കാമധേനു - (രണ്ടാം ഭാഗം )
*****************************
ഞങ്ങളുടെ തറവാടിന്റെ ഒന്നര ഏക്കര്‍ പുരയിടത്തിന്റെ തൊട്ടു തന്നെ രണ്ടേക്കര്‍ പാടവും ഉണ്ടായിരുന്നു. അതിനടുത്തു അയ്യപ്പന്‍ എന്നൊരാളുടെ പാടമായിരുന്നു.
അതും കഴിഞ്ഞു അപ്പുറം ഉള്ള പാടം ആയിടെ വന്ന ഒരു തങ്കപ്പന്‍ നായരുടെതായിരുന്നു. ആശാന്‍ ഒരു പ്രത്യേക സ്വഭാവക്കാരന്‍.
മുൻകോപി. മുക്കത്താണ് ശുണ്ടി എന്ന് എല്ലാവരും പറയും. അടുത്ത പ്രദേശത്തുള്ള ആര്‍ക്കും തന്നെ ആശാനെ ഇഷ്ടമല്ലായിരുന്നു. പക്ഷെ അതികായനായ ആ അമ്പത്കാരനെ നേരിടാന്‍ ആരും മിനക്കെട്ടില്ല എന്ന് പറയാം.
ആദ്യ ഭാര്യയെ ഒറ്റത്തൊഴിക്കു കൊന്നതാണെന്ന് ഒരു സംസാരമുണ്ട്. അയാളെ ഓന്ത് നായര്‍ എന്നും ആള്‍ക്കാര്‍ പേരിട്ടു വിളിച്ചിരുന്നു (അയാള്‍ കേള്‍ക്കാതെയാണെന്ന് മാത്രം).
വേനല്‍ക്കാലവും സ്കൂള്‍ അവധിയും വന്നെത്തി. അന്ന് ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ജയിച്ചാല്‍ ഒന്‍പതിലേക്ക്. അന്ന് വീട്ടിലുള്ള പാണ്ടന്‍ നായയെ ദിവസവും കുളത്തില്‍ തള്ളിയിട്ടു കുളിപ്പിക്കുക, വൈകുന്നേരങ്ങളില്‍ കൊയ്തൊഴിഞ്ഞ പാടത്തു പശുക്കളെ തീറ്റുക, പകല്‍ മാവിന്‍ കൊമ്പിലും കയറി ഇറങ്ങി മാങ്ങ പറിച്ചു തിന്നു നടന്ന ഒരു കാലം.
പാണ്ടന്‍ നായ ഒരു സന്തത സഹാചാരിയെപ്പോലെ എപ്പോഴും എന്നോടൊപ്പം ഉണ്ടാകും. ദിവസവും കുളിപ്പിച്ച്, കുളിപ്പിച്ച് കുളിക്കാനുള്ള മടി മാറി ഞങ്ങളോടൊപ്പം കുളത്തില്‍ സ്വയം ചാടാനും നീന്താനും ഒക്കെ തുടങ്ങി ഈ പാണ്ടന്‍ നായ. കൊയ്തൊഴിഞ്ഞ പാടത്ത് പശുക്കളെ തീറ്റാന്‍ കൊണ്ട് പോകുമ്പോള്‍ പാണ്ടന്‍ നായയും കൂടെ വരും.
പശുക്കളെ തെളിക്കാനും എല്ലാം മുന്നില്‍ ഉണ്ടാകും...ഒരു പരിധി വിട്ടു പശുക്കള്‍ പോയാല്‍ പാണ്ടന്‍ നായ കുരച്ചു ബഹളം ഉണ്ടാക്കി അവയെ തിരിച്ചു കൊണ്ട് വരും. ആയിടെ പ്രായാധിക്ക്യത്താല്‍ കുഞ്ഞിമാളുവിന്റെ കാഴ്ച ശക്തി കുറഞ്ഞു വന്നു.
പുല്ലും നെല്ലും കണ്ടാല്‍ തിരിച്ചറിയാത്ത അവസ്ഥ. അത് പോലെ കേൾവി ശക്തിയും കുറഞ്ഞു. ഉറക്കെ വിളിച്ചാല്‍ മാത്രമേ തിരിച്ചറിയൂ. അന്നു ഒരു സന്ധ്യാ സമയത്ത് പാടത്ത് പുല്ലു തിന്നോണ്ടിരുന്ന കുഞ്ഞിമാളുവിനെ കാണാനില്ല. മറ്റുള്ള പശുക്കളെല്ലാം വീടണഞ്ഞു കഴിഞ്ഞു.
അപ്പോഴൊരു ശബ്ദം കേള്‍ക്കാം. ഓടിവരുന്ന കുഞ്ഞിമാളുവും അതിനെ മുട്ടന്‍ വടികൊണ്ട് തല്ലിക്കൊണ്ട് പിറകെ ഓടി വരുന്ന ഓന്ത് നായരെയും കണ്ടു ഞാന്‍ ഞെട്ടി.
"എന്തിനാ ആ മിണ്ടാപ്രാണിയെ ഇങ്ങനെ തല്ല്ണത് ? " എന്ന് ഞാന്‍ ചോദിച്ചു.
അത് കേട്ടതേ അയാള്‍ എന്റെ നേരെ തിരിഞ്ഞു:
"നായിന്റെ മോനെ നിന്റപ്പന്‍ തരുമോടാ.. എന്റെ പുഞ്ച നെല്ലാണ് നിന്റെ പശു തിന്നു തീര്‍ത്തത്."
സംഭവിച്ചത് ഇതാണ്. കണ്ണ് കാണാത്ത കാരണം കുഞ്ഞി മാളു കുറെ ദൂരം പോയി ഓന്ത് നായരുടെ പാടത്തെത്തി. വളര്‍ന്നു വരുന്ന പുഞ്ച നെല്ല് തിന്നാന്‍ തുടങ്ങിയതാണ് കാരണം. പശുവിന്റെ അവസ്ഥ കണ്ടു മനസ്സ് നൊന്ത അറിയാതെ ഞാന്‍ ചോദിച്ചു പോയി.
"എന്നാലും ഇങ്ങനെ തല്ലിച്ചതക്കണമായിരുന്നോ ഓന്ത് നായരെ ? "
പിന്നെ പറയണോ പൂരം. മൂക്കത്ത് ശുണ്ടിയുള്ള ഓന്ത് നായര്‍ ആ മുട്ടന്‍ വടി എന്റെ നേരെ വീശി അടിച്ചു. എല്ലാം തീര്‍ന്നെന്നു ഒരു നിമിഷം ഞാന്‍ ഓര്‍ത്തുപോയി ഒഴിഞ്ഞു മാറാന്‍ പറ്റിയില്ല.
ഞാന്‍ കണ്ണടച്ചു. എല്ലാം ഞൊടിയിടയില്‍. പക്ഷെ ഒന്നും സംഭവിച്ചില്ല. അടുത്ത നിമിഷം! വെട്ടിയിട്ട വാഴപോലെ
"ബ്ധും"
ഓന്ത് നായര്‍ കമിഴ്ന്നടിച്ചു വീഴുന്നതാണ് കണ്ടത്.
ഓടിപ്പോയ കുഞ്ഞിമാളു തിരിച്ചു വന്നു എന്റെ നേരെ വടി ഓങ്ങിയ ഓന്ത് നായരുടെ വലതു പ്രുഷ്ഠഭാഗത്ത് തന്നെ മുഴുവന്‍ ശക്തിയുമെടുത്ത് നെറ്റികൊണ്ട് ഒറ്റ ഇടി.ആശാന്‍ ലക്‌ഷ്യം തെറ്റി കമിഴ്ന്നടിച്ചു വീണു.അതും ഒരു കല്ലില്‍ നെഞ്ഞിടിച്ച്.
കുഞ്ഞി മാളു പ്രത്യുപകാരം ചെയ്തു... പക്ഷെ ഓന്ത് നായര്‍ വീണിടത്ത് നിന്ന് അനങ്ങുന്നില്ല. ഞാന്‍ ഞെട്ടിപ്പോയി. ആള്‍ തട്ടിപ്പോയത് തന്നെ...പിന്നെ പതിയെ ഞരങ്ങുകയും മൂളുകയും ചെയ്യുന്നത് കണ്ടു.
ഞാന്‍ അന്തം വിട്ടു നില്‍ക്കെ എന്നെ ഒന്ന് മെല്ലെ തട്ടിയിട്ട് കുഞ്ഞി മാളു വീട്ടിലേക്ക് ഓടാന്‍ തുടങ്ങി. അതൊരു സൂചനയായിരുന്നു..."ഓടിക്കോ" എന്ന്..ഞാനും കൂടെ ഓടി..
ഇരുട്ട് മൂടിത്തുടങ്ങി..തൊട്ടാവാടി മുള്ളുകള്‍ കാലില്‍ കൊള്ളുന്നതും കൊടിത്തൂവയുടെ ഇല തട്ടി കാലില്‍ ചൊറിച്ചില്‍ വന്നതും വക വെയ്ക്കാതെ ഓടി.. തൊഴുത്തില്‍ പശുവിനെ കെട്ടിയിട്ടു മടങ്ങുമ്പോഴേക്കും വല്ലാതെ ക്ഷീണിച്ചിരുന്നു.
പിറ്റേ ദിവസം രാവിലെ ചായക്കടയില്‍ പോയി തിരിച്ചു വന്ന വല്യമ്മാവന്‍ വളരെ സന്തോഷത്തിലായിരുന്നു.
"ആ ഓന്ത് നായര് വീണു" വലിയമ്മാവന് വലിയ വെറുപ്പായിരുന്നു ഓന്ത് നായരെ.
"ആരോ തട്ടിയിട്ടതാ .പാടത്ത്. പണിക്കാര്‍ ആരോ കണ്ടു വീട്ടിലെത്തിച്ചു പോലും. ഏതായാലും നന്നായി ഇനി അവന്‍ പൊങ്ങില്ല കുറെ ദിവസത്തേക്ക്. ഇപ്പോള്‍ നാടന്‍ വൈദ്യമായി കിടപ്പിലാണ് .."
അമ്മാവന്‍ സന്തോഷം മൂടി വെച്ചില്ല. അതോടെ ഒരു കാര്യം ഉറപ്പായി ആള്‍ ജീവനോടെ ഉണ്ട്. തലേന്ന് രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ഥിച്ചതും അയാള്‍ ചത്തു പോകരുതേ എന്നായിരുന്നു. ക്രമേണ കുഞ്ഞിമാളുവിന്റെ കാഴ്ച ശക്തി നിശ്ശേഷം കുറഞ്ഞു. കേൾവിയും അതുപോലെ തന്നെ.
ഒരു ദിവസം ഞങ്ങളെയെല്ലാം നടുക്കികൊണ്ട് ആ സംഭവം നടന്നു. മുറ്റത്തുകൂടെ കുഞ്ഞി മാളു ശരം വിട്ടപോലെ ഓടിവന്നു. ഞങ്ങള്‍ ആരും വിളിച്ചത് കേള്‍ക്കാതെ ഓടുകയാണ്. മുറ്റം കഴിഞ്ഞാല്‍ കിണര്‍ ആണ്. അന്ന് കിണറിനു ആള്‍മറ കെട്ടിയിട്ടില്ല.
"ബ്ദും"
ഒരു ശബ്ദം കേട്ടു..ഞങ്ങള്‍ എല്ലാം പേടിച്ചത് തന്നെ സംഭവിച്ചു... കണ്ണ് കാണാത്ത പശു കിണറ്റില്‍ വീണു... വേനല്‍ക്കാലമായതിനാല്‍ കിണറ്റില്‍ വെള്ളം കുറവായിരുന്നു. വീണത് എവിടെയാണെന്നറിയാതെ പശു വെള്ളത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു...
ഇടയ്ക്കു "മ്ബേ" ന്നു കരയുന്നുമുണ്ട്. മുത്തശ്ശി നെഞ്ചത്തടിച്ചു കരയാന്‍ തുടങ്ങി...നാട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി...ആളുകള്‍ ചുറ്റും നില്‍ക്കുന്നതല്ലാതെ ആരും കിണറ്റിലിറങ്ങാന്‍ തയ്യാറായില്ല.
അതിനിടെ രാമന്‍ എത്തി. അതികായനായ രാമന്‍ ഏതു കാര്യത്തിനും ഓടി എത്തും. രണ്ടു നീളമുള്ള ചൂടിക്കയര്‍ ഒരറ്റം മരത്തില്‍ കെട്ടി കിണറ്റിലെക്കിട്ടു. അത് കൂടാതെ കപ്പി കെട്ടിയഭാഗത്തും രണ്ടു കയറുകള്‍ അത് പോലെ കെട്ടി കിണറ്റിലെക്കിട്ടു.
"എന്റെ കൂടെ ആരെങ്കിലും ഒരാള്‍ ഇറങ്ങണം "
രാമന്‍ ആള്‍ക്കൂട്ടത്തെ നോക്കി പറഞ്ഞു...എല്ലാവരും തമ്മില്‍ നോക്കിയതല്ലാതെ ആരും ഒന്നും മിണ്ടിയില്ല..
"ഞാന്‍ വരാം"
ഞാന്‍ പറഞ്ഞപ്പോള്‍ രാമന് അതത്ര ശരിയായില്ല. .
"കുട്ടാ ഇതത്ര എളുപ്പമുള്ള പണിയല്ല."
എന്നിട്ടും ഞാന്‍ രാമന്റെ ഒപ്പം കയറില്‍ തൂങ്ങി കിണറ്റിലിറങ്ങി.
വളരെ പ്രയാസപ്പെട്ടു ഞങ്ങള്‍ കപ്പിയില്‍ കെട്ടിയ കയറിന്റെ അറ്റം കൊണ്ട് പശുവിന്റെ വയറിന്റെ ഭാഗത്ത് രണ്ടിടത്തായി കെട്ടി. രാമന്‍ മുകളിലേക്ക് നോക്കി വലിച്ചോളാന്‍ പറഞ്ഞു ആളുകള്‍ വളരെ പ്രയസപ്പെട്ടുതന്നെ ഒരു വിധത്തില്‍ കയറില്‍ തൂക്കി പശുവിനെ വലിച്ചു കയറ്റി.
അതോടൊപ്പം ഞങ്ങളും കയറില്‍ തൂങ്ങി മുകളിലേക്ക് കയറാന്‍ തുടങ്ങി...പക്ഷെ കയറ്റം അത്ര എളുപ്പമായിരുന്നില്ല...പലപ്പോഴും കാല്‍ വഴുതി വീണു പോകും എന്ന് തോന്നിപ്പോയി.
കരക്ക് കയറിയ ഞാന്‍ കണ്ടത്. ഒന്നും സംഭവിക്കാത്തത് പോലെ കുഞ്ഞി മാളു തന്റെ കിടാവിനെ നക്കിയും സ്നേഹം കാണിച്ചും നില്‍ക്കുന്നതാണ്. പക്ഷെ മുത്തശ്ശി അടിയറവു പറഞ്ഞു...
"എനിക്കിനീ ഈ കാഴ്ച കാണാന്‍ വയ്യ... ഇനി കണ്ണ് കാണാതെ പാവം ഏതൊക്കെ കിണറ്റിലോ കുളത്തിലോ ആണോ ആവോ വീഴാന്‍ പോണത് ".
പക്ഷെ കണ്ണ് കാണാത്ത ചെവിയും കേള്‍കാത്ത ഈ പുശുവിനെ ഇനി അറവുകാരല്ലാതെ ആരെടുക്കാന്‍.
ഒരു ദിവസം അറമുഖന്‍ എന്ന നാട്ടുകാരന്‍ ഒരു ആശയവുമായി വന്നു. അയാള്‍ക്ക് പരിചയമുള്ള ഒരാള്‍ രണ്ടു ഗ്രാമങ്ങള്‍ക്കപ്പുറം ഒരു ഫാം നടത്തുന്നുണ്ട്.പ്രായമുള്ളതും അല്ലാത്തതുമായ എല്ലാ പശുക്കളെയും അവിടെ എടുക്കുന്നു. അവര്‍ക്ക് ചാണകത്തിന് വേണ്ടിയാണത്രേ.
എല്ലാ പശുക്കളെയും അവിടെ സംരക്ഷിക്കുന്നു എന്ന്.... അതിന്റെ ആളായ ഒരു ദിനേശനെയും കൊണ്ടാണ് അറമുഖന്‍ വന്നത്.
ആശയം നന്നായി തോന്നി. ഞാനാണ് അവരെ മുത്തശ്ശിയുടെ അടുത്തേക്ക് കൊണ്ടുപോയത്.
എന്താ വേണ്ടതെന്നു വെച്ചാല്‍ ചെയ്തോളാന്‍ മുത്തശ്ശി പറഞ്ഞു. പശുവിനു വിലയായി ഒരു നൂറു രൂപയും അയാള്‍ എടുത്തു നീട്ടി. മുത്തശ്ശി പണം വാങ്ങിയില്ല. പക്ഷെ അത് വഴി വന്ന വല്യമ്മാവന്‍ ആ പൈസ കൈ നീട്ടി വാങ്ങി.
ആ വീട്ടില്‍ ജനിച്ചു ഇത്രയും കാലം ആ വീടിനെ സേവിച്ച കുഞ്ഞി മാളു മറ്റൊരിടത്തേക്ക് യാത്രയാവുകയാണ്. അന്ന് രാവിലെയും കൂടി മുത്തശ്ശി പശുവിനെ കറന്നു പാലെടുത്തതാണ്.
തൊഴുത്തില്‍ നിന്നഴിച്ചു ഞാനാണ് പശുവിനെ അവര്‍ക്ക് കൈമാറിയത്. സങ്കടം കൊണ്ട് നെഞ്ചകം വിതുമ്പിയപ്പോഴും കണ്ണുകള്‍ തൂവാതിരിക്കാന്‍ പാടുപെട്ടു.
കുറച്ചു ദൂരം ഞാനും അവരെ അനുഗമിച്ചു. കൂടെ പാണ്ടന്‍ നായും. മൂകമായി കുഞ്ഞി മാളുവിനോട് യാത്ര പറഞ്ഞു. ആ പാവത്തിനറിയില്ല താന്‍ ഇത്രയും കാലം ജീവിച്ച നാടും വീടും വിട്ടു മറ്റൊരിടത്തേക്ക് പോവുകയാണെന്ന്.
കുഞ്ഞിമാളുവും അവരും കണ്ണില്‍ നിന്ന് മറഞ്ഞപ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ മനസ്സ് വിങ്ങി...ഒരു ശൂന്യത കണ്മുന്നില്‍ നിറഞ്ഞ പോലെ.
.... ...................തുടരും.