വടക്കോട്ടുള്ള തീവണ്ടിയിൽ ഗിരിധർ കയറുമ്പോൾ നേരം പതിനൊന്ന് മണി കഴിഞ്ഞിരുന്നു. ഏറെ നേരം പ്ലാറ്റുഫോമിൽ കാത്തിരുന്ന് വണ്ടി വന്നപ്പോൾ അയാൾ കയറി. തനിക്ക് അനുവദിച്ചിട്ടുള്ള എസ്. 7 കുപ്പയിലെ പതിനഞ്ചാം നമ്പർ സീറ്റ് കണ്ടുപിടിച്ച്, തന്റെ ബാഗുകൾ ഒതുക്കി, ജാലകത്തിന്റെ അരുകിൽ ഇരുപ്പ് ഉറപ്പിച്ചപ്പോൾ ദൂരെയായ് തീവണ്ടിയുടെ സൈറൺ മുഴങ്ങി. പിന്തിരിഞ്ഞു നോക്കാനോ കൈവീശാനോ ആരും അവശേഷിച്ചിട്ടില്ലാത്തതിനാൽ വിദൂരതയിലേക്ക് കണ്ണുകൾ ഉറപ്പിച്ച്, പിന്നോട്ട് ഓടിമറയുന്ന പ്ലാറ്റുഫോം തൂണുകളുടെയും മരക്കാലുകളുടെയും കാഴ്ച പിന്നിൽ ഉപേക്ഷിച്ച് അവൻ നിസംഗനായി ഇരുന്നു.
അത് ഒരു ഒളിച്ചോട്ടമാണ് അവന്, പിറന്ന ചുറ്റുപാടുകളിൽ നിന്നും, ജീവിക്കാൻ ആഗ്രഹിച്ച, ഒരിക്കലും വിട്ടുപോകരുത് എന്ന് ഉറപ്പിച്ച ജീവിത സാഹചര്യങ്ങളിൽ നിന്നും ഒരു പലായനം. ഒരുതരം ഹാബിറ്റാച്യുവൽ മൈഗ്രേഷൻ, അവൻ മനസ്സിൽ ഓർത്തു. തനിക്ക് തന്റെ ഇന്നലെകൾ ഇവിടെ ഉപേക്ഷിച്ചേ മതിയാവൂ, എന്നെങ്കിലും ഇതൊക്കെ അനിവാര്യമാകും എന്ന് ചിന്തിച്ചല്ല, ഇന്നലെ വരെ ജീവിച്ചത്. ഒരു പക്ഷേ ഇനിയുള്ള ജീവിതം അവസാനങ്ങൾ ഇല്ലാത്ത യാത്രകൾ ആവാം, സഞ്ചാരത്തിന്റെ അന്തമായ വീഥികളുടെ സ്റ്റാർട്ടിങ് പോയിന്റ്. അവനെ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഒരിക്കലും തന്റെ അകൽച്ച ആഗ്രഹിക്കാത്ത അച്ഛനും ഇല്ലെങ്കിൽ ഇങ്ങോട്ട് ആവശ്യപ്പെടില്ലായിരുന്നല്ലോ. പഠിത്തം അവസാനവർഷത്തിൽ എത്തിയപ്പോൾ എത്ര കാമ്പസ് ഇന്റെർവ്യൂകളിൽ ആണ് താൻ മുന്നിൽ വന്നത്. എല്ലാം കേരളത്തിന് പുറത്തേക്കുള്ള പോസ്റ്റിങ്ങ്. അതിൽ ചെന്നൈയും ബാംഗ്ളൂരും ഉണ്ടായിരുന്നു, അപ്പോൾ എല്ലാം "നോ" എന്ന ഒരേ ഉത്തരം. പിന്നെ ഞാൻ എന്തിനാണ് പഠിച്ചത് എന്ന് ചോദിച്ചപ്പോൾ, മറുപടി വളരെ രസകരമായിരുന്നു.
എന്റെ മകൻ പഠിക്കാൻ പോയത് ജോലിക്ക് വേണ്ടി അല്ല, വിജ്ഞാനത്തിനും ലോകവിവരം ഉണ്ടാവാനും മാത്രം. ഞങ്ങളുടെ ഏക മകന് ജീവിക്കാനും അവന്റെ അടുത്ത പത്തുതലമുറക്ക് അല്ലലില്ലാതെ വാഴാനും ഞാനും കടന്ന് പോയവരും സമ്പാദിച്ച് വച്ചിട്ടുണ്ട്. എന്നാൽ അത് നശിപ്പിച്ചു കളയാതിരിക്കാൻ ആണ്, പഠിപ്പിച്ചതും, നാലുപേരുടെ മുൻപിൽ അപകർഷതാബോധം ഉണ്ടാവാതെ നിവർന്ന് നിൽക്കാൻ ഒരു പ്രൊഫെഷണൽ ഡിഗ്രി നേടാൻ പറഞ്ഞതും.
എല്ലാ അർത്ഥത്തിലും അത് ശരിയായിരുന്നു, അങ്ങനെ ഒരു സാഹചര്യത്തിൽ നിന്ന്, നീ ആ ജോലിക്ക് പോകണം എന്ന് അച്ഛൻ പറഞ്ഞപ്പോൾ ആദ്യം അത്ഭുതമാണ് തോന്നിയത്, പിന്നെ അമ്മ അത്താഴം കഴിക്കുമ്പോൾ പറഞ്ഞ വാക്കുകൾ, അതിൽ എല്ലാം ഉണ്ടായിരുന്നു.
ഇന്ന് ദിവാകരേട്ടൻ അച്ഛനെ കാണാൻ വന്നിരുന്നു, എന്തൊക്കയോ രഹസ്യമായി സംസാരിക്കുന്നത് കേട്ടു, ഇടക്ക് കയർക്കുന്നതും. നിനക്ക് അറിയാമല്ലോ അവരുടെ ആത്മബന്ധം. ഇന്ന് വരെ അവർ മുഷിഞ്ഞു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. പൊതുരംഗത്ത് എന്നും വിരുദ്ധ ധ്രുവത്തിൽ ആയിരുന്നു എങ്കിലും. അതിന് നീ ഒരു കാരണം ആവേണ്ട.
അത് ഒരു സൂചന ആയിരുന്നു, മാലിനിയുമായുള്ള തന്റെ ബന്ധം, അതാണ് അമ്മ സൂചിപ്പിച്ചത്, പൊളിറ്റിക്സ് എല്ലാം നശിപ്പിക്കുകയാണ്, തന്റെ വ്യക്തിത്വവും, സാമൂഹികമായ നിലനിൽപ്പും, എന്തിന് ഇപ്പോൾ അസ്തിത്വവും. അത് ചിന്തിച്ചപ്പോൾ അവൻ സ്വയം പുച്‌ഛിച്ചു ചിരിച്ചു.
ഇപ്പോൾ എല്ലാരും അത് വിശ്വസിക്കുന്നു, ഒരു പക്ഷേ മാലിനി പോലും. അതെല്ലാം പൊളിറ്റിക്കൽ റിവഞ്ച് മാത്രമാണ് എന്ന് പറഞ്ഞിട്ട്, അമ്മപോലും വിശ്വസിക്കുന്നില്ല, പിന്നെ എങ്ങനെ അച്ഛനും മറ്റുള്ളവരും, അപ്പോൾ മാലിനിയെ കുറ്റംപറയാൻ പറ്റില്ല.
വീട്ടിൽ വെറുതെ ഇരിക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചു തലപുണ്ണായപ്പോൾ ആണ്, പഴയ കളിക്കൂട്ടുകാർ വന്ന് പിടിച്ചിറക്കിയത്. സോഷ്യൽ റെസ്‌പോസിബിലിറ്റി, സർവീസ് എന്നൊക്കെ ചിന്തിച്ച് താനും കൂടി. അത് ഭാവിയിലെ ലീഡർഷിപ്പ് ചിന്തകളിൽ എത്തും എന്ന് ആരും കരുതിയില്ല, താനും. അത് മാത്രം മതിയായിരുന്നു ചിലരുടെ കണ്ണിലെ കരടായി മാറാൻ. തന്റെ നിസ്സീമമായ ജനപിന്തുണയും, ചില കേന്ദ്രങ്ങളിൽ വെള്ളിടിയായി മാറി. അവർ ഉണ്ടാക്കിയ ട്രാപ്പിൽ, എല്ലാവരും വീണിരിക്കുന്നു. സത്യം തനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്, ആര് വിശ്വസിക്കാൻ. അവൻ വിദൂരതയിലേക്ക് നോക്കി നെടുവീർപ്പിട്ടു.
ഇതിനിടയിൽ ആണ് ഈ ഡൽഹി ബേസെഡ് കമ്പനിയുടെ കാളും, ഒപ്പം അപ്പോയ്ന്റ്മെന്റ് ലെറ്ററും വരുന്നത്. അങ്ങോട്ട് ചോദിക്കാതെ അച്ഛൻ സമ്മതം തന്നപ്പോൾ, യാത്രപറഞ്ഞിറങ്ങി. ചിന്തകൾക്ക് അൽപ്പം അവധി കൊടുത്തിട്ട് അവൻ തന്റെ കണ്ണുകളെ പുറംകാഴ്ചകളിൽ അഭിരമിപ്പിച്ചു.
ഇപ്പോൾ പുറത്ത് ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. ഇനിയും രണ്ട് രാത്രികൾ, ഒന്നര പകൽ. രാജസ്ഥാനിലെ കോട്ട ആണ് ഇറങ്ങേണ്ട സ്ഥലം. അവിടെ കമ്പനിയുടെ വണ്ടി കാത്തുനിൽക്കും എന്ന് മെയിൽ വന്നിരുന്നു. അവിടെ നിന്ന് റോഡ് മാർഗ്ഗം കുറെ പോകണം പോലും. ഏതായാലും, ഇനി കുറെ നാൾ ഇവിടേക്ക് ഇല്ല. അവൻ ഉറപ്പിച്ചു. തന്നെ വേണ്ടാത്ത നാടിന് താൻ എന്തിന്. എല്ലാവർക്കും സ്വസ്ഥത കിട്ടട്ടെ.. മാലിനിക്ക് എങ്കിലും. വിവാഹം കഴിച്ച് അവൾ എങ്കിലും സുഖമായി കഴിയട്ടെ.
എത്രപെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്, അതോർക്കുമ്പോൾ ഗിരിധർ വീണ്ടും ചിന്താധീനനായി. തന്നെ തള്ളിപ്പറയാൻ ആർക്കും ഒരു നിമിഷംപോലും ആലോചിക്കേണ്ടി വന്നില്ല. അപ്പോൾ ഈ ലോകം ആകെ മുഖം മുടികൾ മാത്രം, അവർ സൃഷ്ട്ടിക്കുന്ന മൂടുപടങ്ങളും. അറിഞ്ഞിടത്തോളം മാലിനിക്ക് വന്നത് ഒരു നല്ല ബന്ധം തന്നെ ആണ്. കാണാനും, സ്വഭാവത്തിലും നല്ല പയ്യൻ. സാമ്പത്തികനിലയും, നല്ലത് തന്നെ എന്നാണ്, അച്ഛൻ നിശ്ചയത്തിന് പോയി വന്ന് പറഞ്ഞത്. അവൾ എങ്കിലും നന്നായി ജീവിക്കട്ടെ, പ്രണയം, ത്യാഗം, ഇഷ്ടം ഓ.. ഒന്നും സത്യമല്ല.. പരസ്പരം തിരിച്ചറിയാൻ കഴിയില്ലെങ്കിൽ, പിന്നെ ഇതിനൊക്കെ എന്ത് അർത്ഥം. അവൻ പുറത്ത് കിടപിടിക്കുന്ന ഇരുട്ടിലേക്ക് തുറിച്ചു നോക്കി.
അവസാനം ഡെസ്റ്റിനേഷനിൽ എത്തിയപ്പോൾ ഗിരിധറിന് വളരെ ആശ്വാസം തോന്നി. യാത്രയുടെ സീക്വൻസ് എല്ലാം നേരത്തെ നിശ്ചയിച്ചപോലെ ആയിരുന്നു. കരുതിയതിലും അരമണിക്കൂർ മുൻപേ താമസസ്ഥലത്ത് എത്തി. കോട്ടയിൽ നിന്ന് ബലോട്രയിലേക്കുള്ള യാത്ര ഹവേലികളുടെ നാട് എന്ന രാജസ്ഥാന്റെ പേര് അന്വർത്ഥമാക്കുന്നത് തന്നെ. കോട്ടകളും കൊത്തളങ്ങളും വലുതും ചെറുതുമായ ഹവേലികളും നിറഞ്ഞ പുറകാഴ്ചയിൽ അഭിരമിച്ചു മണിക്കൂറുകൾ പോയത് അറിഞ്ഞില്ല. അവസാനം കമ്പനിയുടെ താമസസ്ഥലത്ത് എത്തി, റൂമിൽ ബാഗുകൾ നിക്ഷേപിച്ചു, ഫ്രഷ് ആയി വരുമ്പോൾ പുറത്ത് ഇരുട്ട് കട്ടപിടിച്ചിരുന്നു. താഴെ വന്ന് ചൂട് ചപ്പാത്തിയും കിഴങ്ങുകറിയും കഴിച്ചപ്പോൾ യാത്രയുടെ ക്ഷീണം പമ്പകടന്നു.
പിന്നെ മുറിയിൽ പോയി വിസ്തരിച്ചു ഒന്ന് കിടന്നു. യാത്രയിൽ ഉറങ്ങിയത് കൊണ്ടാവും, കണ്ണുകൾ അടച്ചിട്ടും ഉറക്കം കൂട്ടിന് വരാതെ അകന്ന് നിന്നത്. എല്ലാം നിശ്ശബ്ദമായപ്പോൾ, തുറന്ന് കിടന്ന ജാലകം വഴി, അകലെ നിന്ന് ഒഴുകിവരുന്ന തണുത്ത കാറ്റിനൊപ്പം ഡോലക്കിന്റെ താളവും, ഒപ്പം ഖരാനയുടെ ഈണവും, ഏതോ നഷ്ട്ട സ്വപ്നങ്ങളുടെ തീരത്തേക്ക് മനസിനെ കൂട്ടികൊണ്ട് പോയത്. കയറിയിറങ്ങുന്ന ആ ഇളംതാളത്തെ മനസിലേക്ക് ആവാഹിച്ച് കിടന്നപ്പോൾ എപ്പോഴൊ ഉറങ്ങി, അഗാധമായി..
അടുത്ത ദിവസങ്ങൾ ആകെ തിരക്കിന്റേത് ആയിരുന്നു. പുതിയ ചുറ്റുപാടുകൾ,ആൾക്കാർ, വിവിധഭാഷകൾ. ഗിരിധർ എല്ലാം എൻജോയ് ചെയ്തപ്പോൾ മനസിലെ അശുഭചിന്തകൾ എങ്ങോ പോയിമറഞ്ഞു. വെറുതെ ഇരിക്കുന്നവന്റെ മനസ്സിൽ ചെകുത്താൻ കൂടുകൂട്ടും എന്ന ആപ്‌തവാക്യം അന്വർത്ഥമാക്കുകയായിരുന്നു തന്റെ ഇന്നലെകൾ അവൻ ഉറപ്പിച്ചു.
ലോകത്തിലെ തന്നെ ഒരു വലിയ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ കമ്പനിയുടെ ഇന്ത്യൻ ഫ്രാഞ്ചൈസിയിൽ ആയിരുന്നു അവന് ജോലി ലഭിച്ചിരുന്നത്. രാജസ്ഥാൻ ഓയിൽ ഫീൽഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം അപ്പ്ഗ്രെയിഡ് പ്രൊജക്റ്റ്. മൊത്തം ഏഴുവർഷത്തെ പ്രൊജക്റ്റ്. എന്നാൽ ടാർജറ്റ് കമ്മീഷൻ അഞ്ചുവർഷം. തുടങ്ങിയിട്ട് ആകെ രണ്ടു മാസം. എല്ലാം പുതിയ ആൾക്കാർ.. കൂടുതലും അവനെപ്പോലെ ഫ്രഷ് ഗ്രാഡുവേറ്റ്സ്. അതുകൊണ്ട് പുറംജാഡകൾ ഇല്ലാത്ത വർക്ക് അന്തരീക്ഷം.
ആദ്യദിവസങ്ങൾ എല്ലാം ട്രെയിനിങ്ങും, കോഴ്സ് സ്‌റ്റഡി, സിസ്റ്റം ഫെമിലിയർസേഷൻ അങ്ങനെ പോയി. അവരുടെ വർക്കിംഗ് ഫീൽഡ് ബർമർ മരുഭൂമി. ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരുമണിക്കൂർ ഡ്രൈവ്. ട്രെയിനിംഗ് എല്ലാം കഴിഞ്ഞു നേരെ ഫീൽഡിലേക്ക്, സിസ്റ്റം ഇമ്പ്ലിക്കേഷൻ. അതിരാവിലെ അവർക്കുള്ള വണ്ടി വരും, പിന്നെ രാത്രി വൈകുംവരെ ജോലി. ഇടയ്ക്കുള്ള ഭക്ഷണം എല്ലാം ഫീൽഡിൽ. ഉച്ചക്ക് ഒരു പൂച്ചമയക്കം.
ഇതിനിടയിൽ ഹാർവെയർ സോഫ്റ്റ്‌വെയർ.. ജീവിതത്തിന് ഇരുപത്തിനാല് മണിക്കൂർ പോരാ എന്ന് തോന്നിയ നാളുകൾ. മുന്നിൽ ഡിജിറ്റുകളും, ഇംഗ്ലീഷ് അക്ഷരമാലകളും, മിന്നിമറിയുന്നത് ശരവേഗത്തിൽ ആണ്. ഇതിനിടയിൽ സിഗ്നൽ ഫാൾട്ടുകൾ വന്നാൽ പിന്നെ തലച്ചോർ പുകഞ്ഞത് തന്നെ. ഇതിനിടയിൽ ഭക്ഷണവും ഉറക്കവും പോലും ഓർമ്മവരില്ല. വീട്ടിലെക്കുള്ള വിളി പോലും കുറഞ്ഞു, അല്ല അച്ഛന്റെയും അമ്മയുടെയും മുഖം കാണുമ്പോൾ കരച്ചിൽ വരും അത് കൊണ്ട് കുറച്ചതാണ്.
അത് ഒരു ഞയറാഴ്ച ആയിരുന്നു, ആദ്യമായി കിട്ടിയ അവധി. ഡെഡിക്കേഷൻ കണ്ടപ്പോൾ പ്രോജക്റ്റ് ലീഡ് തന്നെ പറഞ്ഞു, ഗിരിധർ നീ നാളെ വരേണ്ട.. നിനക്ക് അൽപ്പം വിശ്രമം ആവശ്യമാണ്.. നമുക്ക് മിനിമം അഞ്ചുവർഷം എങ്കിലും ജോലി ചെയ്യേണ്ടേ? അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു മന്ദഹാസം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അത് ശരിയാണ് എന്ന് തനിക്കും തോന്നി.
പതിനൊന്ന് വരെ നന്നായി കിടന്നുറങ്ങി. ഇതിനിടക്ക് പ്രാതലും പല്ലുതേപ്പും ഒക്കെ മറന്നു. തനിയെ ഉണർന്ന്.. ഫ്രഷായി താഴെക്ക് ഇറങ്ങി വന്നപ്പോൾ വില്ലാബോയ് അറിയാവുന്ന ഇംഗ്ലീഷിൽ ചോദിച്ചു, സാബ് ഇന്ന് ബ്രഞ്ചാണോ കഴിക്കുക. അത് അവിടുത്തെ ഒരു കോമഡി ആണ്. പ്രാതലും ഉച്ചഭക്ഷണവും ചേർത്ത് കഴിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. അവൻ ഒന്ന് ചിരിച്ചിട്ട് തന്റെ ഭക്ഷണപാത്രത്തിലേക്ക് മുഖം താഴ്ത്തി.
മുകളിൽ തിരികെ എത്തി, ജാലകം തുറന്നപ്പോൾ ദൂരെ ഒരു പഴയ ഹവേലിയുടെ കാഴ്ചയാണ് മുന്നിലേക്ക് വന്നത്. പഴയ കാലത്തിന്റെ ശില്പഭംഗി മാടിവിളിക്കുന്ന ചിത്രപ്പണി ബാക്കിയായ ചെറിയ കൊട്ടാരം. പുറംചുവരുകൾ പോലും പഴയകാലത്തിന്റെ പ്രൗഢി മുന്നിലേക്ക് കൊണ്ടുവരുന്നു. അവൻ ഏറെനേരം.. അവിടേക്ക് തന്നെ നോക്കി നിന്നു.. മതിലിന്റെ മുകളിലൂടെ അതിന്റെ അങ്കണങ്ങളും മുറ്റത്തെ പൂന്തോട്ടങ്ങളും കാണാം. അവന്റെ മനസ്സിൽ കൗതുകം നുരച്ചുപൊങ്ങി. ഒരു കൊട്ടാരം ഇതുവരെ കണ്ടിട്ടില്ല.. ഒന്ന് പോയാലോ?
പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ വില്ലാബോയ് അവനെ തടുത്ത് നിർത്തി, സാബ്.. എങ്ങോട്ടാണ്.. എവിടേക്കെങ്കിലും പോകുന്നെങ്കിൽ പറയണം, ദൂരേക്ക് ആണെങ്കിൽ, കൂട്ടിന് ആളെ തരാം, വഴിതെറ്റേണ്ട.
അവന് ഒരു ചിരി സമ്മാനിച്ചിട്ട്.. അറിയാവുന്ന ഭാഷയിൽ പറഞ്ഞു, ഹേയ്.. കാക്കാജി.. ഞാൻ ദൂരെ എങ്ങും പോണില്ല.. ദാ.. ആ കൊട്ടാരം വരെ മാത്രം.. ഒത്താൽ അതിനകത്ത് ഒന്ന് കേറണം.. പിന്നെ കൊട്ടാരത്തിന്റെ ഉൾഭാഗത്തും..
ഹേ സാബ്.. അത് കൊട്ടാരം അല്ല.. ഗണികകളുടെ ഹവേലി.. ഒരു കാലത്ത്.. നൃത്തവും, പാട്ടും ഒക്കെയായി സന്ദർശകരെ സ്വീകരിച്ചിരുന്ന ദേവദാസികളുടെ ഭവനം.. ഇതുപോലെ നിരവധി രമ്യഹർമ്യങ്ങൾ ഈ നാട്ടിൽ ഉണ്ട്.. വലിയ വലിയ കൊട്ടാരങ്ങളും പേരുകേട്ട ഭവനങ്ങളും സർക്കാർ സംരക്ഷിക്കുന്നു. കുറെയൊക്കെ പഴയ രാജാക്കന്മാരുടെ പിന്തുടർച്ചക്കാരും, ചിലതൊക്കെ റിസോർട്ടുകൾ ആയി. ഇത്തരം ഹവേലികൾ ആരും നോക്കാനില്ലാതെ നശിക്കുകയാണ്.. പേരിന് ഒരു കാവൽക്കാരൻ ഉണ്ടാകും, സർക്കാർ ഉദ്യോഗസ്ഥൻ എന്നാണ് ഭാവം..
വല്ലപ്പോഴും വന്ന് തൂത്തും തുടച്ചും ഇടും, എങ്കിലും എല്ലാം നശിച്ചു കിടക്കയാണ്, ആ മനോഹരമായ പൂന്തോട്ടം പോലും. ഒരുകാലത്ത് രാത്രികൾ പകലാക്കിയ സൗധങ്ങൾ.. തിരക്ക് കൊണ്ട് നിന്ന് തിരിയാൻ കഴിയാതെ കിടന്ന ഇടനാഴികളും, അങ്കണങ്ങളും, ഇന്ന് വിജനമാണ്.. പ്രേതഭവനം പോലെ.. അതിനെ ചുറ്റിപറ്റി നിരവധി കഥകളും ഉപകഥകളും, ഇപ്പോൾ പലതും സാമൂഹിക വിരുദ്ധന്മാരുടെയും ക്രിമിനലുകളുടെയും താവളം ആണ്. അത് വിവരിച്ചു നടന്ന് നീങ്ങുന്ന അവൻ നിരാശനാണ് എന്ന് ഗിരിധറിന് തോന്നി.. എങ്കിലും അതൊന്നും ചിന്തിക്കാതെ നടന്നു.
ഹവേലിയുടെ പുറംമതിലിന്റെ വലിയ വാതായനങ്ങൾ മലർക്കെ തുറന്നിട്ടിരിക്കയായിരുന്നു. പൂന്തോട്ടങ്ങൾ പഴയ ഗരിമയുടെ തിരുശേഷിപ്പുകൾ മാറ്റിവച്ച് കരിഞ്ഞുണങ്ങി.. പൂക്കൾ ഇല്ലാത്ത ചെടികളും മരങ്ങളും തലതാഴ്ത്തി നിന്നു.. അവൻ വിശാലമായ അതിന്റെ തറയോടുകൾ നിരത്തിയ നടവഴി പിന്നിട്ട് മുന്നോട്ട് പോയി. ചരിത്രങ്ങൾ ബാക്കിയായ അതിന്റെ വലിയ അങ്കണം.. ഒരു പക്ഷേ ഇവിടെ ആയിരിക്കാം അതിഥികളെ സ്വീകരിച്ചിരുന്നത്.. അടഞ്ഞുകിടന്ന വലിയ മരവാതിൽ തള്ളിയപ്പോൾ ഞരക്കത്തോടെ തുറന്നു.
അത് തുറന്നത് ഒരു വലിയ നടുത്തളത്തിലേക്ക്.. വിശാലമായ അതിന് ചുറ്റും നിരവധി മുറികൾ, ചിത്രപ്പണികളും വർണ്ണവും നിറഞ്ഞ വാതിലുകൾ, മുകളിൽ തുറന്ന, തളത്തിന്റെ കാഴ്ചകൾ മുകൾ നിലയിലെ ജാലകങ്ങൾക്കും സ്വന്തം. അവിടെ നടക്കുന്ന ചടങ്ങുകളും മറ്റും, മറ്റ് രണ്ടുനിലകളിൽ നിന്നും വീക്ഷിക്കാം. അതിനായി പ്രത്യേകം ഒരുക്കിയ കാഴ്ച മാളികകൾ. ഒരു പക്ഷേ ഇവിടെയാവാം.. പണ്ട് അതിഥികൾക്കായി നൃത്തവും വിരുന്നും ഒരുക്കിയിരുന്നത്. ചുറ്റും മുറികൾ ഉറക്കറകളും വിഷയാസക്തശാലകളും ആയിരുന്നിരിക്കാം.
നടുത്തളത്തിൽ നിന്ന് മുകളിലേക്ക് പോയ മരഗോവണി കയറി അവൻ മുകളിലേക്ക് പോയി. എങ്ങും പഴമയുടെ ഗന്ധം നിഞ്ഞിരുന്നു. ഓരോ ചുവടും വളരെ ശ്രദ്ധിച്ചാണ് അവൻ കയറിയത്.. ഉള്ളിൽ ആളനക്കമോ, അതിന്റെ ലക്ഷണമോ ഉണ്ടായിരുന്നില്ല.. ഓരോ നിലയിലും അവനായി വിസ്മയങ്ങൾ ഒരുക്കി വച്ചിരുന്നു, ദൂരകാഴ്ചയേ കൊണ്ടുവരുന്ന കാവൽ മാടങ്ങൾ.. കാവൽക്കാർക്കുള്ള സംവിധാനങ്ങൾ.. എന്നാൽ അവയെല്ലാം അന്തഃപുരങ്ങളിൽ നിന്ന് വേർതിരിക്കപ്പെട്ടിരുന്നു. ഉള്ളിൽ വിശാലമായ സ്ഥലങ്ങൾ സ്ത്രീകൾക്കായി സജ്ജീകരിച്ചിരുന്നവ ആയിരുന്നിരിക്കും. പുറത്ത് നിന്ന് എത്തിനോക്കാൻ പോലും കഴിയാതിരുന്ന ആ ഹാളുകളിൽ നിന്നാൽ പുറത്തെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാം.
ഒരു പക്ഷേ.. ഒരുകാലത്ത് കുപ്പിവളകളും, കിലുങ്ങുന്ന വശ്യമായ പൊട്ടിച്ചിരികളും നിറഞ്ഞ.. അകത്തളങ്ങൾ.. അവൻ അതൊക്കെ സങ്കൽപ്പത്തിൽ കണ്ടു.. സൂര്യവെളിച്ചം മങ്ങുന്നതിന് മുൻപ് അവൻ തിരിച്ചിറങ്ങി, പോക്കുവെയിലിൽ തിളങ്ങുന്ന ആ ഹവേലിയുടെ മിനാരങ്ങളിൽ ശ്രദ്ധ തിരിച്ച് ഇറങ്ങാൻ തുടങ്ങിയപ്പോൾ എവിടെയോ വെള്ളം വീഴുന്ന ശബ്ദം.. ആരായിരിക്കും, അവൻ ചുറ്റും നോക്കി. പൂന്തോട്ടത്തിന്റെ അരുകിൽ നിന്ന് വെള്ളം ചീറ്റിയ്ക്കുകയാണ് ഒരു പെൺകുട്ടി.
ആ നാട്ടിലെ കൗമാരക്കാരികളുടെ വേഷവിധാനവും, തലയിൽ ദുപ്പട്ട, അവൾ ചെടികൾക്ക് നനയ്ക്കുകയാണ്. അവൻ അവളെ തന്നെ നോക്കികൊണ്ട് നടവഴി കടന്ന് പുറത്തേക്ക് പോകാനൊരുങ്ങി. അവന്റെ നോട്ടം കണ്ടിട്ടാവും, അവൾ വശ്യമായി ചിരിച്ചു, പിന്നെ കയ്യാട്ടി വിളിച്ചു.
ആദ്യം ഒരു ഞെട്ടൽ ആണ് മനസ്സിൽ വന്നത്, ങേ.. ഇനി വല്ല ദേവദാസിയുമാണോ? ഇപ്പോഴും അങ്ങനെ ഒക്കെ ചടങ്ങുകൾ ഇവിടെ ഉണ്ടോ? ഹീരാറാം.. പറഞ്ഞത് അതൊക്കെ പഴയ കഥകൾ എന്നല്ലേ? പിന്നെ?
അവൻ മടിച്ചു മടിച്ച് അവൾക്കരുകിലേക്ക് ചുവട് വച്ചു..
ചിലങ്ക കിലുങ്ങുന്ന ശബ്ദത്തിൽ അവളുടെ ശബ്ദം ചിതറി..
ആപ്പ് കോൻഹോ? ക്യും ഇതർ ആയാ? ( താങ്കൾ ആരാണ്.. എന്തിനാണ് ഇവിടെ വന്നത്)
ഗിരിധർ അറിയാവുന്ന ഹിന്ദിയിൽ വിക്കി വിക്കി പറഞ്ഞു.. മേം.. ഹോ അല്ല.. ഹം.. ഗിരിധർ ഹേ.. നോ ഹും.. ചുമ്മ എല്ലാം ഒന്ന് ചുറ്റിനടന്ന് കാണാൻ.. പരിഭ്രമത്തിൽ ഹിന്ദിയും മലയാളവും, ഇംഗ്ലീഷും ഒക്കെ ചിതറി.
കിലുങ്ങുന്ന ശബ്ദത്തിൽ കുപ്പിവള പൊട്ടിചിതറുന്ന ഈണത്തിൽ അവൻ.. ചിരിച്ചു, പിന്നെ ഹും.. ഹും.. എന്ന് തലയാട്ടി.. അവൾ പറഞ്ഞു..
ഓക്കേ.. മേം.. അഭി വിശ്വാസ് കിയാ.. ഒക്കെ.. ഹം.. ഇതർകാ വാച്മാൻകാ ബേട്ടി ഹും.. അഭി പാനി ഡൽനേ കേലിയെ ആയാ. ( ഞാൻ ഇവിടുത്തെ കാവൽക്കാരന്റെ പുത്രിയാണ്.. പൂന്തോട്ടത്തിൽ വെള്ളം കോരാൻ വന്നതാണ്..) അന്തർ ജാനെക്കെ പഹ്‌ലെ ഹമാരാ.. പെർമിഷൻ ചാഹിയെ സമച്ചാ.. ഗിരിധർ എല്ലാം മനസിലായി എന്ന് പറഞ്ഞു തലകുലുക്കി.. പിന്നെ ധൃതിയിൽ അവിടെ നിന്ന് പുറത്തേക്ക് നടന്നു..
പുറംമതിലിന്റെ വലിയ വാതിലിൽ നിന്ന് ഗിരിധർ തിരിഞ്ഞു പാളി നോക്കുമ്പോൾ അവൾ തന്റെ ദാവണി അൽപ്പം അരയിൽ പൊക്കിക്കുത്തി.. പകുതി നഗ്‌നമായ വയറും കാട്ടി ചെറിയ ചിരിയുമായി അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
പിന്നെയും തിരക്കിന്റെ ദിവസങ്ങളിൽ ഊളിയിട്ട് ജീവിതം മുന്നോട്ട് പോയപ്പോൾ അവൻ എല്ലാം മറന്നു, ഹവേലിയും ആ പെൺകുട്ടിയും എല്ലാം. ആദ്യത്തെ തിരക്കുകൾ കഴിഞ്ഞ്, ജീവിതം ഒന്ന് ട്രാക്കിൽ ആവാൻ മാസങ്ങൾ എടുത്തു. ഇപ്പോൾ അത്ര തിരക്ക് ഒന്നും ഇല്ല.. രാവിലെ പോയാൽ നാല് മണിക്ക് മുൻപ് തിരികെ എത്താം.. ഇപ്പോൾ കൂടുതലും കമ്മീഷൻ ഫേസ് ആണ് നടക്കുന്നത്.. അത് മെയിൻ ക്ലയെന്റും വിദേശപ്രതിനിധികളും ചെയ്തോളും. അവന് അസിസ്റ്റൻസ് ചെയ്താൽ മതി, ഒപ്പം കാര്യങ്ങൾ ശ്രദ്ധിച്ചു പഠിക്കണം..
പതിവ് പോലെ ഞാറാഴ്ച.. മാർക്കറ്റിൽ പോകാനുള്ള ഐഡിയ.. ശ്യാമിന്റെ ആയിരുന്നു, അവിടെ വന്ന് കിട്ടിയ സുഹൃത്താണ്.. അവനെപ്പോലെ ചെറുപ്പക്കാരൻ.. അവനുമായി നല്ല വേവ് ലെങ്ത്. ഷോപ്പുകളിൽ ചുറ്റിനടന്ന് കുറെ അത്യാവശ്യ സാധനങ്ങളും, ഒക്കെ വാങ്ങി.. തിരികെ നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരു വിളി.. അതും പെൺകുട്ടിയുടെ ശബ്ദത്തിൽ.. ആരേയോ എന്ന് ചിന്തിച്ചു നടക്കുമ്പോൾ ശ്യാം ആണ് പറഞ്ഞത്, ഗിരി നോക്ക് ആ പെൺകുട്ടി നമ്മളെ ആണ് വിളിക്കുന്നത്.. കുഴപ്പമായോ?
ഗിരിധർ തിരിഞ്ഞു നോക്കുമ്പോൾ.. അത് അവൾ തന്നെ കാവൽക്കാരന്റെ മകൾ.. അവൾ തങ്ങളെ തിരിച്ചറിഞ്ഞിരിക്കുന്നു.. അവൾക്ക് വല്ലാത്ത ഓർമ്മശക്തി തന്നെ. ഇപ്പോൾ എന്തിനാകും.
അവർ പിടിച്ചു നിർത്തിയപ്പോലെ നിന്നു..
അവൾ അടുത്ത് വന്നപ്പോൾ ചോദിച്ചു.. ഹും.. എന്താണ്.. ഇവിടെ വരുന്നതിനും നിന്റെ അനുവാദം വേണോ? അതോ?
അവൾ മന്ദഹസിച്ചിട്ട് പറഞ്ഞു.. ഓടിവന്നതിനാൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയിരുന്നു, അല്ല.. എനിക്കറിയാം.. നിങ്ങൾ നമ്മുടെ ഹവേലിയിലേക്കുള്ള വഴിക്കാണ് എന്ന്.. നോക്ക് ഇരുട്ട് വീണിരിക്കുന്നു, എനിക്കും അങ്ങോട്ടാണ് പോകേണ്ടത്.. വിജനമായ വഴിയിൽ നിങ്ങളും ഒപ്പം ഉണ്ടെങ്കിൽ അത് ഒരു സംരക്ഷണം അല്ലേ? ഇനിയും കാത്ത് നിന്നാൽ നേരം ഒരുപാട് വൈകും, പിന്നെ അമ്മയുടെ ദേഷ്യം കാണേണ്ടി വരും.. അതാണ്..
അവർ ചിരിച്ചു, അവളും.. ചറപറാ സംസാരിക്കുന്ന അവൾ കൂടെ ഉണ്ടായിരുന്നതിനാൽ പകുതിവഴി നടന്നത് അവർ അറിഞ്ഞതേ ഇല്ല.. അതിനുള്ളിൽ ഗിരിധറും ശ്യാമും ഹിന്ദി നന്നായി പഠിച്ചിരുന്നതിനാൽ അവളുടെ കലപിലയെന്നുള്ള സംസാരം നന്നായി ആസ്വദിച്ചു. നഗരത്തിൽ നിന്ന് പ്രധാന വഴി തിരിഞ്ഞു, വിജനമായ ഇടവഴി കടന്ന് വേണം അവർക്ക് അവരുടെ താമസസ്ഥലത്തിനടുത്തേക്കുള്ള പ്രധാനവഴിയിലേക്ക് എത്താൻ. ഇടവഴി ആണെങ്കിൽ ഇടുങ്ങിയതും.. ഇരുട്ടിയാൽ മനുഷ്യസഞ്ചാരം തീരെ കുറഞ്ഞ ഗോതമ്പ് പാടങ്ങൾ അതിരിടുന്നതും.
അതിന്റെ മധ്യത്തിൽ എത്തിയപ്പോൾ ഗോതമ്പ് പാടങ്ങളുടെ നടുവിൽ നിന്നെന്നപോലെ രണ്ട് മൂന്ന് പേർ മുന്നിലേക്ക് കടന്നു വന്നു. അവരുടെ കയ്യിൽ തിളങ്ങുന്ന കത്തിയും. അവർ നേരെ വന്നത് ഗിരിധറിന്റെ അടുത്തേക്കാണ്.. ലക്‌ഷ്യം പിടിച്ചുപറിയാണ് എന്നറിയാൻ അൽപ്പം വൈകി.. എന്നാൽ അവരുടെ മുന്നിലേക്ക് ചീറ്റയെപ്പോലെ അവൾ അവതരിച്ചപ്പോൾ അവന്മാർ ഒന്ന് ഞടുങ്ങി.. ആദ്യം തിരിഞ്ഞു നിന്നെങ്കിലും, അവൾ രണ്ടും കൽപ്പിച്ചാണ് എന്ന് മനസിലാക്കി അവന്മാർ ഓടിക്കളഞ്ഞു.. പിന്നെ ഒന്നും സംഭവിക്കാത്തപോലെ അവർ നടന്നു, അവൾ സംസാരിക്കുന്നത് അകലെ എങ്ങുനിന്നോ എന്നപോലെ ആണ് അവരിരുവരും ശ്രവിച്ചത്.
അവരുടെ താമസസ്ഥലം അടുത്തപ്പോൾ.. അവൾ നിന്നു.. പിന്നെ പതിയെ ഉപദേശിക്കുമ്പോലെ പറഞ്ഞു.. സാബ്.. നോക്കൂ.. ഈ നാട് അത്ര സുരക്ഷിതം അല്ല.. നിങ്ങളെപ്പോലെ പുറത്ത് നിന്ന് വന്നവർക്ക്.. സൂക്ഷിക്കുക, ഇരുട്ടിൽ എങ്കിലും. അത് മനസിലാക്കിയിട്ടാണ് ഞാൻ കൂടെ കൂടിയത്.. അപ്പോൾ ഇനി ഞാൻ പോകട്ടെ.. പിന്നെ സമയം കിട്ടുമ്പോൾ അവിടേക്ക് വരണം.. ചുമ്മാ.. അവിടെ പേടിക്കാൻ ഒന്നും ഇല്ല ട്ടോ. അത് പറയുമ്പോൾ അവൾ വീണ്ടും കിലുക്കിലെ പൊട്ടിച്ചിരിച്ചു.
അവർ ഒന്നും മിണ്ടാതെ തലകുനിച്ചു നടന്നു.. ഫ്ലാറ്റിൽ എത്തുംവരെ അവർക്കിടയിൽ മൗനം തളംകെട്ടി നിന്നിരുന്നു.
എല്ലാം സായാഹ്നങ്ങളും ഹവേലിയുടെ മതിൽകെട്ടിനകത്തേക്ക് ഗിരിധർ മാറ്റിയത് വളരെ പെട്ടെന്നാണ്. ഡ്യുട്ടി കഴിഞ്ഞു വന്നാൽ നേരെ അങ്ങോട്ട്.. അവിടുത്തെ കാറ്റിനും അന്തരീക്ഷത്തിനും ഒരു പ്രത്യേക വശ്യത.. അതിന്റെ ഇടനാഴികൾ അവനെ വല്ലാതെ ആകർഷിച്ചു.. എന്നും അവനെ കാത്തെന്നപോലെ ആ പെൺകുട്ടിയും..
ചെടികൾക്ക് നനച്ചും, അവനോട് സംസാരിച്ചും അവളും അവിടെ ചുറ്റിനടന്നു. ഹവേലിയിൽ പൂക്കൾ ചിരിക്കാനും മരങ്ങൾ തലയുയർത്തി നിൽക്കാനും തുടങ്ങിയപ്പോൾ വസന്തം അവിടേക്ക് കുടിയേറി. ഇരുട്ട് പരക്കുമ്പോൾ അവൻ തിരികെ നടക്കും. തിരികെ വന്ന് തണുത്ത വെള്ളത്തിൽ കുളിച്ച്, ഭക്ഷണവും കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ തുറന്നിട്ട ജാലകത്തിൽ നിന്ന്, തണുത്ത കാറ്റിനൊപ്പം ആ ഡോലക്കുകളുടെ താളവും, ഗസലുകളുടെ ശീലുകളും എന്നും അവനെ തേടിയെത്താൻ തുടങ്ങി.
ഇപ്പോൾ ആ പെൺകുട്ടി അവന്റെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു. ഹീരാലി.. അതായിരുന്നു അവളുടെ പേര്. ചുവന്ന് തുടുത്ത കൗമാരക്കാരി.. അവനോട് സംസാരിക്കുമ്പോൾ ചിലപ്പോൾ അവളുടെ മൂക്കിന്റെ തുമ്പുകൾ നന്നായി ചുവക്കും, ചിലപ്പോൾ കവിളുകൾ.. മറ്റ് ചിലപ്പോൾ തുടിക്കുന്ന കൺപോളകൾ.. എല്ലാം അവൻ അറിയുന്നുണ്ടായിരുന്നു. ഒരിക്കൽ അവൾ പ്രണയം തുറന്ന് പറഞ്ഞപ്പോൾ ഗിരിധർ അവളെ കണ്ണിമയ്ക്കാതെ നോക്കി.. പിന്നെ സാവധാനം പറഞ്ഞു..
നോക്ക്.. ഹീരാലി.. നീ സുന്ദരിയാണ്.. സൽസ്വഭാവിയും ധീരയുമായ പെൺകുട്ടി. ഒരു പക്ഷേ.. കുറെ മുൻപ് നിന്നെ കണ്ടെത്തിയിരുനെങ്കിൽ.. തീർച്ചയായും നിന്നെ ഞാൻ കൂടെ കുട്ടിയേനെ? പക്ഷേ.. ഇല്ല, ഇപ്പോൾ അതിന് കഴിയില്ല.. അവൻ തന്റെ ദൃഷ്ടികൾ ആ ഹവേലിയുടെ കാവൽമാടത്തിൽ ഇരുന്ന് അകലേക്ക് നീട്ടി.
ഗിരി.. നീ കള്ളം പറയുകയാണ്.. എന്നെ ഒഴിവാക്കാൻ.. എന്നെപോലെ വിദ്യാഭ്യാസമില്ലാത്ത.. ഗ്രാമീണയായ തികച്ചും അപരിഷ്കൃതയായ ഒരുവളെ.. നീ ഇഷ്ടപ്പെടും എന്ന് ഞാൻ ചിന്തിക്കാൻ പാടില്ലായിരുന്നു.. അത് എന്റെ തെറ്റ് നീ മറന്നേക്കുക.
ഗിരിധർ ധർമ്മസങ്കടത്തിൽ ആയി.. അവളെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു.. അല്ല ഹീരാലി.. നിന്റെ ധാരണ തെറ്റാണ്.. നിനക്കറിയില്ല.. ഞാൻ ഒരിക്കൽ പ്രണയിച്ചതാണ്.. ആത്മാർത്ഥമായി.. നെഞ്ചിന്റെ ഉള്ളിൽ നിന്ന് അവളെ ഇറക്കിവിടാൻ എനിക്കാവില്ല.. അത്രക്ക് ഇഷ്ടമായിരുന്നു.. അവൾക്കും.. പക്ഷേ.. നീ ഒന്ന് മനസിലാക്കുക.. ഒരാൾക്ക് ഒരിക്കലേ ആത്മാർഥമായി സ്നേഹിക്കാനും പ്രണയിക്കാനും കഴിയൂ.. നീ ഇപ്പോൾ എന്റെ സഹോദരിയാണ്, എന്റെ അമ്മക്ക് പിറക്കാതെ പോയ ആ പെൺകുട്ടി. നീ നിർബന്ധിക്കരുത്.. എനിക്ക് കഴിയില്ല..
അവളെ അത്രക്ക് ഇഷ്ട്ടമായിരുന്നു എങ്കിൽ, എന്തിന് ഉപേക്ഷിച്ചു, കൂടെ കൂട്ടാൻ പാടില്ലായിരുന്നോ..? അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതി അവശേഷിച്ചിട്ടുണ്ടായിരുന്നു..
അതിന് ഒരു നിശബ്ദത ആണ് ഗിരിധർ മറുപടിയായി കൊടുത്തത്.. അൽപ്പം ആലോചിച്ചിട്ട് അവൻ തുടർന്നു.. മറ്റൊരാൾക്കായി കഴുത്ത് നീട്ടാൻ തയ്യാറായി ഇരിക്കുന്നവളെ പിന്നെ എങ്ങനെ കൂടെ കൂട്ടും. അവൾ അതിന് സമ്മതിച്ചു കഴിഞ്ഞപ്പോൾ എന്റെ പ്രണയം നിഷേധിച്ചു എന്നല്ലേ? അർത്ഥം. മനസുകൾ പരസ്പരം അറിഞ്ഞില്ലങ്കിൽ പിന്നെ പ്രണയത്തിന് എന്ത് വില.
അതിനപ്പുറം നോവുന്ന വേറെയും ആത്മാക്കൾ ഞങ്ങൾക്ക് ചുറ്റിനും ഉണ്ടായിരുന്നു.. അച്ഛൻ, അമ്മ, അവളുടെ മാതാപിതാക്കൾ.. പിന്നെയും ജന്മങ്ങൾ.. അവരെ ഒക്കെ വേദനിപ്പിക്കാൻ മനസ്സ് വന്നില്ല.. അവരൊക്കെ ഞങ്ങൾ ജനിക്കും മുൻപേ സ്നേഹിക്കാൻ തുടങ്ങിയവർ ആണ്.. ഞങ്ങളുടെ സന്തോഷത്തിന്, എന്തിന് അവരെ എല്ലാം വേദനിപ്പിക്കണം.. ശരിയല്ലേ?
ഹീരാലിയുടെ മുഖത്ത് തറപ്പിച്ചു നോക്കി അത് ചോദിക്കുമ്പോൾ ഗിരിധർ അവന്റെ ഭാവം കടുപ്പിച്ചിരുന്നു.
എനിക്ക് തോന്നുന്നത് താങ്കൾക്ക് തെറ്റി, എന്നാണ്. ഹീരാലി.. വിക്കിവിക്കി പറഞ്ഞു.. ഒരു പക്ഷേ.. ആ വിവാഹത്തിന് സമ്മതിച്ചപ്പോൾ അവളും ഇങ്ങനെ തന്നെ ചിന്തിച്ചിരിക്കാം, ആൺകുട്ടികളേക്കാൾ പരിമിതികൾ പെൺകുട്ടികൾക്ക് ഉണ്ടല്ലോ. എങ്കിലും ഒരിക്കൽ ഒന്ന് നേരിട്ട് സംസാരിക്കാമായിരുന്നു. ഒരു പക്ഷേ.. അത് കാര്യങ്ങൾ ആകെ തകിടം മറിച്ചേനെ എന്ന് എന്റെ മനസ്സ് പറയുന്നു. അവൾ ഇതിൽ തെറ്റുകാരി ആണ് എന്ന് തോന്നുന്നില്ല. ഒരു പക്ഷേ.. അവൾ ഉൾപ്പെട്ട സാഹചര്യം, അവളെ അതിന് നിർബന്ധിച്ചിരിക്കാം.. എനിക്ക് ഉറപ്പുണ്ട്, അതിന് അവൾ പ്രായച്ഛിത്തം ചെയ്തിരിക്കും.. തീർച്ച..
അത് പറയുമ്പോൾ അവൾ ആകെ വികാരവിവശയെപ്പോലെ തോന്നി.. അവനെ വിട്ട് അവൾ മുന്നോട്ട് നടന്നു, മുഖം കാണിക്കാതെ.. ഇടനാഴിയിലൂടെ പുറത്തേക്ക്.. അവനും പിന്നാലെ ഇറങ്ങി.
അവൾ പിന്നെ ഒന്നും മിണ്ടിയില്ല.. രാവ് ഇരുളിനെ പ്രസവിക്കും മുൻപ്.. അവൻ ഇറങ്ങി നടന്നു.. നഷ്ട്ടപ്പെട്ട ആ പഴയ മനസിന്റെ ഓർമ്മയിൽ ഒരിക്കൽക്കൂടി...
അടുത്ത ദിവസം അവനെ തേടി എത്തിയത് അച്ഛന്റെ അസുഖവിവരം ആയിരുന്നു, ആവിശ്യം അറിയിച്ചപ്പോൾ തന്നെ കമ്പനി ലീവ് അപ്പ്രൂവ്വ് ചെയ്തു. ജോലിസ്ഥലത്ത് നിന്ന് ഹെലികോപ്റ്ററിൽ ജയ്‌പൂർ, അവിടെ നിന്ന് കൊച്ചിയിലേക്ക് ഫ്ലൈറ്റ്. റൂമിൽ നിന്ന് പായ്ക്ക് ചെയ്ത് ഡ്രോപ്പ് ചെയ്യാൻ വന്ന വണ്ടിയിൽ കയറുമ്പോൾ ആണ്, ഹീരാലിയെ ഓർമ്മ വന്നത്. ഒരു പക്ഷേ കാണാതിരുന്നാൽ അവൾ എന്ത് വിചാരിക്കുമോ എന്തോ? അവന്റെ മനസ്സിൽ ചിന്തകൾ കാടുകയറിയപ്പോൾ, ഹീരാറാമിനെ അടുത്ത വിളിച്ചു,
കാക്കാജി, ഒരു സഹായം ചെയ്യുമോ?
പറയു സാബ്‌ജി.. എന്ത് വേണം എന്ന അയാളുടെ ചോദ്യത്തിന് മറുപടിയായി അവൻ പറഞ്ഞു.
കാക്കാജിക്ക്.. ആ ഹവേലി അറിയില്ലേ? ആ പഴയ ഗണികകളുടെ കൊട്ടാരം. അവിടുത്തെ കാവൽക്കാരന്റെ മകൾ ഹീരാലി.. കാണുകയാണെങ്കിൽ ഒന്ന് പറയണം.. ഞാൻ നാട്ടിലേക്ക് പോയി. കുറച്ചുദിവസം കഴിഞ്ഞേ വരൂ എന്ന്. മറക്കാതെ പറയണം.
സാബ്‌ജി.. ഏത് ഹവേലി.. ഓ.. അത്.. അവിടെ ആരാണ് കാവൽക്കാരൻ..? അങ്ങനെ ആരും ഇല്ലല്ലോ. ങ്ങാ.. ഉണ്ടായിരുന്നു ഒരാൾ.. അയാൾ എന്നേ മരിച്ചു.. അയാൾക്ക് അങ്ങനെ പെൺമക്കൾ ഒന്നും ഇല്ല.. പിന്നെ ആരെയും സർക്കാർ വച്ചിട്ടും ഇല്ല.. സാബ്‌ജിയെ ആരോ പറ്റിച്ചതാണ്..
അല്ല കാക്കാജി.. അവൾ എന്നും വെള്ളം കോരാൻ അവിടെ വരും, ഞാൻ എന്നും കാണുന്നതല്ലേ..
സാബ്‌ജി.. അവിടുത്തെ മരിച്ചുപോയ കാവൽക്കാരന്റെ മകൻ ആണ് ഞാൻ.. ആ ജോലി കിട്ടാൻ കുറേ പരിശ്രമിച്ചു.. പക്ഷേ.. അയാളുടെ സംസാരത്തിൽ നിരാശ ബാക്കിയായിരുന്നു..
കൊച്ചിയിൽ വിമാനം ഇറങ്ങി വീട്ടിലേക്ക് പോകുമ്പോൾ അയാളുടെ മനസ്സിൽ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രശസ്ത ഹോസ്പിറ്റലിൽ ഐസിയൂ വിൽ ആയിട്ട് രണ്ട് നാൾ ആയിരിക്കുന്നു. മനസ്സിൽ ഒരേ പ്രാർത്ഥനയുമായി അവിടേക്ക് കയറി ചെല്ലുമ്പോൾ അച്ഛനെ വാർഡിലേക്ക് മാറ്റിയിരുന്നു. ഒപ്പം ബന്ധുക്കളും എല്ലാത്തിനും നേതൃത്വം വഹിച്ചുകൊണ്ട് മാലിനിയുടെ അച്ഛനും.
അയാൾക്ക് അവന് മുഖം കൊടുക്കാൻ ഒരു വൈക്ലബ്യം ഉള്ളത് പോലെ തോന്നി, എന്നാൽ ഒന്നും ഭാവിക്കാതെ ഗിരിധർ അയാളോട് സംസാരിച്ചു.. മാലിനിയുടെ അച്ഛൻ ആവുന്നതിനും മുൻപ് തുടങ്ങിയതാണ് അച്ഛനും അദ്ദേഹവും തമ്മിൽ ഉള്ള ബന്ധം.. അപ്പോൾ ഒന്നും ഭാവിക്കുന്നത് ശരിയല്ല എന്ന് മനസ്സ് പറഞ്ഞു. പിന്നെ അമ്മയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ താൻ ചിന്തിച്ചതായിരുന്നു ശരി.. എന്ന് ഉള്ളിൽ ഉറപ്പിച്ചു..
മോനെ ആ സമയത്ത് ദിവാകരേട്ടൻ വന്നില്ലായിരുന്നു എങ്കിൽ.. എന്താകുമായിരുന്നു എന്ന് പറയാൻ പറ്റില്ല.. നേരം വെളുക്കാറാവുന്നതേ ഉണ്ടായിരുന്നുള്ളു. ഒരു ദൈവദൂതനെപ്പോലെ ആണ് അദ്ദേഹം അവിടെ എത്തിയത്.. നീയും സ്ഥലത്തില്ലല്ലോ? അവൻ ഒന്ന് മൂളിയിട്ട് പുറത്തേക്ക് നടന്നു.
അടുത്ത ദിവസം അവൻ ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ ദിവാകരൻ അങ്കിൾ നേരെ വരുന്നുണ്ടായിരുന്നു. അടുത്ത് വന്നപ്പോൾ അവൻ മന്ദഹസിച്ചു.. പിന്നെ ഔപചാരികത മാറ്റാൻ ചോദിച്ചു.. അങ്കിൾ മാലിനിക്ക് സുഖമല്ലേ? ഭർത്താവിനൊപ്പം അവൾ ജോലിസ്ഥലത്തേക്ക് പോയോ?
അയാൾ അവനെ നിർന്നിമേഷനായി നോക്കി നിന്നു.. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു.. ഗിരിധർ ആകെ വല്ലാതെയായി,, ചുറ്റും ആൾക്കാർ അവരെ നോക്കുന്നുണ്ടയിരുന്നു.
എല്ലാം അറിഞ്ഞത് പിന്നെ അമ്മയുടെ വായിൽ നിന്നാണ്.. മാലിനി മാസങ്ങൾക്ക് മുൻപേ മരിച്ചിരുന്നു.. ആത്മഹത്യ, അതും അവന്റെ ട്രെയിൻ കേരളം കടക്കും മുൻപേ. ഗിരിധർ നാടുവിട്ടു എന്ന വാർത്ത അവളെ ആകെ തകർത്തിരുന്നു.. അവനെപ്പറ്റിയുള്ള ഒരു അപവാദവും അവൾ വിശ്വസിച്ചിരുന്നില്ല.. വേറെ ഒരു വിവാഹത്തിനും തയ്യാറുമായിരുന്നില്ല.
നിന്റെ അച്ഛനെ തകർത്തത് പോലും അവളുടെ മരണമാണ്.. ദിവാകരേട്ടന്റെ.. എന്നെ തിരുത്താൻ പാടില്ലായിരുന്നോ നിങ്ങൾക്ക് എന്ന ആ ചോദ്യം അച്ഛനെ തള൪ത്തി, നീ വിഷമിക്കേണ്ട എന്ന് കരുതിയാണ് ഒന്നും അറിയിക്കാതിരുന്നത്.. കേട്ടുകേൾവി എല്ലാം അസത്യമാണ് എന്നറിഞ്ഞപ്പോൾ നീ നിരപരാധിയാണ് എന്ന് മനസിലായപ്പോൾ. അച്ഛൻ കിടന്നുപോയി..
ഗിരിധർ.. ഒന്നും മിണ്ടാൻ കഴിയാതെ നിന്നു.. പോകുന്നതിന് മുൻപ് ഒരിക്കൽ എങ്കിലും അവളെ കാണേണ്ടതായിരുന്നു.. സത്യം നേരിട്ട് പറയാൻ.. ശരിക്കും തെറ്റുകാരൻ താൻ അല്ലേ? അവളെ മനസിലാക്കാൻ കഴിയാഞ്ഞത് തനിക്കും.. അവൾ വേറെ വിവാഹത്തിന് സമ്മതിച്ചു എന്ന് കേട്ടപ്പോൾ വിശ്വസിച്ച താൻ പടുവിഡ്‌ഢി.. അവൻ മുഖംപൊത്തി ഇരുന്നു.
അച്ഛനുമായി തിരികെ വീട്ടിൽ വരുവാൻ വീണ്ടും ഒരാഴ്ചകൂടി എടുത്തു.. അച്ഛനെ മുറിയിൽ കിടത്തി നേരെ പോയത് തന്റെ മുറിയിലേക്കാണ്.. മാസങ്ങളായി അടഞ്ഞുകിടക്കുന്ന അതിലേക്ക് കാലെടുത്ത് വച്ചപ്പോൾ നല്ല സുഗന്ധം. വായുസഞ്ചാരമില്ലാത്തതിന്റെ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ആ സുഗന്ധം അവനിലേക്ക് എത്തിച്ചത് കുറേ ഓർമ്മയായിരുന്നു.
ആ പഴയ ഹവേലിയുടെ വശ്യമായ സുഗന്ധം.. അല്ല, ഇത് ഹവേലിയിലൂടെ ഗന്ധം ആയിരുന്നില്ല.. ഇത് ഹീരാലിയുടെ ഗന്ധം അല്ലേ? അതെ അവൾ അടുത്തേക്ക് വരുമ്പോൾ ഉണ്ടായിരുന്ന അതെ മാദക ഗന്ധം.. അപ്പോൾ അവൾ ആരായിരുന്നു.. ഹീരാറാം പറഞ്ഞത്… ഗിരിധർ ഒന്നും മനസിലാകാതെ നിലത്തേക്ക് കുഴഞ്ഞ് ഇരുന്നു.
ആ൪. രഘുചന്ദ്ര൯