കുതറി ഓടാൻ തുടങ്ങുമ്പോഴേക്കും. മൂടു കീറിയ ട്രൗസറിന്റെ വള്ളിയിൽ ഒരുപിടുത്തം വീണു. തിരിഞ്ഞു നോക്കുമ്പോൾ കയ്യിൽ ഒരു ചൂരലും പിടിച്ചു രണ്ടാമത്തെ അമ്മാവൻ. ആ ചൂരലിന്റെ സീൽക്കാര ശബ്ദം. അഞ്ചാറു തവണ വായുവിൽ മുഴങ്ങി. അലറിക്കരയാൻ വായ തുറക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അമ്മാവനോടുള്ള ഭയം അതു ഒരു കൊടിച്ചിപട്ടിയുടെ ഓരിയിടൽപോലെ ഉള്ളിൽ ഒതുക്കി. ഒരു കൈ കൊണ്ട് വായും മറു കൈ കൊണ്ട് തുളവീണ ട്രൗസറിന്റെ ഉള്ളിൽ കറുത്തതായതു കൊണ്ട് ആർക്കും കാണാൻ കഴിയാത്ത പൊന്തി വന്ന പാടും പൊത്തിപിടിച്ചു കൊണ്ട് ഒരോട്ടമായിരുന്നു തറവാടു വീടിന്റെ മുകളിലെ ചായ്പ് എന്നുപറയുന്ന റൂമിലേക്ക്. ആറൂമിലെ കിളി വാതിലിലൂടെ ഞാൻ മഴയെ നോക്കി കാണുകയായിരുന്നു. മഴ എന്നും എന്നെ ലഹരി പിടിപ്പിക്കുന്ന മഴ
അമ്മാവന്റെ ചൂരൽ കഷായത്തിന്റെ കയ്പ്പും, ചവർപ്പും, ആ പെരു മഴയിലേക്ക് തുപ്പിക്കളഞ്ഞു. ആർത്തലച്ചു പെയ്യുന്ന ആ മഴ, മാമ്പഴം കിട്ടാത്തതിന്റെയും, ചൂരൽ കഷായത്തിന്റെയും, എന്നിങ്ങനെയുള്ള എന്റെ എല്ലാവിധ വേദനകളെയും കുത്തിയൊലിച്ചു കൊണ്ടുപോയി. പിന്നീട് ആ മഴയിൽ മാത്രമായി ഒതുങ്ങി ഞാനെന്ന അഞ്ചു വയസ്സുകാരന്റെ ലോകം
മഴ ചിലപ്പോള്‍ ഒരു നിഷേധിയെപ്പോലെയാണ്. അനുവാദം ചോദിക്കാതെ വന്നു കയറുന്ന നിഷേധി. പുഴയുടെ അക്കരെ നിന്നാണ് എപ്പോഴും അതു വരിക. പുഴയില്‍ ചെറു വൃത്തങ്ങള്‍ വരച്ചു അതിവേഗം ഇക്കരെ എത്തും. പിന്നെ പുഴയിറമ്പിലെ കൈതപ്പൂക്കളെ ഉമ്മവെച്ചു കര കയറി വന്നു മച്ചിന്‍ പുറത്തു പടപടാ പെയ്യാന്‍ തുടങ്ങും. ആദ്യം തുള്ളികളായി. പിന്നെ തുള്ളിക്ക് ഒരു കുടമായി പെടുന്നനെയുള്ള ഭാവപ്പകര്‍ച്ച. ദാഹാര്‍ത്ഥയായ ഭൂമിയുടെ വരള്‍ച്ചയിലേക്ക് വശ്യമായ പുഞ്ചിരിയോടെ വന്നു വന്യമായ ആവേശത്തോടെ ആഴ്ന്നിറങ്ങും.
മഴ ചിലപ്പോള്‍ കൌശലക്കാരിയായ മുത്തശ്ശിയെപ്പോലെയാണ്. സ്കൂള്‍ മുറ്റത്തു തുള്ളിക്കളിക്കുന്ന കുട്ടികളെ വരാന്തയിലേക്ക് ഓടിക്കും. ചെളി പിടിച്ചു കിടക്കുന്ന നെല്ലോലകളെ കുളിപ്പിച്ച് കോതിമിനുക്കി സുന്ദരികളാക്കും. കുമ്പിള്‍ കുത്തി കാത്തിരിക്കുന്ന ചേമ്പിലകള്‍ക്കു ഭിക്ഷ നല്‍കും. മെലിഞ്ഞു വയറൊട്ടി മരിക്കാറായ പുഴയെ ആശ്വസിപ്പിക്കും, നരച്ചു ജട പിടിച്ച കുന്നുകളെ ശാസിക്കും, തികഞ്ഞ ഒരു ഗൌരവക്കാരി.
മഴ ചിലപ്പോള്‍ കാമാന്ധനായ പ്രണയിതാവിനെപ്പോലെയാണ്. യവ്വനതീഷ്ണമായ മോഹാവേശത്തോടെ അവന്‍ ഭൂമിയുടെ നഗ്നതയെ വാരിപ്പുണരും. ഈറന്‍ മേനിയില്‍ താണ്ഡവ നൃത്തം ചവിട്ടുമ്പോള്‍ തരളിതയാകുന്ന ഭൂമിയുടെ മാറിടം വിങ്ങും. മഴയുടെ അതിര് കടന്ന അത്യാവേശം ഭീതിപ്പെടുത്തുമ്പോള്‍ ആലസ്യം വിട്ടുണരുന്ന ഭൂമി കേണു പറയും. നിര്‍ത്തൂ. ആകാശത്തില്‍ നിന്നും പിടിവിട്ടു പോന്ന മഴയ്ക്ക് പെയ്യാതിരിക്കാനാവില്ല. ആകാശവും ഭൂമിയും അങ്ങിനെ ഒന്നിച്ചു സങ്കടം പറഞ്ഞു തീര്‍ക്കും.
മഴ ചിലപ്പോള്‍ ഔചിത്യ ബോധമില്ലാത്ത കോമാളിയെപ്പോലെയാണ്. പാവങ്ങളുടെ കുടിലുകളിലേക്ക് ഒളി ഞ്ഞു നോക്കും. ചിലപ്പോള്‍ അവരെ കുടിയിറക്കും. കര്‍ഷകന്റെ വറുതിയിലേക്ക് വിരുന്നുകാരനായെത്തും. കുട ചൂടി പോകുന്ന വഴിയാത്രക്കാരനെ കാറ്റില്‍ നനയ്ക്കും. ശീലക്കുടയുടെ അടിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കും. അസമയത്ത് സ്കൂളിനു അവധി നല്‍കും. വയലേലകളെ കായലുകളാക്കും. തോരാമഴയായി ഗ്രാമങ്ങളെ ഒറ്റപ്പെടുത്തും.
മഴ ചിലപ്പോള്‍ അനുസരണയില്ലാത്ത കുട്ടിയെപ്പോലെയാണ്. വീണ്ടും വീണ്ടും ഭൂമിയെ പരീക്ഷിച്ചുകൊണ്ടിരിക്കും. ഒടുവില്‍ തോല്‍വി സമ്മതിക്കുമ്പോള്‍ കിഴക്കന്‍ മലകള്‍ പൊട്ടി ഒലിക്കും. ചെന്കുത്തായ് വഴികളിലൂടെ മണ്ണും പാറക്കെട്ടുകളും മരങ്ങളും കട പുഴക്കി ആര്‍ത്തലച്ചു പുഴയിലേക്ക് കുത്തി ഒലിക്കും. പുഴ നിറഞ്ഞു കവിയും. കൈത്തോടുകളിലൂടെ നെല്പാടങ്ങളിലേക്കും താഴ്ന്ന പറമ്പുകളിലേക്കും കലക്ക വെള്ളം പായിച്ചു പുഴ അട്ടഹസിക്കും. സംഹാര രുദ്രയായ ഒരു യക്ഷിയെപ്പോലെ. ആ മലവെള്ളപ്പാച്ചിലില്‍ കയ്യില്‍ കിട്ടിയതിനെയൊക്കെ തട്ടിയെടുത്തു പുഴ കൊണ്ട് പോകും. മരവും മുളങ്കൂട്ടവും ആടുകളെയും പശുക്കളെയും വീടും ചപ്പും ചവറും എല്ലാം. പിന്നെ അങ്ങ് ദൂരെ കടലില്‍ അവള്‍ തല തല്ലി ചാകും. അപ്പോഴും മഴ തിമിര്‍ത്തു പൈതു കൊണ്ടേയിരിക്കും. അനുസരണയില്ലാത്ത കുട്ടിയെ പോലെ.
മഴ ചിലപ്പോള്‍ ഒരു വഴിപോക്കാനെപ്പോലെയാണ് . യാത്ര പറയാതെ തിരിച്ചു പോകുന്ന വഴിപോക്കന്‍. രാത്രിയിലെ തണുപ്പില്‍ മൂടിപ്പുതച്ചു തന്നു എന്നെ താരാട്ട് പാടി ഉറക്കി അവന്‍ പോയി. തണുത്ത പ്രഭാതം. വൃക്ഷങ്ങള്‍ക്ക് വിഷാദ ഭാവം. പച്ചിലകള്‍ മിഴിനീര്‍ വാര്‍ക്കുന്നു. ചെടികളില്‍ തുമ്പികളും പൂമ്പാറ്റകളും പാറി നടക്കുന്നു. തെങ്ങോലകളില്‍ നിന്നു അണ്ണാറക്കണ്ണന്മാര്‍ ചലപില കൂട്ടുന്നു. അതേ, ഗ്രീഷ്മത്തിന് വഴി മാറിക്കൊടുത്തു ആ കുസൃതി തിരിച്ചു പോയിരിക്കുന്നു. ഇനി എന്നു വരുമോ ആവോ. മരക്കൊമ്പിലിരുന്നു കിളി പാടുന്നത് കേട്ടില്ലേ.
അച്ഛന്‍ കൊമ്പത്ത്..
അമ്മ വരമ്പത്ത്
വിത്തും കൈക്കോട്ടും.
പാരില്‍ സന്തോഷം...പാടാം ചങ്ങാതി.
ഓർമ്മകൾ അയവിറക്കി കോൺക്രീറ്റ് മച്ചിലേക്ക് നോക്കി കിടന്ന കണ്ണുകൾ ഉറക്കത്തിലേക്ക് കൊണ്ടുപോകുമ്പോൾ എസിയുടെ മുരൾച്ചമാത്രം ബാക്കിയായി