കുന്ദലത-നോവൽ - 3

  • 20.1k
  • 2.9k

ശിശിരകാലം അവസാനിച്ചു് വസന്തം ആരംഭമായി. സൗരഭ്യവാനായ മന്ദമാരുതനെക്കൊണ്ടും ശീതോഷണങ്ങളുടെ ആധിക്യം ഇല്ലായ്‌മയാലും കോകിലങ്ങളുടെ കളകൂജിതങ്ങളെക്കൊണ്ടും പ്രഭാതകാലം വളരെ ഉത്സാഹകരമായിരുന്നു. അങ്ങെനെയിരിക്കുംകാലം ഒരു നാൾ സൂര്യനുദിച്ചു പൊങ്ങുമ്പോൾ ആ‍യുധപാണികളായി ഏകദേശം നൂറാളൂകൾ കലിംഗരാജ്യത്തിനു സമീപമുളള ഒരു വനപ്രദേശത്തു് വട്ടമിട്ടു നിൽക്കുന്നതു് കാണായി. അവർ തമ്മിൽത്തമ്മിൽ അകലമിട്ടാണു നിൽക്കുന്നതു്. അതുകൊണ്ടു് അവരുടെ എല്ലാവരുടെയും മദ്ധ്യത്തിലുളള വൃത്താകാരമായ സ്ഥലം ഒന്നും രണ്ടും നാ‍‍ഴിക വിസ്താരമുളളതായിരിക്കണം.